രോഗങ്ങൾക്കു പിന്നിൽ ഭക്ഷണശൈലിയിലെ താളപ്പിഴകൾ
Tuesday, April 19, 2022 2:30 PM IST
വൃക്ഷങ്ങളിലും ചെടികളിലും തളിക്കുന്ന വിഷപദാർഥങ്ങളും കായ്കൾ പെട്ടെന്നു പഴുക്കാനും പച്ചക്കറികൾ ദീർഘനാൾ കേടുകൂടാതെയിരിക്കാനും ഉപയോഗിക്കുന്ന രാസപദാർഥങ്ങളും വിപണിയെ വിഷലിപ്തമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
ഇതിനെതിരേയുള്ള ജല്പനങ്ങൾ അങ്ങുമിങ്ങും കേൾക്കുന്നതല്ലാതെ ഗൗരവമായും കർശനമായും നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തുനിയുന്നില്ല. അതു നമ്മുടെ നാടിന്റെ ശാപം.
ജീവിതശൈലീരോഗങ്ങൾക്കു പിന്നിൽ
ആഹാരത്തിൽനിന്ന് ലഭിക്കുന്ന ഉൗർജമാണ് ശരീരത്തിൽ ജീവചൈതന്യം നിലനിർത്തുന്നത്. ആഹാരത്തിന്റെ അളവ് കൂട്ടുകയല്ല, ആദ്യം സമീകൃതവും പഥ്യവുമാകുകയാണ് അനിവാര്യം. കൃത്രിമഭക്ഷ്യവസ്തുക്കളുടെ നിരന്തരമായ ഉപയോഗമാണ് ജീവിതശൈലീരോഗങ്ങളുടെ ആധിക്യത്തിന് കാരണം. ശരീരമെന്ന മഹായന്ത്രത്തിനുള്ള പ്രവർത്തനോർജം പകരുന്നതും ഭക്ഷണമാണ്. ശരീരം വളരുന്പോൾ ഓരോ കോശവ്യൂഹത്തിനും വികസനമുണ്ടാകുന്നു.
ഈ കോശങ്ങളിലെ അടിസ്ഥാന പദാർഥങ്ങൾ ഭക്ഷണത്തിൽനിന്ന് ലഭിക്കുന്നവയാണ്. ശരീരം വളരാനും കാലാന്തരത്തിൽ അതിനുണ്ടാകുന്ന തേയ്മാനങ്ങൾ നികത്താനും ഭക്ഷണത്തിലുൾക്കൊണ്ടിരിക്കുന്ന വിവിധ ഘടകങ്ങൾ സഹായിക്കുന്നു. ശാരീരികപ്രവർത്തനങ്ങൾക്കുളള ഉൗർജം, അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവ ജാരണം ചെയ്യപ്പെടുന്പോഴാണ് ഉണ്ടാകുന്നത്. നാം ശ്വസിക്കുന്ന പ്രാണവായുവും പോഷകപദാർഥങ്ങളും യോജിച്ചാണ് ജാരണം നടക്കുന്നതും.
പോഷകങ്ങൾ കിട്ടാതെ വന്നാൽ
കോശവളർച്ചയും അവയ്ക്കുണ്ടാകുന്ന തേയ്മാനങ്ങൾ പരിഹരിക്കുന്നതിനും അനിവാര്യമായ ഘടകമാണ് മാംസ്യം. കോശങ്ങൾ വളരുന്പോൾ കൂടുതൽ മാംസ്യകണികകൾ ആവശ്യമായി വരുന്നു. കൂടാതെ വിവിധ ലവണങ്ങളും കോശനിർമിതിയിൽ പങ്കുവഹിക്കുന്നു. ദഹനത്തെയും ഉൗർജോത്പാദനത്തെയും കോശവ്യൂഹങ്ങളുടെ നിർമിതിയെയും ഉത്തേജിപ്പിക്കുന്ന മൂല്യങ്ങളാണ് അന്നജം, കൊഴുപ്പ്, മാംസ്യം, വിവിധ ലവണങ്ങൾ, ജീവകങ്ങൾ എന്നിവ.
ഈ പോഷകമൂല്യങ്ങൾ അപര്യാപ്തമാകുന്പോൾ ശരീരത്തിന്റെ പ്രതിരോധശക്തി കുറയുകയും രോഗങ്ങൾക്കടിമപ്പെടുകയും ചെയ്യുന്നു. വികലമായ ആഹാരശൈലി, ഭക്ഷണശാസ്ത്രത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതകൊണ്ടാണെന്നോർക്കണം.
രോഗങ്ങളെ പ്രതിരോധിക്കാൻ
ഭക്ഷണശൈലിയിലെ താളപ്പിഴകളാണ് മിക്ക രോഗങ്ങൾക്കും കാരണമെന്ന് മുഖ്യ വൈദ്യശാസ്ത്ര ശാഖകളെല്ലാം ഒരേസ്വരത്തിൽ പറയുന്നുണ്ട്. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കുവാനും ഒരുപക്ഷ, മരുന്നുകളെക്കാൾ ഫലപ്രദമായി ആരോഗ്യപൂർണമായ ഭക്ഷണശൈലിക്കു സാധിക്കും എന്ന യാഥാർഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും വൈദ്യശാസ്ത്രസംഘടനകൾ സ്ഥിരീകരിക്കുകയാണ്.
ഭക്ഷണംതന്നെ ചികിത്സ എന്ന സംജ്ഞ രൂപപ്പെടുകയാണ്. മരുന്നിനൊപ്പംനിന്ന് രോഗങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, മരുന്നു തന്നെയാണു ചില ആഹാരങ്ങൾ എന്നും വെളിപ്പെടുകയാണ്. ശുദ്ധഭക്ഷണത്തിന്റെ ഒൗഷധമൂല്യത്തെ നാം അംഗീകരിക്കണം. ഹൃദ്രോഗം, പ്രഷർ, പ്രമേഹം, ഉദരരോഗങ്ങൾ, മൈഗ്രേൻ, അസ്ഥിക്ഷയം തുടങ്ങിയവയെ നല്ലൊരു പരിധിവരെ പ്രതിരോധിക്കാൻ ആരോഗ്യപൂർണമായ ഭക്ഷണക്രമത്തിനു സാധിക്കുമെന്നോർക്കണം.
ആരോഗ്യം നിലനിർത്തുന്നത്...
ആഹാരം, നിദ്ര, വ്യായാമം, ബ്രഹ്മചര്യം എന്നിവയെ ശരീരത്തെ താങ്ങിനിർത്തുന്ന നാലു തൂണുകളായാണ് ആയുർവേദാചാര്യന്മാർ വിശേഷിപ്പിക്കുന്നത്. ഇവയുടെ സന്തുലിതാവസ്ഥ തെറ്റാതിരുന്നാൽ ശരീരത്തിന്റെ സ്വാഭാവികാവസ്ഥയായ ആരോഗ്യം അഥവാ സ്വാസ്ഥ്യം അനുഭവപ്പെടുന്നു. മറിച്ചായാൽ ശരീരം രോഗാതുരമാകുന്നു.
ഈ നാലു തൂണുകളിൽ ഏറ്റവും പ്രധാനം ആഹാരംതന്നെ. എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്ര പ്രാവശ്യം കഴിക്കണം എങ്ങനെ കഴിക്കണം എന്നീ ഘടകങ്ങൾ ആഹാരകാര്യത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. (തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി, എറണാകുളം