അമിതഭാരത്തിനു പിന്നിൽ....
ഡോ. അനിത മോഹൻ
Tuesday, October 11, 2022 3:01 PM IST
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
എന്നും കഴിക്കരുത് വറുത്തതും പൊരിച്ചതും
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിലേ പിടികൂടാതിരിക്കാൻ സഹായകം.
ശുദ്ധീകരിച്ച എണ്ണ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ് (ശുദ്ധീകരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വിറ്റാമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ:
ഡോ. അനിത മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്