പഥ്യവും അപഥ്യവും തീരുമാനിക്കുന്നത് എങ്ങനെ?
ഡോ. ഷർമദ് ഖാൻ BAMS, MD
Saturday, August 6, 2022 12:37 PM IST
ചില ആയുർവേദ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, എല്ലാ ആയുർവേദ മരുന്നുകൾക്കും അവ അനിവാര്യമാണ് എന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ശാസ്ത്രം ശരിയായി പഠിച്ച് ചികിത്സ നിശ്ചയിക്കുന്നവരാണ്.
സസ്യാഹാരം മാത്രം... എന്നൊന്നുമില്ല
എന്നാൽ, ഇന്ന് ചികിത്സ തേടിയെത്തുന്നവരെ കാത്തിരിക്കുന്ന മുൻകൂട്ടി പ്രിൻറ് ചെയ്ത നീണ്ട ലിസ്റ്റ് വെട്ടിയും തിരുത്തിയും ഭക്ഷണം കഴിക്കുവാൻ പോലും രോഗിയെ അനുവദിക്കാതെ, ചികിത്സകൻ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ നമുക്കിടയിലുണ്ട്.നിർഭാഗ്യവശാൽ വിദ്യാഭ്യാസവും വിവേകവുമുള്ള ചിലരെങ്കിലും ഇതിലൊക്കെ ചെന്നു പെടാറുമുണ്ട്.
മത്സ്യമാംസാദികൾ പൂർണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിൽ ഇല്ല; കർക്കടകത്തിൽ പോലും.
വറുക്കേണ്ട, കറിവയ്ക്കാം
ചില പ്രത്യേക പാചക രീതികളിലൂടെ എളുപ്പം ദഹിക്കാനിടയില്ലാത്ത ഒന്നിനെ എളുപ്പം ദഹിക്കുന്നതാക്കി മാറ്റാനാകും. ഇറച്ചി വറുത്തു കഴിക്കുന്നതിനേക്കാൽ കറിവച്ചു കഴിച്ചാൽ ദഹിക്കും.
ദഹിക്കാൻ പ്രയാസം
വീണ്ടും വീണ്ടും എണ്ണയിൽ വഴറ്റി പാകം ചെയ്താൽ ഒട്ടും ദഹിക്കാത്തതായി മാറുകയും ചെയ്യും. എളുപ്പം ദഹിക്കുന്നതാണെന്നു കരുതി പനിയുള്ളവർ പോലും കഴിക്കുന്ന ബിസ്കറ്റ്, ബ്രഡ്, റസ്ക്, ബൺ എന്നിവ ദഹിക്കാൻ യഥാർഥത്തിൽ വളരെ പ്രയാസമാണ്.
ചില രോഗങ്ങൾക്ക്...
ചില രോഗങ്ങൾക്ക് ചില മത്സ്യങ്ങൾ കഴിച്ചു കൂടാ. മറ്റ്ചിലർക്ക് ചില മാംസവിഭവങ്ങൾ നിർദേശിച്ചിട്ടുമുണ്ട്. സസ്യാഹാരത്തിൽ തന്നെ പലതും കഴിക്കാനും മറ്റു ചിലത് ഒഴിവാക്കാനും പറയുന്നുണ്ട്.
പഥ്യവും അപഥ്യവും തീരുമാനിക്കുന്നത്
ചുരുക്കത്തിൽ, പഥ്യമായവ പാലിക്കേണ്ടതും അപഥ്യമായവ ഒഴിവാക്കേണ്ടതുമാണ്. അതെന്താണെന്ന് തീരുമാനിക്കുന്നത് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയും ചികിത്സാ സാധ്യതകളും മനസിലാക്കിയാണ്. അവ ശരിയായി നിർദേശിക്കാൻ ശരിയായ ചികിത്സകർക്ക് സാധിക്കും.
കർക്കടകത്തിൽ വളരെ സൂക്ഷിച്ചു മാത്രം ഭക്ഷണം കഴിക്കുക. അഗ്നിബലം നഷ്ടമാകാതെ സൂക്ഷിക്കുക. അപ്രകാരമായാൽ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാം.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481