ഒറ്റമനസോടെ മൂന്നു സഹോദരങ്ങൾ; വിജയക്കുതിപ്പിൽ മെർട്ടിൽ നഴ്സറി
Monday, July 8, 2024 12:43 PM IST
പരന്പരാഗതമായി ലഭിച്ച കാർഷിക സംസ്കാരത്തെ മുറുകെപ്പിടിച്ച്, മൂന്നേക്കർ സ്ഥലത്ത് മൂന്നു സഹോദരങ്ങൾ കൂട്ടായ്മയുടെ കൂടൊരുക്കി ആരംഭിച്ച കാർഷിക നഴ്സറി വിജയക്കുതിപ്പിൽ.
ഇടുക്കി ജില്ലയിൽ കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരിയിൽ 2015ലാണ് കല്ലംമാക്കൽ ലിജോ, ലിൻസ്, ലിന്റോ എന്നിവർ ചേർന്നു മെർട്ടിൽ നഴ്സറി ആരംഭിച്ചത്.
ജൈവ വൈവിധ്യത്തിന്റെ കലവറയായ ഇവിടെ ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, പൂച്ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ തൈകൾ, മത്സ്യക്കുഞ്ഞുങ്ങൾ... തുടങ്ങിയവയെല്ലാമുണ്ട്.
ഇതിനുപുറമെ വീടുകളിൽ പുൽത്തകിടികളും പൂന്തോട്ടങ്ങളും നിർമിച്ചു നൽകുകയും ചെയ്യുന്നു.
ഫലവൃക്ഷ തൈകൾ
ഫല വൃക്ഷ തൈകളുടെ വിപുലമായ ശേഖരമാണു മെർട്ടിൽ നഴ്സറിയിലുള്ളത്. ഗോൾഡൻ, കിണറ്റുകര, കൊച്ചുകുടി, കിംഗ്, പുന്നത്താനം എന്നീ ഇനങ്ങളിൽപെട്ട ജാതി തൈകളും, ഗ്രാന്പൂ, റംബുട്ടാൻ, മാങ്കോസ്റ്റിൻ, മിറക്കിൾ ഫ്രൂട്ട് എന്നിവയും വിയറ്റ്നാം, മാൾട്ട, ബാര്യവണ്, നാഗപ്പൂർ, ഇസ്രായേൽ എന്നി ഇനം ഓറഞ്ച് തൈകളും വിതരണത്തിനു തയാറാക്കിയിട്ടുണ്ട്.
വിയറ്റ്നാം സൂപ്പർ ഏർലി, തേൻ വരിക്ക, ചെന്പരത്തി വരിക്ക, തായ്ലൻഡ്, മുട്ടൻ വരിക്ക, എവിയാർക്ക്, ജെ-33 തുടങ്ങിയ ഇനം പ്ലാവിൻ തൈകളും അൽഫോൻസ, കൊളന്പ്, ബംഗാരപ്പള്ളി, പ്രിയോർ, മൂവാണ്ടൻ, ബനാന, തായ്ലൻഡ്, കേസർ, അമരാപതി, മല്ലിക, നീലം,
ബ്ലാക്ക് ആൻഡ് റോസ്, സിന്ദൂരം, ചന്ദനം, കോട്ടൂർക്കോണം, സേലം, കാലാപ്പാടി, മധുരമാവ് എന്നിങ്ങനെ 43 ഇനം മാവിൻ തൈകളും എച്ച്ആർഎംഎൻ, ഡോർസെറ്റ് ഗോൾഡ്, അന്ന എന്നീ ഇനങ്ങളിൽപ്പെട്ട ആപ്പിൾ തൈകളും നഴ്സറിയിലുണ്ട്.
പുലാസാൻ, അബിയു, ലിച്ചി, സാന്തോൾ, കെപ്പൽ, ബറാബാ ഫ്രൂട്ട്, വിവിധയിനം ഞാവൽ, ചെറി, തായ് വാൻപിങ്ക്, കിലോ പേര, പർപ്പിൾ ഫോറസ്റ്റ്പേര, ചൈനീസ്പേര തുടങ്ങിയ വിദേശയിനം പഴച്ചെടി തൈകളുടെ വിപുലമായ ശേഖരവുമുണ്ട്.
റോളീനിയ, ഡ്രാഗണ്ഫ്രൂട്ട്, പ്ലം, മിൽക്ക് ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, സീതപ്പഴം, വാൾനട്ട്, ജബൂട്ടികാബാ, ഐസ്ക്രീം ബീൻസ്, സപ്പോട്ട, ബ്ലാക്ക്ബെറി, ലോംഗ് കോംഗ്, മുള്ളാത്ത, ആപ്രിക്കോട്ട് തുടങ്ങിയവയുടെ തൈകൾക്ക് ആവശ്യക്കാരേറെയാണ്.
കടപ്ലാവ്, വിവധയിനം നാരകം, സ്നേക്ക്പ്ലാന്റ്, ഒലിവ്, അത്തി, കശുമാവ്, മുരിങ്ങ, വിയറ്റ്നാം മാൾട്ട ഇനം മുസംബി തുടങ്ങി പറഞ്ഞാൽ തീരാത്ത ഇനങ്ങൾ വേറെയുമുണ്ട്.
പച്ചക്കറികളും ഔഷധതൈകളും
നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന നഴ്സറിയിൽ പയർ, പാവൽ, വെണ്ട, തക്കാളി, ചീര, വഴുതന, പച്ചമുളക് തുടങ്ങിയ വിവിധയിനം പച്ചക്കറി തൈകൾ നിരനിരയായി നിൽക്കുന്നതു കണ്ടാൽ വീട്ടിൽ അടുക്കളത്തോട്ടം തുടങ്ങണം എന്ന മോഹം ആരുടെയും മനസിൽ ഉദിക്കും.
ഇതിനുപുറമേ ബ്രഹ്മി, മക്കോട്ടദേവ, കൊടുവേലി, നീലയമരി... തുടങ്ങിയ ഔഷധസസ്യങ്ങളും നഴ്സറിയിലുണ്ട്.

മത്സ്യക്കുഞ്ഞുങ്ങൾ
മറ്റു നഴ്സറികളിൽ നിന്ന് വ്യത്യസ്തമായി മത്സ്യക്കുഞ്ഞുങ്ങളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. തിലാപ്പിയ, നട്ടർ, ഗ്രാസ് കാർപ്പ്, രോഹു, മൃഗാൽ, കട്ല, റെഡ് തിലാപ്പിയ, അനാബാസ്, വരാൽ തുടങ്ങി വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളും വിതരണത്തിനുണ്ട്.
പരിപാലനവും വിജയമന്ത്രവും
രൂപഭംഗിയിലും പരിപാലനത്തിലും മെർട്ടിൽ നഴ്സറി ഏറെ വ്യത്യസ്തമാണ്. മൂന്നേക്കർ വരുന്ന നഴ്സറിയിലെ ഒരേക്കറിൽ മഴമറ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ പോളി ഹൗസും സജ്ജീകരിച്ചിട്ടുണ്ട്.
പോളിത്തീൻ കവർ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയിലാണ് തൈകൾ വളർത്തിയിരിക്കുന്നത്. ജൈവവളവും രാസവളവും ആവശ്യമായ അളവിൽ തൈകൾക്കു നൽകും. ദിവസവും നനച്ചു കൊടുക്കുകയും ചെയ്യും. കീടബാധ ഒഴിവാക്കാൻ മരുന്ന് തളിച്ചു കൊടുക്കും.
നഴ്സറി ആരംഭിക്കുന്നതിന് കൃഷിഭവൻ, ഫിഷറീസ് വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് സബ്സിഡി ലഭിച്ചത് ഏറെ സഹായകമായെന്നും തൈകളുടെ ഗുണനിലവാരത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലന്നും യുവകർഷക സംരംഭകർ പറഞ്ഞു.
കൂട്ടായ ആലോചന, ആസൂത്രണം, കഠിനാധ്വാനം, ഉപഭോക്താക്കളുമായുള്ള ഹൃദ്യമായ ബന്ധം എന്നിവയ്ക്കുപുറമെ പരന്പരാഗത കർഷകരായ പിതാവ് വർഗീസിന്റെയും മാതാവ് ലില്ലിക്കുട്ടിയുടെയും പ്രായോഗിക നിർദേശങ്ങളുമാണ് മെർട്ടിൽ നഴ്സറിയുടെ വിജയത്തിന്റെ അടിസ്ഥാനമായി അവർ ചൂണ്ടക്കാട്ടുന്നത്.
ലിൻസ്, ലിന്റോ എന്നിവർ അവിവാഹിതരാണ്. ലിജോയുടെ ഭാര്യ: അനീറ്റ, മകൾ ലിയ.
ഫോണ്:8589871902, 8129900704.