ഡയറി ഫാമുകള്‍ തുടങ്ങുമ്പോള്‍
ഡയറി ഫാമുകള്‍ തുടങ്ങുമ്പോള്‍
കോവിഡ്- 19 നെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നിരവധി സംരംഭകര്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ഫാമുകള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയിലുള്‍പ്പെടുത്തിയും സംരംഭങ്ങള്‍ ആരംഭിക്കാം.

പുതുതായി ഫാം തുടങ്ങുബോള്‍

ഡയറി, ആട്, പന്നി ഫാമുകള്‍ക്ക് കൂടുതല്‍ സ്ഥല വിസ്തൃതിയുള്ളത് ഏറെ ഗുണകരമാകും. ഡയറി ഫാം തുടങ്ങുമ്പോള്‍ പശുവൊന്നിന് 5-10 സെന്റു സ്ഥലം എന്ന തോതില്‍ തീറ്റപ്പുല്‍കൃഷിക്കു നീക്കിവച്ചാല്‍ പാലുത്പാദനച്ചെലവു കുറയ്ക്കാം. ഫാം ഭൂനിരപ്പില്‍ നിന്നുയര്‍ന്ന സ്ഥലത്തായിക്കണം. വെള്ളം കെട്ടിനില്‍ക്കാത്തതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം ഇതിനായി കണ്ടെത്തണം. കൂടുതല്‍ ജനസാന്ദ്രതയുള്ളിടത്ത് ഫാമുകള്‍ തുടങ്ങിയാല്‍ വിപുലീകരണ സാധ്യത കുറവായിരിക്കും. റോഡ്, വെള്ളം, വൈദ്യുതി എന്നിവയും ഉത്പന്നങ്ങളുടെ വിപണനസാധ്യതയും വിലയിരുത്തണം. ഡയറി ഫാം തുടങ്ങുമ്പോള്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പശുക്കളെ വാങ്ങാം. മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ വാങ്ങരുത്. കറവയും പശുക്കളുടെ ആരോഗ്യവും പ്രത്യേകം പരിശോധിക്കണം. അത്യുത്പാദന ശേഷിയുള്ള കറവപശുക്കളെ വാങ്ങുമ്പോള്‍ അവയുടെ പാലുത്പാദനം വിലയിരുത്തണം. ഒത്ത ഉടല്‍, തിളക്കമാ ര്‍ന്ന കൊമ്പുകള്‍, തുടുത്ത പാല്‍ ഞരമ്പ്, കറവയ്ക്കു ശേഷം ചുരുങ്ങുന്ന അകിട് എന്നിവ നല്ല പശുവിന്റെ ലക്ഷണമാണ്.

തീറ്റപ്പുല്‍കൃഷിക്കായി പ്രത്യേകം സ്ഥലം നീക്കിവയ്ക്കണം. സങ്കരയിനം തീറ്റപ്പുല്ലിനങ്ങളായ CO3, 4, 5 എന്നിവയുടെ നടീല്‍ വസ്തുക്കള്‍ ക്ഷീരവികസന വകുപ്പിന്റെ സ്ഥാപനങ്ങള്‍, കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാല ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിയ്ക്കും.

തൊഴുത്തിന്‍റെ മേല്‍ക്കൂരയ്ക്കു ഓല, ഓട്, ലൈറ്റ് റൂഫിംഗ് ഷീറ്റുകള്‍, കോണ്‍ക്രീറ്റ് എന്നിവയിലൊന്ന് ഉപയോഗിക്കാം. നിലം കോണ്‍ക്രീറ്റ് ചെയ്യണം. രണ്ടു പശുക്കള്‍ കിടന്നാല്‍ കൂട്ടിമുട്ടാത്ത രീതിയില്‍ തൊഴുത്തില്‍ സ്ഥലം ക്രമീകരിച്ചാല്‍ പശുക്കളുടെ ഉത്പാദന മികവുയര്‍ത്താം. മൂത്രച്ചാല്‍, വളക്കുഴി എന്നിവ ശാസ്ത്രീയ രീതിയില്‍ നിര്‍മിക്കണം. തൊഴുത്തിന്റെ തറയ്ക്ക് ആവശ്യത്തിനു ചെരിവുവേണം. മിനുസമുള്ള തറ അപകടം ക്ഷണിച്ചുവരുത്തും. 20 പശുക്കളെ വരെ വളര്‍ത്താന്‍ ഫാം ലൈസന്‍സിന്‍റെ ആവശ്യമില്ല.

ഡയറി ഫാമുകളില്‍ പാല്‍ നേരിട്ടു വിപണനം നടത്തുന്നതിനു പകരം ഉത്പന്നങ്ങളാക്കി വില്‍ക്കാം. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ഡയറി സംസ്‌ക രണ യൂണിറ്റുകള്‍ തുടങ്ങുന്ന ചെലവിന്റെ 50 ശതമാനം വരെ (പരമാവധി 10 കോടി) സബ്‌സിഡി അനുവദിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിവിധ ഏജന്‍സികളില്‍ നിന്നു സഹായം ലഭിക്കും. വിപണി ലക്ഷ്യമിട്ടുള്ള ഉത്പാദനപ്രക്രിയ മാത്രമേ ആരംഭിക്കാവൂ. പുളിപ്പിച്ച ക്ഷീരോത്പന്നങ്ങള്‍ക്ക് ഏറെ വിപണന സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി ഉയര്‍ത്താനും കാന്‍സര്‍ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും പുളിപ്പിച്ച ക്ഷീരോത്പന്ന ഉപഭോഗം ഉപകരിക്കും.


യോഗര്‍ട്ട്, ലസി എന്നിവയുടെ നിരവധി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. പാല്‍ കേടാകാതെ സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തണം. മലിനീകരണ നിയന്ത്രണത്തിന് കുറഞ്ഞ ചെലവില്‍ ഇടിപി പ്ലാന്റുകള്‍ തുടങ്ങുന്നതു നല്ലതാണ്. ഇതില്‍ മെക്കാനിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ സിസ്റ്റം അനുസരിച്ചുള്ള മൂന്നു ടാങ്കുകളുണ്ടാക്കുന്നത് ഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. ജൈവവളം, ഉണക്കിപ്പൊടിച്ച ചാണകം എന്നിവയ്ക്കുള്ള വിപണി കണ്ടെത്തണം. സംരംഭകനും തൊഴിലാളികളും ഡയറി ഫാം പരിചരണത്തില്‍ പരിശീലനം നേടേണ്ടതാണ്.

ഫാമിനാവശ്യമായ വായ്പ ദേശസാത്കൃത ബാങ്കുകളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. കോവിഡ് പാക്കേജിലുള്‍പ്പെടുത്തിയുള്ള കാര്‍ഷിക, ക്ഷീര, ഭൗതിക സൗകര്യ ഫണ്ടിനപേക്ഷിക്കാം. ഫാം തുടങ്ങുന്നതിനു മുമ്പ് വിജയകരമായി നടക്കുന്നതും അല്ലാത്തതുമായ ഫാമുകള്‍ സന്ദര്‍ശിക്കണം. വെറ്ററിനറി സര്‍ജന്‍റെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. ബാങ്ക് വായ്പയ്ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് ആവശ്യമാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് സംരം ഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കാന്‍ വിവിധ ഏജന്‍സികളുണ്ട്. വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാ നത്തില്‍ ലൈസന്‍സുക ളെല്ലാം ഒരു പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. ബാങ്കുകളില്‍ നിന്ന് വായ്പയും ലഭിക്കും. ആത്മ നിര്‍ഭര്‍ ഭാരത് പ്രത്യേക പാക്കേജില്‍ നിരവധി സഹായ പദ്ധതി കളുണ്ട്. എം.എസ്എം.ഇകള്‍ക്ക് 20 ശതമാനം അധിക വായ്പ ലഭിക്കും.

കൃഷിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കര്‍ഷക വ്യാപാര കണ്‍സോര്‍ഷ്യം വഴി സംരംഭകര്‍ക്കു സാമ്പത്തിക സഹാ യം ലഭിക്കും. എം.എസ്എം.ഇ സംരംഭങ്ങള്‍ ക്കുള്ള സഹായപദ്ധ തികള്‍ക്ക് അപേക്ഷിക്കാന്‍ www. sfackerala. org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പു കള്‍ക്കായി കേരള കാര്‍ഷിക സര്‍വക ലാശാലയുടെ കീഴില്‍ ഇന്‍കുബേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങാനാ വശ്യമായ പരിശീ ലനം നല്‍കുകയാണ് ഇന്‍കുബേറ്ററിന്‍റെ ലക്ഷ്യം. അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോ ഗ്രാം സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ പ്രോഗ്രാം എന്നിവ കേരള കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍ നടത്തി വരുന്നു.

വെബ്‌സൈറ്റുകള്‍:
www.kau.in, www.kvasu.ac.in, www.mofpi.nic.in

ഡോ. ടി.പി. സേതുമാധവന്‍
ഫോണ്‍: 98461 08992.