ഷിന്‍റുവിന്‍റെ സ്വപ്നവും ടെറസിലെ മുന്തിരിയും
ഷിന്‍റുവിന്‍റെ സ്വപ്നവും ടെറസിലെ മുന്തിരിയും
ആ ചിലര്‍ എന്തുവലിച്ചെറിഞ്ഞാലും മുളപൊട്ടും. അതാണു കൈപ്പുണ്യം. മൂലമറ്റം, കുടയത്തൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് എല്‍പി സ്‌കൂളിലെ താത്കാലിക അധ്യാപികയായിരുന്ന ഷിന്റു പുതുപ്പറമ്പിലിന്റെ മനസില്‍ ഉദിച്ച കൊച്ചുസ്വപ്‌നമായിരുന്നു മുന്തിരി വള്ളികളെ താലോലിക്കുകയെന്നത്. അത് ഇത്രത്തോളം വളര്‍ന്നു പടര്‍ന്നു പന്തലിക്കുമെന്ന് സ്വപ്‌നത്തില്‍പോലും ചിന്തിച്ചതല്ല.

പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം കിട്ടിയതുപോലെയാണ് ഷിന്റുവിനിന്ന്. മുട്ടം മാത്തപ്പാറ പുതുപ്പറമ്പില്‍ ബാബു - ഷീല ദമ്പതികളുടെ മകളായ ഷിന്റുവിന് 2018-ല്‍ നടന്ന മലങ്കര ഫെസ്റ്റിലെ സ്റ്റാളില്‍ നിന്നാണ് മുന്തിരിത്തൈ ലഭിച്ചത്. സഹോദരന്‍ ബിബിനാണ് തൈവാങ്ങി നല്‍കിയത്. 50 രൂപയായിരുന്നു തൈയുടെ വില.

വീടിനു പിന്‍വശത്തു കുഴിച്ചുവച്ചതൈ ആദ്യവര്‍ഷം തന്നെ ഫലം ചൂടി. ഈ വര്‍ഷം പന്തല്‍നിറയെ മുന്തിരിക്കുലകള്‍ നിറഞ്ഞു കിടക്കുകയാണ്. ടെറസിലേക്കു പടര്‍ന്നെത്തിയ വള്ളികള്‍ പന്തലിനുള്ളില്‍ കുലച്ചുനില്‍ക്കുന്നത് ആരുടെയും മനം കവരും.

മുന്തിരിച്ചെടിയുടെ വളര്‍ച്ചയ്ക്കായി ചെയ്തത് ഇത്തിരിക്കാര്യം മാത്രം. അല്‍പം ചാണകപ്പൊടിയും മുട്ടത്തൊണ്ടും മണ്ണില്‍ ചേര്‍ത്തുകൊടുത്തു- അത്രമാത്രം. എന്നിട്ടും വിളവു നൂറുമേനി. അതാണ് മുന്തിരിച്ചെടികാണാന്‍ എത്തുന്നവരെ വിസ്മയിപ്പിക്കുന്നത്.


ഇസ്രായേലില്‍ നഴ്‌സായി ജോലി ചെയ്യുന്ന മൂത്ത സഹോദരന്‍ ഷിബിന്‍ ഇടയ്ക്കിടെ മുന്തിരിക്കാര്യം ചോദിക്കുമ്പോള്‍ ഷിന്റുവിന്റെ സന്തോഷം ഇരട്ടിയാകും. ഇടുക്കി ജില്ലയിലെ ലോ റേഞ്ചിലെ ചൂടുള്ള കാലാവസ്ഥയില്‍ നിറഫലങ്ങളുമായി നില്‍ക്കുന്ന മുന്തിരിവള്ളികള്‍ കാര്‍ഷിക വിദഗ്ധര്‍ക്കുള്‍പ്പെടെ കൗതുകവും വിജ്ഞാനവും പകരുകയാണ്.

ഷിന്റുവിന്റെ വീടിനോടു ചേര്‍ന്നുള്ള 15 സെന്റു സ്ഥലം ജൈവവൈവിധ്യത്തിന്റെ വിളഭൂമിയാണ്. ഇവിടെ പയര്‍, പടവലം, കോവല്‍, മാവ്, പ്ലാവ്, ചീര, മരച്ചീനി, റമ്പുട്ടാന്‍, മാതള നാരകം, പുല്‍കൃഷി എന്നിവയെല്ലാമുണ്ട്. ഇതിനു പുറമേ എച്ച്എഫ് ഇനത്തില്‍പെട്ട രണ്ടു പശു, ഏഴ് ആട്, മൂന്നു നാടന്‍ എരുമകള്‍ എന്നിവയെല്ലാം വളര്‍ത്തുന്നു. കൃഷിയോടും മൃഗങ്ങളോടുമുള്ള മമത - അതാണ് ഷിന്റുവിന്റെ മനസിന്റെ താളം.

ഇനിയും പുതിയഇനം പച്ചക്കറികളും വിവിധ വിളകളും കൃഷിചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഷിന്റു പറയുമ്പോള്‍ ഈ പെണ്‍ കരുത്ത് നാടിന് ഉണര്‍ത്തുപാട്ടായി മാറുകയാണ്.
ജോയി കിഴക്കേല്‍, ഫോണ്‍: 944 69 34138.

ജോയി കിഴക്കേല്‍