മണലാരണ്യത്തില്‍ നിന്ന് ചെറുനാരക കൃഷിയിലേക്ക്‌
മണലാരണ്യത്തില്‍ നിന്ന് ചെറുനാരക കൃഷിയിലേക്ക്‌
നെടുമ്പാശേരിയിലെ 75 സെന്റിലെ 80 ചെറുനാരക മരങ്ങള്‍ നല്‍കുന്നത് വിളസമൃദ്ധിയാണ്. പപ്പായക്കൃഷി പരീക്ഷണം പരാജയപ്പെട്ടെങ്കിലും ചെറുനാരകം ചതിച്ചില്ല. വര്‍ഷത്തില്‍ എല്ലാസമയത്തും വിളവു നല്‍കി അനുഗ്രഹിക്കുന്നു. എറണാകുളം പൂവത്തുശേരിയിലെ ജോസിനു പറയാന്‍ ഏറെയുണ്ട്. കൃഷിയും ജീവിതവും പഠിപ്പിച്ച പാഠങ്ങള്‍. പ്രയാസങ്ങളില്‍ നിന്ന് പ്രതീക്ഷയിലേക്കും അവിടെനിന്ന് വിജയത്തിലേക്കുമെത്തിയ സമ്പദ്‌സമൃദ്ധിയുടെ പാഠങ്ങള്‍.

മനുഷ്യജീവിതം അങ്ങനെയാണ്. പലപ്പോഴായി പലവിധപ്രശ്‌നങ്ങളിലൂടെ,പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും. കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ ഉള്ള ഒരു യാത്രയാണു ജീവിതം. ഇവിടെ ആശ്വാസമാകുന്നതും മാനസിക സന്തോഷം നല്‍കുന്നതും കൃഷി തന്നെ. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുനീങ്ങി ഹരിതസമൃദ്ധിയിലൂടെ ജീവിതം ആനന്ദകരമാക്കിയ ഒരു പ്രവാസിയാണ് എറണാകുളം ജില്ലയിലെ പൂവത്തുശേരി തെക്കിനേടത്ത് ഡി. ജോസ്.

ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലിനോടു വിടപറഞ്ഞ് നാട്ടിലെത്തിയ ജോസ് ഫ്‌ളാറ്റ് നിര്‍മാണമേഖലയിലാണ് ആദ്യം ചുവടു വച്ചത്. അതിന്റെ മധുരവും കയ്പ്പും അനുഭവിച്ചശേഷമാണ് കൃഷിയിലേക്കു തിരിയുന്നത്. ജാതിയും തെങ്ങും വാഴയുമെല്ലാം പുരയിടകൃഷിയായി ഉണ്ടെങ്കിലും കേരളത്തില്‍ ആരും കൈവയ്ക്കാത്ത നാരക കൃഷിയിലൂടെയാണ് ഇദ്ദേഹം കാര്‍ഷികവിജയം നേടിയത്.

കൃഷിയുടെ തുടക്കം

ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ കൃഷി മാനസിക- ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുമെന്ന് ജോസ് പറയുന്നു. ഒരു പൂര്‍ണകര്‍ഷകനായി മാറുന്നത് 10 വര്‍ഷം മുമ്പാണ്. ഫ്‌ളാറ്റ് നിര്‍മാണത്തിനായി നെടുമ്പാശേരിയില്‍ വാങ്ങിയ 75 സെന്റ് സ്ഥലം തരിശു കിടന്ന് കാടുകയറിയപ്പോള്‍ തോന്നിയ ചെറിയൊരു ആശയം കാര്‍ഷിക രംഗത്തേക്കുള്ള വഴിയൊരുക്കിയെന്നു പറയാം. പറമ്പു കാടു പിടിക്കാതിരിക്കാന്‍ റെഡ്‌ലേഡി പപ്പായകൃഷി എന്ന തീരുമാനത്തില്‍ നിലം ഒരുക്കി. ചണകവും പിണ്ണാക്കുമെല്ലാം അടിവളമായി നല്‍കിയാണ് പപ്പായ തൈകള്‍ നട്ടത്. തായ്‌ലന്‍ ഡില്‍ നിന്നു വരുത്തിയ വിത്തു പാകി സ്വയം തൈകള്‍ ഉത്പാദിപ്പിച്ചാണ് കൃഷിക്കു തുടക്കമിട്ടത്. 70 ശതമാനത്തോളം വിത്തുകള്‍ മുളച്ചു. വേനല്‍ക്കാലത്ത് നനയും വര്‍ഷത്തില്‍ നാലു തവണ നാടന്‍ വളങ്ങളും നല്കി. ആദ്യഘട്ടത്തില്‍ വില്പന ബുദ്ധിമുട്ടായിരുന്നെങ്കിലും കൃഷി നഷ്ടമായിരുന്നില്ല. കൂടാതെ പറമ്പ് വൃത്തിയോടുകൂടി കിടക്കുന്നതും സസ്യങ്ങളെ കാണുന്നതുമെല്ലാം മനസിനു നല്‍കിയ സന്തോ ഷം എന്നും നിലനിര്‍ത്താന്‍ കൃഷി തുടരാന്‍ തന്നെ തീരുമാനിച്ചു.

പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി കൃഷിയിലേക്കു തിരിയുന്നവര്‍ വളരെ കുറവാണ്. പാരമ്പര്യ കാര്‍ഷിക അറിവുകള്‍ സൂക്ഷിക്കുന്ന ജോസ് ചെറുപ്പകാലം മുതലേ ഒരു കൃഷി സ്‌നേഹിയായിരുന്നു. വിഷമില്ലാത്ത അല്പം പഴക്കൃഷിയാകാം എന്ന ചിന്തയില്‍ തുടങ്ങിയ പപ്പായക്കൃഷി മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ ഉപേക്ഷിക്കേണ്ടിവന്നു. ഫംഗസ് രോഗമായിരുന്നു പ്രധാന കാരണം. ഒരു പരീക്ഷണമെന്ന നിലയിലാണ് ചെറുനാരക കൃഷി ആരംഭിച്ചത്.

കൃഷിയും പരിചരണവും

മുക്കാല്‍മീറ്റര്‍ ചതുരത്തിലും ആഴത്തിലുമെടുത്ത കുഴികള്‍ ചാണകവും കമ്പോസ്റ്റും പച്ചിലകളും മേല്‍മണ്ണുമിട്ട് നിറയ്ക്കണം. ഇതിനു നടുവിലാണ് ഒരു വര്‍ഷമെങ്കിലും പ്രായമായ നാരകതൈകള്‍ നടാന്‍. ചെടിയുടെ ചുവട്ടില്‍ വര്‍ഷക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. ആരോഗ്യമുള്ള നല്ല തൈകള്‍ നട്ടാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ പുഷ്പിച്ചു തുടങ്ങും.

ചെടികള്‍ പുഷ്പിച്ച് കായ്ഫലമുണ്ടാകാന്‍ ജീവനുള്ള മണ്ണു വേണം. മണ്ണിന് ആരോഗ്യമില്ലെങ്കില്‍ വളരുന്ന ചെടികള്‍ക്കും പോഷണക്കുറവുണ്ടാവും. ഇതു രോഗത്തെ വിളിച്ചു വരുത്തും. രാസവളങ്ങളും കീടനാശിനികളും താത്കാലിക ഊര്‍ജമാണ് നല്‍കുന്നത്. അവ മണ്ണിനെ സംരക്ഷിക്കാതെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം നഷ്ടപ്പെടുന്നതു മേല്‍മണ്ണാണ്. ലക്ഷണമൊത്ത ഫലഭൂയിഷ്ടമായ മണ്ണില്‍ 45 ശതമാനം ധാതുപദാര്‍ഥങ്ങളും അഞ്ചുശതമാനം ജൈവാംശവും 25 ശതമാനം വായു വും 25 ശതമാനം ഈര്‍പ്പവുമുണ്ടാകും. ഇതിന്റെ അളവു കുറയുമ്പോഴാണ് സസ്യങ്ങള്‍ക്ക് ആരോഗ്യക്കുറവും ഉത്പാദനക്കുറവുമെല്ലാം ഉണ്ടാകുന്നത്. കുറവുകള്‍ പരിഹരിച്ച് മണ്ണിനെ ആരോഗ്യത്തോടെ സംരക്ഷിച്ചാല്‍ കൃഷിയില്‍ നിന്ന് മികച്ച വിളവു നേടാന്‍ കഴിയുമെന്ന് ജോസ് പറയുന്നു. സ്വന്തമായി ഉണ്ടാക്കുന്ന വളമാണ് സസ്യങ്ങള്‍ക്ക് ജലസേചനത്തോടൊപ്പം നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം കൃഷിയിടത്തില്‍ തയാറാക്കുന്ന ജീവാമൃതം ഡ്രിപ്പ് ഇറിഗേഷനിലൂടെ നല്‍കുന്നു.


ഏകദേശം മൂന്നുമീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണ് നാരകം. നാരകച്ചെടികള്‍ ഇരുപത് അടി അകലത്തിലാണ് നട്ടിരിക്കുന്നത്. മണ്ണുത്തിയില്‍ നിന്നു വാങ്ങിയ 80 തൈകള്‍ ആദ്യവര്‍ഷം തന്നെ പുഷ്പിച്ചു. ഓരോ ചെടിയുടെ ചുവട്ടിലും ഒന്നരമീറ്റര്‍ ചുറ്റളവില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചിരിക്കുന്നു. കടുത്ത വേനലില്‍ മേല്‍മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും ജലസേചനം പരിമിതപ്പെടുത്താനും ഈ രീതികൊണ്ട് സാധിക്കുന്നു.

വിളവെടുപ്പ്

സാധാരണ ഗതിയില്‍ ചെറിയതോതില്‍ എപ്പോഴും പുഷ്പിക്കുന്ന ചെടിയാണ് ചെറുനാരകം. ചെടികള്‍ നിറയെ പുഷ്പിക്കുന്നത് തണുപ്പു തുടങ്ങുന്ന ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെയാണ്. ജൂണ്‍ മുതല്‍ പ്രധാനവിളവെടുപ്പു നടത്താം. പുഷ്പിച്ചു തുടങ്ങുന്ന ഒരു ചെടിയില്‍ നിന്ന് ആദ്യഘട്ടത്തില്‍ വളര്‍ച്ച അനുസരിച്ച് അരക്കിലോവരെ നാരങ്ങ ലഭിക്കും. അഞ്ചു വര്‍ഷമാകുന്നതോടെ ഒരു കിലോ മുതല്‍ അഞ്ചു കിലോവരെ ലഭിക്കും. വളര്‍ച്ച കൂടുന്തോറും ഉത്പാദനവും കൂടിക്കൊണ്ടിരിക്കും. ശാ സ്ത്രീയമായി കൃഷി ചിട്ടപ്പെടുത്തിയാല്‍ വളരെ ചെലവുകുറച്ച് മികച്ച വിളവു നേടാന്‍ കഴിയുന്ന ഒരു വിളയാണ് ചെറുനാരകം. ആഴ്ചതോറും വിളവെടുക്കുന്ന രീതിയാണ് ജോസി ന്റെ തോട്ടത്തിലുള്ളത്. പരിചരണത്തിനും വിളവെടുപ്പിനുമായി ഒരു ജോലിക്കാരനുണ്ട്.

വില്പന

വിറ്റാമിന്‍- സി സമൃദ്ധിയായി അടങ്ങിയിട്ടുള്ള ചെറുനാരങ്ങയില്‍ ധാതുലവണങ്ങള്‍, സിട്രിക് അമ്‌ളം, പൊട്ടാസ്യം, പേരിന് വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും ദഹനശക്തി വര്‍ധിപ്പിക്കാനും അണുനാശനത്തിനും മരുന്നായി ഉപയോഗിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ രുചി വര്‍ധനവിനും ദാഹശമനത്തിനായുള്ള പാനീയ നിര്‍മാണത്തിനും പ്രധാന ചേരുവയാണ്. എല്ലാക്കാലത്തും ഡിമാന്‍ഡുള്ള ഫലമാണെങ്കിലും വര്‍ഷക്കാലത്ത് വിലകുറയും. നെടുമ്പാശേരി, ആലുവ, അങ്കമാലി മേഖലകളിലെ കടകളിലാണ് കൂടുതലായും നല്‍കുന്നത്. എത്ര ഉണ്ടായാ ലും വില്പനയ്ക്കു ബുദ്ധിമുട്ടില്ല. വിഷമില്ലാത്ത ചെറുനാരങ്ങയുടെ രുചിയും ഗുണവും തിരിച്ചറിഞ്ഞവര്‍ വീണ്ടുമെത്തുന്നു. അമ്പതു രൂപമുതല്‍ 150 രൂപവരെ വിവിധഘട്ടങ്ങളിലായി ഒരു കിലോക്ക് ലഭിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും ഇരുപതു കിലോയ്ക്കു മുകളില്‍ വില്പനയുണ്ട്. പ്രധാന സീസണ്‍ കഴിഞ്ഞാല്‍ അഞ്ചുകിലോ വരെ കിട്ടുന്നുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും ഉത്പാദനം കൂടിക്കൊണ്ടിരിക്കുന്നു.

വിഷമില്ലാത്ത ഭക്ഷ്യവിളകള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും മാവുകളും മാതളവുമെല്ലാം സൂര്യപ്രകാശത്തിന്റെ ലഭ്യത നോക്കി കൃഷി ചെയ്തിട്ടുണ്ട്. വിശ്രമജീവിതത്തിന് കൂടുതല്‍ കരുത്തും ഉന്മേഷവും ആരോഗ്യവും നല്‍കുന്ന കൃഷിയില്‍ കൂടുതല്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് ജോസ്. ഫോണ്‍: 95628 32919.

നെല്ലി ചെങ്ങമനാട്