നാടന്‍ 365 ദിവസവും വി.പി. സുനിലിന്റെ വിഐപി കൃഷി
Tuesday, February 25, 2020 5:00 PM IST
ആലപ്പുഴ കഞ്ഞിക്കുഴിയിലെ നാട്ടുകര്‍ഷകരില്‍ വിഐപിയാണ് വി.പി. സുനില്‍. 365 ദിവസവും പച്ചക്കറിവേണോ സുനിലിന്റെ 9249333743 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. കാലങ്ങളായുള്ള കൃഷിയിലൂടെ ആര്‍ജിച്ച അനുഭവസമ്പത്ത്, ക്രമം തെറ്റാത്ത ചിട്ടയായ കൃഷി രീതികള്‍, കാലമറിഞ്ഞുള്ള കൃഷി- ഇത്തരത്തില്‍ ക്രമീകരിക്കുന്നതിനാല്‍ വരുമാനം തനിയെ എത്തും. വേനല്‍ക്കാലമായതോടെ തണ്ണിമത്തനിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ് സുനില്‍. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തന്‍ നമുക്കും വിളയിക്കാമെന്നു തെളിയിക്കാന്‍ വേണ്ടിക്കൂടിയാണ് സുനിലിന്റെ വേനല്‍ക്കാല തണ്ണിമത്തന്‍ കൃഷി. നാടന്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് നേരിട്ടനുഭവിക്കുകയാണ് സുനിലിന്ന്. തന്നെ വിളിച്ച് കൃഷിയിടത്തിലെത്തി പച്ചക്കറിവാങ്ങുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളുണ്ട് സുനിലിന്. കഞ്ഞിക്കുഴിയിലെ കര്‍ഷകരായ സുജിത്തും, സനുമോനും നടത്തുന്ന നാടന്‍ പച്ചക്കറിക്കടകളിലൂടെയാണ് ബാക്കിവരുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. വരവു പച്ചക്കറിയേക്കാള്‍ മുന്തിയ വിലയും ആവശ്യവും നാടന്‍ പച്ചക്കറിക്കുണ്ട്. മാസം ശരാശരി 30,000 രൂപയില്‍ കുറയാത്ത വരുമാനം കൃഷി ഇദ്ദേഹത്തിനു നല്‍കുന്നു. സുനിലിന്റെ ഇത്തവണത്തെ തണ്ണിമത്തന്‍ കൃഷി ഉദ്ഘാടനം ചെയ്തത് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ്. സ്വന്തമായി പത്തുസെന്റ് സ്ഥലമാണ് ഈ കര്‍ഷകനുള്ളത്. എന്നാല്‍ നാട്ടില്‍ തരിശുഭൂമികണ്ടാല്‍ സുനിലിന് ഒരു വിഷമം. ഇവിടെ താന്‍ കൃഷി ചെയ്‌തോട്ടെയെന്ന് ഭൂഉടമയോടു ചോദിക്കും. ഇങ്ങനെ സുനിലിന്റെ നാവിലൂടെ കൃഷി ഇന്ന് ഏഴേക്കറിലേക്കു വ്യാപിച്ചു. തന്റെ ഒപ്പം ഭാര്യ റോഷ്ണിയും കൂടിയതിനാല്‍ രണ്ടു തൊഴിലാളികളുടെ കൂലി ലാഭിക്കാ നായി. ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡായ മായിത്തറയിലാണ് സുനിലിന്റെ കൃഷിയിടങ്ങള്‍. ഇവിടത്തെ പഞ്ചായത്തു മെമ്പറണ് ഭാര്യ റോഷ്ണി.
വിളസമൃദ്ധിയൊരുക്കുന്ന കൃഷിയിടങ്ങള്‍
ചീരയില്‍ ആര്യന്‍, വെണ്ടയില്‍ സാമ്രാട്ട്, പയറില്‍ നാംധാരി എന്നിവയൊക്കെയാണ് സുനിലിന്റെ കൃഷിയിടങ്ങളില്‍ വിളയുന്നത്. വില്‍പനയ്ക്കുള്ള സൗകര്യത്തെ കരുതി ചെറിയ പടവലമാണ് കൃഷിചെയ്യുന്നത്. ഐശ്വര്യ ഇനം തക്കാളിയും സിറ പച്ചമുളകും മികച്ച ഉത്പാദനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കുക്കു മ്പര്‍, റെഡ്‌ലേഡി പപ്പായ, ഇളവന്‍, വെള്ളരി എന്നിവയെല്ലാം കൃത്യമായ ഇടവേളകളില്‍ കൃഷിയിടത്തിലെത്തുന്നു. ചീരയൊഴിച്ച് ബാക്കിയെല്ലാം മഴ സമയത്തും വിളയിക്കുന്നുണ്ട് സുനില്‍.

ചീരയ്ക്കായി മാത്രം
ചീരകൃഷിചെയ്യാന്‍ മാത്രം 50 സെന്റ് സ്ഥലം മാറ്റിയിട്ടിരിക്കുന്നു സുനില്‍. ആര്യന്‍ ഇനം ചീര ചുവപ്പണിയിച്ച ഈ പാടത്ത് കൃത്യമായ കൃഷിപ്പണികളിലൂടെയാണ് കൃഷി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു മീറ്റര്‍ വീതിയും അഞ്ചുമീറ്റര്‍ നീളവുമുള്ള തവാരണകള്‍ക്കിടയില്‍ അരമീറ്റര്‍ അകലം ക്രമീകരിച്ചിരിക്കുന്നു. തുടക്കത്തില്‍ ഡോളമൈറ്റ് നല്‍കി മണ്ണു പരുവപ്പെടുത്തി. അതിനു പുറത്ത് കോഴിവളമിട്ട് നല്ല മണ്ണ് അതിനു പുറത്തു വിതറി. അതിനു ശേഷം തൈ പറിച്ചു നട്ടു. രണ്ടു പ്ലോട്ടുകളിലായി നട്ട 600 കിലോ ചീര ഇതിനകം വിറ്റു കഴിഞ്ഞു. കിലോയ്ക്ക് 80 രൂപ വച്ചായിരുന്നു വില്‍പന. ചീരയൊഴിച്ച് മറ്റെല്ലാക്കൃഷിയും മള്‍ച്ചിംഗിനടിയില്‍ ഡ്രിപ്പ് ഇറിഗേഷന്‍ നല്‍കിയാണ് ചെയ്യുന്നത്. ചീര നട്ട് മുപ്പതാം ദിവസം വിളവെടുക്കാം. ആഴ്ചയില്‍ ഒരു ദിവസം ഗോമൂത്രം വെള്ളത്തില്‍ ലയിപ്പിച്ച് സ്‌പ്രേചെയ്യുന്നതാണ് പ്രധാന വളം. തവാരണ ഒരുക്കാനും മറ്റും കൃഷിഭവനിലെ കാര്‍ഷിക കര്‍മസേനയും സഹായത്തിനെത്തും.
ലക്ഷങ്ങള്‍ ലഭിച്ച തണ്ണിമത്തന്‍
തമിഴ്‌നാടിനെ വെല്ലുവിളിച്ചു കഴിഞ്ഞവര്‍ഷം നടത്തിയ തണ്ണിമത്തന്‍ കൃഷി 2,10,000 രൂപയാണ് സുനിലിന്റെ കൈകളിലെത്തിച്ചത്. പാടത്ത് ബെഡ്ഡുകളുണ്ടാക്കി അതില്‍ മള്‍ച്ചിംഗ് ഷീറ്റുവിരിച്ച് ചെയ്ത തണ്ണിമത്തന്‍ വിളഞ്ഞത് 7000 കിലോയാണ്. ഇത്തവണ 10,000 കിലോയാണ് വിളവു പ്രതീക്ഷിക്കുന്നത്. രണ്ടേക്കറിലാണ് കഴിഞ്ഞവര്‍ഷം തണ്ണിമത്തന്‍ കൃഷി ചെയ്തത്. കൃഷിസ്ഥലത്തെത്തി ധാരാളമാളുകള്‍ വാങ്ങി. പിന്നെ എറണാകുളത്തും തണ്ണിമത്തന്‍ വില്‍പനയ്‌ക്കെത്തിച്ചു. ഇത്തവണ കഞ്ഞിക്കുഴിയിലെ നാട്ടുപച്ചക്കറി കടകള്‍ വഴി മുഴുവന്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലാണ് സുനില്‍. നട്ട് എഴുപതാം ദിവസം വിളവെടുപ്പുപ്രായമാകും തണ്ണിമത്തന്‍. ഒരു കായ്ക്ക് നാലു മുതല്‍ എട്ടുകിലോ വരെ തൂക്കമുണ്ടാകും.
വിളപരിക്രമത്തിലൂടെ വിളവ്
ചീരയൊഴിച്ചുള്ള പച്ചക്കറികള്‍ക്ക് കൃത്യമായ വിള പരിക്രമ രീതിയുണ്ട് സുനിലിന്റെ കൃഷിയിടത്തില്‍. വെണ്ട നടുന്ന പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം പച്ചമുളക് നടും. പച്ചമുളകു വിളവെടുത്ത ശേഷം തക്കാളിയെത്തും. ഇതിനു ശേഷം വീണ്ടും വെണ്ടക്കൃഷി ആരംഭിക്കും. മറ്റൊരു പ്ലോട്ടില്‍ പന്തല്‍ വിളകളാണ്. ഇവിടെ ആദ്യം പയര്‍ പടര്‍ത്തും. പിന്നീട് പാവലും പടവലവുമെത്തും. അതിനുശേഷം പയര്‍ വീണ്ടും ചെയ്യും.
കൃഷിയിലെ സുനിലിന്റെ കര്‍മധീരത മാനിച്ച് കൃഷിവകുപ്പ് ജില്ലയിലെ രണ്ടാമത്തെ മികച്ച കര്‍ഷകനായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. സരോജിനി ദാമോദര്‍ ഫൗണ്ടേഷന്റെ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും സുനിലിനു ലഭിച്ചിട്ടുണ്ട്.
ടോം ജോര്‍ജ്