നെല്ല്
കൊയ്ത്തിനു ഒരാഴ്ച മുന്‍പ് പാടത്തെ വെള്ളം വാർത്തുകളയുന്നത് എല്ലാ ചെടികളും ഒരുപോലെ മൂപ്പെത്തുന്നതിന് സഹായകമാകും. വൈകി നട്ട പാടങ്ങളിൽ പാലുറയ്ക്കുന്ന സമയം ചാഴിയുടെ ഉപദ്രവം ശ്രദ്ധിക്കുക. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ചാഴിക്കെതിരെ ഫലപ്രദമാണ്. മുണ്ടകൻ വിളയ്ക്കായി കഴിഞ്ഞ മാസം ഞാറ്റടിയൊരുക്കിയ നിലങ്ങളിലെ നടീൽ സെപ്റ്റംബർ പകുതിയോടെ പൂർത്തിയാക്കുക;
പറിച്ചുനടേണ്ട സ്ഥലത്തിന്റെ പത്തിലൊന്നു ഭാഗം ഞാറ്റടിയൊരുക്കണം. അതായത് ഒരേക്കറിന് 10 സെന്റ്. യന്ത്രനടീലിന് പായ് ഞാറ്റടി തയാറാക്കുന്നതിന് ഒരു സെന്റ് മതി. കൊയ്ത്ത് കഴിഞ്ഞ വിരിപ്പുപാടങ്ങളിൽ കുമ്മായവും ജൈവവളവും ചേർത്തു പരുവപ്പെടുത്തണം.
നിലമൊരുക്കുന്ന സമയം ഏക്കറിന് 140 കി.ഗ്രാം കുമ്മായവും നട്ട് ഒരു മാസത്തിനുശേഷം 100 കി.ഗ്രാം കുമ്മായവും ചേർത്ത് മണ്ണ് പരുവപ്പെടുത്തണം. അടിവളമായി രണ്ടു ടണ്‍ കാലിവളം/കന്പോസ്റ്റ്/പച്ചിലവളം അല്ലെങ്കിൽ ഒരു ടണ്‍ മണ്ണിരകന്പോസ്റ്റ് നൽകണം.
സ്യൂഡോമോണസ് പരിചരണം
സ്യൂഡോമോണസ് 10 ഗ്രാം ഒരു കിലോ വിത്തുമായി കലർത്തി 12 മണിക്കൂർ വെള്ളത്തിൽ കുതിർത്തശേഷം അധികവെള്ളം വാർത്തുകളഞ്ഞ് മുളപ്പിക്കാൻ വയ്ക്കാം. പറിച്ചു നടുന്നതിനു മുന്‍പ് ഞാറിന്റെ വേരുകൾ അരമണിക്കൂർ സ്യൂഡോമോണാസ് ലായനിയിൽ (20 ഗ്രാം/ലി) മുക്കിവയ്ക്കണം.
ഒരു ഏക്കറിലേക്ക് ഒരു കി.ഗ്രാം പൊടി ആവശ്യമായി വരും. പൊടി രൂപത്തിലുള്ള സ്യൂഡോമോണാസ് ഏക്കറിന് ഒരു കിലോഗ്രാം എന്ന തോതിൽ 20 കി.ഗ്രാം ഉണങ്ങിയ ചാണകവുമായി കലർത്തി പാടത്ത് വിതറാം. വിതറുന്നതിന് മുന്‍പ് പാടത്തെ വെള്ളം വറ്റിക്കണം.
മുണ്ടകനിൽ ആക്രമണസാധ്യതയുണ്ടാകാവുന്ന തണ്ടുതുരപ്പനെയും ഓലചുരുട്ടിപ്പുഴുവിനെയും തുരത്താൻ പാടത്ത് ട്രൈക്കോ കാർഡുകൾ സ്ഥാപിക്കണം. സംസ്ഥാന ബയോകണ്ട്രോൾ ലാബ് (0487 2370540), കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇതിനായി മുൻകൂർ ആവശ്യപ്പെടുക.
തെങ്ങ്
രണ്ടാം വളപ്രയോഗത്തിന് സമയമായി. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ആകെ ശിപാർശയുടെ മൂന്നിൽ രണ്ടുഭാഗം അതായത് 720 ഗ്രാം യൂറിയ, 1.5 കി.ഗ്രാം രാജ്ഫോസ്, 1.5 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി നൽകുക.
നന ലഭിക്കുന്ന തോട്ടങ്ങളിലും മഴയെ ആശ്രയിച്ചുള്ള സങ്കരയിനങ്ങൾക്കും യഥാക്രമം 270 ഗ്രാം, 500 ഗ്രാം, 500 ഗ്രാം (ആകെ ശിപാർശയുടെ നാലിലൊന്ന്) വീതവും നന ലഭിക്കുന്ന സങ്കരയിനം തെങ്ങുകൾക്ക് മേൽപറഞ്ഞ വളങ്ങൾ 550 ഗ്രാം, 700 ഗ്രാം, 850 ഗ്രാം വീതവും മൂന്നാം ഗഡുവായി ചേർക്കണം. കഴിഞ്ഞ മാസം ജൈവവളം ചേർത്തിട്ടില്ലെങ്കിൽ 25-50 കി.ഗ്രാം കാലിവളമോ പച്ചിലവളമോ ചേർത്ത് രണ്ടാഴ്ചകഴിഞ്ഞ് രാസവളപ്രയോഗം നടത്തിയാൽ മതിയാകും.
രാസവളത്തോടൊപ്പം 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റും നൽകി തടം മൂടണം. ഒപ്പം തെങ്ങിൻ തോപ്പിലെ മറ്റ് ഇടവിളകൾക്കു വേണ്ട പരിചരണങ്ങൾ നൽകുക. താഴ്ന്ന പ്രദേശങ്ങളിൽ അധികം ആഴമില്ലാത്ത കുഴികളെടുത്തോ കണ്ണികൂട്ടി അതിനുമുകളിലോ തെങ്ങിൻ തൈകൾ നടുക. ജൂണ്‍ - ജൂലൈ മാസങ്ങളിൽ മഴയ്ക്ക് വിതറിയ പച്ചിലവളച്ചെടികൾ മണ്ണിൽ ഉഴുത് ചേർക്കണം.
കൊന്പൻ ചെല്ലിക്കെതിരെ വേപ്പിൻപിണ്ണാക്ക് തുല്യ അളവിൽ മണലുമായി ചേർത്ത് ഓലക്കവിളുകളിൽ ഇടണം. ഓല ചീയലിനെതിരേ കരുതൽ മാർഗമായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെങ്ങിൻ മണ്ടയിലും ഓലകളിൽ പ്രത്യേകിച്ച് തുന്പോലകളിലും തളിക്കുക.
വാഴ
ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ നനകൃഷി തുടങ്ങാ നുള്ള തയാറെടുപ്പുകൾ നടത്തണം. നല്ലയിനം കന്നുകൾ ശേഖരിക്കണം. രോഗകീടബാധയില്ലാത്ത നല്ലയിനം സൂചിക്കന്നുകളാണ് നടാൻ ഉപയോഗിക്കേണ്ടത്.
നിലവിലുള്ള വാഴക്കുലകൾ വിളഞ്ഞുകഴിഞ്ഞാൽ വിളവെടുക്കാം. കുലവെട്ടിയശേഷം നല്ല സൂചിക്കന്നുകളിളക്കി, പുറംതൊലി ചെത്തി കേടുവന്ന മാണഭാഗങ്ങളും നീക്കി ചാണക-ചാരക്കുഴന്പിൽ മുക്കി മൂന്നുനാലു ദിവസം വെയിലത്തുണക്കിയശേഷം 15 ദിവസത്തോളം തണലിൽ സൂക്ഷിക്കണം.
കശുമാവ്
ഈ മാസം വളപ്രയോഗം നട ത്താം. മരത്തിനു ചുറ്റും 15 സെ.മീ. ആഴത്തിൽ 0.5-3 മീറ്റർ ചുറ്റളവിൽ വളം വിതറിയശേഷം ചെറിയതോതിൽ മണ്ണുമായി യോജിപ്പിക്കണം. പ്രായമായ മരമൊന്നിന് 1.6 കി.ഗ്രാം യൂറിയ, രണ്ടു കി.ഗ്രാം രാജ്ഫോസ്, 1.2 കി.ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. തൈനട്ട് ആദ്യകാലങ്ങളിൽ കശുമാവിൻ തോട്ടങ്ങളിൽ ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യാം.
മാവ്
കായ്ച്ചു തുടങ്ങിയ മരങ്ങൾക്ക് മൊത്തം ശിപാർശയുടെ പകുതി രണ്ടാം ഗഡുവായി നൽകാം. 10 വർഷത്തിനു മുകളിലുള്ള മാവുകൾക്ക് 550 ഗ്രാം യൂറിയ, 900 ഗ്രാം രാജ്ഫോസ്, 625 ഗ്രാം പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി മരമൊന്നിന് നൽകണം.
4-5, 6-7, 8-10 വർഷം പ്രായമായവക്ക് ഇവ യഥാക്രമം 100,90, 80; 250,425,170; 430,610,335 ഗ്രാം എന്ന തോതിലും ചേർക്കണം. മരത്തിൽനിന്ന് 2.5-3 മീറ്റർ അകലത്തിൽ ചുറ്റിനുമായി 25-30 സെ.മീ. ആഴത്തിൽ ചാലുണ്ടാക്കി രാസവളമിട്ട് മണ്ണിട്ട് മൂടണം. വളമിടുന്ന സമയത്ത് മണ്ണിൽ ഈർപ്പമുണ്ടെന്ന് ഉറപ്പുവരുത്തണം.
ഏലം
വിളവെടുപ്പ് തുടരുന്നു. പാകമായ കായ്കൾ പഴുക്കുന്നതിന് മുൻപ് പറിച്ച് സംസ്കരണം നടത്തിയാലേ നല്ല പച്ചനിറം ലഭിക്കുകയുള്ളൂ. തൈകൾ ഉണ്ടാക്കുന്നതിന് വിത്ത് പാകുവാനും അനുയോജ്യമായ സമയമാണിത്. മേൽത്തരം സ്വഭാവഗുണങ്ങളോട് കൂടിയ മാതൃചെടികളിൽ നിന്ന് വേണം വിത്ത് ശേഖരിക്കുവാൻ.
വിത്ത് പാകുവാൻ ഒരു മീറ്റർ വീതിയും, 20-30 സെമീ ഉയരവുമുള്ള വാരങ്ങൾ സൗകര്യപ്രദമായ നീളത്തിൽ തയാറാക്കി 10 സെ.മീ. അകലത്തിൽ നിരകളായി വിത്തിടണം. ശേഷം പൊടിമണ്ണ് വിതറി പുതയിടണം. മഴയില്ലെങ്കിൽ ജലസേചനം നൽകണം.
രണ്ടാം തവാരണയിൽ കളയെടുപ്പ്, മണ്ണിടീൽ. ജലസേചനം മുതലായ പണികൾ തുടരാം. തോട്ടങ്ങളിൽ രണ്ടാം വളപ്രയോഗം നടത്താൻ സമയമായി. ഏക്കറിന് 35 കി.ഗ്രാം യൂറിയ, 75 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 50 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചുവട്ടിൽ നിന്ന് ഒന്ന് ഒന്നരയടി വിട്ട് 20 സെ.മീ. വീതിയിൽ വൃത്താകൃതിയിൽ വിതറി കൊത്തിച്ചേർക്കുക.
കുരുമുളക്
രണ്ടാം വളപ്രയോഗം നടത്താൻ സമയമായി. 50 ഗ്രാം യൂറിയ, 150 ഗ്രാം രാജ്ഫോസ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ തടത്തിൽ വിതറി മണ്ണിട്ട് മൂടണം. കോഴിക്കോടും അതുപോലുള്ള പ്രദേശങ്ങളിലും ഇവ യഥാക്രമം 200,105,100 ഗ്രാം വീതം വേണം. കൊടിയുടെ പ്രധാനതണ്ടിൽ നിന്ന് 30 സെ.മീ. അകലത്തിൽ അർദ്ധവൃത്താകൃതിയിൽ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ട് മൂടണം. വള്ളികൾ നട്ടത് ഉണങ്ങിയിട്ടുണ്ടെങ്കിൽ മാറ്റി പുതിയ തൈകൾ നടണം. വേപ്പെണ്ണ, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികളുപയോഗിക്കുന്നത് ഇളം കുരുമുളക് മണികളിൽ പൊള്ളുവണ്ടുകളുടെ ഉപദ്രവം നിയന്ത്രിക്കും.
ഇഞ്ചി, മഞ്ഞൾ
മണ്ണിടീൽ, കളയെടുപ്പ് തുടരാം. ഇഞ്ചിയിൽ മൂടുചീയൽ രോഗം ശ്രദ്ധയിൽപ്പെട്ടാലുടൻ തന്നെ അവ നീക്കം ചെയ്യണം. വാരങ്ങളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഒഴിച്ചു കൊടുക്കണം. ഇഞ്ചിയുടെയും മഞ്ഞളിന്റെയും ഇല ചീയൽ രോഗം നിയന്ത്രിക്കാനും ബോർഡോ മിശ്രിതം തളിക്കുന്നത് ഫലപ്രദമാണ്.
ജാതി, ഗ്രാന്പൂ
കഴിഞ്ഞമാസം വളം ചേർത്തില്ലെങ്കിൽ രണ്ടാം വളപ്രയോഗം ഈ മാസം നടത്തണം. ഇലപ്പൊട്ട്, ചില്ലകരിച്ചിൽ തുടങ്ങിയ കുമിൾരോഗങ്ങൾ ബോർഡോമിശ്രിതം തളിച്ച് നിയന്ത്രിക്കുക.
കിഴങ്ങുവർഗങ്ങൾ
മധുരക്കിഴങ്ങ് നടാൻ പറ്റിയ സമയം. ശ്രീ അരുണ്‍, ശ്രീ വരുണ്‍, ശ്രീഭദ്രാ, ശ്രീകനക, ശ്രീ രത്ന തുടങ്ങിയ ഇനങ്ങൾക്ക് കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രവുമായി 0471 2598551 എന്ന ഫോണ്‍ നന്പരിൽ ബന്ധപ്പെട്ടാൽ മതി.
അടുക്കളത്തോട്ടം
വിവിധയിനം പച്ചക്കറികളുടെ നടീൽകാലം. വഴുതന, തക്കാളി, പാവൽ, പടവലം, മത്തൻ, മുരിങ്ങക്കന്പുകൾ, പയർ, ശീതകാലപച്ചക്കറികൾ തുടങ്ങിയവ നടാൻ അനുയോജ്യമായ സമയം.
സി.എസ്. അനിത