മുഖത്തിനിണങ്ങുന്ന ചിരിക്ക് ചികിത്സയോ?
Friday, October 28, 2022 4:26 PM IST
ഒരു ചിരികൊണ്ട് നിങ്ങൾക്ക് ഈ ലോകത്തെ തന്നെ മാറ്റാം. ഇത് വെറും പഴമൊഴിയല്ല. ഒരു ചിരിക്ക് പലതിനെയും മാറ്റിമറിക്കാനുള്ള കഴിവുണ്ട്. സ്വയം സന്തോഷം നൽകുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഒരു ചിരിയിലൂടെ സാധിക്കും. ഈ ആശയം തന്നെയാണ് ചിരിദിനം എന്ന ദിവസത്തിന്റെ പിറവിക്ക് കാരണം.
എങ്ങനെ ഒരാളുടെ ചിരിയെ മനോഹരമാക്കാം, എങ്ങനെ ചിരിയെ കൂടുതൽ ആകർഷകമാക്കാം എന്ന് ചിന്തിക്കുന്നെങ്കിൽ കോസ്മെറ്റിക് ഡെന്റിസ്ട്രിയെ കുറിച്ചും സ്മൈൽ ഡിസൈനിംഗിനെ കുറിച്ചും അറിയണം.
പുഞ്ചിരിക്കും ചികിത്സയോ എന്ന് അത്ഭുദപ്പെടേണ്ട സ്മൈൽ ഡിസൈനിംഗിലൂടെ നിങ്ങളുടെ സ്വപ്നമായ ആത്മവിശ്വസത്തോടെയുള്ള പുഞ്ചിരി പൂർണമായും സാധ്യമാകും. ഭംഗിയുള്ള ഒരു ചിരി മെച്ചപ്പെടുത്തുന്നത് നിങ്ങളുടെ മനസിന്റെ ആരോഗ്യവും കൂടിയാണ്.
ഒരു ചിരിയെ മികച്ചതാക്കുന്ന പല ഘടകങ്ങളുണ്ട് മുഖത്തിന്റെ ആകൃതി, രൂപഘടന, ചുണ്ടുകളുടെ വളവ് (curvature), പല്ലുകളുടെ നിറം, മോണയുടെ ആരോഗ്യം, വലുപ്പം തുടങ്ങി പലതും. ഇവയെല്ലാം കൃത്യമായ അനുപാതത്തിൽ വന്നാൽ മാത്രമേ ചിരി സുന്ദരമാകുകയുള്ളു.
ഉദാഹരണമായി ചിരിക്കുമ്പോൾ മോണ കൂടുതലായി കാണുന്നത്, പല്ല് കൂടുതലായി കാണുന്നത്, ഒട്ടും പല്ല് കാണാതിരിക്കുന്നത് ഇതെല്ലാം നമ്മുടെ ചിരിയുടെ ഭംഗി കുറയ്ക്കാം, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും.
ഈ പോരായ്മകളും അപൂർണതകളും പരിഹരിച്ച് നിങ്ങളുടെ ദന്ത ആരോഗ്യവും ഘടനയും ദന്ത ചികിത്സകളിലൂടെ പുനസ്ഥാപിച്ച് സ്മൈൽ ഡിസൈനിംഗിലൂടെ നൈസർഗികമായ പുഞ്ചിരി സ്വന്തമാക്കാം.
ബഹുഭൂരിപക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്നത് പല്ലുകളുടെ പ്രശ്നങ്ങളാണ്. കാലക്രമേണ നമ്മുടെ പല്ലുകൾ ക്ഷയിക്കുകയോ തേയ്മാനം സംഭവിക്കുകയോ നിറം മാറുകയോ ചെയ്യും. അത്തരം പ്രശ്നങ്ങൾ സ്മൈൽ ഡിസൈനിംഗിലൂടെ വളരെ വേഗത്തിൽ പരിഹരിക്കാനാകും.
വെനീറുകൾ, കോമ്പസിറ്റ് ഫില്ലിംഗുകൾ, സിറാമിക് ക്രൗണുകൾ, ദന്ത ഇംപ്ലാന്റുകൾ, നിരതെറ്റിയ പല്ലുകളുടെ ക്രമീകരണ ചികിത്സകൾ, പല്ലുകൾ വെളുപ്പിക്കുന്ന ചികിത്സകൾ അഥവാ ടൂത്ത് ബ്ലീച്ചിംഗ് സ്ഥിരമായി ഉറപ്പിക്കുന്നതും നിങ്ങൾക്ക് തന്നെ എടുത്തു മാറ്റുകയും തിരിച്ചുവയ്ക്കാൻ പറ്റുന്നതുമായ കൃത്രിമ പല്ല് സെറ്റുകൾ, വിവിധതരം മോണ ചികിത്സകൾ, പല്ലുകളുടെ ആകൃതിയും വലുപ്പവും ക്രമീകരിക്കൽ, മുഖത്തിന്റേയും ചുണ്ടുകളുടെയും രൂപത്തിൽ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയകൾ തുടങ്ങി എല്ലാ ദന്ത വിഭാഗങ്ങളുടെയും ഒരു സംയോജനമാണ് സ്മൈൽ ഡിസൈനിംഗ് എന്ന പ്രക്രിയ.
എപ്പോഴൊക്കെ സ്മൈൽ ഡിസൈനിംഗ് തെരഞ്ഞെടുക്കാം
*പല്ലിന്റെ നിറവ്യത്യാസം
*ക്ഷയിച്ച അല്ലെങ്കിൽ പൊട്ടിയ പല്ലുകൾ
*രൂപവ്യത്യാസമുള്ള പല്ലുകൾ
*ക്രമരഹിതമായ പല്ലുകൾ
*ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുന്നത്, പല്ലുകൾ കൂടുതൽ കാണുന്നത്, പല്ലുകൾ ഒട്ടും കാണാത്തത്
*നഷ്ടപ്പെട്ട അല്ലെങ്കിൽ വിടവുള്ള പല്ലുകൾ
*പഴയ ഫില്ലിംഗുകളും പല്ലിന്റെ ക്യാപ്പുകളും പുനഃസ്ഥാപിക്കണമെങ്കിൽ
*ചുണ്ടുകൾക്കും കവിളുകൾക്കും രൂപമാറ്റം വരുത്തണമെങ്കിൽ
*നിങ്ങളുടെ പുഞ്ചിരി ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ.
ലേസർ ചികിത്സകൾ പോലെയുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ വേദന രഹിതവും, സമയ നഷ്ടമില്ലാത്തതുമായ ചികിത്സകൾ ഇപ്പോൾ സാധ്യമാണ്. നിങ്ങളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സങ്കൽപ്പങ്ങളെയും പരിഗണിച്ചുകൊണ്ട് നിർദേശിക്കുന്ന ചികിത്സകൾ വിവിധ വിഭാഗങ്ങളിലുള്ള ദന്ത രോഗവിദഗ്ധരിലൂടെ വേണം ലഭ്യമാക്കേണ്ടത് എന്ന് മാത്രം. ചിലവേറിയ ചികിത്സ രീതിയെന്ന മുൻ വിധി വേണ്ട. ആത്മവിശ്വസമുള്ള ചിരി എന്നും നിങ്ങൾക്ക് മുതൽക്കൂട്ടാകും.
തീർത്ഥ ഹേമന്ദ് (ചീഫ് ഡെന്റൽ സർജൻ, ടൂത് അഫ്ഫയർ ഡെന്റൽ ക്ലിനിക് സിഎംഡി)