മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
Wednesday, December 7, 2022 3:20 PM IST
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യാത്ത പഴകിയ ഭൂമി, പഴയ കയ്യാല, വീടിന്റെ തറകള്‍ എന്നിവിടങ്ങളില്‍ നേരിയ വള്ളി മാതിരിയോ വെളുത്ത നാരുകള്‍ പോലെയോ കാണപ്പെടുന്നതും കണ്ണിമാങ്ങയുടെ ആകൃതിയില്‍ കുലകളായോ അല്ലാതെയോ മണ്ണിനടിയില്‍ കിടക്കുന്നതുമായ ഒരു ഔഷധമാണു നിലമാങ്ങ.
കറുത്ത നിറത്തിലോ അല്ലെങ്കില്‍ തവിട്ടു കലര്‍ന്ന കറുത്ത നിറത്തിലോ കാണ പ്പെടുന്ന നിലമാങ്ങ മുറിച്ചാല്‍ കൊട്ടത്തേങ്ങ പോലെയാണ്. കൂണ്‍ വര്‍ഗത്തില്‍പ്പെടുന്ന ഇതിന്റെ ഔഷധമൂല്യം ഏറെ പ്രസിദ്ധമാണ്. കോളറ ബാധിച്ചവര്‍ക്ക് വാത്മീകാമ്രം ചതച്ചു ശുദ്ധജലത്തില്‍ തിളപ്പിച്ചും കുറുക്കിയതില്‍ തേന്‍ ചേര്‍ത്തും നല്‍കാറുണ്ട്. കുട്ടികള്‍ക്ക് വിരശല്യത്തിനും ഛര്‍ദി, അതിസാരം എന്നിവയ്ക്കും ഇലവംശത്തൊലിയും ചേര്‍ത്ത് കഷായം വച്ച് കൊടുക്കും.

അരുചിക്കും മനം പുരട്ടലിനും ദഹനക്കുറവിനും കഫക്കെട്ടിനും അയമോദകം, ചുക്ക് എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിച്ചു നല്‍കിയാല്‍ ഫലമുണ്ടാകും. ചെവി വേദന മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്കും ഉത്തമ ഔഷധമാണ്. വാത്മീകാമ്രം എടുത്ത് കഴുകി ഉണക്കി വിറ്റാല്‍ നല്ല വില കിട്ടും. ഫോണ്‍: 9745770221
എ.വി. നാരായണന്‍