പാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ
Wednesday, December 28, 2022 1:54 PM IST
സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന രോഗാണു പല്ല് വായിൽ മുളച്ചതിനു പിന്നാലെ പല്ലിൽ താമസമാക്കുകയും ദന്തക്ഷയത്തിനു കാരണമാകുകയും ചെയ്യുന്നു. മധുരപദാർഥങ്ങളായ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ് എന്നിവയുടെ സാന്നിധ്യത്തിൽ ഈ രോഗാണുക്കൾ ആസിഡ് ഉത്പാദിപ്പിക്കുകയും അങ്ങനെ പല്ലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു.
ഇതു പല്ലിൽ നിലനിൽക്കുകയും ഉയർന്ന തോതിൽ ആസിഡ് ഉത്പാദിപ്പിക്കുന്നതും കാരണം പ്ലാക്ക് ഉണ്ടാകുന്നതിന് അനുകൂലസാഹചര്യം ഒരുക്കുന്നു. സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസിനു പുറമേ ബൈഫിഡോ ബാക്ടീരിയേ, ലാക്ടോ ബാസില്ലസ് എന്നിവയും ദന്തക്ഷയത്തിനു കാരണമാകുന്നു.
പ്ലാക് അടിഞ്ഞുകൂടുന്നത്
കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണ ങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങൾ. ഇനാമൽ ഹൈപോപ്ലാസിയ ദന്തക്ഷയത്തിനുള്ള സാധ്യത കൂട്ടുന്നു. പല്ലിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങൾ കാരണമുണ്ടാകുന്ന വിടവുകളിൽ പ്ലാക് അടിഞ്ഞുകൂടാൻ സഹായിക്കുന്നു. പാൽപ്പല്ലുകളിലുള്ള ഇനാമൽ സ്ഥിരദന്തങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കട്ടി കുറവാണ്.
പാൽക്കുപ്പി വായിൽവച്ച് ഉറങ്ങുന്പോൾ
ദന്തക്ഷയത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണിത്. കുട്ടി പാൽകുപ്പി വായിൽവച്ച് ഉറങ്ങുംതോറും ദന്തക്ഷയത്തിനുള്ള സാധ്യത കൂടിവരുന്നു. കുട്ടി ഉറങ്ങുന്ന സമയത്ത് വായിലുള്ള ഉമിനീരിന്റെ അളവ് കുറയുകയും തുപ്പൽ ഇറക്കാനുള്ള പ്രവണത കുറയുകയും ചെയ്യുന്നു. അതു കാരണം മധുരപദാർഥങ്ങൾ വായിൽ കൂടുതൽ സമയം തങ്ങിനിൽക്കുകയും അതിൽ ബാക്ടീരിയ പ്രവർത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കുകയും അങ്ങനെ ദന്തക്ഷയത്തിനു കാരണമാവുകയും ചെയ്യുന്നു.
പാൽ കൊടുക്കുന്ന രീതിയിൽ
പാൽക്കുപ്പിയുടെ അനുചിത രീതിയിലുള്ള ഉപയോഗവും ദന്തക്ഷയത്തിന്റെ ഒരു പ്രധാന കാരണമാണ്. കുട്ടി ഉറങ്ങുന്ന സമയങ്ങളിൽ മധുരം അടങ്ങിയിട്ടുള്ള പാൽകുപ്പി ഉപയോഗിക്കുന്നതും ഇതിനു കാരണമാകുന്നു. മുലയൂട്ടുന്നതു കാരണം കുട്ടികൾക്ക് ഒരുപാടു പോഷകങ്ങൾ ലഭിക്കുകയും ദഹനസംബന്ധവും ശ്വാസകോശസംബന്ധവുമായ രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ, നിരന്തരവും ദീർഘനേരവുമുള്ള മുലയൂട്ടൽ കാരണം ആസിഡ് ഉത്പാദനം കൂടുകയും അത് ദന്തക്ഷയത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
(തുടരും)
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ,
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903