ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
Monday, March 22, 2021 4:57 PM IST
ചിന്തകള്‍ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുമെന്നാണല്ലോ. കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിപ്‌ളവത്തിനു ചുക്കാന്‍ പിടിച്ച മുന്‍ കൃഷി ഓഫീസര്‍ ടി.എസ് വിശ്വന്റെ വീട്ടിലെത്തിയാല്‍ ഇതു മനസിലാക്കാം. കാര്‍ഷിക ചിന്തകളിലൂടെ കൃഷി തളിര്‍ക്കുകയാണ് ഇദ്ദേഹത്തിന്റെ ചേര്‍ത്തല മുട്ടത്തിപ്പറമ്പ് 'ചിന്താഭവനം' വീട്ടിലെ 50 സെന്റില്‍. ഗേറ്റുതുറന്നു അകത്തേക്കുള്ള പാതയില്‍ താലമേന്തിയ പെണ്‍കിടാങ്ങളെപ്പോലെ നമ്മെ സ്വീകരിക്കുന്നത് സിമന്റുചട്ടികളില്‍ വളര്‍ന്നു നില്‍ക്കുന്ന കറ്റാര്‍ വാഴകളാണ്. കാന്‍സര്‍ ചികിത്സക്കായി എത്തുന്നവര്‍ക്കാണ് ഇതിന്റെ കട്ടിയുള്ള ഇതളുകള്‍ അധികവും നല്‍കുന്നത്. എഴുപത്തിരണ്ടാം വയസിലും തന്റെ മുടി ഇങ്ങനെ കറുത്തിരിക്കുന്നതിനു പിന്നില്‍ കറ്റാര്‍വാഴ ഇട്ടുകാച്ചിയ എണ്ണയാണെന്ന് വിശ്വന്‍ തലമുടി കാട്ടിക്കൊണ്ടു പറയുന്നു. കറ്റാര്‍വാഴയുടെ ഇലയുടെ ഉള്ളിലെ ജെല്ലെടുത്ത് ജൂസാക്കി എണ്ണയിലൊഴിച്ചു തിളപ്പിച്ചാണ് എണ്ണകാച്ചുന്നത്. ഈ പ്രായത്തിലും ഉഷാറായി കൃഷിപ്പണികള്‍ ചെയ്യുന്നതിനുപിന്നിലും കറ്റാര്‍വാഴയാണെന്ന് ഇദ്ദേഹം പറയുന്നു. കര്‍ഷകരില്‍ നിന്നു സംഘടിപ്പിക്കുന്ന തേനില്‍ കറ്റാര്‍വാഴ ഇലയിലെ തൊലിമാറ്റി ജെല്ല് മുറിച്ച് ഒന്നു രണ്ടു ദിവസം ഇട്ടശേഷം കഴിക്കുന്ന പതിവുണ്ട്. സിമന്റുചട്ടികളില്‍ മണ്ണും ചാണകപ്പൊടിയുമിട്ടാണ് കറ്റാര്‍വാഴ നടുന്നത്. പിന്നെ അധികം വളം നല്‍കാറില്ല.

വിരമിക്കാത്ത കൃഷി

1987 മുതല്‍ 2002 വരെ ആലപ്പുഴ ജില്ലയിലെ കാര്‍ഷിക ഗ്രാമമായ കഞ്ഞിക്കുഴിയിലെ കൃഷിഓഫീസറായിരുന്നു വിശ്വന്‍. കഞ്ഞിക്കുഴിയിലെ ചൊരിമണലില്‍ ഒന്നും വിളയില്ലെന്ന വിശ്വാസത്തെ തച്ചുടച്ച് കാര്‍ഷിക ഗ്രാമമാക്കിയതിനു പിന്നില്‍ വിശ്വന്റെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.പി. സ്വാതന്ത്ര്യവുമായി ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൊരിമണലില്‍ കൃഷിഗാഥകള്‍ രചിച്ചു. അതിനു ശേഷം നാളികേരവികസന ബോര്‍ഡില്‍ കൃഷി ഓഫീസറായിരിക്കുമ്പോഴും നിലവില്‍ കഞ്ഞിക്കുഴി ബ്ലോക്കിലെ അഗ്രോസര്‍വീസ് ഫെസിലിറ്റേറ്ററായി ജോലിനോക്കുമ്പോഴുമെല്ലാം വീട്ടിലെ കൃഷിയും മനസിലുണ്ടായിരുന്നു. ഡ്വാര്‍ഫും(കുറിയ), ടോളും(പൊക്കമുള്ള) സംയോജിക്കുന്ന അത്യുത്പാദനശേഷിയുള്ള തെങ്ങുകളാണ് ഡിഃറ്റി. ഇതും മലയന്‍ ഓറഞ്ച്, മലയന്‍ പച്ച എന്നീ തെങ്ങിനങ്ങളുമാണ് കരപ്പുറം നാളികേര ഉത്പാദക കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ വിശ്വന്‍ വളര്‍ത്തുന്നത്. നാലുവര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം കായ്ക്കുമെന്ന് ചൊട്ടവന്ന ഒരു കുള്ളന്‍ തെങ്ങു ചൂണ്ടിക്കാട്ടി ഇദ്ദേഹം പറയുന്നു. തെങ്ങുകളില്‍ കീടനിരീക്ഷണമാണു പ്രധാനം. ഉയരം കുറഞ്ഞ തെങ്ങുനടുന്നത് പരിപാലനവും വിളവെടുപ്പും സുഗമമാക്കും. വലിപ്പമുള്ള ഇവയുടെ തേങ്ങയില്‍ നിന്ന് നല്ലരീതിയില്‍ എണ്ണയും ലഭിക്കും. ജൈവവളങ്ങള്‍ അടിവളമായും രാസവളങ്ങള്‍ മേല്‍വളമായും നല്‍കിയാണ് വിശ്വന്റെ തെങ്ങുപരിപാലനം. ഈ രീതിയില്‍ വിളയിക്കുന്നത് ശാസ്ത്രീയമാണ്. ജൈവവളങ്ങള്‍ നല്‍കാതെ രാസവളങ്ങള്‍ മാത്രം നല്‍കുന്ന രീതിയാണ് അശാസ്ത്രീയമെന്ന് ഇദ്ദേഹം പറയുന്നു. നാളികേര കൃഷി പുനരുജ്ജീവനത്തിന്റെ ഭാഗമായി കമ്പനി മുഖേന ഒരു ലക്ഷത്തോളം തൈകളാണു കര്‍ഷകര്‍ക്കു നല്‍കിയത്.


അല്‍പം കമ്പനിക്കാര്യം

നാളികേര വികസനബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഉത്പാദക കമ്പനി നഷ്ടത്തിലാണ്. നീരയും വെളിച്ചെണ്ണയുമാണ് പ്രധാന ഉത്പന്നങ്ങള്‍. നീര വിപണി ഏതാണ്ട് തളര്‍ന്ന മട്ടാണ്. ഉരുക്കുവെളിച്ചെണ്ണക്കു ഡിമാന്‍ഡുണ്ട്. എങ്കിലും നമ്മള്‍ ഉപയോഗിക്കുന്നത് തമിഴ്‌നാട്ടിലെ കങ്കായത്തു നിന്നു വരുന്ന മായം കലര്‍ന്ന വെളിച്ചെണ്ണയാണ്. ഒരു ബ്രാന്‍ഡ് മായം കണ്ടെത്തി നിരോധിക്കുമ്പോള്‍ മറ്റൊരു ബ്രാന്‍ഡില്‍ അതേ വെളിച്ചെണ്ണ നാട്ടിലെത്തുന്നു. നാളികേര ഉത്പാദകകമ്പനികളെ ഉഷാറാക്കായില്‍ നല്ല വെളിച്ചെണ്ണ ഉപഭോക്താക്കള്‍ക്കു നല്‍കാനാകും. ഒപ്പം കര്‍ഷകര്‍ക്കും മെച്ചമുണ്ടാകും. തെങ്ങിലെ പ്രധാന വില്ലന്‍ ചെല്ലിയാണ്. നെല്ലിന് ഡ്രോണ്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണമൊക്കെ ആലോചിക്കുന്ന സര്‍ക്കാന്‍ തെങ്ങിലും കൂടി ഇത്തരം രീതികള്‍ പരീക്ഷിക്കണം.

തെങ്ങിന് ഇടവിളയായി വാഴ

തെങ്ങിന് ഇടവിളയായി വാഴയാണ് പ്രധാനമായി വിശ്വന്‍ നട്ടിരിക്കുന്നത്. നേന്ത്രന്‍, പാളയംതോടന്‍, ഞാലിപ്പൂവന്‍ തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. ചാണകപ്പൊടിയും കരിയിലയും ഇട്ട കുഴിയിലാണു വാഴ നടുന്നത്. നട്ട് ഒരുമാസമാകുമ്പോള്‍ കോഴിവളം, ചാരം എന്നിവ നല്‍കും. രണ്ട്, മൂന്ന്, നാല് മാസങ്ങളില്‍ ആട്ടിന്‍ കാഷ്ഠവും ചാരവുമാണ് നല്‍കുക. പിന്നെ അധികം വളപ്രയോഗമില്ല. ഇങ്ങനെ പരിചരിച്ച ഏത്തവാഴ അഞ്ചാംമാസത്തില്‍ കുലച്ചെന്നു വിശ്വന്‍ പറയുന്നു. കണ്ടിച്ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കറിവേപ്പ്, ചെറുനാരകം തുടങ്ങി ഒരു വീട്ടിലേക്കു വേണ്ടതെല്ലാം വിശ്വന്‍ തന്റെ 50 സെന്റില്‍ വിളയിക്കുന്നു. എല്ലാ വിളകള്‍ക്കും ശീമക്കൊന്നയിലയും കരിയിലയും ചേത്തു പുതയിടുന്ന പതിവുമുണ്ട്. വീട്ടുകൃഷിക്ക് ഒരു മാതൃകയാണ് വിശ്വന്റെ 50 സെന്റ്. ഫോണ്‍: ടി.എസ്. വിശ്വന്‍- 9496884318.

ടോം ജോര്‍ജ്‌