വേദന അനുഭവിച്ചു പ്രസവിച്ചാല്‍ പ്രത്യേക പ്രയോജനം ഉണ്ടോ ?
ഡോ. ലക്ഷ്മി അമ്മാൾ<
Wednesday, August 17, 2022 3:44 PM IST
ഗര്‍ഭധാരണവും പ്രസവവും സസ്തനികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ. പ്രസവവേദനയെന്നത് ഇതിനോട് ചേര്‍ന്നുള്ള മറ്റൊരു ഘടകമാണ്. പ്രസവത്തില്‍ വേദനയുടെ പങ്കെന്താണ്? ഒരു സ്ത്രീ വേദന അനുഭവിച്ചു പ്രസവിക്കുന്നതു കൊണ്ട് അമ്മയ്ക്കോ കുഞ്ഞിനോ പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ?
സുഖപ്രസവം
സുഖപ്രസവം അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല തന്നെ. പക്ഷേ, വേദന അനുഭവിച്ചു പ്രസവിച്ചാല്‍ എന്തെങ്കിലും പ്രത്യേക പ്രയോജനങ്ങള്‍ ഉണ്ടോ - തീര്‍ച്ചയായും ഇല്ല. പില്ക്കാലത്ത് 10 മാസം ചുമന്ന കണക്കിന്റെ കൂടെ നൊന്തു പ്രസവിച്ചതിന്റെ അവകാശവാദവും കൂടി കൂട്ടാം എന്നു മാത്രം.
അതിതീവ്ര വേദന
പറഞ്ഞു വരുന്നത് ഈ പ്രസവ വേദനയ്ക്ക് ശാരീരികമായി, ശാസ്ത്രീയമായി ഒരു പങ്കും പ്രസവ പ്രക്രിയയിലില്ല എന്നാണ്. പിന്ന,െ എന്തിന് സ്ത്രീകള്‍ അത് അനുഭവിക്കണം? അതും ചെറിയ വേദനയൊന്നുമല്ല അനുഭവിക്കേണ്ടി വരുന്നത്. വേദനയുടെ അളവുകോലില്‍ അതീവ തീവ്രത 10 ആണെ ങ്കില്‍ പ്രസവവേദനയ്ക്ക് 8/10 ഉം കൊടുക്കാം.
അതികഠിനമായ വേദനയാണ് സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നത് എന്ന് ചുരുക്കം. കാലാകാലങ്ങളായി സ്ത്രീകള്‍ അത് നിസഹായരായി അനുഭവിക്കുന്നതു കൊണ്ട് ആരും പ്രസവവേദനയ്ക്ക് ഒരു 'status' കൊടുത്തില്ല എന്നു മാത്രം. പണ്ട് പ്രസവവേദന ഒരു വിവാദ വിഷയം ആകാത്തത് പല കാരണങ്ങള്‍ കൊണ്ടാകാം.
അന്നത്തെ സ്ത്രീകൾ
അന്ന് സ്ത്രീകളുടെ ജീവിതശൈലി തന്നെ വ്യത്യസ്തമായിരുന്നു. ശാരീരികമായി കുറച്ചധികം അധ്വാനിച്ചിരുന്നവരാണ് അവര്‍. കാലുകളിലെയും ഇടുപ്പിലെയും ഒക്കെ പേശികള്‍ക്ക് നല്ല അയവ് കിട്ടുന്ന ദൈനംദിന ജോലികള്‍ അവര്‍ ചെയ്തിരുന്നു. അതിനാല്‍ തന്നെ പ്രസവം വേഗത്തില്‍ നടന്നിരുന്നു.
ഇന്നത്തെ സ്ത്രീകൾ
ഇന്ന് സ്ത്രീകളുടെ ജീവിതരീതിയില്‍ വന്ന മാറ്റം കൊണ്ട് വ്യായാമമില്ലാതാകുന്നു. തല്‍ഫലമായി പേശികള്ക്കൊന്നും തന്നെ അയവും കിട്ടുന്നില്ല. പേശികളൊക്കെ 'മുറുക്ക'ത്തിലാവും ഇരിക്കുക.
ഇന്നത്തെ കുട്ടികള്‍ക്ക് പൊതുവേ വേദനിപ്പിക്കുന്ന ഒരു വാക്കോ പ്രവര്‍ത്തിയോ നേരിടാനുള്ള കെല്‍പ്പില്ല.
പ്രസവവേദന ഒരു കഠിനമായ പ്രതിഭാസമാണെന്നുള്ള ഭയത്തോടു കൂടിയാണ് പ്രസവത്തിനു തയാറെടുക്കുന്നതു തന്നെ. പ്രസവവേദന അനുഭവിച്ചതുകൊണ്ട് പ്രത്യേകിച്ചു ഗുണങ്ങളൊന്നുമില്ല എന്നതുകൊണ്ട് ഇതിനൊരു പരിഹാരത്തെപ്പറ്റി ചിന്തിക്കുക തന്നെ വേണം.
വേദനയോർത്ത്...
ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയില്‍ നിന്ന് വ്യത്യസ്തരാണ് എന്നു പറയുന്നതുപോലെയാണ് പ്രസവ വേദനയും. ഒരോ സ്ത്രീയ്ക്കും പ്രസവവേദനയുടെ കാഠിന്യം വ്യത്യസ്തമായിരിക്കും. വേദന എന്നൊരു ഘടകത്തിനു പുറമേ ആ വേദനയെക്കുറിച്ചോര്ത്തുള്ള ഭയാശങ്കകളും വേദനയുടെ കാഠിന്യം കൂട്ടുന്നു. (തുടരും)
വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.