ബലൂണ്‍ ബഡ്ഡിംഗും 27 ജാതിയിനങ്ങളും
ബലൂണ്‍ ബഡ്ഡിംഗും 27 ജാതിയിനങ്ങളും
പാലക്കാട് വടക്കഞ്ചേരി പാലക്കുഴിയിലെ കര്‍ഷകന്‍ മുണ്ടത്താനം മൈക്കിള്‍ ജോസഫിനെ രാജ്യത്തെ പരമോന്നത കര്‍ഷക ബഹുമതിക്കര്‍ഹനാ ക്കിയത് പതിറ്റാണ്ടുകള്‍ നീണ്ട 'ജാതി' നിരീക്ഷണങ്ങള്‍. രാജ്യത്തെ പരമോന്നത കാര്‍ഷിക ഗവേഷണ കേന്ദ്രമായ ഐഎആര്‍ഐ (ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ഇന്നവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡിനര്‍ഹനായ മൈക്കിള്‍ നടത്തിയത് സമാനതകളില്ലാത്ത പരീക്ഷണങ്ങളാണ്. ജാതി തൈകളില്‍ ബലൂണ്‍ ബഡിംഗ് രീതിയാണ് മൈക്കിള്‍ അവലംബിക്കുന്നത്. ഇലയോടെ കൂട്ടിവച്ച് വാട്ടം വരാതിരിക്കാന്‍ പ്ലാസ്റ്റിക് കവറിട്ടു മൂടുന്ന രീതിയാണിത്. ബഡിംഗ് കഴിഞ്ഞ കൂടുകള്‍ കണ്ടാല്‍ വെള്ള ബലൂണുകള്‍ കൂട്ടിവച്ചതു പോലെ തോന്നും.

കൃഷിയിടത്തിലെ മറ്റു വിളവൈവിധ്യങ്ങളും മൈക്കിളിനെ രാജ്യത്തെ ഒന്നാംനിര കര്‍ഷകരിലൊരാളാക്കി. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്‍ മേധാവി ഡോ.സി.ആര്‍. എല്‍സിയാണ് മൈക്കി ളിനെ അവാര്‍ഡിന്റെ പടവുകള്‍ കയറാന്‍ സഹായിച്ചത്. മൈക്കിളിന്റെ ജാതി ബഡിംഗ് രീതിയെ 'ബലൂണ്‍ ബഡിംഗ്' എന്നു നാമകരണം ചെയ്തതും ഡോ.എല്‍ സിയായിരുന്നെന്നു മൈക്കിള്‍ പറയുന്നു. കാര്‍ഷിക കോളജിലെ സ്‌പൈസസ് വിഭാഗം മേധാവി ഡോ.എന്‍. മിനിരാജ് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ഒപ്പമുണ്ടായിരുന്നു.

മൈക്കിളിന്റെ അമ്മ അന്നക്കുട്ടി മേലുക്കാവില്‍ നിന്ന് 58 വര്‍ഷം മുമ്പ് പാലാ ഉള്ളനാട്ടിലുള്ള തറവാട്ടു വീട്ടിലേക്കു കൊണ്ടുവന്ന ജാതിയുടെ അഞ്ചു പെണ്‍ തൈകളായിരുന്നു മൈക്കിളിന്റെ കൃഷി പരീക്ഷണങ്ങള്‍ ക്കുള്ള മാതൃവൃക്ഷങ്ങള്‍. അന്ന് മൈക്കിള്‍ കുട്ടിയാ യിരുന്നെങ്കിലും കൃഷിയോടുള്ള അഭിനിവേശം മൂലം ജാതി തൈകളുടെ പരിചരണം ഏറ്റെടുത്തു. ഇതില്‍ നിന്നുണ്ടായ വിത്തുതൈകളായിരുന്നു 1981ല്‍ പിതാവ് ജോസഫിനൊപ്പം പാലക്കുഴിക്ക് മലകയറിയെത്തുമ്പോ ഴുണ്ടായിരുന്ന മൂലധനം.


വളര്‍ന്നു പന്തലിച്ച ഈ മരങ്ങളില്‍ ബഡ് ചെയ്താണ് പരീക്ഷണങ്ങളിലേക്കു മൈക്കിള്‍ കടക്കുന്നതും മുണ്ട ത്താനം എന്ന ജാതിയിനം വികസിപ്പിക്കുന്നതും. അത്യു ത്പാദന ശേഷിയുള്ള ജാതിയുടെ കലവറ തന്നെയാണ് മൈക്കിളിന്റെ പാലക്കുഴിയിലെ പരീക്ഷണത്തോട്ടം. കൂടുതല്‍ വലിപ്പവും തൂക്കവുമുള്ള ജാതിപത്രിയും ജാതിക്കയുമാണ് മുണ്ടത്താനം ഇനത്തിന്റെ മേന്മ. ആറേക്കര്‍ കൃഷിയിടത്തില്‍ ഇല്ലാത്തതൊന്നുമില്ലെന്നു തന്നെ പറയാം. അമൂല്യവും അപൂര്‍വവുമായ വിളകള്‍ ഏതു രാജ്യത്തു നിന്നായാലും വാങ്ങി കൃഷിചെയ്യും. കുരുമുളകിനും തെങ്ങിനും പുറമെ ഇരുന്നൂറില്‍പരം സ്വദേശികളും വിദേശികളുമായ വിളകള്‍ക്ക് വളരാന്‍ കൃത്യമായ സ്ഥലമൊരുക്കി. മൈക്കിള്‍ വികസിപ്പിച്ച എം.എന്‍- വണ്‍, എം.എന്‍- ടു ഉള്‍പ്പെടെ 27 ഇനങ്ങ ളിലായി 200 ജാതി മരങ്ങള്‍, 30 ഇനം പ്ലാവുകള്‍, 12 ഇനം മാവുകള്‍, 20 ഇനം കുരുമുളക്, 160 തെങ്ങ്, അവക്കാഡോ എന്ന ബട്ടര്‍ ഫ്രൂട്ട് 12 ഇനം, സ്റ്റാര്‍ ഫ്രൂട്ടുകള്‍, ഓറഞ്ച്, കുടംപുളി ഇനങ്ങള്‍, അന്യം നിന്നുപോകുന്ന ഔഷധ സസ്യങ്ങള്‍, മുപ്പതില്‍പരം മറ്റു പഴവര്‍ഗങ്ങള്‍, വാഴ ഇനങ്ങള്‍, വെച്ചൂര്‍ പശുക്കള്‍, 15 ലക്ഷം ലിറ്ററിന്റെ ജലസംഭരണി, 100 തേനീച്ച കൂടുകള്‍, വിശാലമായ ജാതി നഴ്‌സറി, ചെരിഞ്ഞ ഭൂപ്രദേശത്ത് തട്ടുകളായുള്ള കൃഷിരീതികള്‍ തുടങ്ങി അതിശയ കാഴ്ചകളാണ് മൈക്കിളിന്റെ തോട്ടം സമ്മാനിക്കുന്നത്. ലീലാമ്മയാണ് ഭാര്യ. പൗളിന്‍, ജൂബി, ജിന്റോ, ജിസ്‌ന എന്നിവര്‍ മക്കളും.
ഫോണ്‍: മൈക്കിള്‍- 94468 61964.

ഫ്രാന്‍സിസ് തയ്യൂര്‍