നഷ്ടമില്ലാത്ത പശു വളര്‍ത്തല്‍
നഷ്ടമില്ലാത്ത പശു വളര്‍ത്തല്‍
Tuesday, May 18, 2021 4:28 PM IST
ഒന്നരക്കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന തികച്ചും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ കാര്‍ഷിക മേഖല ഇന്ന് ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. നാണ്യവിളകള്‍, പ്രത്യേകിച്ചും ഭാരതത്തിലെ 90 ശതമാനം റബര്‍ കൃഷി ചെയ്യുന്നതില്‍ മുന്‍പന്തിയിലായ കേരളം, കഴിഞ്ഞ 7-8 വര്‍ഷങ്ങളിലായി, റബറിന്റെ വിലയിടിവു മൂലം നടുങ്ങിത്തരിച്ചിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തില്‍, മൃഗസംരക്ഷണമേഖലയ്ക്ക്, പ്രത്യേകിച്ചും പശുവളര്‍ത്തലിന്, അനുകൂല സാഹചര്യമാണ്. കാരണം കേരളത്തില്‍ പാലിന് എന്നും ആവശ്യക്കാരുണ്ട്. നമുക്ക് ആവശ്യമായ പാലിന്റെ ലഭ്യത പ്രതിദിനം അഞ്ചു ലക്ഷം ലിറ്ററോളം കുറവായതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താണ് കമ്മി നികത്തുന്നത്. അതായത്, എത്ര പാല്‍ ഉത്പാദിപ്പിച്ചാലും ഇവിടെ എടുക്കാന്‍ ആളുണ്ട്. പശുവളര്‍ത്തലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയാം.

പശുക്കളെ തെരഞ്ഞെടുക്കല്‍

സങ്കരയിനം പശുക്കളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. 10 ലിറ്ററെങ്കിലും പ്രതിദിന പാലുത്പാദാനമുള്ള സങ്കരയിനം പശുക്കളെയാണ് വളര്‍ത്താന്‍ വേണ്ടി വാങ്ങിക്കേണ്ടത്. നല്ല ആരോഗ്യമുള്ളതും, അതേസമയം കൊഴുപ്പടിഞ്ഞിട്ടില്ലാത്തതുമായ പശുക്കളെ വേണം വളര്‍ത്താന്‍. കഴിയുന്നതും കേരളത്തിലെയോ നമ്മുടെ അടുത്തുള്ള പ്രദേശങ്ങളിലെയോ പശുക്കളെ വളര്‍ത്താന്‍ തെരഞ്ഞെടുക്കണം. അന്യസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുമ്പോള്‍, ഭാഷ അറിയാതെ ചതിക്കപ്പെടുന്നതും ഇടനിലക്കാരുടെ കുതന്ത്രങ്ങളും കരുതിയിരിക്കണം.

തൊഴുത്തു നിര്‍മാണം

തൊഴുത്തുനിര്‍മിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്ന സ്ഥലം നല്ല ഉറപ്പുള്ളതായിരിക്കണം. വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ള ഉയര്‍ന്ന സ്ഥലത്തു വേണം തൊഴുത്തു നിര്‍മിക്കാന്‍. വായൂ സഞ്ചാരവും തണലുമുള്ളയിടമായിരിക്കണമെന്നു മാത്രമല്ല, കിഴക്കു- പടിഞ്ഞാറ് ദിശയിലായിരിക്കണം തൊഴുത്തു നിര്‍മിക്കേണ്ടത്.

തൊഴുത്തിന്റെ തറ കോണ്‍ക്രീറ്റ് ചെയ്യണം. പരുപരുത്ത തറ അത്യന്താപേക്ഷിതമാണ്. 40 സെന്റീമീറ്ററിന് ഒരു സെന്റീമീറ്റര്‍ ചെരിവുണ്ടായിരിക്കണം. ഒരു പശുവിന് 2.5 ചതുരശ്രമീറ്റര്‍ എന്ന കണക്കിലാകണം തൊഴുത്തുണ്ടാക്കാന്‍. മേല്‍ക്കൂര, ഓടോ, ഓലയോ, ഷീറ്റിട്ടതോ ആകാം. ഭിത്തിയുടെ ഉള്‍വശം തേച്ചാല്‍ ഉത്തമം.

തീറ്റ കൊടുക്കല്‍

കറവപ്പശുവിന്റെ തീറ്റയില്‍ 60 ശതമാനം സാന്ദ്രീകൃതാഹാരവും, 40 ശതമാനം പരുഷാഹാരവുമായിരിക്കണം. സാന്ദ്രീകൃതാഹാരമായി വിപണിയില്‍ ലഭിക്കുന്ന ഗുണനിലവാരമുള്ള കാലിത്തീറ്റ വാങ്ങിക്കൊടുക്കാവുന്നതാണ്. പശുവിന്റെ ശരീരസംരക്ഷണത്തിന് 1.5 കിലോ കാലിത്തീറ്റയും, ഉത്പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ പാലിന് അധികമായി 400 ഗ്രാം കാലിത്തീറ്റയും കൊടുക്കണം.

ഉദാ: 10 ലിറ്റര്‍ പാല്‍ തരുന്ന ഒരു പശുവിന് 5.5 കിലോ കാലിത്തീറ്റ കൊടുക്കണം (ശരീരസംരക്ഷണം 1.5 +10 ലിറ്റര്‍ പാലുത്പാദനം 4 = 5.5). ഇപ്പറഞ്ഞ രീതിയില്‍ സാന്ദ്രീകൃതാഹാരത്തിനു പുറമെ, അഞ്ചു മുതല്‍ ആറു കിലോ വൈക്കോല്‍ പരുഷാഹാരമായി നല്‍കണം.

കാലിത്തീറ്റയ്ക്കും (21 രൂപ/കിലോ) വൈക്കോലിനുമെല്ലാം (15 രൂപ/കിലോ) വില കൂടുതലായതിനാല്‍ പറ്റാവുന്നിടത്തോളം തീറ്റപ്പുല്ല് കൃഷി ചെയ്ത് അരിഞ്ഞുകൊടുത്താല്‍ തീറ്റച്ചെലവു കുറയ്ക്കാം. സങ്കര നേപ്പിയര്‍ പോലുള്ള പുല്ലിനങ്ങള്‍ തനിവിളയായോ, ഗിനി, കോംഗോ സിഗ്നല്‍ പോലുള്ള ഇനങ്ങള്‍ ഇടവിളയായോ വളര്‍ത്താം. പയറുവര്‍ഗത്തില്‍പെട്ട വന്‍ പയര്‍, തോട്ടപ്പയര്‍ എന്നിവയും കൃഷി ചെയ്യാം. 20 കിലോ പച്ചപ്പുല്ല്, അല്ലെങ്കില്‍ 6-8 കിലോ പയറുവര്‍ഗങ്ങളുടെ ഇലകള്‍ എന്നിവ ഒരു കിലോ കാലിത്തീറ്റയ്ക്കു പകരം നല്‍കാം. അതുപോലെ 4-5 കിലോ പച്ചപ്പുല്ല്, ഒരു കിലോ വൈക്കോലിനു പകരമാക്കാം.

പാരമ്പര്യേതര തീറ്റകളായ, പൈനാപ്പിള്‍ അവശിഷ്ടം, ചക്ക മടല്‍, വാഴത്തട, കശുമാങ്ങ അവശിഷ്ടം, കപ്പയില ഉണക്കി പൊടിച്ചത്, കാപ്പിക്കുരു തൊണ്ട്, കപ്പച്ചണ്ടി, തേയിലച്ചണ്ടി, ബിയര്‍ വേസ്റ്റ്, ചോളമാവ്, ചോളത്തവിട് എന്നിവ പറ്റാവുന്നിടത്തോളം തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ തീറ്റച്ചെലവ് പിന്നെയും കുറയ്ക്കാം.

പരമ്പരാഗത രീതിയില്‍ കാലിത്തീറ്റയും പച്ചപ്പുല്ലും കൊടുത്തുകൊണ്ട് രണ്ടു പശുക്കളെ വളര്‍ത്തുന്ന സമ്പ്രദായത്തിന്റെ പദ്ധതി രേഖ താഴെ കൊടുത്തിരിക്കുന്നു.

മൂലധനം അഥവ ആസ്തി/സ്ഥിരം ചെലവ്


1. രണ്ട് പശുക്കളുടെ വില
(@ 50,000 രൂപ) = 2ഃ50,000 = 1,00,000 രൂപ

2. രണ്ട് പശുക്കള്‍ക്കുള്ള തൊഴുത്ത് = 25,000 രൂപ

3. ഉപകരണങ്ങള്‍ = 2,500 രൂപ

4. ഇന്‍ഷ്വറന്‍സ് (വിലയുടെ 6.6 %) =

1,00,000 ഃ 6.6/100 = 6,600 രൂപ
ആകെ 1,34,100 രൂപ

ആവര്‍ത്തന ചെലവ് (ഒരു വര്‍ഷത്തേക്ക്)

1. കാലിത്തീറ്റ
എ) ജീവസന്ധാരണം- 1 പശുവിന് 1.5 കിലോ പ്രതിദിനം:

2 പശുക്കള്‍, 1 വര്‍ഷത്തേക്ക് = 365ഃ1.5ഃ2 = 1095 കിലോ

ബി) ഉത്പാദനം-1 പശുവിന്, 1 ലിറ്റര്‍ പാലുത്പാദിപ്പിക്കുന്നതിന് 400 ഗ്രാം (0.4 കിലോ) പ്രതിദിനം: 2 പശുക്കള്‍ക്ക്, 305 ദിവസത്തേക്ക് (ശരാശരി കറവ= 10 മാസം), പ്രതിദിനം 10 ലിറ്റര്‍ പാല്‍ വീതം ഓരോ പശുവിനും = 305ഃ0.4 ഃ10 ഃ2 = 2440 കിലോ

സി) കറവവറ്റുകാലം - 2 മാസം: ജീവസന്ധാരണത്തിനു പുറമെ 1 കിലോ കാലിത്തീറ്റ വീതം ഓരോ പശുവിനും:

2 പശുക്കള്‍ക്ക്, 2 മാസം (60 ദിവസം) = 60 ഃ1ഃ2 = 120 കിലോ

ആകെ കാലിത്തീറ്റ = 3655 കിലോ

കാലിത്തീറ്റയുടെ വില (കിലോയ്ക്ക് 21 രൂപ നിരക്കില്‍)= 3655ഃ21 = 76,755 രൂപ

2.പച്ചപ്പുല്ല്

സ്ഥലം സ്വന്തമായുണ്ടെങ്കില്‍, സ്വയം കൃഷി ചെയ്തുണ്ടാക്കാം. അല്ലെങ്കില്‍ പച്ചപ്പുല്‍ കൃഷി ചെയ്യുന്ന മറ്റു ക്ഷീരകര്‍ഷകരുടെയടുത്തു നിന്നു വില കൊടുത്തുവാങ്ങാം (കിലോ 4.50 രൂപ നിരക്കില്‍).

ഒരു പശുവിന് പ്രതിദിനം 20 കിലോ പച്ചപ്പുല്ല്

2 പശുക്കള്‍ക്ക്, 1 വര്‍ഷത്തേക്ക്, 4.50 രൂപ/കിലോ:

= 20ഃ365ഃ2ഃ4.50 = 65,700 രൂപ

ആകെ തീറ്റച്ചെലവ് = 1,42,455 രൂപ
(1 വര്‍ഷത്തേക്ക്)

3. മരുന്നുകള്‍, വെറ്ററിനറി സേവനം = 5,000 രൂപ
മൊത്തം ആവര്‍ത്തന ചെലവ് = 1,47,455 രൂപ

വരുമാനം

1. പ്രതിദിനം 10 ലിറ്റര്‍ പാല്‍ എന്ന കണക്കിന്, പാല്‍ നേരിട്ട് വിപണിയില്‍ വിറ്റ് 40 രൂപ ഒരു ലിറ്ററിന് എന്ന പ്രകാരം, 10 മാസത്തേക്ക്, 2 പശുക്കള്‍ക്ക്:

= 2ഃ10ഃ305 = 6100 ലിറ്റര്‍
= 6100ഃ 40 = 2,44,000 രൂപ

2. ചാണകം വിറ്റ വകയില്‍ ഒരു വര്‍ഷത്തെ വരുമാനം = 60,000 രൂപ

(ചാണകം വീട്ടാവശ്യത്തിനുള്ള കൃഷിക്ക് തന്നെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഈ വരുമാനം കണക്കിലെടുക്കരുത്)

3. കാലിച്ചാക്കിന്‍റെ വില = 750 രൂപ
ആകെ വരുമാനം = 3,04,750 രൂപ

ലാഭം

1. 1 വര്‍ഷത്തെ മൊത്തം ലാഭം = വരുമാനം -ആവര്‍ത്തന ചെലവ്
= 3,04,750-1,47,455 = 1,57,295 രൂപ

2. പ്രതിമാസ ലാഭം (രണ്ട് പശുവില്‍ നിന്ന്)= 1,57,295 /12 = 13,108 രൂപ
പ്രതിമാസ ലാഭം (ഒരു പശുവില്‍നിന്ന്) = 13,108/2 =6,554 രൂപ

പിന്നാമ്പുറം: ആവര്‍ത്തന ചെലവില്‍, പണിക്കൂലി ചേര്‍ത്തിട്ടില്ലല്ലോ, എന്നു സംശയിക്കുന്നവരോട്: ഇതു കേരളമാണ്, പ്രതിദിനം 700 രൂപയാണ് കേരളത്തിലെ ശരാശരി പണിക്കൂലി. ഇങ്ങനെ കൂലിക്ക് ആളെ വച്ച് പശുവിനെ വളര്‍ത്തി ലാഭം നേടാം, എന്ന് ആരെങ്കിലും വിചാരിക്കുകയാണെങ്കില്‍, കൂലി കൊടുക്കാന്‍ കൂടി തികയുകയില്ല എന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ.

അതേസമയം, ഭാര്യയും, ഭര്‍ത്താവും, മക്കളുമൊക്കെ, ഒത്തൊരുമയോടെ, ഒറ്റക്കെട്ടായി ശ്രമിക്കുകയാണെങ്കില്‍, രണ്ടു പശുക്കളെ വളര്‍ത്തുക എന്നത് നിസാരമാണെന്നു മാത്രമല്ല, സീരിയലു കണ്ടും, മൊബൈല്‍ ഫോണില്‍ തോണ്ടിയുമെല്ലാം പാഴാക്കുന്ന സമയം, ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കുടുംബത്തിന് അധിക വരുമാനം നേടിയെടുക്കാനും സാധിക്കും. സ്വന്തം വീട്ടിലെ പശുവിന്റെ പാല്‍ കുടിക്കുന്നതു വഴി കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം, നാടിന്റെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും അവര്‍ പങ്കാളികളാകുന്നു.

ഡോ. ബിജു ചാക്കോ
അസിസ്റ്റന്‍റ് പ്രഫസര്‍, ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗം
കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ്, പൂക്കോട്, വയനാട്
ഫോണ്‍: ഡോ. ബിജു- 94465 74495.