വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
Tuesday, April 5, 2022 3:17 PM IST
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള ഈ കുള്ളന്‍ പശു 29 പ്രസവിച്ചു. പ്രായക്കൂടുതല്‍ മൂലം കാഴ്ചയ്ക്ക് അല്‍പം കുറവുണ്ടെങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഉയരക്കുറവും വളഞ്ഞ നീളന്‍ കൊമ്പുകളാണു വില്വാദ്രി പശുക്കളുടെ ലക്ഷണങ്ങള്‍.

ശ്രീ വില്വാദ്രിനാഥക്ഷേത്തിന്റെ തെക്കെ നടയില്‍ കോട്ടാട്ടില്‍ വേണുഗോപാലന്റെതാണ് സുന്ദരി. ദിവസവും രാവിലെ മറ്റു പശുക്കള്‍ക്കൊപ്പം മലയില്‍ മേയാന്‍ പോകും വൈകുന്നേരം കൃത്യസമത്ത് തിരിച്ചെത്തും. കൂടെ മേയാന്‍ പോകുന്ന പശുക്കള്‍ക്കെല്ലാം വഴികാട്ടി കൂടിയാണു വീട്ടുകാരുമായി ഏറെ ഇണക്കമുള്ള ഈ പശു.

മേയാന്‍ പോകുന്ന സ്ഥലത്തേക്കും തിരിച്ചു വീട്ടിലേക്കും മറ്റു പശുക്കളെ മുന്നില്‍ നിന്നു നയിക്കും. വില്വാദ്രി പശുക്കളില്‍ ഏറ്റവും പ്രായം കൂടിയതാണ് സുന്ദരിയെന്നു വേണു പറഞ്ഞു.


വേണുവിനു സുന്ദരിയെക്കൂടാതെ പശുക്കുട്ടികള്‍ അടക്കം എട്ടെണ്ണം കൂടിയുണ്ട്. ഇതില്‍ ഒരെണ്ണത്തിന് കാലിനു ശേഷിക്കുറവുണ്ട്. തള്ളപ്പശു മലയില്‍ മേയുന്നതിനിടെയാണ് ഇതിനെ പ്രസവിച്ചത്. കുഞ്ഞ് വീണതു മലയിടുക്കില്‍. അതുവഴി സംഭവിച്ച പരിക്കാണു കാലിനു സ്വാധീനക്കുറവുണ്ടാക്കിയത്. ഇതിനെ പരിചരിക്കാന്‍ പ്രത്യേക ഷെഡ് നിര്‍മിച്ചിട്ടുണ്ട്. നല്ല കറവയുമുണ്ട്.

തിരുവില്വാമലയിലെ നാടന്‍ ഇനത്തില്‍പ്പെട്ട വില്വാദ്രി പശുക്കളുടെ ജനിതക പഠനം നടത്താന്‍ നേരത്തെ ഒരു വിദഗ്ധ സംഘം ഇവിടെയെത്തിയിരുന്നു. ഉയരം കുറഞ്ഞ വില്വാദ്രി ഇനത്തില്‍പ്പെട്ട പശുക്കള്‍ ഉയര്‍ന്ന രോഗ പ്രതിരോധ ശക്തിയുള്ളവയാണ്. മറ്റിനങ്ങളെക്കാള്‍ ആയുസുള്ള ഇവയ്ക്ക് കൊടും ചൂടിനെ അതിജീ വിക്കാനും കഴിവുണ്ട്. ഇവയുടെ പാലിനും പാലുത്പന്ന ങ്ങള്‍ക്കും ഔഷധ ഗുണമേറെയുണ്ട്.

ശശികുമാര്‍ പകവത്ത്