ഏദനിലെ "റാണി'ക്ക് ചക്ക അമൂല്യം
Friday, August 9, 2024 3:27 PM IST
മായമൊട്ടുമില്ലാത്ത ചക്കയും കപ്പയുമൊക്കെയായിരുന്നു പഴയ തലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യം. എന്നാൽ, പുതുതലമുറയിൽ സംസ്ഥാന ഫലമായ ചക്കയുടെ ഗുണവിശേഷങ്ങൾ അറിയാവുന്നവർ ചുരുക്കം.
അതുകൊണ്ടു തന്നെ ചക്കയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു മികച്ച വരുമാനം നേടുന്നവരും കുറവ്. അവിടെയാണു ചക്കയിൽ പുതുപരീക്ഷണം നടത്തി വിജയഗാഥ രജിക്കുന്ന വനിതാ സംരംഭകയായ റാണി വേറിട്ടു നിൽക്കുന്നത്.
ഇടുക്കി കാൽവരിമൗണ്ട് സ്വദേശിനിയാണു കൊല്ലക്കൊന്പിൽ റാണി സണ്ണി. സഞ്ചാരികൾക്കു കാഴ്ചയുടെ വിരുന്നൊരുക്കുന്ന മനോഹരമായ സ്ഥലമാണ് കാൽവരി മൗണ്ട്. ഇവിടത്തെ ഏലം കർഷകനാണു ഭർത്താവ് സണ്ണി ജോസഫ്.
വഴിത്തിരിവായതു പരിശീലനം
വ്യവസായ കേന്ദ്രം, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നു ലഭിച്ച പരിശീലനത്തെത്തുടർന്നാണു ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റ് ആരംഭിക്കാൻ റാണി തീരുമാനിച്ചത്.
ഭർത്താവ് സണ്ണി ജോസഫിന്റെ ഉറച്ച പിന്തുണ കൂടി ലഭിച്ചതോടെ യൂണിറ്റ് യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്ത് ലഭിച്ചു. മൂല്യവർധിത യൂണിറ്റ് ആരംഭിച്ചാൽ കൂടുതൽ വരുമാനം ലഭിക്കുന്നതിനൊപ്പം ചക്ക വാങ്ങുന്നതു വഴി സമീപ പ്രദേശങ്ങളിലുള്ളവർക്ക് അധിക വരുമാനത്തിനു വഴി തുറക്കുമെന്നും റാണി കണക്കുകൂട്ടി.
മാത്രമല്ല, ഏതാനും പേർക്കു തൊഴിൽ നൽകാൻ കഴിയുമെന്നതും യൂണിറ്റ് തുടങ്ങാൻ പ്രേരണയും പ്രചോദനവുമായെന്നു റാണി പറഞ്ഞു. യൂണിറ്റ് ആരംഭിക്കുന്നതിനാവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനായി 25 ലക്ഷം രൂപയോളം ചെലവു വന്നു. വ്യവസായ കേന്ദ്രം വഴി 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ ലഭിച്ചു.
15 ലക്ഷം രൂപ സ്വന്തമായി കരുതുകയും ചെയ്തു. 2.5 ലക്ഷം സബ്സിഡി ലഭിച്ചു. അങ്ങനെ, ചക്കയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ഏദൻ ജാക്ക് ഫ്രൂട്ട് പ്രൊഡക്ട് യാഥാർഥ്യമായി. 2018 ലാണ് യൂണിറ്റ് ആരംഭിച്ചത്. യൂണിറ്റ് ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ വായ്പ അടച്ചു തീർത്തു.
കാമാക്ഷി പഞ്ചായത്തും കൃഷിഭവനും നൽകിയ പിന്തുണ റാണിക്ക് കൈത്താങ്ങായി. ചക്ക പൊടിക്കുന്ന മെഷീൻ (പൾവറൈസർ) സ്ഥാപിക്കുന്നതിന് കൃഷിഭവനിൽ നിന്ന് 50,000 രൂപ സബ്സിഡി ലഭിച്ചു.
ചക്കച്ചുള അരിഞ്ഞ് ഉണക്കുന്നതിനുള്ള രണ്ട് ഡ്രയറുകൾ, കട്ടിംഗ് മെഷീൻ, സീലിംഗ് മെഷീൻ, പൾപ്പ് എടുക്കുന്ന കൊമേഴ്സ്യൽ മിക്സി, ഫ്രോസണ് ഉത്പന്നങ്ങൾക്കായി ഫ്രീസർ, ജനറേറ്റർ എന്നിവയെല്ലാം യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
നേരത്തെ ഏലം ഉണക്കുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രയറും അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കും.

ഉത്പന്നങ്ങൾ
ചക്കപ്പൊടി, ചക്കക്കുരു പൊടി, ചക്കപ്പുഴുക്കിനുള്ള അരിഞ്ഞുണങ്ങിയ ചക്ക തുടങ്ങിയ ്രെഡെ ഉത്പന്നങ്ങളും ഫ്രോസണ് ഇനങ്ങളായ ഇടിച്ചക്കപ്പൊടി, പച്ചച്ചക്ക ഫ്രീസ് ചെയ്തത്, പച്ചച്ചക്ക ചുള അരിഞ്ഞ് ഫ്രീസ് ചെയ്തത്, ചക്കപ്പഴം പൾപ്പാക്കി ഫ്രീസ് ചെയ്തവയുമാണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
തെർമോകോൾ ബോക്സിൽ കൊച്ചി, കോതമംഗലം എന്നിവിടങ്ങളിലുള്ള കന്പനിയിലേക്കാണ് ഇവ കയറ്റി അയക്കുന്നത്. ഇടിച്ചക്കപ്പൊടി കൊച്ചി, ചേർത്തല എന്നിവിടങ്ങളിലെ കന്പനികൾക്കാണു കൊടുക്കുന്നത്.
സ്വന്തം പുരയിടത്തിലുള്ള 80 ഓളം പ്ലാവിൽ നിന്ന് ലഭിക്കുന്ന ചക്കയ്ക്ക് പുറമെ ഇടിഞ്ഞമല, നീലിവയൽ, ഉപ്പുതോട്, ഇരട്ടയാർ, ശാന്തിഗ്രാം, തങ്കമണി, കാമാക്ഷി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചക്ക ശേഖരിക്കും.
സംസ്കരണവുമായി ബന്ധപ്പെട്ട് എട്ടു സ്ത്രീകളും രണ്ടു പുരുഷ·ാരും ജോലി ചെയ്യുന്നുണ്ട്. പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് ലൈസൻസ് എടുത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ഔഷധ മൂല്യം
ചക്കയിൽ ജീവകം എ, ജീവകം സി, തയാമിൻ, പൊട്ടാസ്യം, കാൽസ്യം, ഇരുന്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളുമുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇതു സഹായകമാണ്.
പ്രമേഹം നിയന്ത്രിക്കുന്നതിനും ദഹന ശക്തി സുഗമമാക്കുന്നതിനും അത്യുത്തമം. ചക്കച്ചുളയിലെ നാരുകൾ വൻകുടലിലെ കാൻസറിനെ പ്രതിരോധിക്കും. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
വിളഞ്ഞു പാകമായ ചക്കച്ചുളയിൽ 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവും രണ്ട് ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പുമുണ്ട്.100 ഗ്രാം ചക്ക 95 കലോറി ഉൗർജം നൽകും. ഇരുന്പ് ധാരാളമുള്ളതിനാൽ വിളർച്ച മാറുന്നതിനും രക്തചംക്രമണത്തിനും സഹായിക്കും.
മഗ്നീഷ്യവും കാത്സ്യവും ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്തും. ഇതിലെ വൈറ്റമിൻ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തും. രക്തത്തിലെ ശ്വേതാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും പ്രതിരോധശേഷി നൽകാനും ഇത് ഏറെ സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
കാൻസർ മരുന്നുകളിൽ ഉൾപ്പെടെ ചക്കക്കുരുവിന്റെ സാധ്യതകൾ സംബന്ധിച്ചു കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരികയാണ്.
മികച്ച സംരഭക
കഠിനാധ്വാനത്തിൽ ചാലിച്ചെടുത്ത ജീവിതമാണ് റാണിയുടേത്. മൂല്യവർധിത ഉത്പന്നങ്ങൾക്ക് അനന്ത സാധ്യതയാണുള്ളതെന്നും സ്ത്രീകൾ ഈ രംഗത്തേയ്ക്ക് കൂടുതലായി കടന്നു വന്നാൽ കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാനാകുമെന്നും റാണി പറഞ്ഞു.
ചക്കയിൽ നിന്ന് മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന റാണി സണ്ണിയെ തേടി ഇതിനോടകം നിരവധി അവാർഡുകളും എത്തിയിട്ടുണ്ട്. കാമാക്ഷി പഞ്ചായത്തിന്റെ മികച്ച വനിതാ കർഷക അവാർഡ്, സഹൃദയ ലൈബ്രറി അവാർഡ്, ഇടുക്കി ജില്ലാതലത്തിൽ മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന മികച്ച സംരംഭകയ്ക്കുള്ള സെലക്ഷൻ എന്നിവയും ലഭിച്ചിട്ടുണ്ട്.
മക്കൾ: നീനു റോസ്, അന്ന മരിയ, മിന്ന അൽഫോൻസ്.
ഫോണ്: 8606160347.