ഒരു തൈ നടാം, നല്ല മാമ്പഴത്തിനായി
ഒരു തൈ നടാം, നല്ല മാമ്പഴത്തിനായി
Saturday, September 7, 2019 5:05 PM IST
പഴവര്‍ഗങ്ങളിലെ രാജാവാണ് മാമ്പഴം. എന്നാല്‍ ഈ ഫലരാജാവിന് അര്‍ഹിക്കുന്ന പരിചരണം നല്‍കാന്‍ നാം മെനക്കെടാറില്ല. ഒരു പറമ്പു വാങ്ങിയാല്‍ മലയാളി ആദ്യം നടുന്ന വൃക്ഷങ്ങളിലൊന്നാണ് മാവ്. നട്ടശേഷം വേനലില്‍ അല്‍പം വെള്ളം ഒഴിക്കുന്നതോടെ നമ്മുടെ മാവുപരിപാലനം അവസാനിക്കുകയായി. പിന്നീട് മാങ്ങയും നോക്കി ഒരേയിരിപ്പാണ്. രാജകീയ പരിചരണം നല്‍കിയില്ലെങ്കിലും അര്‍ഹിക്കുന്ന പരിഗണനയും പരിപാലനവും നല്‍കിയാല്‍ മികച്ച രീതിയില്‍ വിളവു നല്‍കുന്ന വിളയാണ് മാവ്.

കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച മാവിനം കണ്ടെത്തി നടുന്നതിലാണ് മിടുക്ക്. വടക്കേഇന്ത്യയില്‍ നന്നായി കായ്ക്കുന്ന മാവുകള്‍ ഇവിടെ നടുന്നതില്‍ കാര്യമില്ല. ഇത്തരം മാവുകള്‍ നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുമെങ്കിലും കായുണ്ടാകണമെന്നില്ല. ഉണ്ടായാല്‍ തന്നെ അധികമുണ്ടാകില്ല.

കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍

നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമായ മാവിനങ്ങള്‍ ഏവയെന്നു നോക്കാം. നീലം, പ്രയറി ബംഗ്ലോറ (ടോട്ടാപുരി), അല്‍ഫോ ന്‍സോ, സിന്ദൂരം, പ്രിയൂര്‍ തുടങ്ങിയവ. സാര്‍വത്രികമായി അംഗീകരിച്ച പേരുകള്‍ക്കു പുറമെ തദ്ദേശീയമായ ഒട്ടനവധി ഇനങ്ങളും ഇന്ന് കൃഷി ചെയ്യുന്നുണ്ട്. മാവ് ഒരു പരപരാഗണ വൃക്ഷമായതിനാല്‍ പുതിയ ഇനങ്ങളുടെ ആവിര്‍ഭാവം സ്വാഭാവികമാണ്. അതായത് ഒരു മാവിലെ മാങ്ങയുടെ വിത്തു നട്ടാല്‍ ആ മാങ്ങയുടെ അതേ ഗുണങ്ങളുള്ള തൈ ഉണ്ടാകണമെന്നില്ല. പക്ഷേ ചില നാടന്‍ മാവിനങ്ങളുടെ ഒരു വിത്തില്‍ നിന്നും ഒന്നിലധികം തൈകള്‍ ഉണ്ടാകാറുണ്ട്. ബ ഹുഭ്രൂണത എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. ഇങ്ങനെയുണ്ടാകുന്ന തൈകളില്‍ ഒന്നു മാത്രമാണ് ലൈംഗികസംയോജനം മൂലമുണ്ടാകുന്നത്. മറ്റു തൈകള്‍ കോശ വിഭജനം മൂലമുണ്ടാകുന്നതും. ഇതിനാല്‍ കോശവിഭജനം മൂലമുണ്ടാകുന്നവ മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.

മാതൃവൃക്ഷത്തിന്റെ ഗുണം ലഭിക്കാന്‍

മാതൃവൃക്ഷത്തിന്റെ തനതുഗുണങ്ങള്‍ നിലനിര്‍ത്താന്‍ മാവില്‍ പ്രധാനമായും കായികപ്രവര്‍ധന രീതിയാ ണ് അവലംബിക്കുന്നത്. വശം ചേര്‍ ത്ത് ഒട്ടിക്കലും തൈയിലൊട്ടിക്കലുമാണ് മാവില്‍ പ്രചാരത്തിലുള്ള കായികപ്രവര്‍ധന രീതികള്‍. ഒട്ടുതൈകള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റോക്ക് തൈകള്‍ക്ക് (ഏത് തൈയിലേക്കാണോ മാതൃവൃക്ഷത്തിന്റെ ശാഖ ഒട്ടിച്ചു ചേര്‍ക്കുന്നത് അതാണ് സ്റ്റോക്ക്) അനുസരിച്ച് മരങ്ങള്‍ക്ക് ഉയരം വ്യത്യാസപ്പെടാം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഒട്ടുതൈകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ഒട്ടു തൈകളുടെ ഒട്ടിച്ചുചേര്‍ത്ത ഭാഗം (ഒട്ടുസന്ധി) നന്നായി യോജിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആരോഗ്യവും വളര്‍ച്ചയുമുള്ള ഒന്നോ രണ്ടോ ശാഖകളോടുകൂടിയ തൈകള്‍ നടാന്‍ അനുയോജ്യമാണ്.


തൈകള്‍ നടുന്ന കുഴികളുടെ ആഴം മണ്ണിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. ഉറപ്പുള്ള മണ്ണുള്ളയിടങ്ങളില്‍ ഒരു മീറ്റര്‍ വീതിയും നീളവും ആഴവുമുള്ള കുഴികളെടുക്കാം. മണല്‍ കൂടുതലുള്ള മണ്ണില്‍ ആഴം ഇതിലും കുറവു മതി. ഇങ്ങനെയെടുത്ത കുഴികളില്‍ മേല്‍മണ്ണില്‍ 10 കിലോ ചാണകപ്പൊടിയോ കമ്പോ സ്റ്റോ ചേര്‍ത്ത മിശ്രിതം നിറയ്ക്കണം. കുഴി നിറയ്ക്കുമ്പോള്‍ മണ്ണ് തറനിരപ്പില്‍ നിന്ന് അല്പം ഉയര്‍ന്നു നില്‍ക്കണം. വെള്ളക്കെട്ട് ഒഴിവാക്കാനാണിത്. കവറുകളില്‍ ലഭിക്കുന്ന ഒട്ടുതൈകള്‍, കവര്‍ കീറി കളഞ്ഞ് ആ മണ്ണോടുകൂടിത്തന്നെ നടാം. തയാറാക്കിയ കുഴിയില്‍ കവറിലെ മണ്ണിന്റെ ഉയരമനുസരിച്ച് ഒരു ചെറുകുഴി ഉണ്ടാക്കി വേണം തൈ നടാന്‍. നടുമ്പോള്‍ ഒട്ടുസന്ധി മണ്ണിനു മുകളിലായി നിര്‍ത്തണം. നട്ടശേഷം തൈയ്ക്കുചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി ഉറപ്പിക്കണം. തണ്ടിനോടു ചേര്‍ന്ന് വെള്ളക്കെട്ടു ണ്ടാകാന്‍ പാടില്ല. ശക്തിയായ കാ റ്റുള്ളയിടങ്ങളില്‍ തൈകള്‍ ഉലഞ്ഞ് സന്ധികള്‍ മറിഞ്ഞുപോകാതിരിക്കാന്‍ കുറ്റിനാട്ടി തൈ അതിനോടു ചേര്‍ത്തു കെട്ടാം. തൈകള്‍ വളരുമ്പോള്‍ ഒട്ടുസന്ധിയുടെ താഴെയുള്ള തണ്ടില്‍ നിന്ന് വളരുന്ന നാമ്പുകള്‍ അടര്‍ത്തിക്കളയണം.


നട്ട് രണ്ടു കൊല്ലത്തിനുള്ളില്‍ ഉണ്ടാകുന്ന പൂങ്കുലകളും അടര്‍ത്തി മാറ്റണം. മഴയില്ലാത്ത സന്ദര്‍ഭങ്ങളിലും വേനല്‍കാലത്തും നന അത്യാവശ്യമാണ്. നാലഞ്ചു വര്‍ഷം വരെ വേനല്‍കാലത്ത് ആഴ്ചയില്‍ രണ്ടു തവണ നനയ്ക്കുന്നത് തൈകള്‍ ന ന്നായി പിടിച്ചുകിട്ടാന്‍ സഹായിക്കും. മാവ് പൂക്കുന്നതിനു രണ്ടുമാസം മുമ്പെങ്കിലും ജലസേചനം നിര്‍ത്ത ണം. എന്നാല്‍ കായ് ഉണ്ടായശേഷം കായ്കള്‍ കൊഴിയുന്നതു തടയാനും നന്നായി വലിപ്പം വയ്ക്കാനും പത്തുദിവസത്തിലൊരിക്കല്‍ നനയ്ക്കാം.

വളം നല്‍കിയാല്‍ കായ് കൂടും

കേരളത്തില്‍ വീട്ടുവളപ്പിലെ മാവുകള്‍ക്ക് വളം നല്‍കുക പതിവല്ലെങ്കിലും ആവശ്യത്തിന് പോഷകങ്ങള്‍ നല്‍കിയാല്‍ മാവുകള്‍ നന്നായി വളരാനും പൂവിടാനും തുടങ്ങും. നട്ട് രണ്ടുവര്‍ഷം തോറും മാവ് ഒന്നിന് 15 കിലോ കാലിവളമോ കമ്പോസ്റ്റോ നല്‍കണം. മണ്ണിര കമ്പോസ്റ്റാണെ ങ്കില്‍ 7.5 കിലോ മതിയാകും. ഇതിനോടൊപ്പം 100 ഗ്രാം പിജിപിആര്‍ മിക്‌സ് ഒന്നും ചേര്‍ക്കാം. റോക്ക് ഫോസ്‌ഫേറ്റ് 135 ഗ്രാമും പൊട്ടാഷ് അടങ്ങിയ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി)150 ഗ്രാമും നല്‍കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഞ്ചു വര്‍ഷം വരെ കമ്പോസ്റ്റ് 30 കിലോയും ഫോസ്‌ഫേറ്റ് 180 ഗ്രാമും പൊട്ടാഷ് 200 ഗ്രാമും ഓരോ വര്‍ഷവും നല്‍കാം. ആറു മുതല്‍ ഏഴു വര്‍ഷം വരെ 50 കിലോ കാലിവളവും 860 ഗ്രാം ഫോ സ്‌ഫേറ്റും 400 ഗ്രാം പൊട്ടാഷും വീതം ഓരോ വര്‍ഷവും നല്‍കണം. അടുത്ത രണ്ടു വര്‍ഷം 75 കിലോ ജൈവവളവും 720 ഗ്രാം ഫോസ്‌ഫേറ്റും 800 ഗ്രാം പൊട്ടാഷും നല്‍കാം. പത്തു വര്‍ഷത്തിലധികം പ്രായമുള്ള മാവുകള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ 100 കിലോ ജൈവവളവും 1.8 കിലോ റോക്ക് ഫോസ്‌ഫേറ്റും 1.5 കിലോ എസ്ഒപിയും നല്‍കാം. ഇതിനു പുറമേ പച്ചിലയും ചാരവും 10 മുതല്‍ 15 കിലോ വരെ മാവൊന്നിന് ഓരോവര്‍ഷവും നല്‍കാം.

മാഞ്ചുവട്ടില്‍ നിന്നു രണ്ടരമീറ്റര്‍ അകലത്തില്‍ ഒരടി താഴ്ചയില്‍ എടുക്കുന്ന കുഴിയില്‍ വളമിടാം. ഒട്ടുതൈകള്‍ നട്ട്, നാലാം വര്‍ഷം മുതല്‍ ഉണ്ടാകുന്ന പൂക്കള്‍ നിലനിര്‍ത്താം. മാവില്‍ ആണ്‍പൂക്കളും ദ്വിലിംഗ പൂക്കളുമുണ്ടാകും. ഇവയില്‍ ദ്വിലിംഗ പൂക്കളാണ് കായാകുന്നത്. ബാക്കിയുള്ളവ പല ഘട്ടങ്ങളായി കൊഴിഞ്ഞു പോ കുന്നു.

ഇത്തരത്തില്‍ നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനുമിണങ്ങുന്ന മാവിനങ്ങള്‍ തെരഞ്ഞെടുത്ത് ശരിയായി പരിചരിച്ചാല്‍ മാധുര്യമേറിയതും വി ഷവിമുക്തവുമായ മാമ്പഴം വീട്ടുമുറ്റത്തു നിന്നുതന്നെ നമുക്കു ലഭിക്കും.

ഡോ. ടി. ശിവകുമാര്‍
കൃഷി വിജ്ഞാനകേന്ദ്രം
ആലപ്പുഴ. ഫോണ്‍- 94472 22896.