പിന്നാമ്പുറത്തായ മുറം
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്ന അരിയില്‍ നിന്ന് ഉമിയും തവിടും കല്ലും മറ്റും മാറ്റുന്നതിന് മുറം തന്നെ വേണമായിരുന്നു. കടകളില്‍ നിന്നു വാങ്ങുന്ന മറ്റു ധാന്യങ്ങളും ഇങ്ങനെ പാറ്റിക്കൊഴിച്ചാണ് ഉപയോഗിച്ചിരുന്നത്.

വൃത്തിയാക്കിയെടുത്ത അരിയും ധാന്യങ്ങളും പായ്ക്കറ്റുകളില്‍ കിട്ടാന്‍ തുടങ്ങിയതോടെ മുറത്തിന്റെ ആവശ്യം കുറഞ്ഞു. ധാന്യങ്ങള്‍ പൊടിക്കുന്നതും അരയ്ക്കുന്നതും വേര്‍തിരിക്കുന്നതുമൊക്കെ യന്ത്രസഹായത്താലായതോടെ മുറം പൂര്‍ണമായും പിന്നാമ്പുറത്താകുകയും ചെയ്തു.

ആവശ്യമനുസരിച്ചു പല വലുപ്പത്തിലുള്ള മുറങ്ങളുണ്ടായിരുന്നു. ഈറ്റ കൊണ്ടാണു മുറവും കൊട്ടയും നെയ്‌തെടുത്തിരുന്നത്. ഇറ്റത്തണ്ട് വെള്ളത്തിലിട്ടു കുതിര്‍ത്ത്, പിന്നീട് ഉണക്കി കനം കുറച്ചു കീറി എടുത്താണ് മുറം നിര്‍മിക്കുന്നത്. ഇതിനു മഞ്ഞ മുളയും പച്ചമുളയും (ഈറ്റ) ഉപയോഗിക്കും. ചതുരത്തില്‍ നെയ്തുകൊണ്ടുവന്നു വശങ്ങളില്‍ കനമുള്ള തണ്ടുകള്‍ വച്ചു നെയ്തുറപ്പിച്ചാണ് മുറം നിര്‍മിക്കുന്നത്.

മുറം നിര്‍മിച്ചു കഴിഞ്ഞാല്‍ പുറത്തും തണ്ടിലും ചാണകം മെഴുകി വെയിലത്തു വച്ച് നന്നായി ഉണക്കിയെടുത്താണ് അടുക്കളാവശ്യത്തിന് ഉപയോഗിച്ചിരുന്നത്. ഈറ്റയുടെ ലഭ്യത കുറഞ്ഞതോടെ ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് മുറങ്ങള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.

പാടശേഖരങ്ങളില്‍ യന്ത്രകൊയ്ത്ത് ആരംഭിക്കുന്നതിനു മുമ്പു കൊയ്തു കൂട്ടുന്ന നെല്ല് വേര്‍തിരികക്കാനും മുറം വ്യാപകമായി ഉപയോഗിച്ചിരുന്നു. മണ്ണും ചെളിയും ചേര്‍ന്ന നെല്ല് മുറത്തില്‍ പാറ്റിയാണ് വേര്‍തിരിച്ചെടുത്തിരുന്നത്. നിലത്തു വീണുപോകുന്ന നെല്ല് വാരിയെടുത്ത് വൃത്തിയാക്കുന്നതിനും മുറം അത്യാവശ്യമായിരുന്നു. ധാന്യങ്ങള്‍ പൊടിച്ചു വറുത്തെടുക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ നിരയായിരുന്ന് മുറത്തില്‍ പൊടി പാറ്റുന്നതു പതിവ് കാഴ്ചയായിരുന്നു. ഫോണ്‍: 9447505677

ആന്‍റണി ആറില്‍ചിറ