"ചൈനീസ് ഓറഞ്ച്' ആള് പുളിയനാണ്; ദാഹമുണ്ടെങ്കിൽ രുചിയേറും
"ചൈനീസ് ഓറഞ്ച്' ആള് പുളിയനാണ്; ദാഹമുണ്ടെങ്കിൽ രുചിയേറും
Tuesday, September 21, 2021 9:04 AM IST
റെഡിമെയ്ഡ് പാനീയങ്ങളിൽ പലതും ആരോഗ്യത്തിനു ഹാനി കരമായപ്പോൾ ചൈനീസ് ഓറഞ്ച് പോലെ എവിടെയും വളരുന്ന ചെടികൾക്ക് ഡിമാൻഡ് കൂടി. കുഞ്ഞൻ ഓറഞ്ച് പോലെയുള്ള ചൈനീസ് ഓറഞ്ച് മൂപ്പെത്തിയാൽ മധുരത്തിനു പകരം നല്ല പുളിയാകും. തൊലി പൊളിച്ചാൽ ഓറഞ്ചിനുള്ളിലുള്ളതുപോലെ നീരു നിറഞ്ഞ അല്ലികൾ.

പഞ്ചസാര ചേർത്തു പാനീയമായി കുടിക്കാമെന്നതാണു പ്രത്യേകത. നല്ല ദാഹമുള്ള സമയത്താണു കുടിക്കുന്നതെങ്കിൽ രുചിയേറും. നല്ല മണമുള്ള പ്രകൃതിദത്ത പാനീയമെന്ന നിലയിൽ കൊതിയൂറും രൂചിയുള്ള ഒന്നാണിത്. വീട്ടിൽ പെട്ടെന്നു വിരുന്നുകാർ വന്നാൽ നാലഞ്ച് ഓറഞ്ച് പറിച്ചെടുത്തു പിഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ഒന്നാന്തരം പാനീയമൊരുക്കാം. എല്ലാ കാലത്തും ഓറഞ്ചുണ്ടാകും.

പത്തോ പന്ത്രണ്ടോ അടി മാത്രം ഉയരം വരുന്നതിനാൽ സ്ത്രീകൾക്കു തന്നെ പറിച്ചെടുക്കാനാകും. ഇതുകൊണ്ട് അച്ചാറ് ഉണ്ടാക്കുന്നവരുമുണ്ട്. ഇതിന്‍റെ നീരെടുത്ത് പാത്രം കഴുകിയാൽ പാത്രങ്ങൾക്കെല്ലാം നല്ല പുതുമ കിട്ടും. മുഖത്ത് ഫെയ്സ് ലോഷനായും ഉപയോഗിക്കാമെന്നു പറയുന്നു.


നീരു മുഖത്തു തേച്ച് അഞ്ചോ പത്തോ മിനിറ്റു കഴിഞ്ഞ് കഴുകികളഞ്ഞാൽ സുന്ദരൻ·ാരും സുന്ദരികളുമാകാം. ചെടിക്ക് പ്രത്യേക പരിചരണമൊന്നും വേണ്ട. ഏതു കാലാവസ്ഥയിലും കരുത്തോടെ വളരും. നാരക ചെടി പോലെ തന്നെയാണ്. ചിലതിന്‍റെ കന്പുകളിൽ നല്ല മുള്ളുകളുണ്ടാകും. പഴുത്ത ഓറഞ്ചിലെ കുരു പാകി തൈ ഉണ്ടാക്കാം. നഴ്സറികളിലും ഇതിന്‍റെ തൈകൾ വാങ്ങാൻ കിട്ടും.

ഫ്രാൻസിസ് തയ്യൂർ