മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
Thursday, July 28, 2022 3:09 PM IST
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതികളും. 'വേണേല്‍ ചക്ക വേരിലും കായ്ക്കു'മെന്ന് കാട്ടിത്തന്ന ഒരുപാടു പേരുണ്ട് നമുക്കുചുറ്റും. മനസുവച്ചാല്‍

കൃഷി മട്ടുപ്പാവിലും വേരുപിടിക്കും. കേരളത്തില്‍ കര്‍ഷകരുടെ എണ്ണം വര്‍ഷംതോറും കുറയുന്നുണ്ടാകാം, എന്നാല്‍ കൃഷിസ്‌നേഹികളുടെ എണ്ണം കൂടിവരികയാണ്. അവനവനു വേണ്ടതെല്ലാം, വിഷം തീണ്ടാത്ത കായ്കറികളും തല്ലിപഴുപ്പിക്കാത്ത പഴങ്ങളും മുറ്റത്തോ മട്ടുപ്പാവിലോ വിളയിച്ചെടുക്കുന്ന കാര്‍ഷിക സംസ്‌കാരം കേരളത്തില്‍ വേരോടിത്തുടങ്ങി. പച്ചതൊട്ടൊരു പ്രതീക്ഷയാണിത്.

മട്ടും ഭാവവും മാറിയ കൃഷി

കൃഷി പച്ചപിടിക്കുമെന്നു കരുതിയല്ല ബിന്ദു ടീച്ചര്‍ വിത്തും കൈക്കോട്ടുമായി മട്ടുപ്പാവിലേക്ക് കയറിയത്. വീടിനു മുകളിലിത്തിരി പച്ചപ്പും ഹരിതാഭയുമൊക്കെ കാണുമ്പോള്‍ കിട്ടുന്ന മനഃസുഖം; പിന്നെ വിഷരഹിത വിളകളും അതായിരുന്നു ലക്ഷ്യം. കോട്ടയം ജില്ലയിലെ അയ്മനത്തിനടുത്തുള്ള പാണ്ഡവത്താണു ടീച്ചറുടെ ഈ കൃഷിത്തോട്ടം. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് വസിച്ചതായി പറയപ്പെടുന്ന നാടാണു പാണ്ഡവം. കോട്ടയം നഗരത്തില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ് എംഎസി ബിഎഡ് ബിരുദധാരിയായ ബിന്ദു.

ടീച്ചറുടെ ഇരുനില വീടിന്റെ ടെറസില്‍ എന്തൊക്കെയുണ്ട്? എന്നു ചോദിക്കുന്നതിനേക്കാള്‍ എളുപ്പം എന്തില്ല എന്നു തിരക്കുന്നതാകും. പഴ വര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ മുന്നൂറോളം ചെടികളാണ് 800 ചതുരശ്രയടി വരുന്ന മട്ടുപ്പാവില്‍ മുട്ടി യുരുമ്മി വളരുന്നത്. കൃഷിയോടുള്ള താത്പര്യം പണ്ടുതൊട്ടേയുണ്ടെങ്കിലും മട്ടുപ്പാവു കൃഷിയില്‍ ബിന്ദു സജീവ മായത് ഒരു വര്‍ഷം മുമ്പ് കോവിഡ് ലോക്ഡൗണ്‍ കാലത്ത്.

മട്ടുപ്പാവിലെ പഴക്കൂട

പഴവര്‍ഗങ്ങളിലെ 'വിദേശാധിപത്യ മാണ്' ഈ നാട്ടുതോട്ടത്തിലെ പ്രധാന ആകര്‍ഷണം. സിംഗപ്പൂര്‍ നാരകം, ലിപോട്ടെ, റെയിന്‍ ഫോറസ്റ്റ് പ്ലം, ഇസ്രയേലി ഓറഞ്ച്, ഇസ്രയേലി അത്തി, ബനാന സപ്പോട്ട, ജിലേബി ഫ്രൂട്ട്, ഫാള്‍സ, തായ്‌ലന്‍ഡ് റെഡ് ചാമ്പ, ബ്രൗണ്‍ സീതപ്പഴം, റെഡ് സപ്പോട്ട, മനില ചെറി സ്വീറ്റ് ചെറി, മനിലാ ടെന്നിസ് ബോള്‍ ചെറി, തായ്‌ലന്‍ഡ് പേര, കെയ് ആപ്പിള്‍, ഓസ്‌ട്രേലിയന്‍ ബീച്ച് ചെറി, ലോംഗന്‍, സുരിനാം ചെറി, മലേഷ്യന്‍ സീതപ്പഴം, വെസ്റ്റിന്‍ഡീസ് ചെറി, ജബോട്ടിക്കാബ (മരമുന്തിരി), ലില്ലിപില്ലി, ഡ്രാഗണ്‍ ഫ്രൂട്ട്, നാന്‍സ് ഫ്രൂട്ട്, ബ്ലാക്ക്‌ബെറി, പാഷന്‍ ഫ്രൂട്ട്, ട്രോപ്പിക്കല്‍ എപ്രിക്കോട്ട്, പീനട്ട് ഫ്രൂട്ട് എന്നു തുടങ്ങി അന്‍പതിലേറെ മറുനാടന്‍ പഴയിന ങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ ബാംഗ്ലൂര്‍ മുസമ്പി, വെള്ള ഞാവല്‍, ഓറഞ്ച്, പൈനാപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ പരിചിത മധുരങ്ങളും.

പച്ചക്കറി സമൃദ്ധം

ചെടിമുരിങ്ങ, പാവല്‍ പടവലം, പീച്ചില്‍, വെണ്ട, ബീന്‍സ്, പലതരം പയറുകള്‍, തരാതരം തക്കാളിയിന ങ്ങള്‍, എട്ടിനം വഴുതന, മല്ലി, മഞ്ഞള്‍, പുതിന, ഉജ്വല, ബജി, ക്യാപ്‌സിക്കം, കാന്താരി, കുറ്റിയമര, വാളമര, വെള്ളരി, കുമ്പളം, ഇഞ്ചി, വെളു ത്തുള്ളി, സവോള, കാരറ്റ്, ബീറ്റ്‌റൂട്ട്, മല്ലിയില, കൂര്‍ക്ക, ചീര, കോളിഫ്‌ളവര്‍ തുടങ്ങി 250 തിലേറെ ഇനങ്ങള്‍ കൊണ്ട് സമൃദ്ധമാണു പച്ചക്കറി ത്തോട്ടം. നല്ലൊരു സദ്യ യൊരുക്കണ മെങ്കില്‍ പോലും വിഭവങ്ങള്‍ അന്വേഷിച്ചു മറ്റെങ്ങും പോകണ്ട. ടെറസിലൊന്നു കയറിയിറ ങ്ങിയാല്‍ മതി. സുക്കിനി, കറുത്ത തക്കാളി, അര്‍മീ നിയന്‍ വെള്ളരി എന്നിവരാണ് പച്ചക്കറി കളിലെ വിദേശികള്‍.

പുരയിടത്തിലും കൃഷി

വീടിനു പിന്നിലുള്ള എട്ടു സെന്റ് സ്ഥലത്തും നിറയെ കൃഷിയാണ്. അവക്കാഡോ, മട്ടോവ, സ്റ്റാര്‍ ഫ്രൂട്ട്, റംബുട്ടാന്‍, മിറാക്കിള്‍ ഫ്രൂട്ട്, തായ്‌ലന്‍ഡ് ബെല്‍ ചാമ്പ, നോനിപ്പഴം, അരിനെല്ലി, പ്ലം, എന്നിവയും പ്ലാവ്, മാവ്, ചേന, ചേമ്പ്, കാച്ചില്‍, കസ്തൂരി മഞ്ഞള്‍, ഇഞ്ചിമാങ്ങ എന്നുവേണ്ട ഒരിഞ്ച് മണ്ണു പോലും തരിശില്ല.

നിലമറിഞ്ഞു വിതയ്ക്കാം

കൃഷിഭൂമി ഗ്രോ ബാഗുകളിലേക്കും പ്ലാസ്റ്റിക് പാത്രങ്ങളിലേക്കും ചുരു ങ്ങുന്നു എന്നതാണ് മട്ടുപ്പാവു കൃഷി യുടെ പ്രധാന പ്രത്യേകത. ഈ പരിമി തിയില്‍ ചില സൗകര്യങ്ങ ളുമുണ്ടെന്ന് ബിന്ദു ടീച്ചര്‍. ''കളശല്യം കുറയ്ക്കാം. വെള്ളവും വളവും കുറ ച്ചു മതി. അവ അതതു ചെടിക്കു മാത്രമായി ലഭിക്കു കയും ചെയ്യും. നന കുറച്ചു മതി, ഒരു മൂടിന് അരക്കപ്പ്. കൂടുതലൊഴിച്ച് ചെടി യെ 'വെള്ളത്തിലാക്കരുത്', ചീഞ്ഞു പോകുമെന്നു ടീച്ചര്‍.

ഗ്രോ ബാഗുകളില്‍ നിറയ്ക്കാനുള്ള പോട്ടിംഗ് മിശ്രിതം തയാറാക്കുമ്പോഴും ശ്രദ്ധവേണം. 3:1:1 എന്ന അനുപാത ത്തില്‍ മണ്ണും ചകിരിച്ചോറും ചാണകം/കമ്പോസ്റ്റും ചേര്‍ത്താണ് മിശ്രിതം തയാറാക്കുന്നത്. വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം വേണം, ടെറസില്‍ കൊടുംചൂടായതിനാല്‍ ഈര്‍പ്പം നില്‍ക്കുകയും വേണം. അതിനാണു ചകിരിച്ചോര്‍.

പ്രതിരോധം ജൈവമാര്‍ഗത്തില്‍

നേര്‍പ്പിച്ച സ്യൂഡോമോണസ് ലായനിയില്‍ 20 മിനിറ്റ് മുക്കിവച്ച ശേഷമാണു വിത്ത് പാകുന്നത്. തൈ പറിച്ചു നടുമ്പോഴും വേര് ഇതു പോലെ മുക്കിയെടുക്കും. മുള വന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഈ ലായനി തളിച്ചുകൊടുക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും. കീടനിയന്ത്രണത്തിനായി വാരാന്ത്യ ത്തില്‍ ബിവേറിയ സ്‌പ്രേ ചെയ്യും. വെള്ളീച്ച, മീലിമൂട്ട എന്നിവയെ അകറ്റി നിര്‍ത്താന്‍ വേപ്പെണ്ണയും സോപ്പും വിനാഗിരി(അല്ലെങ്കില്‍ സോഡാ പ്പൊടി)യും ചേര്‍ത്ത മിശ്രിതവും ആഴ്ചയിലൊരിക്കല്‍ തളിക്കും.



കായീച്ച ശല്യമാണ് മറ്റൊരു തല വേദന. ഫിറമോണ്‍ കെണി നല്ലൊരു പരിഹാരമാണ്. പക്ഷേ പെണ്‍കായീ ച്ചകളെ ഇതില്‍ കിട്ടിയെന്നു വരില്ല. ഇതിന് പരിഹാരമായി സ്വന്തമായൊരു സൂത്രവിദ്യയും കണ്ടെത്തിയിട്ടുണ്ട് ബിന്ദു ടീച്ചര്‍. തുളയിട്ട പ്ലാസ്റ്റിക് കുപ്പിയില്‍ തുളസിനീരും ശര്‍ക്കരയും കലര്‍ത്തിവയ്ക്കും. നോക്കിനില്‍ ക്കുമ്പോള്‍ തന്നെ പെണ്ണീച്ചകള്‍ വന്ന് ഈ വലയില്‍ വീഴും.

വളമനുസരിച്ച് വിളവ്

പൂര്‍ണമായും ജൈവവളങ്ങളാണ് ബിന്ദു കൃഷിക്ക് ഉപയോഗിക്കുന്നത്. സ്വയം നിര്‍മിക്കുന്ന ജൈവ സ്ലറി യാണു പ്രധാനം. തുല്യ അളവില്‍ കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ആറിരട്ടി വെള്ളത്തില്‍ കുതിര്‍ത്ത് അടച്ചുവയ്ക്കും. ഏഴു ദിവസത്തിനു ശേഷമെടുത്ത് പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചെടുക്കും. മൂന്നു മാസംവരെ ഇത് ഉപയോഗിക്കാം. ഇങ്ങനെ തയാറാക്കിയ ജൈവസ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊ ടുക്കും. ചെടികള്‍ പൂക്കാനും കായ് ക്കാനും ഇത് വളരെ നല്ലതാണ്. വിപണിയില്‍ കിട്ടുന്ന ജൈവവളങ്ങളും ഇടയ്‌ക്കൊക്കെ ഉപയോഗിക്കാറുണ്ട്.

മീനുണ്ടോ, അമിനോ ആസിഡ് ഉണ്ടാക്കാം

''മുട്ടയും മീനും മനുഷ്യന്റെ മാത്രമല്ല, ചെടികളുടെ ആരോഗ്യ ത്തിനും നല്ലതാണ്. മത്സ്യവും ശര്‍ക്ക രയും തുല്യ അളവിലെടുത്ത് (ഒരു കിലോ മത്തിയും ഒരു കിലോ ശര്‍ക്കര യുമാണു ടീച്ചറുടെ കണക്ക്) അടച്ചുവയ്ക്കും. മൂന്നു മാസത്തിനു ശേഷമെടുത്ത് വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചെടുത്താല്‍ കുറഞ്ഞ ചെലവില്‍ ചെടികള്‍ക്കൊരു ഹെല്‍ത്ത് ടോണിക് അഥവാ ഫിഷ് അമിനോ ആസിഡ് ആയി. പൂവിടാറാകുമ്പോള്‍ എഗ് അമിനോ ആസിഡും ഇപ്രകാരം തയാറാക്കി ഒഴിച്ചുകൊടുക്കും. പൂക്കള്‍ സമൃദ്ധമായുണ്ടാവാനും, മൊട്ടു പൊഴിയാതിരിക്കാനും ഇത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ.'' ടീച്ചറുടെ അനുഭ വസാക്ഷ്യം.

വരവ് തുച്ഛമെങ്കിലും ഗുണം മെച്ചം

രാവിലെ എഴുന്നേറ്റാലുടന്‍ ബിന്ദു നേരെ ടെറസിലെത്തും. പൂത്തും കായ്ച്ചും നില്‍ക്കുന്ന ചെടികള്‍ കാണുമ്പോള്‍ കിട്ടുന്ന മാനസി കോല്ലാസം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ലെന്നു ടീച്ചര്‍. വിഷരഹിത പഴങ്ങളും പച്ചക്കറികളും ഡോക്ടറെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു വെന്ന ഗുണവുമുണ്ട്. ''കൃഷിയില്‍ നിന്നു കാര്യമായ വരുമാനമൊന്നുമില്ല.

ഉത്പന്നങ്ങള്‍ വില്‍ക്കാറില്ല എന്നതു തന്നെ കാരണം. മിച്ചമുള്ള പഴങ്ങളും പച്ചക്കറികളും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ കൊടു ക്കും. വില്‍ക്കാന്‍ ശ്രമിച്ചാലും ജൈവ വിളകള്‍ക്ക് രാസവളമിട്ടുണ്ടാക്കി യവയുടെ വിലയേ കിട്ടൂ. വിറ്റുകിട്ടണ മെങ്കില്‍ കടക്കാരുടെ കനിവു കാത്ത് നില്‍ക്കുകയും വേണം. ചെറുകിട കര്‍ഷകര്‍ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണിത്.'' - ടീച്ചര്‍ പറഞ്ഞു.

കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥന്‍ സുലോചനന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: വിദ്യാര്‍ഥികളായ ഇന്ദ്രജിത്ത്, ശിവദത്ത്. ചില്ലി ജാസ്മിന്‍ എന്ന പേരില്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ കൃഷിയറിവുകള്‍ പങ്കുവയ്ക്കുന്നുമുണ്ട് ബിന്ദു ടീച്ചര്‍.

ചില നുറുങ്ങറിവുകള്‍

* വിളകളിലെ ഉറുമ്പുശല്യം കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്.ചെടികളിലെ കീടങ്ങളെ തിന്നാനാണ് ഉറുമ്പുകളെ ത്തുന്നത്. കീടങ്ങളെ പുറത്താക്കാന്‍ വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേര്‍ന്ന മിശ്രിതം പ്രയോഗിച്ചാല്‍ മതി.

* 'വിത്തു വിത്തോളമേ താഴാവൂ' എന്നാണ് ചൊല്ല്. നടുമ്പോള്‍ ഒരു വിത്തു കനത്തില്‍ മാത്രം താഴ്ത്തിയിട്ടാല്‍ മതിയെന്നു സാരം. കൂടുതല്‍ ആഴത്തില്‍ നട്ടാല്‍ മുളയ്ക്കാന്‍ പ്രയാസമാകും. ചെറുനനയേ ഈ സമയത്തും വേണ്ടൂ.

* നനച്ച തുണിയിലോ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞു വച്ച് മുളപ്പിച്ചശേഷം പാകിയാല്‍ ഒരു വിത്ത് പോലും കീടങ്ങള്‍ കൊണ്ടുപോകില്ല. നേരത്തെ വളം ചേര്‍ത്തുവച്ച പോട്ടിംഗ് മിക്‌സിലേക്ക് വേണം നടാന്‍. വിത്ത് കിളിര്‍ക്കുമ്പോള്‍ പുതയിട്ടു കൊടുക്കണം'

* നന, നനവ് നോക്കി മാത്രം മതി. ചെടികള്‍ക്ക് ഉണ്ടാകുന്ന മഞ്ഞളിപ്പിനു പ്രധാന കാരണം അമിത 'വെള്ളമടി'യാണ്. അതിനാല്‍ ജലം ആവശ്യത്തിനു മതി. അധികമായാല്‍, വളം ലയിച്ചു ഒഴുകിപ്പോകുന്നതിനും കാരണമാകും. മഞ്ഞളിപ്പിനു മറ്റൊരു കാരണം വളം കുറയുന്നതാണ്.

* സാലഡ് വെള്ളരി വള്ളി വീശി തുടങ്ങുമ്പോള്‍ ഫിഷ് അമിനോ ആസിഡ് ഒഴിച്ചു കൊടുത്താല്‍ പെട്ടെന്ന് പൂവിട്ടു തുടങ്ങും.

* മത്ത, ചുരയ്ക്ക എന്നിവയുടെ പൂക്കള്‍ ഉണ്ടായശേഷം അല്ലെങ്കില്‍ ചെറുകായ്കള്‍ വന്ന ശേഷം പൊഴിഞ്ഞു പോകുന്നതിനു കാരണം ശരിയായി പരാഗണം നടക്കാത്തതാണ്. കൃത്രിമമായി പരാഗണം നടത്തിയാല്‍ ഇതിനു പരിഹാരമാകും. ആണ്‍ മത്തയില്‍ നിന്നു പൂമ്പൊടിയെടുത്ത് പെണ്‍ മത്തയുടെ പൂവുകളിലിട്ടാല്‍ മതി.
ഫോണ്‍: 9446514728

രജീഷ് നിരഞ്ജന്‍