പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്‍റെ ജീവിതരേഖ
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്‍റെ ജീവിതരേഖ
കുട്ടപ്പന്‍ ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍ അത്ര മോശമായിരുന്നില്ലെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ മൂലം ഏറെ മുന്നോട്ടു പോകാനായില്ല. ഹൈസ്‌കൂളില്‍ വച്ചു പഠനം നിര്‍ത്തി.

പിന്നെ പിതാവിന്‍റേയും ജേഷ്ഠ്യന്മാരുടെയും കൂടെ പാടത്തേക്കിറങ്ങി. രണ്ടു രൂപയായിരുന്നു ആദ്യ കാലങ്ങളില്‍ കൂലി. പിന്നിട് അത് അഞ്ചും ഏഴും പത്തുമൊക്കെയായി. അങ്ങനെ കൂടിക്കൂടി ഇന്നത് നാലക്ക ത്തിലെത്തി.

ഞായറാഴ്ച ഒഴികെ മിക്ക ദിവസങ്ങളിലും പാടത്ത് പണി ഉണ്ടായിരുന്നു. കൃഷി ഇല്ലാത്ത അവസരങ്ങളില്‍ കുട്ടപ്പന്‍ ചേട്ടന്‍ കട്ട ചേടാനും പുഴയില്‍ മണ്ണ് കോരാനും പോകും. നാട്ടിലെ സിനിമാകൊട്ടകയില്‍ ആഴ്ച തോറും മാറിമാറി വരുന്ന സിനിമകള്‍ കണ്ടും. ഉത്സവത്തിനും തിരുനാളുകള്‍ക്കും പോയി ജീവിതം ആഘോഷമാക്കി. നാടകവും ബാലയും കഥാപ്രസംഗവും കേട്ടു.

കാലം ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല. കുട്ടപ്പന്‍ ചേട്ടനു വിവാഹപ്രായമെത്തി. കൂട്ടായി കുഞ്ഞമ്മച്ചേച്ചി എത്തി. കുട്ടപ്പനു ചേര്‍ന്നവള്‍ തന്നെ. നാട്ടുകാര്‍ ചെവിയില്‍ പറഞ്ഞു. ഇരുവരും തോളോടു തോള്‍ ചേര്‍ന്നു പുഞ്ചപ്പാടത്തു വിയര്‍പ്പ് ഒഴുക്കി. അങ്ങനെ ഒരു വീട് വയ്ക്കാന്‍ അഞ്ച് സെന്റ് പുരയിടം സ്വന്തമാക്കി.

അപ്പന്റെ കാലം മുതല്‍ വക്കച്ചന്‍ മുതലാളിയുടെ പണിക്കാരായിരുന്നു കുട്ടപ്പന്‍ ചേട്ടനും കുടുംബവും. മുതലാ ളിക്കു സാമ്പത്തിക ഞെരുക്കം വരുമ്പോള്‍ ചില ദിവസങ്ങളിലെ കൂലിയില്‍ ഒരു വിഹിതം പിടിച്ചു വയ്ക്കും. കൊയ്ത്ത് കഴിഞ്ഞ് നെല്ലു വിറ്റ് കഴിയുമ്പോള്‍ പിടിച്ചുവച്ച കൂലിയും കുറച്ചു നെല്ലും വക്കച്ചന്‍ മുതലാളി അധികമായി നല്‍കും.

അതുപോലെ മട വീണും മുഞ്ഞ കയറിയും കൃഷി നശിച്ചാല്‍ കിട്ടാതെ പോയ കൂലി പണിക്കാരും വേണ്ടെന്നു വയ്ക്കും. വക്കച്ചന്‍ മുതലാളിയുടേതാണ് വയലെങ്കിലും കൂട്ടപ്പന്‍ ചേട്ടനും കൂട്ടു പണിക്കാരും അതു സ്വന്തമെന്നു തന്നെയാണു കരുതിയിരുന്നത്. പാടത്തെ ഓരോ വരമ്പും ചുറ്റുവട്ട മുള്ള രണ്ടു പന്തി ചിറയും അതിലെ ഓരോ മരങ്ങളും അവര്‍ സ്വന്തം പോലെ പരിപാലിച്ചു. നാളികേരം ഇടുമ്പോള്‍ മുതലാളിയും തൊഴിലാളികളും ഒന്നിച്ചിരുന്ന് ഇളനീര്‍ വെട്ടി കുടിച്ചു.

പമ്പാനദിയും പൂക്കൈത ആറും കരകവിയുമ്പോള്‍ വക്കച്ചന്‍ മുതലാ ളിക്കു മാത്രമല്ല കുട്ടപ്പന്‍ ചേട്ടനും കൂട്ടുപണിക്കാര്‍ക്കും അവരുടെ കുടും ബങ്ങള്‍ക്കും ഉറങ്ങാനാവില്ല. വീട്ടി ലുള്ള പെണ്ണുങ്ങള്‍ പ്രാര്‍ഥനയിലും കുട്ടപ്പന്‍ ചേട്ടനും കൂട്ടുകാരും പാടവര മ്പിലും, അതായിരുന്നു വെള്ളപ്പൊക്ക കാലത്തെ രീതി. പണിക്കാരുടെ വീട്ടില്‍ എന്താവശ്യമുണ്ടായാലും ആദ്യം ഓടിയെത്തുന്നതു വക്കച്ചന്‍ മുതലാളി ആയിരുന്നു. തിരിച്ചും അതുപോലെ തന്നെ. അത്രയ്ക്കായിരുന്നു അക്കാലത്തെ മുതലാളി- തൊഴിലാളി ബന്ധം.

കുട്ടപ്പന്‍ ചേട്ടനു രണ്ട് പെണ്‍കുട്ടി കളായിരുന്നു. പഠനത്തില്‍ അതിസമ ര്‍ഥരല്ലായിരുന്നെങ്കിലും മോശമല്ലായിരുന്നു. ദൈവവിശ്വാസത്തിലും ഭക്തിയിലും ആഴപ്പെട്ടു വളര്‍ന്നു വന്ന അവരില്‍ മൂത്തയാള്‍ മഠത്തില്‍ ചേര്‍ന്നു സന്യാസിനിയായി വടക്കേ ഇന്ത്യയി ലേയ്ക്കു പോയി. ഇളയവള്‍ നഴ്‌സിംഗ് പഠിച്ച് വിദേശത്തേയ്ക്കും. മകള്‍ പണം അയ്ച്ചു തുടങ്ങിയതോടെ കുട്ടപ്പന്‍ ചേട്ടന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു. ഇനി അല്പം വിശ്രമിക്കാം എന്നൊക്കെ തോന്നുമായിരുന്നെങ്കിലും കുട്ടപ്പന്‍ ചേട്ടനും കുഞ്ഞമ്മ ചേച്ചിക്കും അതിന് മനസു വന്നില്ല.

അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായിട്ടായിരുന്നു വക്കച്ചന്‍ മുതലാളി യുടെ മരണം. അവിവാഹിതനായിരുന്ന മുതലാളിയുടെ കൃഷിയിടം മറ്റ് അവകാശികള്‍ കൈയേറി. കുട്ടപ്പന്‍ ചേട്ടനും സഹപണിക്കാര്‍ക്കും വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കാവുന്ന അവസ്ഥയുണ്ടായിരുന്നതിനാല്‍ പുതിയ അവകാശികളുടെ അടുത്തേ യ്ക്കു പോയതുമല്ല. പുതിയവര്‍ ഇവരെ അടുപ്പിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.

പിന്നെ അമാന്തിച്ചില്ല, നാളിതുവരെ സ്വരുക്കൂട്ടിയതും കുറച്ചു ബാങ്ക് വായ്പയും മകളുടെ ശമ്പളവുമൊക്കെ ചേര്‍ത്ത് 10 ലക്ഷം രൂപയുണ്ടാക്കി കുട്ടപ്പന്‍ചേട്ടന്‍ രണ്ട് ഏക്കര്‍ പുഞ്ച പ്പാടം വാങ്ങി. സ്വപ്ന സാക്ഷാത്കാരം. പുറംബണ്ടില്‍ നിന്ന് അധികം അകലെയല്ലാത്ത സ്ഥലമാണു വാങ്ങിയത്. തന്റെ 40 വര്‍ഷത്തെ കൃഷി അനുഭവം പുതിയ കൃഷിയിടത്തില്‍ കുട്ടപ്പന്‍ ചേട്ടന്‍ പരീക്ഷിച്ചു.

നാളിതുവരെ കൈയില്‍ കിട്ടുന്നതോ ചെലവഴിക്കു ന്നതോ ആയ കാശിന് കുട്ടപ്പന്‍ചേട്ടന്‍ കണക്ക് എഴുയിരുന്നില്ല. കുഞ്ഞമ്മ ച്ചേച്ചിയോ മക്കളോ അതൊട്ട് അന്വേ ഷിക്കുകയും ചെയ്തിരുന്നില്ല. പുക വലിയോ മുറുക്കോ മദ്യപാനമോ ഇല്ലാതിരുന്നതിനാല്‍ കിട്ടുന്ന പണം വീട്ടില്‍ എത്തുമായിരുന്നു. മാസത്തില്‍ രണ്ട് ഞായറാഴ്ച ഓരോ കിലോ പോത്തിറച്ചി വാങ്ങുന്നതു മാത്രമായിരുന്നു അധികച്ചെലവ്.

എന്നാല്‍, പുഞ്ചപ്പാടം വാങ്ങി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ കുട്ടപ്പന്‍ ചേട്ടന്‍ കണക്കെഴുതിത്തുടങ്ങി. പഠി ക്കുമ്പോള്‍ കണക്കിനു കണക്കായി രുന്നെങ്കിലും, മനക്കണക്ക് കൂട്ടി കാര്യങ്ങള്‍ പറയാന്‍ നല്ല കഴിവായി രുന്നു. അങ്ങനെയിരിക്കെ, കൃഷിക്കണക്ക് എഴുതാന്‍ കുട്ടപ്പന്‍ചേട്ടന് തടിച്ച കവറുള്ള ഒരു ഡയറി കിട്ടി.

2015 മുതലാണു കണക്ക് എഴുതി ത്തുടങ്ങിയത്. പാടശേഖരത്തിന് നേര്‍മ, പായലും കളയും പറിച്ചത്, ട്രാക്ടര്‍ ഉഴവ്, വരമ്പ് കുത്ത്, കച്ചാല്‍ എടുപ്പ്, വിത്ത് വില, പ്രാവ് ശല്യത്തിന് പടക്കം വാങ്ങിയ ചെലവ്, പടക്കം പൊട്ടിച്ചു പ്രാവിനെ ഓടിക്കാന്‍ വന്ന പണിക്കാരന്റെ കൂലി, വിത കൂലി... വിത കഴിഞ്ഞ് പത്താം ദിവസം കുട്ടപ്പന്‍ ചേട്ടനും കുഞ്ഞമ്മച്ചേച്ചിയും കൂടി ഒത്ത് നോക്കിയപ്പോള്‍ ചെലവ് ക 21000 രൂപ. വിശ്വാസം വന്നില്ല. ഇരുവരും ചേര്‍ന്നു വീണ്ടും കണക്ക് ഒത്തു നോക്കി ഒരു തെറ്റും ഇല്ല. കണക്ക് കിറുകൃത്യം.

കൂടെ പണിക്കു വന്നയാള്‍ മൂന്നു മണിക്ക് പണി നിര്‍ത്തി പോയാലും വീണ്ടും ഒന്നര രണ്ട് മണിക്കൂര്‍ വരെ കുട്ടപ്പന്‍ചേട്ടന്‍ തന്റെ പണി തുടരു മായിരുന്നു. അങ്ങനെയുള്ള തൊന്നും കൂട്ടാതെ ചെലവ് ഇത്രയും എത്തിയ പ്പോള്‍ കുട്ടപ്പന്‍ ചേട്ടന് ഒരു വെപ്രാളം, കുഞ്ഞമ്മ ചേച്ചിക്കും എന്തോ ഒരു അരുതാഴിക. രണ്ടാഴ്ച കഴിഞ്ഞു. വിത നന്നായി പിടിച്ചു. സമീപത്തെ കണ്ടങ്ങളേക്കാള്‍ നല്ല ഞാറ് പിടുത്തം. സന്തോഷമായി. ഇനി കളനാശിനി അടിക്കണം. അതിനു രണ്ടേക്കറിന് രണ്ടായിരത്തിന് മുകളി ലാണു വില. അടികൂലി 1400 രൂപ. കളനാശിനിയുടെ പേരില്‍ കണക്ക് ബുക്കില്‍ 3400 രൂപ സ്ഥാനം പിടിച്ചു.

ഒരു കൃഷിക്ക് ആവശ്യമുള്ള രാസവളം ഒന്നിച്ചെടുക്കുന്നതായിരുന്നു വക്കച്ചന്‍ മുതലാളിയുടെ രീതി. അതുതന്നെ തുടരാനാണു കുട്ടപ്പന്‍ ചേട്ടനും തീരുമാനിച്ചത്. ആ കൃഷിക്ക് ആവശ്യമായ വളം ഒന്നിച്ചാണ് എടുത്തത്. വളം, വണ്ടിക്കൂലി എല്ലാം കൂടി പതിനായിരം കൂടി ഡയറിയില്‍ കയറി. അങ്ങിങ്ങായുണ്ടായിരുന്ന കളകള്‍ പറിപ്പിച്ചതിനും ഞാറ് പറിച്ചു നട്ടതിനും പാടത്ത് ഇറങ്ങിയത് 22 പെണ്ണാളുകളായിരുന്നു. കുഞ്ഞമ്മ ച്ചേച്ചിയെ കൂടാതെയുള്ള കണക്കാണിത്. ആ ഇനത്തിലും വന്നു 11,000 രൂപ. വളം ഇടീലിനും കീടനാശിനി തളിച്ചതിനുമൊക്കെയായി വന്ന കൂലി ഇനത്തില്‍ വീണ്ടും ഒരു പന്ത്രണ്ടായിരം കൂടി കണക്കില്‍ വന്നു.


എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂറെ ങ്കിലും കുട്ടപ്പന്‍ചേട്ടന്‍ പാടവരമ്പി ലെത്തും. എല്ലായിടത്തും നടന്നു നോക്കും, വെള്ളം കയറ്റണ്ടപ്പോള്‍ കയറ്റിയും, തുറന്ന് വിടേണ്ടപ്പോള്‍ തുറന്നു വിട്ടും മാസങ്ങള്‍ കടന്നു പോയി. നെല്ല് പുല്ലായും, പുല്ല് നെല്ലായും, പിന്നെ പൊന്നായും മാറി. പാടം നിറയെ സ്വര്‍ണനിറമുള്ള കതിര്‍ മണികള്‍. നല്ല വിളവ്. 'നിലം അറി യുന്ന കൃഷിക്കാരനാ കുട്ടപ്പന്‍, നിലത്തിനു കുട്ടപ്പനെ അറിയാം, പിന്നെങ്ങനെ കുട്ടപ്പനു വിളവ് കുറയും'. നാട്ടുകാര്‍ അടക്കം പറഞ്ഞു.

തന്റെ സ്വപ്നങ്ങളാണു വയലില്‍ വിരിഞ്ഞു നില്ക്കുന്നത്. കുട്ടപ്പന്‍ ചേട്ടന്റെ മനസ് നിറഞ്ഞു. കൊയ് ത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ചില ദിവസങ്ങളില്‍ ചെറിയ മഴയുണ്ട്. ഉപദ്രവകാരിയല്ല. ചാലുകളും കച്ചാലുകളും വേണ്ട വിധം താഴ്ത്തി. വെള്ളം ഒട്ടും തന്നെ പാടത്ത് നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി. ഇനി കൊയ്ത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി.

വക്കച്ചന്‍ മുതലാളിയുടെ കാലത്ത് ഇത്രയും ആകുമ്പോഴേക്കും ഒരു ഭാഗത്ത് നിന്നു കൊയ്ത്ത് ആരംഭി ക്കുമായിരുന്നു. അന്ന് അരിവാള്‍ കൊയ്ത്ത് ആയിരുന്നു. ഇന്നു കൊയ്ത്ത് യന്ത്രമാണ്. കൊയ്ത്ത് യന്ത്രത്തിനായുള്ള കാത്തിരിപ്പ് രണ്ട് ആഴ്ചയോളം നീണ്ടു. അവസാനം യന്ത്രം എത്തി. കൊയ്ത്ത് തുടങ്ങിയ പ്പോള്‍ പല നെല്‍ച്ചെടികളിലേയും പിള്ളക്കതിരുകള്‍ ഒടിഞ്ഞു വീണി രുന്നു. വളരെ സാവധാനം മാത്രമാണു കൊയ്യാനായത്. കൂടുതല്‍ നെല്ല് നഷ്ടപ്പെടാതിരിക്കാന്‍ അതേ ഉള്ളു മാര്‍ഗം.

യന്ത്രക്കൂലി കൂടുതലായാലും നെല്ല് ഒട്ടും പോകരുത് അതാണ് കുട്ടപ്പന്‍ ചേട്ടന്റെ നിലപാട്. അന്ന് സന്ധ്യയോടെ നെല്ല് മുഴുവന്‍ കൊയ്ത് പുറംബണ്ടിനോട് ചേര്‍ന്നു മൂടയായി കൂട്ടി. രണ്ട് ഏക്കര്‍ കൊയ്യാന്‍ നാല് മണിക്കൂറും കുറച്ച് മിനിട്ടുകളും എടുത്തു. എന്നാല്‍ നാല് മണിക്കൂര്‍ എന്ന് കണക്കാക്കി 9000 രുപ കൊയ്ത്ത് യന്ത്രത്തിന് വാടകയും നല്കി. പിന്നെ മൂട മൂടി. സഹായത്തിന് വന്ന ആളിന് കൂലിയും കൊടുത്തു കഴിഞ്ഞപ്പോള്‍ കണക്കു ബുക്കില്‍ ഒരു പതിനായിരം കൂടി സ്ഥാനം പിടിച്ചു.

രാത്രിയില്‍ സാമാന്യം ശക്തമായ മഴ ഉണ്ടായിരുന്നു. എന്നാലും നന്നായി പടുതാ ഇട്ട് മൂടിയിരുന്നതിനാല്‍ കുട്ടപ്പന്‍ ചേട്ടന്‍ സമാധാനത്തോടെ കിടന്നുറങ്ങി. വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് മില്ലുകാര്‍ നെല്ലെടുക്കാന്‍ എത്തിയത്. അതിനിടയില്‍ രണ്ടു ദിവസം കുട്ടപ്പന്‍ ചേട്ടനും കുഞ്ഞമ്മച്ചേച്ചിയും, പണിക്കാരനും ചേര്‍ന്നു മൂട വിടര്‍ത്തി നെല്ല് നിരത്തി ഉണക്കി. ഇതിനിടെ, മില്ലുകാരുടെ വക ഈര്‍പ്പ ത്തിനുള്ള കിഴിവ് ക്വിന്‍റലിന് അഞ്ച് കിലോ എന്നു പാടശേഖര സമിതിയു മായി ധാരണയെത്തിയിരുന്നു.

പിറ്റേന്ന് നെല്ല് സംഭരിക്കാന്‍ മില്ലുകാരെത്തി. ആകെ 44 ക്വിന്റല്‍. വാര് കൂലി ക്വിന്റലിന് 30 രൂപയും, ചുമട്ട് കൂലി ക്വിന്റലിന് 120 രൂപയും നല്കി. ആകെയുള്ള 44 ക്വിന്റലിന് അഞ്ച് കിലോ വച്ചുള്ള കിഴിവു കഴിഞ്ഞ് 41.8 ക്വിന്റല്‍ നെല്ല് കൈപ്പറ്റി എന്ന മില്ലുകാരുടെ കുറിപ്പും വാങ്ങി തിരിച്ചു വീട്ടില്‍ എത്തി. ദിവസ ങ്ങളിലെ ചെലവ് സഹായിക്ക് നല്കിയതുള്‍പ്പടെ 9200 ആയിരുന്നു. (യഥാസമയം കൊയ്ത് നെല്ല് തൂക്കി യിരുന്നെങ്കില്‍ 50 ക്വിന്‍റല്‍ ഉറപ്പായും ഉണ്ടാകുമായിരുന്നു).

ഈ ദിവസങ്ങളിലെ കുട്ടപ്പന്‍ ചേട്ടന്റെയും കുഞ്ഞമ്മ ചേച്ചിയുടേയും കഠിനാധ്വാനത്തിന്റെ കണക്ക് എങ്ങും കൂട്ടിയിരുന്നില്ല. നെല്ല് കൊടുത്തതിന്റെ അടുത്ത ദിവസം ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി വന്ന കുട്ടപ്പന്‍ ചേട്ടന്‍ വാങ്ങിക്കൊണ്ടു വന്ന പോത്തിറച്ചി കുഞ്ഞമ്മച്ചേച്ചി അടുക്കളയിലിരുന്ന് തയാറാക്കുകയായിരുന്നു.

കുട്ടപ്പന്‍ചേട്ടന്‍ ഡയറി ഒന്നുകൂടി എടുത്ത് ആകെ ചെലവ് ഒന്നുകൂടി കൂട്ടി നോക്കി. രണ്ട് ഏക്കറിലെ പുഞ്ചകൃഷിയുടെ നാളിതുവരെയുള്ള ചെലവ് 66700 രുപ. വീണ്ടും വീണ്ടും കൂട്ടി നോക്കി കണക്കില്‍ തെറ്റ് ഒന്നുമില്ല. ചിലവ് ക അവിടെ നില് ക്കട്ടെ വരവ് ക (മാസങ്ങള്‍ക്ക് ശേഷം കിട്ടും എന്ന് പ്രതിക്ഷിക്കുന്നത്) എന്തുണ്ടാവും എന്നു നോക്കിയ കുട്ടപ്പന്‍ ചേട്ടനു സന്തോഷമായി.

ക്വിന്റല്‍ ഒന്നിന് 2400 രൂപ പ്രകാരം 41.8 ക്വിന്‍റലിന് 100320 രൂപ. വരവ് ക യില്‍ നിന്ന് ചെലവ് ക കുറച്ചപ്പോള്‍ മിച്ചം ക 33620 രൂപ. കുട്ടപ്പന്‍ചേട്ടന്‍ അടുക്കളയിലെത്തി കുഞ്ഞമ്മച്ചേച്ചിയോട് സന്തോഷം പങ്കുവച്ചു. കുഞ്ഞമ്മ ച്ചേച്ചിക്കും സന്തോഷമായി

എന്നാല്‍, ഇറച്ചിക്കറിയുടെ ഉപ്പു നോക്കുമ്പോഴാണ് കുഞ്ഞമ്മച്ചേച്ചി യുടെ മനസില്‍ ഒരു സംശയം അങ്കുരിച്ചത്. അടുത്തു നിന്ന കുട്ടപ്പന്‍ ചേട്ടനോട് അത് ഉടന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തെ നമ്മുടെ അധ്വാനത്തിന്റെ കൂലി കണക്കാ ക്കണ്ടെ? 10 ലക്ഷം മുടക്കിയതിനു ബാങ്ക് പലിശ എങ്കിലും കൂട്ടണ്ടെ?. അപ്പോള്‍ മാത്രമാണ് കുട്ടപ്പന്‍ചേട്ടന് അതിനെപ്പറ്റി ചിന്ത ഉണ്ടായത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആകെ താന്‍ ചെയ്ത പണികള്‍ കണക്കാക്കിയാല്‍ ഏകദേശം 40 പുരുഷ തൊഴിലാളിയുടേത് വരും. കുഞ്ഞമ്മയുടേത് 20 സ്ത്രീ തൊഴിലാളിയുടേതും.

അങ്ങനെ വരുമ്പോള്‍ 20000 രൂപ തന്റെയും 8000 രൂപ കുഞ്ഞമ്മ യുടെയും കൂലിയായി കണക്കാക്കാം. അങ്ങനെ വരുമ്പോള്‍ മിച്ചം ക 5620 രൂപ. അപ്പോള്‍ നിലത്തിന്‍റെ മുതല്‍ മുടക്കിനോ ? 10 ലക്ഷത്തിന് 6% ബാങ്ക് പലിശയുണ്ട്. ആറ് മാസത്തേയ്ക്ക് 30000 രൂപ. അങ്ങനെ നോക്കുമ്പോള്‍ 25380 രൂപ നഷ്ടത്തില്‍ ആണോ പുഞ്ചകൃഷി? ഏയ് അങ്ങനെ വരാന്‍ സാധ്യത ഇല്ലല്ലോ?

വീണ്ടും വീണ്ടും കുട്ടപ്പന്‍ ചേട്ടനും കുഞ്ഞമ്മച്ചേച്ചിയും കണക്ക് എഴുതി കൂട്ടിയും കുറച്ചും നോക്കി. എഴുതിയതിനേക്കാള്‍ വേഗത്തില്‍ കുട്ടപ്പന്‍ചേട്ടന്‍ മനക്കണക്ക് നോക്കി അവിടേയും ഇതേ കണക്ക് തന്നെ. ഒന്നും മനസി ലാകുന്നില്ല. എന്തേ പുഞ്ചപ്പാടം നഷ്ടത്തിലോ.....

ആറേഴ് വര്‍ഷങ്ങള്‍ കടന്നു പോയി കുട്ടപ്പന്‍ ചേട്ടനും കുഞ്ഞമ്മച്ചേച്ചിയും ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് കൂലി പല മടങ്ങ് കൂടി. നെല്ലിനും രണ്ട് മൂന്നു രൂപ കൂടി. പ്രളയവും വെള്ളപ്പൊക്കവും വന്ന പ്പോള്‍ കുട്ടപ്പന്‍ ചേട്ടന്റെ കണക്ക് ബുക്കില്‍ ചെലവ് ക മാത്രമേ ഉണ്ടാ യുള്ളു. വരവ് ക ഇല്ലാതിരുന്ന തിനാല്‍ കണക്ക് കൂട്ടി കഷ്ടപ്പെടേണ്ടി വന്നില്ല. 2022-ല്‍ കുട്ടപ്പന്‍ചേട്ടന്‍ ഒരു തീരുമാനം എടുത്തു. ഇനി കൃഷിയുടെ കണക്ക് എഴുതുന്നില്ല.

എന്നാല്‍, പുഞ്ചപ്പാടത്ത് ഇനിയും കൃഷി ചെയ്യും. നാല്പത് വര്‍ഷമായു ള്ള പതിവാ. അത് തെറ്റിക്കാന്‍ ആവില്ല. ലാഭമായാലും നഷ്ടമായാലും, പ്രളയമെടുത്താലും കീടം എടുത്താലും പുഞ്ചപ്പാടത്ത് തന്‍ വിതയ്ക്കുന്നതു ഹൃദയമാണ്. അതുകൊണ്ടു കൃഷി ചെയ്‌തേ പറ്റൂ... ഒപ്പം നില്ക്കാന്‍ കുഞ്ഞമ്മച്ചേച്ചിയും.
ഫോണ്‍ : 9447505677