ബിജുവിനു ജീവനാണ് പശുക്കള്‍; ജീവിതമാണ് ജീവന്‍ മില്‍ക്ക്
ബിജുവിനു ജീവനാണ് പശുക്കള്‍; ജീവിതമാണ് ജീവന്‍ മില്‍ക്ക്
Saturday, October 1, 2022 2:32 PM IST
കറവ കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടുപടിക്കല്‍ ശുദ്ധമായ പാല്‍ എത്തുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ്. ദിവസവും 3000 ലിറ്റര്‍ പാല്‍ ഇങ്ങനെ ഫ്രഷായി ആളുകളുടെ കൈകളിലെത്തിക്കുന്നതില്‍ ബദ്ധശ്രദ്ധനാണു കോട്ടയം വൈക്കം ടിവിപുരം മാന്തുവള്ളില്‍ ബിജു മാത്യുവും അദ്ദേഹത്തിന്‍റെ ജീവന്‍ മില്‍ക്കും.

പശുവളര്‍ത്തല്‍, പാലുത്പാദനം, വിപണനം, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, പ്രജനനം തുടങ്ങി പശുവളര്‍ത്തലിലെ ഓള്‍ റൗണ്ടറാണ് ഈ ക്ഷീര കര്‍ഷകന്‍. കേവലം രണ്ടു പശുക്കളുമായി 10 വര്‍ഷം മുമ്പ് ആരംഭിച്ച ജീവന്‍ ഡയറി ഫാമില്‍ ഇപ്പോള്‍ 180 പശുക്കളുണ്ട്. ഈ പശുക്കള്‍ ബിജുവിന്റെ ജീവനും ജീവിതവുമാണ്. ദിവസേന 4000 ലിറ്റര്‍ ഇവിടെ ഉത്പാദിപ്പിക്കും.

ഒരു പശുവിന്‍റെ ശരാശരി ഉത്പാദന ക്ഷമത 14.7 ലിറ്റര്‍. എച്ച്എഫ്, ജഴ്‌സി, ഗിര്‍, സുനന്ദിനി തുടങ്ങിയവാണ് ജീവന്‍ ഡയറി ഫാമിലുള്ള പശുക്കളിലേറെയും. പശുക്കളെ വാങ്ങുന്നതിനു പകരം ഫാമില്‍തന്നെ കിടാരികളെ ഉത്പാദിപ്പിച്ചു വളര്‍ത്തിയെടുക്കുന്നതാണു ബിജുവിന്റെ രീതി.

പുലര്‍ച്ചെ രണ്ടിനു തുടങ്ങും ബിജുവിന്‍റെ ദിവസം. ഭാര്യ എല്‍സിയും മക്കളായ മാത്യുവും മരിയയും ഒപ്പമുണ്ടാകും. ആദ്യം പശുക്കളെ കുളിപ്പിച്ചു തൊഴുത്ത് വൃത്തിയാക്കും. നാലിനു കറവ തുടങ്ങും. യന്ത്രങ്ങളുണ്ടെങ്കിലും കൈക്കറവ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല.

ആറു മണിയോടെ പാല്‍ ഫാമിനോടു ചേര്‍ന്നുള്ള പായ്ക്കിംഗ് യൂണിറ്റിലെത്തിക്കും. ഒട്ടും വൈകാതെ ഇതു പായക്കറ്റുകളിലും കുപ്പികളിലുമാക്കി ജീവന്‍ മില്‍ക്ക് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞുള്ള കറവ രണ്ടോടെ ആരംഭിക്കും. ഈ പാല്‍ ശീതികരണിയില്‍ സൂക്ഷിച്ചു പിറ്റേ ദിവസമാണു വില്‍പനയ്‌ക്കെത്തിക്കുന്നത്. ഫാമില്‍ സഹായിക്കാന്‍ തൊഴിലാളികളുമുണ്ട്.

ജീവന്‍ ഡയറി ഔട്ട് ലെറ്റുകള്‍

ജീവന്‍ ഡയറി എന്ന പേരില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജുവിന് 15 ഔട്ട്‌ലെറ്റുകളുണ്ട്. കൊച്ചിയിലെ ഒരു ഡസനോളം ഫ്‌ളാറ്റുകളിലും ഏതാനും കേറ്ററിംഗ് സ്ഥാപനങ്ങളിലും പതിവായി പാല്‍ നല്‍കുന്നുമുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലയിലും വില്‍പന സജീവം. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പാലും പാലുത് പന്നങ്ങളും മിതമായ നിരക്കില്‍ എത്തിക്കുക എന്നതാണ് ജീവന്‍ ഡയറി ഔട്ട്‌ലെറ്റുകളിലൂടെ ബിജു ലക്ഷ്യമിടുന്നത്.


ശീതീകരിച്ച കുപ്പിപ്പാല്‍, പായ്ക്കറ്റ് പാല്‍, തൈര്, നെയ്യ്, പനീര്‍, ബട്ടര്‍, ചീസ,് മുട്ട തുടങ്ങിയവയാണ് ജീവന്‍ ഡയറി ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്നത്. സ്ത്രീ സംരംഭകര്‍ക്കു പ്രാധാന്യം നല്‍കി നടത്തി വരുന്ന സ്ഥാപനത്തില്‍ മിനിമം വേതനം ഉറപ്പുവരുത്തി ഉയര്‍ന്ന വേതനം സെയില്‍സ് അടിസ്ഥാന ത്തില്‍ നിര്‍ണയിക്കുന്ന രീതിയാണുള്ളത്. തൊഴില്‍ രഹിതര്‍ക്കും നവ സംരംഭകര്‍ക്കും ജോലി നല്‍കുന്നതില്‍ ജീവന്‍ ഡയറി പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. എംആര്‍പിയേക്കാളും കുറച്ചു ഫാക്ടറി വിലയിലാണ് പാലും തൈരും നല്‍കുന്നത്.


ശാസ്ത്രീയമായ പാല്‍ സംസ്‌കരണം

ആന്‍റിബയോട്ടിക്, ഹോര്‍മോണ്‍ സാന്നിധ്യമില്ലാതെ ജൈവരീതിയില്‍ ഉത്പാദിപ്പിച്ച പാല്‍ മാത്രമാണ് ഇവിടെയുള്ളത്. കറവ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ചില്ലുകുപ്പി യിലാക്കും. കൊഴുപ്പ് നീക്കാതെ ചില്ലു കുപ്പികളിലാക്കി അതിരാവിലെ വീടുകളിലെത്തിക്കുന്ന ജീവന്‍ മില്‍ക്ക് ലിറ്ററിന് 60 രൂപയാണ് വില. പാസ് ചുറൈസ് ചെയ്തതും 4.5 ശതമാനം കൊഴുപ്പുള്ളതുമായ സ്റ്റാന്‍ഡര്‍ഡൈ സ്ഡ് പാലിന് 60 രൂപയും മൂന്നു ശതമാനം കൊഴുപ്പുള്ള ടോണ്‍ഡ് പാലിന് 50 രൂപയുമാണു വില.

വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന 20 ഡയറി സംരംഭങ്ങളില്‍ നിന്നുള്ള പാലും ജീവന്‍ മില്‍ക്കിന്റെ പാല്‍ പാത്രങ്ങളില്‍ നിറയുന്നുണ്ട്. ഫാമു കളുടെ ക്ലസ്റ്റര്‍ രൂപീകരിച്ചാണ് ഇതു സാധ്യമാക്കിയത്.

തീറ്റയും സമീകൃതം

കുലയോടുകൂടിയ ചോളത്തണ്ടും മുളപ്പിച്ച പരുത്തിക്കുരുവും പയറുപൊടിയും വിവിധ തവിടുകളുമുള്‍പ്പെടെ 20 പോഷക ചേരുവ കളടങ്ങിയ ടോട്ടല്‍ മിക്‌സ്ഡ് റേഷന്‍ (ടിഎംആര്‍) ആണ് പശുക്കള്‍ക്കു തീറ്റയായി നല്‍കുന്നത്. ടിവി പുരത്തെ ഫാമില്‍ തയാറാക്കുന്ന ടിഎംആര്‍ തനിക്കു പാല്‍ നല്‍കുന്ന എല്ലാ തൊഴുത്തുകളിലേക്കും ബിജു എത്തിച്ചു നല്‍കും. സ്വന്തമായുണ്ടാക്കുന്ന തീറ്റ മിശ്രിതമായതിനാല്‍ ആന്റിബയോട്ടിക്കുകളോ ഹോര്‍മോണോ പാലിലുണ്ടാവില്ലെന്ന് ഉറപ്പാക്കാനാവുന്നു.

ചാണകവും മൂത്രവും വരുമാനം

പാലിനൊപ്പം ചാണകവും മൂത്രവുമൊക്കെ വരുമാന മാര്‍ഗമാണെന്നു ബിജു പറഞ്ഞു. ചാണകം ഉണക്കി ചാക്കുകളിലടുക്കിവച്ചശേഷം പൊടിയാക്കി വില്‍ക്കുന്നു. ഗോമൂത്രം ആയുര്‍ വേദ മരുന്നുശാലകള്‍ക്ക് നല്‍കും. തൊഴുത്തിലുണ്ടാകുന്ന കിടാങ്ങള്‍ക്കും നല്ല വില കിട്ടും.

ഓര്‍ഗാനിക് മില്‍ക്ക്

കറവ കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ 100-150 ലിറ്റര്‍ പാല്‍ മാത്രമേ വീടുകളിലെത്തിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണു മൂവായിരം ലിറ്റര്‍ വരെ ഫാം ഫ്രഷ് പാല്‍ വിതരണം ചെയ്യുന്ന ബിജുവിന്റെ ജീവന്‍ ഓര്‍ഗാനിക് മില്‍ക്ക് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കറന്നെടുത്ത പാല്‍ ഉടന്‍ ചില്ലുകുപ്പികളിലാക്കി വീട്ടുപടിക്കലെത്തിക്കുകയാണ്.

ഫാം ഫ്രഷ് പാല്‍ മാത്രമല്ല പാസ്ചുറൈസ് ചെയ്ത കവര്‍ പാല്‍, നറുനെയ്യ്, കട്ടിത്തൈര്, സംഭാരം തുടങ്ങിയ വ്യത്യസ്ത ഉത്പന്നങ്ങളിലായി പതിനായിരത്തോളം ലിറ്റര്‍ പാല്‍ ജീവന്‍ ബ്രാന്‍ഡ് ദിവസേന വിപണിയിലെത്തിക്കുന്നുണ്ട്. ഇതില്‍ ഏഴായിരം ലിറ്റര്‍ പാലും ബിജുവിന്റെ തൊഴുത്തില്‍ ഉത്പാദിപ്പിക്കുന്നതാണ്. ബാക്കി സമീപത്തുള്ള 20 ഡെയറി ഫാമുകളില്‍ നിന്നും രണ്ടു ക്ഷീരസംഘങ്ങളിലുംനിന്നു കണ്ടെത്തും. ഫോണ്‍: 9495188705

ജിബിന്‍ കുര്യന്‍