ഓണത്തിന്റെ പേരിൽ ആഹാരനിയന്ത്രണം കൈവിടരുത്
ഡോ. അനിതാ മോഹൻ
Friday, September 2, 2022 3:31 PM IST
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്.
ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.
ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പായസം കുടിക്കാമോ?
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡൻറ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം, ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം.
അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
വണ്ണം കൂടുമോ?
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും.
കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ?
ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്.
ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ?
ഓണസദ്യക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും. ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
പാചകത്തിന് ഏതു തരം എണ്ണ ഉപയോഗിച്ചാലും അളവിൽ കുറയ്ക്കണം. കേരളീയ വിഭവങ്ങളിൽ അല്പം വെളിച്ചണ്ണ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പ്രത്യേകിച്ചും അവിയൽ വെന്തുവാങ്ങിയ ശേഷം അല്പം വെളിച്ചെണ്ണ തൂവിയാൽ അതിനു പ്രത്യേക സ്വാദും മണവും ലഭിക്കും.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്