ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ് അഥവാ തക്കാളിപ്പനി
Tuesday, June 14, 2022 2:48 PM IST
കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ്.
* പ്രധാനമായും അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെയാണു ബാധിക്കുന്നത്.
* അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്.
ലക്ഷണങ്ങൾ
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
* വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം.
ഡോക്ടറെ കാണേണ്ടത് എപ്പോൾ?
ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
പരിചരണം എങ്ങനെ ?
* രോഗം വന്നുകഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക
* കുളിപ്പിക്കുന്പോൾ തേച്ചുരച്ച് കുമിളകൾ പൊട്ടിക്കരുത്.
* വായ്ക്കകത്തെ അസ്വസ്ഥത കുറയ്ക്കാൻ ചൂടില്ലാത്തതും കഴിക്കാൻ ബുദ്ധിമുട്ടില്ലാത്തതുമായ ഭക്ഷണം കൊടുക്കാം.
* കുഞ്ഞുങ്ങളെ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ചു കുളിപ്പിക്കാം.
* നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം
* ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞ് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം.
* വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.
പ്രതിരോധിക്കാൻ ചെയ്യേണ്ടത്
* മൂത്രവിസർജത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുന്പും കൈകൾ നന്നായി കഴുകാൻ കുട്ടികളെ പഠിപ്പിക്കണം.
* ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ വൈറസ് പടരാതിരിക്കാൻ മൂക്കും വായും മൂടുക. ഉടൻ കൈ കഴുകുക.
പരിചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
* രോഗമുള്ള കുട്ടികളുടെ മാതാപിതാക്കൾ ഇടയ്ക്കിടെ കൈ കഴുകണം.
* ഇടയ്ക്കിടെ തൊടുന്ന പ്രതലങ്ങൾ, കുളിമുറികൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കുക.
* കുട്ടികളെ സ്ഥിരമായി ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.
* രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും വിടരുത്.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.