വള്ളി വീശി തുടങ്ങുമ്പോള്‍ ഒരാള്‍ പൊക്കത്തില്‍ (1.5 മീറ്ററില്‍ കൂടുതല്‍) താങ്ങുകാലുകള്‍ സ്ഥാപിക്കണം. ഇതിന് പിവിസി പൈപ്പോ കമ്പിയോ കോണ്‍ക്രീറ്റ് തൂണുകളോ മരത്തടികളോ ഉപയോഗിക്കാം. വളരെ ആകര്‍ഷകമായ രീതിയില്‍ വ്യത്യസ്ത ആകൃതിയില്‍ പന്തലൊരുക്കാന്‍ ശ്രദ്ധിച്ചാല്‍ പാഷന്‍ ഫ്രൂട്ട് കൃഷി മുറ്റത്തെ ഫാഷനായി മാറും. പന്തലിന് കയര്‍/വല/കമ്പി തുടങ്ങിയവ ഉപയോഗിക്കാം. കുഴികള്‍ തമ്മില്‍ 4.5 മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 3 മീറ്റര്‍ അകലവും പാലിച്ചുവേണം ചെടികള്‍ നടാനും പന്തലൊരുക്കാനും.
ചെടിക്ക് ഒരാള്‍ പൊക്കമെത്തുമ്പോള്‍ വള്ളികളുടെ അഗ്രഭാഗം മുറിച്ചു കളയണം. ഇത് ഇരുവശത്തേക്കുള്ള വള്ളിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം പന്തലില്‍ വള്ളികള്‍ പടരാനും സഹായിക്കും. ഇതുവഴി പൂക്കള്‍ തമ്മിലുള്ള പരാഗണവും സുഗമമാവും.
പറിച്ചു നട്ട തൈകള്‍ക്ക് ആവശ്യാനുസരണം നന കൊടുക്കണം. ആദ്യ മൂന്നു മാസം ആഴ്ചയില്‍ ഇടവിട്ടു നനയ്ക്കുകയും പിന്നീട് മണ്ണിലെ ഈര്‍പ്പത്തിനനുസരിച്ചു നന കൊടുക്കുകയും വേണം. പൂവിടുന്ന സമയം നനയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നട്ട് രണ്ടു മാസം ഇടവിട്ട് ചെടിത്തടത്തില്‍ /ചട്ടിയില്‍ ചാണകപ്പൊടിയും കമ്പോസ്റ്റും ചേര്‍ത്തു നന്നായി നനയ്ക്കണം. ചട്ടിയിലോ ചാക്കിലോ തൈകള്‍ നട്ട് ടെറസില്‍ പന്തലൊരുക്കുന്നതും സാധാരണയായിട്ടുണ്ട്. മതില്‍ വലവച്ച് വള്ളി പടര്‍ത്തുന്നവരുമുണ്ട്.
നട്ട് 9 മാസം കഴിയുമ്പോള്‍ പൂക്ക ളായി തുടങ്ങും. പൂവിട്ട് 70-80 ദിവസത്തിനുള്ളില്‍ പഴം പാകമാകും. കേരളത്തില്‍ മേയ്-ജൂണ്‍ മാസത്തിലും സെപ്റ്റംബര്‍-ഓക്‌ടോബര്‍ മാസത്തിലുമാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. കീടരോഗബാധ വളരെ കുറവായതിനാല്‍ പരിചരണം ലളിതമാണ്.
കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഉത്തമമാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഈ പഴം ചര്‍മകാന്തി വര്‍ധിപ്പിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ കൂടാതെ സിങ്ക്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും നാരുകളും ഇതില്‍ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്.
വിപണിയില്‍ ഏറെ പ്രിയമുള്ള ഈ പഴത്തിന് കിലോയ്ക്കു 50 രൂപ മുതല്‍ 500 രൂപവരെ വില ലഭിക്കും. പാഷന്‍ ഫ്രൂട്ട് ജാം, ജെല്ലി, സ്‌ക്വാഷ്, സിറപ്പ്, വൈന്‍, അച്ചാര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
ടി.പി. അന്‍സീറ കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍, വെള്ളായണി