നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്‍റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷണങ്ങളോടൊപ്പം നാടന്‍കാച്ചില്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് അതൊരു പോഷകാഹാരമാകും. പോഷക മൂലകങ്ങള്‍, അന്നജം, പൊട്ടാസ്യം, വിറ്റാമിന്‍ ബി- 6, മാംഗനീസ്, തയാമിന്‍, ഭക്ഷ്യനാരുകള്‍, വിറ്റാമിന്‍- സി എന്നിവ യാല്‍ സമൃദ്ധമാണ് കാച്ചില്‍.

മെച്ചപ്പെട്ട ഇനങ്ങള്‍ : നമ്മുടെ രാജ്യത്ത് പലതരം കാച്ചിലുകള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും പ്രചാരമേറെയുള്ളത് നാടന്‍ കാച്ചിലിനാണ്. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം(സിടിസിആര്‍ഐ) നാടന്‍ കാച്ചിലിന്റെ വ്യത്യസ്ത ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ശ്രീ നീലിമ, ശ്രീ നിധി, ഭു സ്വര്‍ എന്നിവ ഇതിലെ ജനപ്രീയ നാടന്‍ കാച്ചിലിനങ്ങളാണ്.

കേരളത്തില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് മഴക്കാല നാടന്‍ കാച്ചില്‍ കൃഷി ആരംഭിക്കുന്നത്. ആവശ്യത്തിനു സൂര്യപ്രകാശമുള്ള തെങ്ങിന്‍ തോട്ടങ്ങളില്‍ ഇത് അനുയോജ്യമായ ഒരു ഇടവിളയാണ്. മഞ്ഞള്‍, ചോളം, തുവരപരിപ്പ് മുതലായവയ്‌ക്കൊപ്പം അന്ധ്രാപ്രദേശില്‍ ഒരു ഇടവിളയായി കാച്ചില്‍ കൃഷിചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ നാടന്‍ കാച്ചില്‍ (ഡയോസ്‌കോറിയ അലേറ്റ) ഒരു വാണിജ്യ വിളയായി 27,000 ഹെക്ടര്‍ സ്ഥലത്തു കൃഷിചെയ്യുന്നു. ഈ കിഴങ്ങുവര്‍ഗവിളയുടെ മൊത്തം ഉത്പാദനം 7.5 ലക്ഷം ടണ്ണും ശരാശരി വിളവ് ഹെക്ടറൊന്നിന് 28 ടണ്ണുമാണ്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലെ 44 ജില്ലകളിലാണ് വ്യാപകമായി കാച്ചില്‍ കൃഷി നടക്കുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, അസം, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, എന്നീ സംസ്ഥാനങ്ങളിലാണ് കാച്ചില്‍ പ്രധാനമായി കൃഷിചെയ്യുന്നത്.

കൃഷി ചെയ്യാന്‍ 'എസ്എസ്എന്‍എം'

ഇന്ത്യയില്‍ നാടന്‍ കാച്ചില്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലേക്കായി സിറ്റിസിആര്‍ഐ സ്ഥാനാധിഷ്ഠിത പോഷക പരിപാലനത്തിനായി കാച്ചിലിന്റെ വളമിശ്രിതവും മൈക്രോഫുഡ് മിശ്രിതവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രധാന കിഴങ്ങുവര്‍ഗ വിളകള്‍ ക്കായും നാടന്‍ കാച്ചിലിനായും തയാറാക്കിയ മൈക്രോഫുഡ് (മൈക്രോ ണോള്‍) നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ മധുര ആസ്ഥാനമായിട്ടുള്ള ലിംഗാ കെമിക്കല്‍സ് എന്ന കമ്പനിക്ക് കൈമാറുകയും അവര്‍ അതു വിപണിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. നാടന്‍ കാച്ചില്‍ ഇനങ്ങളുടെയും, മറ്റു കിഴങ്ങുവര്‍ഗവിളകളുടെയും വലിയ തോതിലുള്ള ഉത്പാദനത്തിനായി ഈ ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഇക്കോഷോപ്പുകളില്‍ ലഭ്യമാണ്. സൂക്ഷ്മ മൂലകങ്ങളുടെ കുറവു പരിഹരിക്കുന്നതിനും മണ്ണിന്റെയും വിളയുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ഉത്പാദനം 10-15 ശതമാനം വരെ ഉയര്‍ത്തുന്നതിനും ഇതു സഹായിക്കും.

നിര്‍ദിഷ്ട രാസവളവും മൈക്രോഫുഡ് (മൈക്രോണോള്‍) മിശ്രിതവും ഉപയോഗിക്കുന്നതു മൂലം, നല്ല ഗുണമേന്മയും തൂക്കവുമുള്ള കാച്ചില്‍ ലഭിക്കും. അതുവഴി കര്‍ഷകരുടെ വരുമാനം ഗണ്യമായി വര്‍ധിക്കും.

രോഗങ്ങളും പരിഹാരവും

ആന്ത്രാക്‌നോസ്: ഈ രോഗം മണ്ണിലുള്ള 'കൊളറ്റോട്രിക്കം ഗ്ലിയോസ്‌പോറിയോയിഡ്‌സുകള്‍' എന്ന കുമിള്‍ മൂലമാണ് ഉണ്ടാകുന്നത്. ആദ്യം ഇലകളിലും തണ്ടുകളിലും തവിട്ടു നിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്നു. ഇലകള്‍ പൂര്‍ണ വലിപ്പത്തിലെത്തുമ്പോള്‍ ഈ പാടുകള്‍ വലുതാകുന്നു. ഇലകളുടെ അഗ്രഭാഗം ഇളംമഞ്ഞ നിറത്തിലാവുകയും തുടര്‍ന്ന് ഇലകളില്‍ കരിഞ്ഞ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം ബാധിച്ച ഇലകള്‍ സാധാരണയായി കൊഴിഞ്ഞു വീഴും. പ്രകാശസംശ്ലേഷണ കാര്യക്ഷമതയെ ബാധിക്കുന്നതിനാല്‍ വിളവു കുറയും.


രോഗനിയന്ത്രണ മാര്‍ഗങ്ങള്‍

1. രോഗമുക്തമായ ചെടികളില്‍ നിന്നുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുക.
2. രോഗം ബാധിച്ച ഭാഗങ്ങള്‍, അവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യുക
3. ആഴത്തില്‍ മണ്ണ് ഉഴുതുമറിക്കുന്നതു രോഗവ്യാപനം കുറയ്ക്കും.
4. ശരിയായ നീര്‍വാര്‍ച്ചാ സൗകര്യങ്ങള്‍ ഒരുക്കുക, വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കുക.
5. നടീല്‍ വസ്തുക്കള്‍ ട്രൈക്കോഡര്‍മ ആസ്‌പെറല്ലം കലര്‍ത്തിയ ചാണക പാലില്‍ നടുന്നതിനു മൂന്നു ദിവസം മുമ്പു മുക്കിവയ്ക്കുക.

കാര്‍ബെന്‍ഡാസിം 0.05 ശതമാനം സ്‌പ്രേ ചെയ്യുക.

വിളവെടുപ്പ്: നടീലിനുശേഷം ഏകദേശം 9-10 മാസമാകുമ്പോള്‍ വിളവെടുക്കാം. ഒരു ഹെക്ടറിന് 25-30 ടണ്ണാണ് ശരാശരി വിളവ്. ഇല പൂര്‍ ണമായും മഞ്ഞളിച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുപ്പിനു പാകമാകുന്നു. വിളവെടുപ്പു സമയത്ത് കിഴങ്ങുകള്‍ക്കു കേടുപാടുകള്‍ വരാതിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. കേടുപാടുകളില്ലാത്ത കിഴങ്ങുകള്‍ വിപണനത്തിന് അനുയോജ്യമാണ്.

സംഭരണ രീതി: പൂര്‍ണ വളര്‍ച്ചയെത്തിയതും രോഗമുക്തവും, ഗുണനിലവാരമുള്ളതുമായ കാച്ചില്‍ മാത്രമെ സംഭരണത്തിനു പയോഗിക്കാവൂ. സംഭരണ സ്ഥലം വായു സഞ്ചാരമുള്ളതും തണുപ്പുള്ളതുമായിരിക്കണം. കിഴങ്ങുകള്‍ ഒരൊറ്റ പാളിയായി അടുക്കി സൂക്ഷിക്കണം. സംഭരണ സ്ഥലം അപര്യാപ്തമെങ്കില്‍ രണ്ടടുക്കുകളാക്കാം.

വിപണനം: കിഴങ്ങു വിപണി പ്രാദേശികമാണ്. ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ചെറിയതോതില്‍ കയറ്റുമതിയുണ്ട്.

കേരളത്തില്‍ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകളില്‍ ഏറ്റവും കൂടുതല്‍ ലാഭം തരുന്ന ഒരു വിളയായ നാടന്‍ കാച്ചില്‍ കൃഷി കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളാ ണിനി വേണ്ടത്.

ഭൂ സ്വര്‍

പുറത്തിറക്കിയ വര്‍ഷം : 2017
കാലാവധി : 6-7 മാസം
വിളവ് : 20-25 ടണ്‍/ഹെക്ടര്‍
അന്നജം (%) : 18-20
നല്ല പാചക ഗുണം,
ഹ്രസ്വകാല ഇനം

ശ്രീ നീലിമ

പുറത്തിറക്കിയ വര്‍ഷം : 2015
കാലാവധി : 9 മാസം
വിളവ് : 35 ടണ്‍/ഹെക്ടര്‍
അന്നജം (%) : 18.1
ഉയര്‍ന്ന ആന്തോസയാനിന്‍,
നല്ല പോഷകമൂല്യം.

ശ്രീ നിധി

പുറത്തിറക്കിയ വര്‍ഷം : 2018
കാലാവധി : 8-9 മാസം
വിളവ് : 35 ടണ്‍/ഹെക്ടര്‍
അന്നജം (%) : 23.2
നല്ല പാചക ഗുണം, ആന്ത്രാക്‌നോസ് രോഗം കുറവ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ. ജി. ബൈജു, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ശ്രീകാര്യം, തിരുവനന്തപുരം 695017, കേരള.

ജി. ബൈജു, ഡി.ജഗനാഥന്‍
ബി.ജി. സംഗീത, എ.വി.വി.കൗണ്ടിന്യ

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ശ്രീകാര്യം, തിരുവനന്തപുരം
ഇ-മെയില്‍:[email protected]
ഫോണ്‍: 94477 40552.