പച്ചമുട്ടയ്ക്കു പിന്നില്‍
പച്ചമുട്ടയ്ക്കു പിന്നില്‍
കഴിഞ്ഞ മേയ് പത്തിനാണ് കൗതുകമുള്ള ആ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായത്. മലപ്പുറം ഒതുക്കുങ്ങലിലെ ഷിഹാബുദീന്റെ വീട്ടിലെ കോഴികളിടുന്ന മുട്ടകളുടെ ഉണ്ണിക്ക് പച്ചനിറമാണെന്നതായിരുന്നു അത്. ഇതു ജനിതകമാറ്റം മൂലമാണെന്ന ഉടമയുടെ അഭിപ്രായം ചെറിയരീതിയില്‍ ആശങ്കകളും പരത്തി. മുട്ട ഭക്ഷിക്കുന്നതിലെ സുരക്ഷയെപ്പറ്റിയുള്ളചര്‍ച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ കൊഴുക്കുകയും ചെയ്തു. മുട്ടയുടെ മഞ്ഞക്കരു പേരുപോലെ തന്നെ മഞ്ഞനിറത്തിലാണു കാണപ്പെടുക. തീറ്റയിലെ കരോട്ടിനോയിഡുകള്‍ കൂടുന്നതനുസരിച്ച് ഇത് ഓറഞ്ചുനിറം വരെയാകാറുണ്ട്. ഇത്തരത്തില്‍ മഞ്ഞക്കരുവിന്റെ നിറം മാറ്റത്തിനു കാരണം തീറ്റയിലൂടെയുള്ള ഏതോ ഘടകമായിരിക്കുമെന്ന് വെറ്ററിനറി സര്‍വകലാശാല തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ കോഴികള്‍ക്ക് സാധാരണ തീറ്റയാണു നല്‍കുന്നെതെന്നും വിവിധ ഇനം ഫാന്‍സി കോഴികളുമായി നാടന്‍ കോഴികള്‍ ക്രോസ് ചെയ്തതു മൂലമാണ് ഈ നിറം മാറ്റമെന്നുമുള്ള ഷിഹാബുദീന്റെ രണ്ടാമത്തെ സംശയം വീണ്ടും വൈറലായി. വെറ്ററിനറി സര്‍വകലാശാല വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചു.

സര്‍വകലാശാലാ വൈസ്ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം ഞാനും മറ്റു രണ്ടു ശാസ്ത്രജ്ഞരും മേയ് 12 നു ശിഹാബുദീന്റെ വീടും കോഴിഫാമും സന്ദര്‍ശിച്ചു. മലപ്പുറത്തെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

പച്ചമുട്ടയിടുന്ന ആറു കോഴികളും മൂന്നു പൂവനും കുറച്ചു കോഴിക്കുഞ്ഞുങ്ങളും മാത്രമാണ് ശിഹാബുദീന്റെ ഫാമിലു ണ്ടായിരുന്നത്. തീറ്റയിലൂടെയേ മഞ്ഞക്കരുവിന്റെ നിറം മാറൂയെന്ന് അറിയാമായിരുന്നെങ്കിലും അത്തരം സാധ്യതകള്‍ ശിഹാബുദീന്‍ തള്ളിക്കളഞ്ഞു. ഭക്ഷണത്തില്‍ നിന്നു വന്ന മാറ്റമാണോ എന്നറിയാന്‍ ശിഹാബുദീന്റെ കോഴികളില്‍ പാതിപേര്‍ക്ക് സര്‍വകലാശാല നിര്‍മിച്ച സാന്ദ്രീകൃത തീറ്റ നല്‍കാ നും ബാക്കി പാതിക്ക് നിലവിലെ ഭക്ഷണരീതി തുടരാനും നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച കഴിഞ്ഞ് മുട്ടയുടെ നിറം മാറുകയാണെങ്കില്‍ സര്‍വകലാശാലയെ അറിയിക്കാന്‍ ആവശ്യപ്പെട്ടശേഷം ഞങ്ങള്‍ മടങ്ങി.


തുടര്‍ന്നു സര്‍വകലാശാലയിലെ പൗള്‍ട്രി സയന്‍സ് ഉന്നത പഠനകേന്ദ്രവും മറ്റു പഠന വിഭാഗങ്ങളും ചേര്‍ന്ന് ഈ വിഷയം കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം കോഴികളുടെ രക്തവും മറ്റുമെടുത്ത് പഠിക്കാനായി രണ്ടു പിടക്കോഴികളെ ശിഹാബുദീന്റെ വീട്ടില്‍ നിന്നു സര്‍വകലാശാലയിലെത്തിച്ചു. തുടര്‍ന്ന് അവയ്ക്കും സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന സാന്ദ്രീകൃത തീറ്റ നല്‍കി. മുട്ടയുടെ ഉണ്ണിയിലെ ഘടകങ്ങളെ കുറിച്ചു പഠിക്കാന്‍ സര്‍വകലാശാലയുടെ സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലാബിനെയും നിയോഗിച്ചു.

കാര്യങ്ങള്‍ ഈ വിധം പുരോഗമിക്കുന്നതിനടയില്‍ മേയ് 24നു ഷിഹാബുദീന്റെ വിളിയെത്തി. സാന്ദ്രീകൃത തീറ്റ തിന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ മുട്ടകളുടെ ഉണ്ണി മഞ്ഞനിറമായെന്നും ജനിതക വ്യതിയാനമാണെന്ന ആശ ങ്ക അസ്ഥാനത്തായെന്നും ശിഹാബുദീന്‍ സര്‍വകലാശാലയെ അറിയിച്ചു. തുടര്‍ന്ന് പഠനസംഘം സര്‍വകലാശാലയില്‍ പാര്‍പ്പിച്ചിരുന്ന കോഴികളുടെ മുട്ടകള്‍ കൂടി പൊട്ടിച്ചു നോക്കി നിറം മാറ്റം സ്ഥിരീകരിക്കകുയും ചെയ്തു.

1930 തുകളില്‍ തന്നെ കൊഴുപ്പില്‍ അലിയുന്ന നിറങ്ങള്‍ മൂലം മുട്ടയുടെ ഉണ്ണിയുടെ നിറം പച്ചയാകുമെന്ന് ശാസ്ത്രലേഖനങ്ങള്‍ വന്നിരുന്നു. കൂടാതെ കടുക് വര്‍ഗത്തിലുള്ള ചില ചെടികള്‍, ഗ്രീന്‍പീസ്, പരുത്തിക്കുരു എന്നിവ അധികമായി ഭക്ഷിച്ചതു മൂലവും മുട്ടയുടെ ഉണ്ണിക്കു പച്ചനിറം ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഷിഹാബുദീന്റെ കോഴികളില്‍ ഇതിലേതാണ് നിറം മാറ്റത്തിനു കാരണമായതെന്നു മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ലാബ് ടെസ്റ്റുകള്‍ കൂടി കഴിയുന്ന മുറയ്ക്ക് ഇതിനൊരുത്തരം നല്‍കാന്‍ സര്‍വകലാശാലയ്ക്കു സാധിക്കും. അതുവരെ നമുക്കു കാത്തിരിക്കാം.

ഡോ. ഹരികൃഷ്ണന്‍ എസ്.
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി സര്‍വകലാശാല, തൃശൂര്‍
ഫോണ്‍: 94464 43 700.