ഇലയും കുലയും ചാക്കോയ്ക്കു വരുമാനം
ഇലയും കുലയും ചാക്കോയ്ക്കു വരുമാനം
Saturday, August 20, 2022 10:07 PM IST
വാഴകൃഷിയില്‍ ചാക്കോയ്ക്കു നഷ്ടമുണ്ടാവാറില്ലെന്നു മാത്രമല്ല, കുലയ്‌ക്കൊപ്പം ഇലയും വില്‍ക്കുന്നതിനാല്‍ വഴി ഇരട്ടി വരുമാനവും കിട്ടുന്നു. സാധാരണ വാഴകൃഷിയില്‍ കുല മാത്രമാണു വരുമാനം. കുല വെട്ടുന്നതോടെ വാഴകൃഷിയും കഴിയും. എന്നാല്‍, ചാക്കോയുടെ രീതി ഭിന്നമാണ്. ഇവിടെ പരിചരണം കൂടുതല്‍ നല്‍കുന്നതു കുലയ്ക്കല്ല, ഇലയ്ക്കാണ്. കുല വെട്ടുന്നതിനു മുമ്പുതന്നെ കുല വിറ്റാല്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുക ഇല വിറ്റു ചാക്കോ നേടും.

1200 വാഴയുണ്ടെങ്കില്‍ ദിനം പ്രതി ആയിരത്തോളം രൂപയ്ക്ക് ഇല വില്‍ക്കാമെന്നാണു ചാക്കോയുടെ പക്ഷം. അതിനു 300 ഇല വേണം. ഒരിലയ്ക്ക് മൂന്നര രൂപയാണു വില. മൂന്നു ദിവസം കൂടുമ്പോഴാണ് ഇലവെട്ടുന്നത്. ഇത്രയും വാഴ വയ്ക്കാന്‍ ഒന്നരയേക്കര്‍ സ്ഥലവും വേണം. ഇലയ്ക്കു നല്ലതു ഞാലിപൂവനാണ്. കട്ടി കുറവായതിനാല്‍ പെട്ടന്നു കീറിപ്പോവില്ല.

മടക്കാനും പായ്ക്ക് ചെയ്യാനും എളുപ്പം. നൂറ് ഇല കെട്ടുമ്പോള്‍ കീറി ഉപയോഗശൂന്യമാകുന്നതു നാലോ അഞ്ചോ മാത്രം. മറ്റു വാഴകളുടെ ഇലകള്‍ക്കു കട്ടി കൂടുതലായതിനാല്‍ കൂടുതല്‍ നഷ്ടമുണ്ടാകും. ഇല കൂടുതലും വാങ്ങുന്നതു കേറ്ററിംഗുകാരാണ്.

വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലും കായല്‍ തീരത്തുള്ള സ്ഥലത്തുമാണു ചാക്കോയുടെ വാഴകൃഷി. ചാണകവും ചാരവുമാണു പ്രധാന വളം. വര്‍ഷ ത്തിലൊരിക്കല്‍ വേപ്പിന്‍ പിണ്ണാക്കുമിടും. വാഴ നട്ടു രണ്ടു മാസമാകുമ്പോള്‍ തന്നെ ഇല വെട്ടാന്‍ തുടങ്ങും.

കേരളത്തില്‍ വാഴയില സുലഭമായി ഉത്പാദിപ്പിക്കാന്‍ പറ്റിയ സാഹചര്യമാണുള്ളതെങ്കിലും ആരും അത് കാര്യമായി എടുക്കുന്നില്ലെന്നു ചാക്കോ പറഞ്ഞു. ഇലയില്‍ ഉണ്ണാനാണു മലയാളിക്ക് ഇഷ്ടം. ആരോഗ്യത്തിനും അതാണു നല്ലത്. നമുക്ക ആവശ്യമായ വാഴയില ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നാണു കൊണ്ടു വരുന്നത്. മേട്ടുപാളയം, പൊള്ളാച്ചി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ലോഡ് കണക്കിനാണ് ഇല എത്തു ന്നത്. ഒരില കേരളത്തില്‍ എത്തു മ്പോള്‍ അഞ്ചു രുപയോളം ചെലവ് വരും.


പ്ലാസ്റ്റിക് ഇലയില്‍ ഉണ്ണുമ്പോള്‍ കെമിക്കലുകള്‍ കൂടി ഉള്ളിലെത്തും. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വലുതാണ്. പ്ലാസ്റ്റിക്കിന്റ ദൂഷ്യ ഫലങ്ങളെക്കുറിച്ചു സമൂഹത്തിനു നല്ല ധാരണയുണ്ട്. അതുകൊണ്ടാവാം ചാക്കോയെത്തേടി ദിവസവും ഒട്ടേറെ വിളികള്‍ എത്തുന്നത്.

കിടപ്പു രോഗികളെ പരിചരിക്കു ന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ചാക്കോ രണ്ടു പതിറ്റാണ്ടോളം വിദേശത്തായിരുന്നു. അമേരിക്ക, ജര്‍മനി, സിംഗപ്പൂര്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗള്‍ഫ് നാടുകള്‍ തുടങ്ങി 22ഓളം രാജ്യങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഒഴിവു വേളകളില്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. അവിടങ്ങളിലെ ആപ്പിള്‍ തോട്ടങ്ങളും മുന്തിരി തോട്ടങ്ങളും ചാക്കോയുടെ കൃഷി പ്രണയത്തിനു പുതിയ മാനങ്ങള്‍ നല്‍കി.

ചെറുപ്പം മുതല്‍ ചാക്കോയ്ക്കുണ്ടായിരുന്ന കൃഷിയോടുള്ള ആഭിമുഖ്യം ഓസ്‌ട്രേലിയക്കാരന്‍ ഹരാള്‍ഡുമായുള്ള സൗഹൃദത്തോടെ കൂടുതല്‍ ശക്തമാകുകയും ചെയ്തു. ആലപ്പുഴ മുഹമ്മ കായിപ്പുറം കൂബ്‌ളിക്കാട് കുടുംബാംഗമായ ചാക്കോയുടെ മാതാപിതാക്കളും കൃഷിക്കാരായിരുന്നു.

പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണു ചാക്കോ സ്ഥിരതാമസത്തിനായി നാട്ടില്‍ തിരിച്ചെത്തിയത്. ഹോം സ്റ്റേയ്‌ക്കൊപ്പം കൃഷിയും ഉപജീവന മാര്‍ഗമാക്കാനായിരുന്നു തീരുമാനം. അങ്ങനെയാണു വാഴകൃഷിയിലെത്തിയത്. ചെറിയ ഇടവേളകളില്‍ ചാക്കോ ഇപ്പോഴും വിദേശങ്ങളില്‍ രോഗിപരിചരണത്തിന് പോകാറുണ്ട്. കൃഷി കാര്യങ്ങളില്‍ സഹായവുമായി ഭാര്യ ഉഷ എപ്പോഴും കൂടെയുണ്ട്. മകള്‍: മരിയാമോള്‍ (അധ്യാപിക).
ഫോണ്‍: 9495034694

അനിരുദ്ധന്‍ മുഹമ്മ
ചിത്രങ്ങള്‍: ധനരാജ് മുഹമ്മ