ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
Saturday, November 9, 2019 3:33 PM IST
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാവനയാണ്. ജില്ലയിലെ കുമളി, വണ്ടന്‍മേട്, ചക്കുപള്ളം, പാമ്പാടുംപാറ, രാജകുമാരി, ശാന്തമ്പാറ, നെടുങ്കണ്ടം പഞ്ചായത്തുകളിലാണ് ഏലം ഉത്പാദനത്തിന്റെ ഏറിയപങ്കും കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഏലക്കൃഷി വന്‍തോതില്‍ നശിച്ചിരുന്നു. അഴുകല്‍ ഉള്‍പ്പെടെ തോട്ടങ്ങളില്‍ പടര്‍ന്ന നിരവധി രോഗങ്ങളും നാശത്തിന്റെ തോത് വര്‍ധിപ്പിച്ചു. ഇതിനു പിന്നാലെയുണ്ടായ ശക്തമായ കാറ്റ് ഏലത്തട്ടകള്‍ കശക്കിയെറിഞ്ഞു. ഇതിനെയെല്ലാം നേരിട്ട് വളര്‍ത്തിയെടുത്ത ചെടികള്‍ വേനല്‍ മഴയിലും കാലവര്‍ഷത്തിലുമുണ്ടായ കുറവിലും ചൂടിലും കരിഞ്ഞുണങ്ങി. ഇതുമൂലം സംസ്ഥാനത്ത് ഇക്കുറി ഏലക്കായ് ഉത്പാദനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ചെറുകിട, നാമമാത്ര കര്‍ഷകരുടെ കൃഷി ഇടങ്ങളില്‍ ഉത്പാദനം വളരെ കുറവാണ്. വില വര്‍ധന ഉണ്ടായെങ്കിലും ആനുപാതികമായി ഉത്പാദനംഉയ രാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ല.
2018 ജൂണ്‍ അഞ്ചിന് ഇടുക്കിയിലെ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയില്‍ നടന്ന ലേലത്തില്‍ എത്തിയത് 1.21 ലക്ഷം കിലോ ഏലക്കായ് ആയിരുന്നു. അന്ന് വില കിലോഗ്രാമിന് 1254 രൂപവരെ എത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ മൂന്നിന് ഇടുക്കിയിലെ പരമ്പരാഗത ഏലം ഉത്പാദക കമ്പനി നടത്തിയ ലേലത്തില്‍ എത്തിയത് കഴിഞ്ഞ വര്‍ഷത്തെ ഏലത്തിന്റെ പത്തിലൊന്നു മാത്രമാണ്. അതായത് 13457 കിലോഗ്രാം ഏലം. 2019 ജൂണ്‍ 29 ന് മാസ് വണ്ടന്‍മേടില്‍ നടന്ന ലേലത്തില്‍ 13798 കിലോഗ്രാണ് വില്പനയ്ക്കായി എത്തിയത്.
2018 ജൂലൈ 16 ന് കൊച്ചി സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ലേലത്തില്‍ 92538 കിലോ ഏലക്കായ് വില്പന നടന്നു. അതേ സ്ഥാനത്ത് ഈ വര്‍ഷം ജൂലൈ 11 ന് ഇതേ ലേല ഏജന്‍സിയില്‍ വില്പനയ്ക്കായി എത്തിയത് 18282 കിലോ ഏലക്കായ് മാത്രം. ജൂണ്‍- ജൂലൈ മാസങ്ങളില്‍ വില്പനയ്ക്കായി എത്തിക്കുന്നതില്‍ ഒരു പങ്ക് വേനല്‍ക്കാലത്തെ ഉത്പാദനമാണ്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ എത്തുന്ന കായ് പൂര്‍ണമായും ഈ സീസണില്‍ ഉത്പാദിപ്പിച്ചെടുക്കുന്നതാണ്. 2018 ഓഗസ്റ്റ് ഒന്നിന് കാര്‍ഡമം പ്ലാന്റേഴ്‌സ് മാര്‍ക്കറ്റിംഗ് സൊസൈറ്റി നടത്തിയ ലേലത്തില്‍ 1,07,478 കിലോഗ്രാം ഏലക്കായ് ആണ് വില്പനയ്ക്കായി എത്തിയതെങ്കില്‍ 2019 ഓഗസ്റ്റ് ഒന്നിന് സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ലേലത്തില്‍ എത്തിയത് 23234 കിലോഗ്രാം ഏലക്കായ്. എന്നാല്‍ തുടര്‍ന്നുള്ള ലേലങ്ങളില്‍ കായ് വരവ് വന്‍ തോതില്‍ കുറയുന്നതായാണ് കാണുന്നത്. 2019 ഓഗസ്റ്റ് 10 ന് മാസ് എന്റര്‍പ്രൈസസ് വണ്ടന്‍മേടില്‍ നടത്തിയ ലേലത്തില്‍ ആകെ വില്പനയ്ക്കായി എത്തിയത് 11265 കിലോഗ്രാം ഏലക്കായ് മാത്രമാണ്. ഇതില്‍ നിന്നും ഈ സീസണിലെ ഉത്പാദനക്കുറവിന്റെ ഗ്രാഫ് വ്യക്തമാണ്.
തോമസ് വര്‍ഗീസ്
കുമളി