ടെറസില്‍ ബെര്‍ ആപ്പിള്‍ പൂക്കുമ്പോള്‍
ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പപ്പായ പിന്നെ വിവിധ ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡും ആന്തൂറിയവും! തിരുവനന്തപുരം സ്റ്റാച്യുവില്‍ നിന്നും അധിക ദൂരമില്ല ജോര്‍ജ് വര്‍ഗീസിന്റെ ആലിങ്കീഴില്‍ വീടിന്റെ ടെറസിലേക്ക്. ആരും ഒന്ന് അമ്പരക്കുന്ന തരത്തിലാണ് ജോര്‍ജ് വര്‍ഗീസ് തന്റെ ടെറസില്‍ പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചിരിക്കുന്നത്. കേരളത്തിന് അത്ര പരിചിതമല്ലാത്ത ബെര്‍ ആപ്പിളാണ് ഇപ്പോള്‍ ഈ വീടിന്റെ അഴക്. സ്റ്റാച്യുവിനു സമീപം വഞ്ചിയൂര്‍ ചിറക്കളം റോഡിലൂടെ പോകുന്ന എല്ലാവരുടെയും ശ്രദ്ധ ഇപ്പോള്‍ ഈ ബെര്‍ ആപ്പിള്‍ മരത്തിലാണ്.

ബെര്‍ ആപ്പിളിന്റെ വിശേഷത്തിലേക്ക്

2014- ലിലാണ് ജോര്‍ജ് വര്‍ഗീസിന് തന്റെ മട്ടുപ്പാവില്‍ ഒരു ബെര്‍ ആപ്പിള്‍ നടണമെന്ന ആശയമുദിച്ചത്. പച്ചനിറവും പഴത്തിന്റെ ആകൃതിയുമെല്ലാമായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത്. വിദേശത്തേക്കു കയറ്റി അയയ്ക്കുന്നതിനായി തൃശൂരിലെ ഒരു നഴ്‌സറിയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ച തൈകളില്‍ മിച്ചം വന്ന ഒരു തൈ ആയിരുന്നു അദ്ദേഹം വാങ്ങി നട്ടത്. 1000 രൂപയായിരുന്നു വില. മട്ടുപ്പാവില്‍ ഇതിനായി പ്രത്യേകം തയാറാക്കിയ സ്ഥലത്തായിരുന്ന തൈ നട്ടത്. ഒന്നരയാള്‍ പൊക്കമായപ്പോഴേക്കും കായ്ച്ചു തുടങ്ങി. ആദ്യം കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് കായ്ഫലം കൂടി വന്നു. ഇത്തവണ 30-35 കിലോയോളം ആപ്പിളാണ് ലഭിച്ചത്. സാധാരണ മണ്ണില്‍ നട്ടാല്‍ ഇതിലും വലിയ കായ്ഫലം ലഭിക്കുമെന്നാണ് ജോര്‍ജ് വര്‍ഗീസ് പറയുന്നത്. എന്നാല്‍ ആപ്പിള്‍ മാര്‍ക്കറ്റില്‍ കൊടുക്കാനുള്ള താത്പര്യമൊന്നും ജോര്‍ജ് വര്‍ഗീസിനില്ല. വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കുമെല്ലാം കൊടുക്കുകയാണ് പതിവ്. ഈ കൗതുക കാഴ്ച കാണാനെത്തുന്ന നാട്ടുകാരും നിരവധി.

അല്‍പം കുടുംബ ചരിത്രം

റാംനേസ്യ കുടുംബത്തില്‍പ്പെടുന്ന ബെര്‍ആപ്പിളിന്റെ ശാസ്ത്രനാമം റിസൈഫസ് മൗറിറ്റിയാന എന്നാണ്. ആപ്പിളിന്റെ ആകൃതിയുള്ള പഴമായതിനാലാണ് ഇതിനു ബെര്‍ ആപ്പിള്‍ എന്നു പേരുവന്നത്. ഇലന്തപ്പഴം എന്നാണ് തമിഴില്‍ ഇതിനെ വളിക്കുന്നത്. ഇന്ത്യന്‍ പ്ലം എന്നും ചൈനീസ് ആപ്പിളെന്നുമെല്ലാം ഇതിനു പേരുണ്ട്. വെസ്റ്റ് ഇന്ത്യന്‍ ചെറിയുടെ വലുപ്പമാണ് ഈ പഴത്തിനുള്ളത്. ഇളം മഞ്ഞ കലര്‍ന്ന പച്ചനിറമുള്ള പൂക്കളാണ് ബെര്‍ ആപ്പിളിന്റേത്. വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ബെര്‍ ആപ്പിള്‍ കൂടുതല്‍ മഴയുള്ള പ്രദേശങ്ങൡലാണ് കൂടുതലായും വളരുന്നത്. തണുപ്പുള്ള പ്രദേശങ്ങളും അനുയോജ്യമാണ്. ക്ഷാരസ്വഭാവമുള്ള മണ്ണിലാണ് ബെര്‍ ആപ്പില്‍ നല്ല ഫലം തരിക.


പോഷക സമ്പുഷ്ടം

വൈറ്റമിന്‍ സി,ബി എന്നിവയുടെ കലവറയാണ് ബെര്‍ആപ്പിള്‍. അയണ്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ബെര്‍ ആപ്പിള്‍ പച്ചയ്‌ക്കോ ഉണക്കിയോ കഴിക്കാം. ജാം, വൈന്‍ എന്നിവ ഉണ്ടാക്കുന്നതിനും അച്ചാറിടുന്നതിനും ഇത് അനുയോജ്യമാണ്. പ്രമേഹരോഗികള്‍ക്കും യഥേഷ്ടം കഴിക്കാമെന്നതതിനാല്‍ ഏറെ വിപണന സാധ്യതയുള്ള പഴവര്‍ഗം കൂടിയാണിത്.


കൃഷിരീതി

13 മീറ്ററോ അതില്‍ കൂടുതലോ ഉയരത്തില്‍ വളരുന്നതിനു ബെര്‍ ആപ്പിള്‍ മരത്തിനു സാധിക്കും. അതുകൊണ്ടുതന്നെ നടുമ്പോള്‍ ശ്രദ്ധിക്കണം. ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നടുന്നതിന് അനുയോജ്യം. വിത്തു നട്ടു മുളപ്പിച്ചാലും നല്ലതാണ്, എന്നാല്‍ ഫലം ലഭിക്കാന്‍ വൈകും. ഗ്രാഫ്റ്റ് ചെയത തൈകളാണെങ്കില്‍ രണ്ട്-രണ്ടര വര്‍ഷം കൊണ്ട് പൂത്തു തുടങ്ങും. നല്ല സൂര്യപ്രകാശവും വെള്ളവും വളവും ലഭിച്ചാല്‍ നല്ല കായ്ഫലം ലഭിക്കും. വിളവെടുപ്പു കഴിഞ്ഞാല്‍ കൊമ്പുകള്‍ വെട്ടി വെള്ളവും വളവും നല്‍കണം. എങ്കിലേ പിന്നീട് നല്ല വിളവു ലഭിക്കൂ. വലിയ തോതില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു രണ്ടടി താഴ്ചയില്‍ കുഴിയെടുത്ത് വേപ്പിന്‍ പിണ്ണാക്ക്, ചാണകം, എല്ലുപൊടി എന്നിവ അടിവളമായി ഉപയോഗിച്ചു ചെടി നടാം. വളര്‍ന്നുവരുമ്പോള്‍ ഇടയ്ക്കിടെ കുമ്മായം ഇട്ടുകൊടുക്കുന്നതു നല്ലതാണ്.

വിളവെടുപ്പ്

കായ് നല്ലതുപോലെ മൂത്തശേഷം വിളവെടുക്കാം. പച്ചനിറം മാറി ഇളം മഞ്ഞ നിറമാകുമ്പോള്‍ വിളവെടുപ്പു നടത്തുന്നതാണ് കൂടുതല്‍ അനുയോജ്യം. കൂടുതല്‍ പഴുത്തു കഴിയുമ്പോള്‍ ഇളം മഞ്ഞ നിറം മാറി ചെറിയ ബ്രൗണ്‍ നിറമാകുകയും പഴത്തിനു രുചി കുറയുകയും ചെയ്യും.

ജോര്‍ജ് വര്‍ഗീസിന്റെ മട്ടുപ്പാവിലേക്ക്

ബെര്‍ ആപ്പിള്‍ മാത്രമല്ല മുന്തിരിയും ഓറഞ്ചുമെല്ലാമുണ്ട് ജോര്‍ജ് വര്‍ഗീസിന്റെ മട്ടുപ്പാവില്‍. അപൂര്‍വ ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡും ആന്തുറിയവുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. വിവിധയിനങ്ങളില്‍പ്പെട്ട റോസ് ചെടികളും ഇവിടത്തെ പ്രത്യേകതകളാണ്. അടുക്കളയിലേക്കു വേണ്ട നാടന്‍ തക്കാളി, കോവക്ക, വെണ്ട, പപ്പായ, പയര്‍, പാവല്‍, പച്ചമുളക് എന്നിവയെല്ലാം ജോര്‍ജ് വര്‍ഗീസിന്റെ മട്ടുപ്പാവിലുണ്ട്. അടുക്കളയില്‍ നിന്നും ലഭിക്കുന്ന മാലിന്യം തന്നെയാണ് മിക്കവയ്ക്കും വളമായി ഉപയോഗിക്കുന്നത്. ഓറഞ്ച് ചെടിയില്‍ ചെറിയ ഓറഞ്ചുകളുണ്ട്. വര്‍ഷങ്ങളായി മുന്തിരിയും വിളഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ കായ്കകളില്ല. ഇനി വെട്ടിയൊരുക്കിയാല്‍ മാത്രമേ കായ്കള്‍ വരൂ എന്നാണ് അദ്ദേഹം പറയുന്നത്.

കൃഷിയോടുള്ള താത്പര്യം

കൃഷിയോടു കുട്ടിക്കാലം മുതലേ ജോര്‍ജ് വര്‍ഗീസിനു വലിയ താത്പര്യമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്തും വീടിനടുത്ത് വളരുന്ന ചെടികളുടെ ഓരോ ചലനവും നോക്കിക്കാണുമായിരുന്നു. കൃഷിയോട് അന്നു തുടങ്ങിയ കൗതുകം അദ്ദേഹം ഇന്നും കാത്തുസൂക്ഷിക്കുന്നു. മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് സൂപ്രണ്ടായിരുന്ന ഭാര്യ സെലിന്‍ ജോര്‍ജിനും കൃഷിയില്‍ നല്ല താത്പര്യമാണ്. സാധാരണ ആപ്പിള്‍ മട്ടുപ്പാവില്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍.ഫോണ്‍: ജോര്‍ജ് വര്‍ഗീസ്-9446 044349

റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം
ഫോട്ടോ: രതീഷ് രവീന്ദ്രന്‍