ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
Wednesday, January 25, 2023 7:19 PM IST
കണ്ണിലെ ജീവന്‍റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്‌റ്റെതസ്‌കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും വന്ധ്യതാ നിര്‍മാര്‍ജന സ്‌പെഷലിസ്റ്റുമായ ഡോക്ടര്‍ക്ക് കൃഷിയുമായി ജനിതക ബന്ധം തന്നെയുണ്ട്.

കരിക്കോട് കുറ്റിച്ചിറയിലെ കാര്‍ഷിക കുടുംബമായ പുലമണ്‍ വീട്ടിലാണു ജനിച്ചത്. അമ്മയുടെ അച്ഛനും അച്ഛന്റെ അച്ഛനും കര്‍ഷകര്‍. വീട്ടില്‍ പണ്ടു മുതലേ നെല്‍കൃഷിയും പശുക്കളുമുണ്ട്. അങ്ങനെ, 'ഉണ്ണി'യായിരിക്കുമ്പോള്‍ തന്നെ പത്താം വയസില്‍ കൃഷിയെ തൊട്ടറിഞ്ഞു.

കാര്‍ഷിക സംരംഭകനായതിനു മറ്റൊരു കാരണങ്ങള്‍ കൂടിയുണ്ടെന്ന് ഈ യുവ ഡോക്ടര്‍ വെളിപ്പെടുത്തി.'വിഷരഹിത ഭക്ഷ്യവിഭവങ്ങള്‍ വീട്ടില്‍ തന്നെയുണ്ടാക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതു വരാതെ നോക്കുക'.

പാല്‍, പഴം, പച്ചക്കറി, മുട്ട, മീന്‍ തുടങ്ങി ഒരു കുടുംബത്തിന് വേണ്ടതെല്ലാം ഫാമിലുണ്ട്. സ്വന്തം ആവശ്യം കഴിഞ്ഞ് മിച്ചമുള്ളവ വില്‍ക്കും. ഇടനിലക്കാരെ ഒഴിവാക്കി, ഉപഭോക്താക്കളുടെ വാട്‌സപ് ഗ്രൂപ്പ് വഴിയാണ് വിപണനം. ഏഴുവര്‍ഷമായി ഫാം സജീവമാണ്.

ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും

നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലു കെട്ട് വീടിനോടു ചേര്‍ന്നാണ് ഡോ. ഉണ്ണികൃഷ്ണന്റെ നന്ദനം ഫാം. ഗോക്കളാണ് ഇവിടെ വിഐപികള്‍. ഗുജറാത്തില്‍ നിന്നു കൊണ്ടുവന്ന ഗീര്‍ പശുക്കളാണു കൂടുതല്‍. ഓരോന്നിനും ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ വില വരും. താര്‍പാര്‍ക്കര്‍(രാജസ്ഥാന്‍), പൂങ്കന്നൂര്‍(ആന്ധ്ര) പശുക്കളുമുണ്ട്.

ഈ വിശിഷ്ടയിനങ്ങളുടെ പ്രജനനം നടത്തി കുട്ടികളെ വില്‍ക്കുന്നതാണ് പ്രധാന വരുമാന മാര്‍ഗം. മൂരിക്കുട്ടിക്ക് 20,000 രൂപയും പശുക്കിടാവിന് 50,000 രൂപയുമാണു വില. പാലിന് ഗുണമേന്മ യേറെയാണെങ്കിലും അളവു കുറ വാണ്. ലിറ്ററിന് 120 രൂപയ്ക്കാണ് വില്‍ക്കുന്നത്.

പശുക്കളെ കൂടാതെ, മലബാറി, ബാര്‍ബറി ഇനങ്ങളില്‍പെട്ട ആടുകള്‍, നാടന്‍ കോഴി, അലങ്കാരക്കോഴി, തൊപ്പിക്കോഴി, ഫയോമി, താറാവ് എന്നിവയും നന്ദനത്തിലുണ്ട്. മീന്‍കുള ത്തില്‍ നറയെ തിലാപ്പിയ മത്സ്യങ്ങള്‍.

നാലേക്കറില്‍ സമ്മിശ്ര കൃഷിയാണ്. വെണ്ട, വഴുതന, കോളിഫ്‌ളവര്‍ കാബേജ്, ചീര, പയര്‍ എന്നിവയാണ് പച്ചക്കറികള്‍. 50 സെന്റില്‍ അബിയൂ, റംമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, ജബോട്ടി ക്കാബ, പുലാസന്‍, സുറിനാം ചെറി, തായ്‌ലന്‍ഡ് ചാമ്പ, ജപ്പാന്‍ പേര തുടങ്ങിയ പഴവര്‍ഗച്ചെടികളുമുണ്ട്.


ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ ഡോക്ടര്‍ കൃഷിയിടത്തില്‍ ഓടിയെത്തും. ദിവ സവും കുറഞ്ഞത് രണ്ടു മണിക്കൂറെ ങ്കിലും ഫാമില്‍ ചെലവഴിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭാര്യ ഡോ. ഗോപികാ നായരുടെ (കൊല്ലം മാതാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ) പൂര്‍ണ പിന്തുണയുണ്ട്. ഫാമില്‍ നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെ തേവള്ളിയിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്.



പുല്ലും പയറും ഹെല്‍ത്തി മെനു

40 സെന്റില്‍ തീറ്റപ്പുല്ല് (സൂപ്പര്‍ നേപ്പിയര്‍) കൃഷി ചെയ്തിട്ടുണ്ട്. പുല്ലും പയറും ഇടകലര്‍ത്തിയാണ് നടുന്നത്. തന്മൂലം തീറ്റയുടെ പോഷക മൂല്യം ഇരട്ടിക്കുന്നു. ഗോതമ്പ് തവിടും ചോളപ്പൊടിയും ചേര്‍ന്ന മിശ്രിതം, പരുത്തിപ്പിണ്ണാക്ക് എന്നിവയും പൈക്കളുടെ മെനുവിലുണ്ട്.

ലാഭം മനഃസംതൃപ്തി

വരവും ചെലവും തുല്യം തുല്യമെന്നല്ലാതെ ഫാമില്‍ നിന്ന് കാര്യമായ ലാഭമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. തീറ്റ, തൊഴിലാളിയുടെ കൂലി എന്നീ ഇനങ്ങളില്‍ മാത്രം മാസം 60000- 70000 രൂപ ചെലവ് വരും. 'വിഷരഹിത വിഭവങ്ങള്‍ ലഭിക്കുമെന്നതും മനഃസംതൃപ്തിയുമാണു ലാഭം'.

കുടുംബം

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മുന്‍ ഉദ്യോഗസ്ഥന്‍ മുരളി മോഹന്‍, റിട്ട.ബാങ്ക് ഉദ്യോഗസ്ഥ ശ്രീദേവി എന്നിവരാണു ഡോ.ഉണ്ണി കൃഷ്ണന്റെ മാതാപിതാക്കള്‍. മക്കള്‍: ഇരട്ടകളായ ദക്ഷ് കൃഷ്ണ, അമേയ കൃഷ്ണ. ഏക സഹോദരന്‍ മുരളീ കൃഷ്ണയും (സൗണ്ട് എന്‍ജിനിയര്‍) ഭാര്യ കീര്‍ത്തനയും അമേരിക്കയില്‍. ഫോണ്‍: 9676679793

ജീഷ് നിരഞ്ജന്‍