കുറ്റിയാട്ടൂരിലെ മാമ്പഴപ്പെരുമ
കുറ്റിയാട്ടൂരിലെ മാമ്പഴപ്പെരുമ
Saturday, September 17, 2022 4:04 PM IST
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ മാങ്ങയുടെ പെരുമ രാജ്യാതിര്‍ത്തിയും കടന്നു മുന്നേറുകയാണ്. മധുരമൂറുന്ന മാമ്പഴത്തിന് അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ചതോടെ പ്രശസ്തി പതിന്മടങ്ങായി. അഴകും ഔഷധഗുണവും പോഷകമൂല്യവും മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയതാണു കുറ്റിയാട്ടൂര്‍ മാമ്പഴം. ആദ്യകാലത്തു കുറ്റിയാട്ടൂരില്‍ മാത്രം ഒതുങ്ങിനിന്ന മാവ് കൃഷി, 2006-ല്‍ കുറ്റിയാട്ടൂര്‍ മാവ് കര്‍ഷകസമിതി പ്രവര്‍ത്തനം തുടങ്ങിയതോടെ സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു.

കുറ്റിയാട്ടൂരില്‍ മാത്രം 900 ഹെക്ടറോളം സ്ഥലത്ത് മാവ് കൃഷിയുണ്ട്. പ്രതിവര്‍ഷം 6000 ടണ്‍ മാങ്ങ വിളവെടുക്കുകയും ചെയ്യുന്നു. കുറ്റിയാട്ടൂര്‍ ഗ്രാമത്തില്‍ മാത്രം എണ്ണായിരത്തോളം മാവ് കര്‍ഷകരുണ്ട്.

വരവ് നീലേശ്വരം രാജകുടുംബത്തില്‍നിന്ന്

നൂറ്റാണ്ടുകള്‍ക്കുമുമ്പ് നീലേശ്വരം രാജകുടുംബത്തില്‍നിന്ന് കുറ്റിയാട്ടൂര്‍ വേശാലയിലെ കാവില്ലത്തും കുറ്റിയാട്ടൂരിലെ ചാത്തോത്ത് തറവാട്ടിലും എത്തിയതാണു കുറ്റിയാട്ടൂര്‍ മാവ്. ഭൂപരിഷ്‌കരണത്തിനുമുമ്പു സവര്‍ണ കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതിനാല്‍ ഇതിനെ 'നമ്പ്യാര്‍ മാങ്ങ' എന്നും വിളിക്കുന്നു. ഭൂപരിഷ്‌കരണത്തോടെ സാധാരണക്കാരുടെ തൊടികളിലും മാവുകള്‍ പടര്‍ന്നുപന്തലിച്ചു തുടങ്ങി. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള മാവുകള്‍ ഇന്നും കുറ്റിയാട്ടൂരിലുണ്ട്.

കൃഷി ജൈവരീതിയില്‍

മാവുകൃഷിക്കു തികച്ചും അനുയോ ജ്യമായ മണ്ണാണു കുറ്റിയാട്ടൂരിലേത്. ജൈവരീതിയിലാണു കൃഷി. സാധാ രണ നാട്ടുമാവുകള്‍ മകരമാസ ക്കുളിരിലാണു പൂക്കുന്നതെങ്കിലും കുറ്റിയാട്ടൂര്‍ മാവ് വൃശ്ചികം-ധനു മാസങ്ങളില്‍ പൂക്കും. മൂന്നാഴ്ച യാണു പൂക്കാലം. മീനച്ചൂടില്‍ റോഡ രുകുകളിലും പറമ്പുകളിലും ഇവ പൂത്തുനില്‍ക്കുന്ന കാഴ്ചതന്നെ നയനാന്ദകരമാണ്.

വിളവെടുപ്പിന് പരമ്പരാഗത രീതി

ഫെബ്രുവരി മുതല്‍ മേയ് വരെയാണു പ്രധാന വിളവെടുപ്പ്. ചില സമയങ്ങളില്‍ മേയ് അവസാനം വരെ നീളും. പരമ്പരാഗത രീതിയിലാണു വിളവെടുപ്പ്. മാവില്‍ കയറി വല ത്തൊട്ടി ഉപയോഗിച്ചു പറിച്ചു ചാക്കില്‍ നിറച്ചു കയര്‍ കെട്ടി താഴത്ത് ഇറക്കും.

വിളവെടുത്ത മാങ്ങ ഞെട്ട് ചുവട്ടി ലാക്കി നിരത്തി വച്ചു കറ കളയും. വൈക്കോല്‍, കാഞ്ഞിര മരത്തിന്റെ ഇല, ചണച്ചാക്ക് എന്നിവ ഉപയോഗിച്ച് നാട്ടുരീതിയിലാണു പഴുപ്പിക്കുന്നത്. അഞ്ച് മുതല്‍ എട്ട് ദിവസം കൊണ്ട് പഴുക്കും. സീസണില്‍ കുറ്റിയാട്ടൂരിലെ പ്രധാന റോഡുകളിലും ഇടറോഡു കളിലും മാങ്ങ വില്‍ക്കുന്ന സ്ത്രീകളും കുട്ടികളും പതിവു കാഴ്ചയാണ്.

ഫൈബറിന്റെ അളവ് കൂടുതല്‍

കുറ്റിയാട്ടൂര്‍ മാവ് കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും കൃഷി ചെയ്യുന്നു ണ്ടെങ്കിലും മാങ്ങയുടെ ഗുണനില വാരവും തനിമയും കുറ്റിയാട്ടൂരില്‍ തന്നെ ഉണ്ടാകുന്ന മാങ്ങയ്ക്കാണ്. ഏറെ മാംസളമായ കുറ്റിയാട്ടൂര്‍ മാങ്ങയില്‍ ഫൈബറിന്റെ അളവ് വളരെ കൂടുത ലാണ്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നടത്തിയ പഠനത്തില്‍ വൈറ്റമിന്‍ എയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി

മുന്‍വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നടക്കം നിരവധിപ്പേര്‍ മാങ്ങ എടുക്കാന്‍ കുറ്റിയാ ട്ടൂരില്‍ എത്തിയിരുന്നു. മാവ് പൂക്കാന്‍ തുടങ്ങുമ്പോഴേക്കും കുറ്റിയാട്ടൂരില്‍ എത്തുന്ന കച്ചവടക്കാര്‍ തുച്ഛമായ വില നല്‍കി കരാര്‍ ഉറപ്പിക്കും. പിന്നെ മാമ്പൂക്കളിലും ഉണ്ണിമാങ്ങകളിലും ഇവരുടെ വക കീടനാശിനി പ്രയോഗം. ഒടുവില്‍ മൂപ്പെത്തുന്നതിനു മുമ്പുതന്നെ മാങ്ങകള്‍ പറിച്ചെടുത്തു പാട്ടക്കാര്‍ സ്ഥലം വിടും. മൂപ്പെത്താത്ത മാങ്ങകള്‍ കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ചു നേരെ വിപണിയിലെത്തിക്കുകയും ചെയ്യും.

കര്‍ഷകര്‍ക്കു ന്യായവില നല്‍കാതെ ചൂഷണം ചെയ്യുന്ന പാട്ടക്കാരെ ഒഴിവാക്കാനും പരമ്പരാഗതരീതിയില്‍ മാങ്ങ പഴുപ്പിച്ചു വിപണിയിലെത്തിച്ചു കുറ്റിയാട്ടൂരിന്റെ മാമ്പഴപ്പെരുമ നിലനിര്‍ത്താനുമാണ് 2006 ല്‍ മാവ് കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംസ്‌കരണ യൂണിറ്റ് ആരംഭിച്ചത്. 2016 ല്‍ കമ്പനി ആക്ട് പ്രകാരം മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കുറ്റിയാട്ടൂരടക്കം കണ്ണൂര്‍ ജില്ലയിലെ 21 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണു കമ്പനി രൂപീകരിച്ചത്.

റിട്ട. കൃഷി ഓഫീസര്‍ വി.ഒ. പ്രഭാകരന്‍ ചെയര്‍മാനും എന്‍. ബാലകൃഷ്ണന്‍ കണ്‍വീനറുമായുള്ള പത്തംഗ ഡയറക്ടര്‍ ബോര്‍ഡാണു നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നബാര്‍ഡിന്റെയും കൃഷി വകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശയുടെയും കണ്ണൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും സഹായത്തോടെയാണു കമ്പനിയുടെ പ്രവര്‍ത്തനം.

വെള്ളുവയലില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തിന് കീഴിലുള്ള വാടക കെട്ടിടത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിനു കീഴില്‍ പരിശീലനം നേടിയ 12 സ്ത്രീകള്‍ ഇവിടെ ജോലിചെയ്യുന്നു. കര്‍ഷകര്‍ ശേഖരിക്കുന്ന മാങ്ങ കമ്പനി നേരിട്ട് വാങ്ങുകയും തൊഴിലാളികളെക്കൊണ്ടു മാങ്ങ പറിച്ചെടുക്കുകയുമാണു ചെയ്യുന്നത്. ഇടനിലക്കാരില്ലാത്തതിന്നാല്‍ ന്യായമായ വില കര്‍ഷകര്‍ക്കു ലഭിക്കുന്നു.

മാങ്ങ ഉത്പന്നങ്ങള്‍

കമ്പനിയുടെ നേതൃത്വത്തില്‍ സ്‌ക്വാഷ്, ജാം, അച്ചാര്‍, മസാല മാങ്ങ, ഉപ്പുമാങ്ങ, മാങ്ങ കച്ച് എന്നിവ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകളും മാമ്പഴത്തിന്റെ പള്‍പ്പും വില്പന നടത്തുന്നു. ഭാവിയില്‍ മാംഗോ സോഡ, മാവിലകൊണ്ട് പല്‍പ്പൊടി തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. കുറ്റിയാട്ടൂരില്‍ മാംഗോ പാര്‍ക്ക് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്.

ഔട്ട്‌ലറ്റുകള്‍

കുറ്റിയാട്ടൂര്‍ മാങ്ങയും മാങ്ങയുടെ മൂല്യാധിഷ്ഠിത ഉത്പന്നങ്ങളും കണ്ണൂര്‍, മയ്യില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുക്കിയ ഔട്ട്‌ലറ്റുകളില്‍നിന്ന് ഈ വര്‍ഷം മുതല്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. അടുത്ത സീസണില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഔട്ട്‌ലറ്റുകള്‍ തുറക്കും. ഫോണ്‍: 9744202555, 9446333998

എം.വി. അബ്ദുള്‍ റൗഫ്