കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്...
'പാലില്‍ പഴത്തില്‍, മതത്തില്‍, മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം
കലര്‍ത്താത്തൊരെന്റെ നാടെന്റെ
നാടെവിടെന്റെ മക്കളേ..'
(കാടെവിടെ മക്കളെ- അയ്യപ്പപ്പണിക്കര്‍)

നമ്മുടെ അടുക്കളകള്‍ മായങ്ങളുടെ പാചകപ്പുരകളായി മാറിക്കൊണ്ടിരിക്കുന്ന ദുരവസ്ഥ കണ്ട് കവി അയ്യപ്പപ്പണിക്കര്‍ കുറിച്ചിവിട്ട വരികളാണിത്. ഭക്ഷ്യവസ്തുക്കളില്‍ മാത്രമല്ല, മരുന്നിലും മായം കലര്‍ന്നൊരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. മായം ചേര്‍ത്തു കൊള്ള ലാഭം എന്ന മുദ്രവാക്യം ഉത്പാദന, വിതരണ മേഖലകള്‍ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും.

കേരളീയര്‍ കൂടുതലുപയോഗിക്കുന്ന അരിയായാലും മത്സ്യ, മാംസാദികളായാലും പച്ചക്കറികളായാലും പഴങ്ങളായാലും എന്തിന് മരുന്നായാലും അവയില്‍ ചേര്‍ക്കുന്ന വിവിധ തരത്തിലുള്ള മായങ്ങളേക്കുറിച്ചറിഞ്ഞാല്‍ നാം ഞെട്ടിപ്പോകും.

കേരളത്തില്‍ വര്‍ധിച്ച തോതില്‍ കണ്ടുവരുന്ന കാന്‍സര്‍, ഹൃദ്രോഹങ്ങള്‍, വൃക്കരോഗങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങളുടെ അടിസ്ഥാനം നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ്. സാധാരണ നാം ഉപയോഗിക്കുന്ന ഭ ക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായങ്ങളും അവയുണ്ടാക്കുന്ന രോഗങ്ങളും മായം കണ്ടുപിടിക്കാനുള്ള ഉപാധികളുമാണ് ഈ ലേഖന പരമ്പര ചര്‍ച്ച ചെയ്യുന്നത്.

അരിക്ക് നിറമുണ്ടാകുന്നത്

കേരളത്തിന് ഒരു വര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുണ്ട്. അതില്‍ 5,60,000ടണ്‍ മാത്രം ഉത്പാദിപ്പിക്കാനേനമുക്കു കഴിയുന്നുള്ളൂ. അതുകൊണ്ടു തന്നെ അരി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള അരി അധിക വുമെത്തുന്നത്. അരിയുടെ ആവശ്യം കൂടുമ്പോള്‍ അതില്‍ മായം ചേര്‍ത്ത് വില്പന നടത്തി അമിത ലാഭം കൊയ്യാനുള്ള പ്രവണതയും സ്വാഭാവികമാണ്.മായം ചേര്‍ക്കുന്ന വിധം

വില കുറഞ്ഞ അരി പലതരം രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കൂടിയ വില യ്ക്കു വില്ക്കുന്നു. വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേര്‍ത്ത് കുത്തരിയും മട്ടയുമാക്കുന്നു. പഴകിയതും കേടുവന്നതുമായ അരി ചേര്‍ക്കുന്നതും വ്യാപകമാണ്. അരിമണികളുടെ തടിപ്പുകൂട്ടാനായി നെല്ലുപുഴുങ്ങുമ്പോള്‍ മാരക രാസപദാര്‍ഥങ്ങളും ചേര്‍ക്കാറുണ്ട്. ഭാരം വര്‍ധിപ്പിക്കാനായി പലതരം വര്‍ണക്കല്ലുകളും മാര്‍ ബിള്‍ കഷണങ്ങളും അരിയില്‍ ചേര്‍ ക്കുന്നു. അരിയില്‍ ചേര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിര്‍മിക്കുന്ന സംഘങ്ങള്‍ പോലുമുണ്ട്. പ്ലാസ്റ്റിക്ക് അരിമണിയാക്കുന്ന യന്ത്രസംവിധാനം നിലവില്‍ വന്നിരിക്കുന്നു.

മെറ്റാനില്‍യെല്ലോ, ലെഡ് ക്രോമേറ്റ് എന്നീ രാസവസ്തുക്കളും അരിയില്‍ ചേര്‍ക്കാറുണ്ട്. മെറ്റാനില്‍ യെല്ലോ, നാഡീകോശങ്ങളെ നശിപ്പിക്കുന്നതാണ്. റെഡ് ഓക്‌സൈഡ് കരളിനും വൃക്കകള്‍ക്കും അപകടം വരുത്തിവയ്ക്കും. ലെഡ് ക്രോമേറ്റ്, ബ്രോ ങ്കൈറ്റിസ്, ന്യുമോണിയ, ആസ്തമ എന്നീ രോഗങ്ങളുണ്ടാക്കുന്നു. മാത്രമല്ല ഇത് കരളിനും, വൃക്കകള്‍ക്കും ഹാനികരവുമാണ്.

അരി നല്ലവണം കഴുകി ഉപയോഗിക്കുക, വിശ്വസ്തമായ കമ്പനികള്‍ നല്‍കുന്ന അരി ഉപയോഗിക്കുക എന്നിവ മാത്രമാണ് ഇതില്‍ നിന്നു രക്ഷനേടാനുള്ള മാര്‍ഗം.

ഡോ. പോള്‍ വാഴപ്പിള്ളി
മുന്‍ പ്രഫസര്‍, സര്‍ജറി
മെഡിക്കല്‍ കോളജ്, പരിയാരം, ഫോണ്‍: 94473 05 004.