ശരീരവേദനയ്ക്കും രോഗപ്രതിരോധ ശക്തിക്കും ഉത്തമം ബബ്ലൂസ് നാരങ്ങ
Tuesday, October 19, 2021 6:12 AM IST
വടക്കഞ്ചേരി: കുട്ടികൾക്ക് കൗതുകക്കാഴ്ചയായി നാരക കുടുംബത്തിലെ ഭീമൻ നാരങ്ങയായ ബബ്ലൂസ് നാരങ്ങ.
കന്പിളി നാരങ്ങ, അല്ലിനാരങ്ങ എന്നൊക്കെ ഓരോ പ്രദേശത്തും ഇതിന് പേരുകളുണ്ട്. ചെറിയ ഫുട്ബോൾ വലിപ്പത്തിൽ മരത്തിൽ നിറയെ നാരങ്ങ നിറഞ്ഞ് കൊന്പുകൾ തൂങ്ങി നിൽക്കുന്നത് കാണാനും ഏറെ അഴകാണ്.
അനുയോജ്യമായ കാലാവസ്ഥയും മണ്ണും പരിചരണവുമുള്ള പറന്പുകളിൽ അധികം ഉയരത്തല്ലാതെ തന്നെ നിറയെ നാരങ്ങയുമുണ്ടാകും. മലയോരങ്ങളിലാണ് നന്നായി വളരുന്നത്. പുളിപ്പും മധുരവും ചവർപ്പും കലർന്ന രുചിയാണ് ബബ്ലൂസ് നാരങ്ങക്ക്.
നല്ല കട്ടിയുള്ള പുറംതോടിനുള്ളിൽ വലിയ അല്ലികൾ വെള്ള നിറത്തിലും ചുവപ്പ് നിറത്തിലും കാണാം.
നിരവധി വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ബബ്ലൂസ് നാരങ്ങ ഡെങ്കിപനിയുടെ വരവോടെയാണ് പറന്പുകളിലെ താരമായത്.
പനിക്കു ശേഷമുള്ള ശരീരവേദന മാറാനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും രക്തത്തിലെ കൗണ്ട് കൂട്ടാനും ഈ നാരങ്ങ കഴിച്ചാൽ മതിയെന്ന് പറയുന്നു.