കേരളത്തിലെ തേനിനും സര്‍ക്കാര്‍ വക പൂട്ട്
ജലാംശത്തിലുടക്കി ശ്വാസംമുട്ടുകയാണ് കേരളത്തിലെ തേനുത്പാദന മേഖല. തേനില്‍ വിഷമുണ്ടോ എന്നു പരിശോധിക്കാത്ത കേന്ദ്ര ഏജന്‍സി ജലാംശം മാത്രം പരിശോധിച്ച് തേനിന്റെ ഗുണനിലവാരമളക്കുന്നു. ജലാംശത്തിന്റെ അളവ് 20 ശതമാനത്തില്‍ കൂടുതലുള്ള തേന്‍ വിറ്റാല്‍ 10 ലക്ഷം രൂപ വരെയാണ് പിഴ. കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ ചെറിയ യൂണിറ്റ് നടത്തുന്ന കര്‍ഷകനാണ് ആദ്യം നോട്ടീസ് ലഭിച്ചത്. അപ്പോഴാണ് ഈ വിവരം കേരളത്തിലെ കര്‍ഷകര്‍ അറിയുന്നത്. തേനില്‍ ജലാംശത്തിന്റെ അളവ് ഇരുപതു ശതമാനമേ ആകാവൂ എന്നു നിഷ്‌കര്‍ഷിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റി ഉത്തരവിറക്കിയിരിക്കുകയാണ്. തേനില്‍ ജലാംശത്തിന്റെ അളവുകൂടിയാല്‍ ഫംഗസ് ബാധയുണ്ടാകുമെന്നും കയറ്റുമതി ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ജലാംശം 20 ശതമാനമാക്കിയാല്‍ തേനിന്റെ ഗുണമേന്മ നിലനിര്‍ത്താമെന്നാണ് വിശദീകരണം.

വടക്കേ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന തേനില്‍ ജലാംശം 20 ശതമാനത്തില്‍ താഴെയാണ്. രണ്ടു കാരണങ്ങളാണ് ഇതിനു പിന്നില്‍. ഒന്ന് അവിടെ വളര്‍ത്തുന്നത് ഇറ്റാലിയന്‍ തേനീച്ചയെ ആണ്. രണ്ടാമതായി അവിടെ അന്തരീക്ഷ ഈര്‍പ്പം (humidity) കുറവാണ്. ആറുമാസം മഴ ലഭിക്കുന്ന കേരളത്തിലെ തേനില്‍ ജലാംശം 22 മുതല്‍ 25 ശതമാനം വരെയാണ്. കേരളത്തിലും പല കര്‍ഷകരും ഇറ്റാലിയന്‍ തേനിച്ചയെ വളര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തെക്കേ ഇന്ത്യയില്‍ ഇവ നന്നായി വളരുന്നില്ല. കേരളത്തില്‍ വ്യാപകമായി വളര്‍ത്തുന്ന ഞൊടിയല്‍ തേനീച്ചയുടെ തേനില്‍ സ്വാഭാവികമായി ജലാംശം കൂടുതലാണ്.

സുക്രോസ്, പോളെന്‍കൗണ്ട് തുടങ്ങി മറ്റു ഘടകങ്ങളുടെ പരിശോധനകളില്ലെല്ലാം മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന കേരളത്തിലെ തേനിനെ ജലാംശംകാട്ടി വിപണിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. അഗ്മാര്‍ക്ക്, ബിഐഎസ് മാനദണ്ഡങ്ങളിലും പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ടിലും തേനില്‍ ജലാംശം 25ശതമാനം വരെ ആകാമെന്നു പറയുന്നുണ്ട്. ഈ രീതിയിലാണ് കേരളത്തിലെ തേന്‍ വിറ്റിരുന്നതും. എന്നാല്‍ കേരളത്തിലെ തേന്‍ വില്പന എങ്ങനെയും തടയുക എന്ന അജന്‍ഡ മറനീക്കി പുറത്തുവരികയാണെന്ന് കര്‍ഷകര്‍ സംശയിക്കുന്നു. കേരളത്തിലെ ആദിവാസി ജനവിഭാഗം തേന്‍ എടുത്തു ജീവിക്കുന്നവരാണ്. ഈ തേന്‍ ജലാംശം പരിശോധിച്ച് വിപണിയില്‍ എത്തിക്കണമെങ്കില്‍ 15 മുതല്‍ 70 ലക്ഷം വരെ വിലയുള്ള ഉപകരണം ആവശ്യമാണ്. ഇതെങ്ങനെ നടക്കുമെന്ന് സര്‍ക്കാര്‍ തന്നെ പറയണം.

കേന്ദ്രഭക്ഷ്യവകുപ്പിന്റെ തീരുമാനം വടക്കേഇന്ത്യയിലെ വന്‍കിട തേന്‍ ഉത്പാദക, വില്‍പന കമ്പനികളെ സഹായിക്കാനാണെന്ന് പരക്കെ ആക്ഷേപമുയരുന്നു. വടക്കേ ഇന്ത്യയില്‍ തേന്‍ സംസ്‌കരിച്ച് ജലാംശം നിജപ്പെടുത്തുന്ന യന്ത്രസംവിധാനം വിപുലമായുണ്ട്. ഇവിടെ തേന്‍ നല്‍കുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ പ്രകൃതിയില്‍ നിന്നെടുക്കുന്ന തേന്‍, കര്‍ഷകര്‍ നേരിട്ടു വില്‍ക്കുകയാണ്. ഇവിടെയാണ് കര്‍ഷകര്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരിക. ഇങ്ങനെ വില്‍ക്കുന്ന തേന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പിടിച്ച് പിഴയടിച്ചാല്‍ ആയുഷ്‌കാലം മുഴുവന്‍ തേന്‍വിറ്റാലും കര്‍ഷകന് ആ കടം തീര്‍ക്കാനാവില്ല. മാത്രമല്ല, ജലാംശം ക്രമീകരിക്കുന്ന യന്ത്രസംവിധാനങ്ങള്‍ വളരെ വിലപിടിപ്പുള്ളതാണ്. ഇത് ഒരു കര്‍ഷകന് വാങ്ങി സ്ഥാപിക്കുക എന്നത് അസാധ്യവുമാണ്.

കര്‍ഷകന്‍ നട്ടംതിരിയുന്നു

വടക്കേഇന്ത്യന്‍ ലോബിയുടെ ബിസിനസ് തന്ത്രത്തിലും കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിട്ടിയുടെ കടുംപിടുത്തത്തിലും നട്ടംതിരിയുകയാണ് കേരളത്തിലെ തേന്‍കര്‍ഷകര്‍. കയറ്റുമതിയുടെ കാര്യം പറഞ്ഞാണ് ജലാംശവാദം ഉയര്‍ത്തുന്നതെങ്കിലും കേരളത്തില്‍ വില്പന നടത്താന്‍ പോലും കര്‍ഷകരെ അനുവദിക്കാത്തവിധം പരിശോധനകള്‍ വ്യാപകമാക്കുകയാണ് ഉദ്യോഗസ്ഥര്‍. പരിശോധനയുടെ പേരില്‍ കര്‍ഷകരെയും വിതരണക്കാരെയും ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നതായും പരാതികള്‍ വരുന്നു. ജലാംശം കൂടുതലുള്ള തേന്‍ വിറ്റതിന് തേനീച്ച കര്‍ഷകനായ മൂലമറ്റം അറക്കുളം സ്വദേശിക്ക് അഞ്ചുലക്ഷം രൂപ പിഴ ലഭിക്കാവുന്ന വകുപ്പു ചുമത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് അയച്ചു. ഇതൊക്കെയായി കേരളത്തിലെ തേന്‍വില്പന സ്തംഭിച്ചിരിക്കുകയാണ്. റെയ്ഡുകള്‍ വ്യാപകമായതോടെ കച്ചവടക്കാര്‍ വില്പന നിര്‍ത്തി.


ഇതിനിടയിലെത്തിയ പ്രളയവും കനത്ത മഴയും മൂലം കേരളത്തിലെ തേന്‍ ഉത്പാദനത്തില്‍ 60 ശതമാ നത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി പെയ്ത മഴ തേനീച്ചക്കോളനികളുടെ നാശ ത്തിനു കാരണമായി. പ്രളയസ മയത്തു മാത്രം കേരളത്തില്‍ 40 ശതമാനം തേനീച്ചകള്‍ നശിച്ചിരുന്നു. അവശേഷിക്കുന്നതില്‍ നിന്നു കോള നി വിഭജനം നടത്താനുമായില്ല.


വ്യാപാരികളെയും വെട്ടിലാക്കി

തേനില്‍ ജലാംശം 20 ശതമാനത്തിനു മുകളിലാണെങ്കില്‍ പ്രശ്‌നം വില്പനക്കാര്‍ക്കാണ്. കേരളത്തിലെ തേനെടുത്തു സഹായിച്ചിരുന്ന വ്യാപാരികളെയും കച്ചവടക്കാരെയും ഇത് വെട്ടിലാക്കിയിരിക്കുന്നു. പിഴ അടയ്ക്കാനും ജയിലില്‍ കിടക്കാനും വയ്യെന്നു പറഞ്ഞ് വ്യാപാരികള്‍ സാധനം എടുക്കാത്ത അവസ്ഥയായി.

വ്യാജ തേന്‍ ലോബി കളിക്കുന്നു

തേന്‍ ഉത്പാദനം ശര്‍ക്കര കലക്കി ഫാക്ടറിയില്‍ ഉണ്ടാക്കി കൊടുക്കുന്ന പരിപാടിയല്ല. പഞ്ചസാരയും ശര്‍ക്കരയും കലക്കി കൊടുക്കുന്ന വ്യാജന്‍ മാര്‍ കേരളത്തിലേക്കു വരുന്നുണ്ട്. ഇവര്‍ക്കും ഈ നിയമം സഹായകമാകും. എന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ ശുദ്ധമായ തേനാണ് വില്‍ക്കുന്നത്. തേനീച്ചയുടെ വിവിധ അവയവങ്ങളുടെ സംയുക്ത പ്രവര്‍ത്തന ത്തിലൂടെയാണ് തേന്‍ ഉത്പാദനം നടക്കുന്നത്.

തേനറകള്‍ മെഴുകുകൊണ്ടു മൂടിയ ശേഷം തേനെടുത്താല്‍ ജലാംശം കുറഞ്ഞ തേന്‍ ലഭിക്കും. പക്ഷെ അപ്പോള്‍ ഉത്പാദനവും ലാഭവും കുറയും. അടഞ്ഞ തേനറകളില്‍ നിന്ന് തേനെടുക്കുന്ന രീതി മാറ്റി വര്‍ധിത ഉത്പാദന രീതി കര്‍ഷകരെ പഠിപ്പിച്ചവര്‍ തന്നെ ഇപ്പോള്‍ പഴയ രീതിയിലേക്കു മടങ്ങാനോ വില കൂടിയ യന്ത്രങ്ങളില്‍ സംസ്‌കരിക്കാനോ കര്‍ഷകരോട് ആവശ്യപ്പെടുകയാണ്.

തേന്‍ പ്രകൃതിയുടെ വരദാനം

പ്രകൃതിയുടെ വരദാനമാണ് തേന്‍. പാരമ്പര്യ വൈ ദ്യചികിത്സകളിലെ അവിഭാജ്യ ഘടകമാണ് തേന്‍. വെള്ള ത്തിന്റെ അംശം തീരെ കുറവായതിനാല്‍ ഇതില്‍ സൂക്ഷ്മ ജീവികള്‍ വളരില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രി ക്കുന്നതിനു കഴിവുണ്ട്. ദഹനപ്രക്രിയ വേഗത്തിലാക്കും. ശ്വാസകോശ പ്രവര്‍ത്തനം സുഗമമാക്കും. ആസ്തമ പോലെയുള്ള രോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കും. സൗന്ദര്യ സംരക്ഷണത്തിന് അന്നും ഇന്നും ഉപയോ ഗിക്കുന്നു. തേന്‍ വെള്ളത്തില്‍ ചാലിച്ചു കഴിച്ചാല്‍ വേദന ശമിക്കും. മുറിവുണങ്ങും. രാത്രിയില്‍ തേന്‍ കഴിച്ചു കിടന്നാല്‍ സുഖനിദ്ര ഉറപ്പ്. ബുദ്ധി വളര്‍ച്ചയ്ക്ക് തേന്‍ ബ്രഹ്മി നീരില്‍ ചേര്‍ത്തു കഴിക്കാറുണ്ട്.

മുറിവുകള്‍, പൊള്ളല്‍, തിമിരം, തൊലിപ്പുറത്തുണ്ടാ കുന്ന വ്രണങ്ങള്‍, ചൊറിഞ്ഞുപൊട്ടല്‍ തുടങ്ങിയവയ്‌ക്കെ ല്ലാം തേന്‍ ഔഷധമാണ്. മുറിവുകളില്‍ തേന്‍ ലേപനമായി ഉപയോഗിക്കുമ്പോള്‍ മുറിവുണങ്ങാനുള്ള ഈര്‍ പ്പം നിലനിര്‍ത്തുകയും ദോഷകാരികളായ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. തേനിന്റെ ഗാഢതയി ല്‍ പുറമേയുള്ള അണുക്കള്‍ സാധാരണ വളരുകയില്ല.

പൂന്തേനില്‍ തേനീച്ചകളില്‍ നിന്നുള്ള ഒരു എന്‍സൈം കൂടിക്കലരുന്നതിനാല്‍ തേനിന് ചെറിയതോതില്‍ ബാക്ടീരിയ പ്രതിരോധ പ്രാപ്തിയും ആന്റിബയോട്ടിക്ക് സവിശേഷതകളും ഉണ്ടെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഈ എന്‍സൈം ഉപദ്രവകാരികളായ ബാക്ടീരിയകളെ കൊല്ലുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉത്പാദിപ്പിക്കുന്നു. തേന്‍ തൊലിപ്പുറമേ തേച്ചാല്‍ വീക്കം കുറയുകയും ആരോഗ്യമുള്ള കലകളുടെ വളര്‍ച്ച ത്വരിതപ്പെടുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. തേനിനെ ഔഷധമായി ഓസ്‌ട്രേലിയന്‍ തെറാപ്യൂട്ടിക് ഗുഡ്‌സ് അ ഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചിട്ടുണ്ട്.

ജോണ്‍സണ്‍ വേങ്ങത്തടം