ബീനയുടെ കൈപ്പുണ്യത്തിൽ 140 രുചിക്കൂട്ടുകൾ
Saturday, July 20, 2024 12:25 PM IST
ശംഖുപുഷ്പം ജ്യൂസ്, മൾബറി ജാം, പൊങ്ങ് പൗഡർ, ജാതിക്ക തെര, ഹണി സോപ്പ്, തേൻ കാന്താരി, ആടലോടക തേൻ, കുന്പളങ്ങ ഹൽവ.... വീട്ടുവളപ്പിൽ വിളയുന്ന പഴങ്ങൾ മുതൽ വിരിയുന്ന പൂക്കൾ വരെ ഉപയോഗിച്ചു മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി മികച്ച വരുമാനമുണ്ടാക്കുകയാണു കോട്ടയം ജില്ലയിലെ പാലാ മരങ്ങാട്ടുപള്ളി ചെന്പകമറ്റം ബീന ടോം എന്ന വീട്ടമ്മ.
ഇതിനോടകം 140ലധികം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി ഒരു മികച്ച വനിതാ സംരഭകയായി മാറിക്കഴിഞ്ഞു ബീന. ഏഴു വർഷങ്ങൾ മുന്പു പഞ്ചായത്തു തലത്തിൽ നടന്ന ഒരു പാചക മത്സരത്തിൽ ഏതാനും വിഭവങ്ങളുണ്ടാക്കി സമ്മാനം നേടിയതോടെയാണ് ബീന പൂർണമായും പാചക രംഗത്ത് ശ്രദ്ധയൂന്നിയത്.
അമ്മ അച്ചാമ്മ നോബിളിൽ നിന്നു ലഭിച്ച പാചക രഹസ്യങ്ങളും കൈപ്പുണ്യവുമാണു ബീനയുടെ കരുത്ത്. ആദ്യമൊക്കെ ചെന്പകമറ്റം വീട്ടിൽ ആതിഥ്യം സ്വീകരിച്ചെത്തിയവരും അടുത്ത ബന്ധുക്കളും മാത്രമാണു ബീനയുടെ രുചിക്കൂട്ടുകൾ ആസ്വദിച്ചി രുന്നത്.
വിപണിയിൽ നിന്നു ലഭിക്കുന്ന സ്ക്വാഷുകൾക്കും മധുരങ്ങൾക്കും പകരം വീട്ടു വളപ്പിൽ നിന്നുള്ള പഴങ്ങൾ ഉപയോഗിച്ചുള്ള പാനിയങ്ങളും പലഹാരങ്ങളുമാണ് അവർ അതിഥികൾക്കു നൽകിയത്. ആ വിഭവങ്ങൾ രുചിച്ച പലരും അവ വിലകൊടുത്തു വാങ്ങാൻ താത്പര്യപ്പെട്ടതോടെ ഒരു സംരംഭക സാധ്യത തെളിഞ്ഞുവന്നു.
വീട്ടുകാരു ടെയും ബന്ധുക്കളുടെയും നിർബന്ധം കൂടിയായതോടെ ബീന ഒരു സംരംഭക എന്ന നിലയിലേക്കു വളരുകയായിരുന്നു. മധുര വിഭവങ്ങളിലായിരുന്നു തുടക്കം. ഇതിനു തേൻ ആവശ്യം വന്നതോടെ തേനീച്ച കൃഷിയിലേക്കും കടന്നു.
മുട്ടയ്ക്കായി കോഴി, കാട വളർത്തലും പാലിനും തൈരിനുമായി പശുവളർത്തലും തുടങ്ങി. തേനീച്ച വളർത്തലിൽ ശാസ്ത്രീയാമായ പരിശീ ലനം നേടിയ ബീന, തേനീച്ച കൃഷി ഇപ്പോൾ വിപുലമായ രീതിയിലാണു നടത്തുന്നത്.

വീട്ടുമുറ്റത്തു നിൽക്കുന്ന ജാതി മര ത്തിലെ ജാതിക്കായും പത്രിയും എടുത്തു കഴിഞ്ഞു തൊണ്ട് വെറുതെ കിടക്കുന്നതു കണ്ടപ്പോൾ ഒരു പരീക്ഷ ണത്തിനായിട്ടാണ് അതു കഴുകി ഉണക്കി തേൻ ചേർത്ത് ഒരു മധുര പലഹാരം ഉണ്ടാക്കിയത്.
കുട്ടി കൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ടതോടെ ജാതിക്ക തൊണ്ടുപയോഗിച്ചു വിവിധ തരം ഉത്പന്നങ്ങളുണ്ടാക്കി തുടങ്ങി. ജ്യൂസ്, ജാം, തെര, ഡ്രൈഡ്, തേൻ ജാതിക്ക, അച്ചാർ തുടങ്ങി ഓരോരോ വിഭവങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു.
പേരയ്ക്കയും മാങ്ങയും ഇലുന്പി ക്കയും പപ്പയയുമൊക്കെ ഒന്നാന്തരം ജ്യൂസായി. വീട്ടുമുറ്റത്തെ ബൾബറിയും പേരയ്ക്കയും ഉപയോഗിച്ചുള്ള ജാം തേടി നിരവധി ഓർഡറുകളാണ് എത്തുന്നത്. തേങ്ങയുടെ പൊങ്ങിൽ നിന്നും ചക്കക്കുരുവിൽ നിന്നുമുള്ള പൗഡർ ഹോർളിക്സും ബൂസ്റ്റും പോലെ ഏവരുടെയും ഇഷ്ട ഭക്ഷണമായി മാറി.
കുന്പളങ്ങ ഉപയോഗിച്ചുള്ള ഹൽവ യ്ക്കു മുന്നിൽ മറ്റു ഹൽവകൾ മാറി നിൽക്കും. സീസണായാൽ പറന്പിലെ മാവിലെല്ലാം നിറയെ മാങ്ങകളുണ്ടാകും. മാന്പഴം വെറുതെ പഴുത്തു വീണു പോകുന്നതു കണ്ടപ്പോഴാണു മാന്പഴ തെര ഉണ്ടായിയാലോ എന്നു തോന്നിയത്.
100 മാന്പഴം കിട്ടിയാൽ 15 ദിവസത്തെ അധ്വാനം കൊണ്ട് ആരേയും കൊതിപ്പിക്കുന്ന മാന്പഴ തെര ബീന റെഡിയാക്കും. മാന്പഴ തെര തേടി ദൂരെ ദിക്കുകളിൽ നിന്നു പോലും ആളുകൾ എത്തുന്നത് അതിന്റെ രുചി അത്രയ്ക്കു പ്രശസ്തമായതിനാലാണ്.
വീട്ടു മുറ്റത്തെ ഒരു പൂവു പോലും ബീന പാഴാകാറില്ല. ശംഖുപുഷ്പം ഉപയോഗിച്ചു ചായ, സ്ക്വാഷ്, സോപ്പ്, ജാം എന്നിങ്ങനെ വ്യത്യസ്ത ഉത്പന്നങ്ങളാണ് പിറവിയെടുത്തത്. ശംഖു പുഷ്പം ഉപയോഗിച്ചുള്ള വിഭവ ങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
റോസാപുഷ്പങ്ങൾ ഉപയോഗി ച്ചുള്ള ജാമും ഡ്രൈഡ് ഫ്ളവറും അച്ചാറും ഉപയോക്താക്കളുടെ ഇഷ്ട വിഭവങ്ങളാണ്. തേൻ അടിസ്ഥാനമാക്കിയുള്ള ക്രീമുകളാണ് മറ്റൊരു പ്രധാന ഉത്പന്നം.
ബീ വാക്സ് ക്രീം, ഡ്രൈ സ്കിൻ, ലിപ് ബാം, പെയ്ൻ ബാം, സോറിയാസിസ് ക്രീം, ബെഡ് സോർ ക്രീം, ഹണി ഫേസ് പാക്ക് എന്നിവ തേൻ ഉപയോഗിച്ച് നിർമി ക്കുന്ന ക്രീമുകൾ. ഇവയെല്ലാം ഒന്നാന്തരം ഒൗഷധങ്ങളായിട്ടാണ് വിപണി സ്വീകരിച്ചിരിക്കുന്നത്.

തേൻ നെല്ലിക്ക, തേൻ ജാതിക്ക, തേൻ മഞ്ഞൾ, തേൻ കാന്താരി, തേൻ മാന്പഴം, തേൻ ചക്കപ്പഴം തുടങ്ങിയ തേൻ വിഭവങ്ങൾ തേടി ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ എത്താ റുണ്ട്. ബീനയുടെ അച്ചാറുകളും പ്രസിദ്ധമാണ്.
ഇറച്ചി, മീൻ, ജാതിക്ക, നാരങ്ങാ, മാങ്ങാ, കണ്ണിമങ്ങാ, അന്പഴങ്ങ, സ്റ്റാർ ഫ്രൂട്ട്, ഇലുന്പിക്ക, ലൂവിക്ക, ചാന്പങ്ങ, പച്ച കപ്പളങ്ങ, നെല്ലിക്ക എന്നിങ്ങനെ നീളുന്നു അച്ചാറുകൾ. ഇടിയിറച്ചിക്കും ആവശ്യ ക്കാരേറെയാണ്. ഡ്രയറിൽ ഉണക്കി പ്രത്യേക രീതിയിലാണ് ഇടിയിറച്ചി തയാറാക്കുന്നത്.
വീട്ടുമുറ്റത്തെ പ്ലാ വിൽ നിന്നുള്ള ചക്ക ഉപയോഗിച്ചു ണ്ടാക്കുന്ന ചക്ക വരട്ടി, ചക്ക ബോൾ, ചക്ക ഹൽവ, ചക്ക തെര എന്നിവയും പ്രാചരം നേടിയ ഇനങ്ങളാണ്. ഡയറി ഡെവലപ്മെന്റ് ബോർ ഡിൽ നിന്നു ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഭർത്താവ് ടോമും രണ്ടു മക്കളും ബീനയ്ക്ക് എല്ലാവിധ പിന്തു ണയുമായുമായി ഒപ്പമുണ്ട്.
പ്രധാനമായും സോഷ്യൽ മീഡിയാ വഴിയാണ് ഉത്പന്നങ്ങളുടെ വിപണനം. കൊറിയറി ലൂടെയാണു വിതരണം. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനൊപ്പം ചെറിയ രീതിയിൽ പരിശീലനവും ബീന നൽകി വരുന്നുണ്ട്. ഇനിയും വെറൈറ്റി ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബീന ടോം.
ഫോണ്: 9497326496