സിഒപിഡി രോഗികൾ മരുന്നും ചെക്കപ്പും മുടക്കരുത്
Wednesday, November 23, 2022 4:20 PM IST
ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്.
ലക്ഷണങ്ങൾ
വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍ , കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
പുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍
പുക, വാതകങ്ങള്‍ , പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു.
ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ്സ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സിഒപിഡി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
സിഒപിഡി രോഗികള്‍ ചെയ്യേണ്ടത്
* ഊര്‍ജസ്വലരായിരിക്കുക
* കൃത്യമായി മരുന്ന് കഴിക്കുക
* ആരോഗ്യകരവും പോഷകപ്രധാനവുമായ ഭക്ഷണശീലം
* കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുക
* പ്രതിരോധ കുത്തിവയ്പ്പെടുക്കുക
* ശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തം
* പുകയും വിഷവാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കൽ
* കോവിഡ് രോഗസാധ്യത കുറയ്ക്കുക
ശ്വാസ് ക്ലിനിക്കുകൾ
കേരളത്തില്‍ ഏകദേശം 5 ലക്ഷത്തില്‍ പരം സിഒപിഡി രോഗികളുണ്ടെന്നാണ് കണക്ക്. സിഒപിഡി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി 'ശ്വാസ്' എന്ന പേരില്‍ ഒരു നൂതന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സിഒപിഡിക്കു വേണ്ടി ഒരു പൊതുജനാരോഗ്യ പദ്ധതി ഇന്ത്യയില്‍ ആദ്യമായാണ് കേരളത്തില്‍ ആരംഭിച്ചത്.
ഈ പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ സി.ഒ.പി.ഡി. രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്തുന്നു.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ