തിരുമ്മിയാൽ നേരെയാവില്ല; നേരത്തേ ശ്രദ്ധിച്ചാൽ നേരെയാക്കാം
Saturday, June 11, 2022 9:59 PM IST
കുഞ്ഞുങ്ങളുടെ പാദത്തിനും കാൽവണ്ണയ്ക്കും കാൽവിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന ക്ലബ് ഫൂട്ട് എന്ന വൈക ല്യത്തിനു പ്ലാസ്റ്റർ ചികിത്സ പൂർത്തിയാക്കിയ ശേഷമാണ് സ്പെഷൽ ഷൂസ് ധരിപ്പിക്കേണ്ടത്.
സ്പെഷൽ ഷൂസ് ധരിപ്പിക്കുന്പോൾ...
* ഷൂസ് ഇടുന്നതിനു മുന്പ് ആവശ്യമെങ്കിൽ സോക്സ് ധരിപ്പിക്കാം.
* കുഞ്ഞിനെ മടിയിൽ ഇരുത്തുകയോ മലർത്തിക്കിടത്തുകയോ ചെയ്ത് ഷൂസ് ധരിപ്പിക്കാം.
* ആദ്യം കൂടുതൽ വൈകല്യമുള്ള പാദത്തിൽ ഷൂസ് ധരിപ്പിക്കുക.
* ഷൂസിന്റെ ലെയ്സ് മുറുക്കിക്കെട്ടുക. അധികം മുറുക്കുകയും അരുത്.
* കാലുകൾ മുകളിലേക്കും താഴേക്കും ചലിപ്പിച്ച് ഉപ്പുറ്റി ഷൂസിന്റെ കീഴ്ഭാഗം വരെ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. വിരലുകൾ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നുണ്ടെങ്കിൽ ഉപ്പുറ്റി താഴെ എത്തിയിട്ടില്ല എന്നർഥം. അപ്പോൾ ലെയ്സുകൾ കുറച്ചുകൂടി മുറുക്കുക.
ഷൂസ് ശരിയായ രീതിയിൽ ധരിപ്പിക്കുക
* കാൽവിരലുകൾ അടിഭാഗത്തുകൂടി വിരൽ ഓടിച്ച് വിരലുകൾ മടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
* ദണ്ഡ് ഒരുവിധത്തിലും വളയാൻ ഇടയാകരുത്.
* ഷൂസിട്ട രണ്ടു കാലുകളും ചേർത്ത് താഴോട്ട് ചവിട്ടാൻ കുഞ്ഞിനെ പ്രേരിപ്പിക്കുക.
* ഷൂസ് ശരിയായ രീതിയിലാണോ ധരിച്ചതെന്ന് ഉറപ്പുവരുത്തണം.
ഷൂസ് എത്രനാൾ ധരിക്കണം?
ഷൂസ് ചികിത്സ തുടങ്ങി ആദ്യത്തെ മൂന്നുമാസം കുളിക്കാനും വൃത്തിയാക്കാനുമുള്ള ഒരു മണിക്കൂർ ഒഴിച്ച് ബാക്കിയുള്ള 23 മണിക്കൂറും ധരിപ്പിക്കണം.
* മൂന്നു മാസങ്ങൾക്കു ശേഷം കുഞ്ഞ് ഉറങ്ങുന്ന സമയത്തു മാത്രം ധരിപ്പിച്ചാൽ മതിയാകും. ഇതു കുഞ്ഞിനു 4-5 വയസാകുന്നതു വരെ തുടരണം.
* പ്ലാസ്റ്ററിടുന്നതോ ഷൂസ് ധരിക്കുന്നതോ കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിനോ കൊഞ്ചിക്കുന്നതിനോ തടസമല്ല.
കുഞ്ഞുങ്ങളിലെ ഇത്തരം വൈകല്യം ശ്രദ്ധയിൽപ്പെട്ടാൽ...
കുഞ്ഞുങ്ങളിൽ വളഞ്ഞ പാദം, വളഞ്ഞ വിരലുകൾ, വളഞ്ഞ കാൽക്കുഴ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തിരുമ്മി നേരെ യാക്കാൻ ശ്രമിക്കരുത്. ഉടൻ ക്ലബ് ഫൂട്ടിനുള്ളചികിത്സ ഉറപ്പാക്കുക. ജനന സമയത്തു തന്നെ വൈകല്യം തിരിച്ചറിയുക.
ക്ലബ് ഫൂട്ട് ക്ലിനിക്കുകളിൽ സൗജന്യ ചികിത്സ
എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ജില്ലാ ഏർലി ഇന്റർവെൻഷൻ സെന്ററുകളിൽ ക്ലബ് ഫൂട്ട് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ചികിത്സ സൗജന്യമാണ്. നേരത്തേ കണ്ടെത്തി ചികിത്സ നൽകാം. നേരത്തേ ശ്രദ്ധിച്ചാൽ നേരെയാക്കാം.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.