കൃഷി സേവനമല്ല, വരുമാനമാകണം
Monday, July 8, 2019 5:20 PM IST
കൃഷി വരുമാനമേകുന്നതാകണമെന്നാണ് സുനിലിന്റെ അഭിപ്രായം. ശാസ്ത്രീയമായി കൃഷി ചെയ്താല്‍ ഇതുസാധിക്കുമെന്ന് ഇദ്ദേഹം കാണിച്ചുതരുന്നുമുണ്ട്. ചേര്‍ത്തല മായിത്തറ വടക്കേത്തയ്യില്‍ സുനിലിന് ദിവസേന എല്ലാ ചെലവുകളും കഴിഞ്ഞ് കുറഞ്ഞത് ആയിരം രൂപ കൃഷിയിലൂടെ ലഭിക്കുന്നു.
ആറു വര്‍ഷം മുമ്പാണ് സാമ്പത്തികഭദ്രത എന്ന ആശയത്തിലൂന്നി സുനില്‍ കൃഷിയിലേക്കിറങ്ങുന്നത്. ആലപ്പുഴയിലെ കയര്‍ ഫാക്ടറി ജീവനക്കാരനായ ഇദ്ദേഹം കമ്പനി പൂട്ടിയതോടെ ജീവിതമാര്‍ഗം തേടിയാണ് കൃഷിയിലേക്കെത്തുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പാട്ടത്തിനു ഭൂമിയെടുത്തായിരുന്നു ആദ്യ കൃഷി. ബുദ്ധിമുട്ടുകളും നഷ്ടങ്ങളും മാത്രം നിറഞ്ഞതായിരുന്നു ആദ്യഘട്ടം. എന്നാല്‍ തോല്‍ക്കാന്‍ സുനിലിനു മനസുണ്ടായിരുന്നില്ല. ആലപ്പുഴ ജില്ലയില്‍ പച്ചക്കറിക്കൃഷി നടത്തുന്നവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കൃഷിരീതികള്‍ പഠിച്ചെടുത്തു. ലഭ്യമായ അറിവുകള്‍ ചിട്ടപ്പെടുത്തി സ്വന്തമായ ഒരു കൃഷിരീതി ആവിഷ്‌കരിച്ചു.
കൃഷി ലാഭകരമാക്കണമെങ്കില്‍ ചെലവു ചുരുക്കണം. ഉത്പന്നങ്ങള്‍ നശിച്ചുപോകാതെ നോ ക്കണം. മികച്ച വിലയില്‍ വിപണ നം ചെയ്യണം. വര്‍ഷം മുഴുവന്‍ വിളവെടുക്കാന്‍ പാകത്തില്‍ ഏഴേക്കറിലാണ് സുനലിന്റെ പച്ചക്കറി വിളയുന്നത്. വെണ്ട, പാവല്‍, പടവലം, വഴുതന, പീച്ചില്‍, പയര്‍, വെള്ളരി, മുളക്, തക്കാളി തുടങ്ങി പതിനാഞ്ചോളം ഇനങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. എല്ലാ ദിവസവും വിളവെടുക്കുന്നു. ഇവ കഞ്ഞിക്കുഴിയിലും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന ജൈവചന്തകള്‍ വഴിയാണ് വില്‍ക്കുന്നത്. കൂടാതെ പ്രദേശവാസികള്‍ക്കും തോട്ടത്തിലെത്തുന്നവര്‍ക്കും വില നല്‍കി ആവശ്യാനുസരണം പറിച്ചെടുക്കാം. നേരിട്ടുള്ള വിപണനത്തിലൂടെയാണ് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുന്നതെങ്കിലും കര്‍ഷകരുടെ ചന്തകളില്‍ നിന്ന് മികച്ച വില ലഭിക്കുന്നുണ്ടെന്ന് സുനില്‍ പറഞ്ഞു.
വര്‍ഷത്തില്‍ മൂന്നു തവണയാണ് കൃഷിയിറക്കുന്നത്. വലിയ വാരങ്ങളെടുത്ത് അടിസ്ഥാനവളമായി പച്ചിലകമ്പോസ്റ്റും കോഴിവളവും ചാണകവും വേപ്പിന്‍ പിണ്ണാക്കും നല്‍കും. വേനല്‍ക്കാലത്ത് ഡ്രിപ്പ് ഇറിഗേഷനിലൂടെയുള്ള നനയും. 45 ദിവസം കൊണ്ട് കായ്കളുണ്ടായിത്തുടങ്ങും. തുടര്‍ന്ന് 60 ദിവസം വരെ വിളവെടുക്കാം. മികച്ച വിളവാണെങ്കില്‍ അവ തീരുന്നതുവരെ ചെടികളെ സംരക്ഷിക്കും. പിന്നീട് ചെടികളും കളകളും വെട്ടി കുഴിയിലിടും. അതിനു മുകളില്‍ ജൈവവളങ്ങളിട്ട് അടുത്ത തടമെടുക്കും. ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഒരിനം മാത്രം നടുന്ന രീതിയില്ല. വിളകള്‍ മാറിമാറി നടുന്നു. ഒരേക്കര്‍ സ്ഥലത്ത് പച്ചക്കറിക്കൃഷി നടത്താന്‍ മുപ്പതിനായിരം രൂപ ചെലവു വരുന്നുണ്ട്. ഒരേക്കറിന് ആയിരം രൂപ പാട്ടവും നല്‍കണം. കൂടുതല്‍ പണികള്‍ വരുന്ന സമയത്തു മാത്രമാണ് ജോലിക്കാരെ ഇറക്കുന്നത്. അത്യാവശ്യപണികള്‍ക്ക് സഹായിക്കാന്‍ ഒരു സ്ത്രീ എന്നുമുണ്ട്. സുനിലിനോടൊപ്പം ഭാര്യ രോഷ്‌നിയും കൃഷിയില്‍ സജീവമാണ്. അതുകൊണ്ടാണ് പണിച്ചെലവുകള്‍ നിയന്ത്രിക്കാനും ഉത്പാദനം വര്‍ധിപ്പിച്ച് നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുന്നത്.
പച്ചക്കറികളോടൊപ്പം റെഡ ്‌ലേഡി പപ്പായക്കൃഷിയുമുണ്ട്. ഇരുപത്തിയഞ്ച് സെന്റില്‍ നൂറു തൈകളാണ് നട്ടിരിക്കുന്നത്. ജൈവവളങ്ങള്‍ തന്നെയാണ് അടിസ്ഥാനവളമായി നല്‍കുന്നത്. നല്ല പരിചരണം നല്‍കിയാല്‍ ആറാം മാസം മുതല്‍ വിളവെടുക്കാന്‍ കഴിയും. വളര്‍ച്ചയ്ക്കനുസരിച്ച് വളം നല്‍കിയാല്‍ മൂന്നുവര്‍ഷംവരെ വിളവെടുക്കാം. വ്യക്തമായ കാഴ്ചപ്പാടോടുകൂടി കൃഷി ചെയ്യുകയും പരിചരിക്കുകയും ചെയ്താല്‍ കൃഷിയില്‍ നിന്ന് മികച്ച സാമ്പത്തികനേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് ഏഴുവര്‍ഷത്തെ കാര്‍ഷിക ജീ വിതം കൊണ്ട് സുനില്‍ പറയുന്നു.
പാട്ടഭൂമിയിലെ മൂന്നേക്കര്‍ കരഭൂമിയാണ്. കരഭൂമിയില്‍ കൃഷി ചെയ്യുമ്പോള്‍ കൃഷിച്ചെലവ് ഇരട്ടിയാകും, വിളവു കുറയും. ശ്രദ്ധയോടെ സംരക്ഷിച്ചാല്‍ നഷ്ട മുണ്ടാകില്ല. രണ്ടേക്കറില്‍ ഫെ ബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിളവെടുക്കത്തക്ക രീതിയില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നു. നവംബര്‍ മാസത്തില്‍ നടുന്ന തൈകള്‍ രണ്ടരമാസം കൊണ്ടു വിളവു നല്‍കും. അടിസ്ഥാനമായി കോഴിവളവും ചാണകവും വേപ്പിന്‍പിണ്ണാക്കുമാണു നല്‍കുന്നത്. പിന്നീടൊന്നും നല്‍കുന്നില്ല. മണലിന്റെ അംശം കൂടുതലുള്ളതിനാല്‍ വേനലില്‍ ദിവസവും നനയുണ്ട്. ഇരുനൂറിലേറെ തണ്ണിമത്തന്‍ തോട്ടത്തില്‍ നിന്നു തന്നെ വിറ്റു പോകുന്നു. കിലോ യ്ക്ക് മുപ്പതു രൂപ നിരക്കിലാണ് വില്പന.
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ഗുണവും രുചിയും കൂടുതലാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത നല്ല കാര്‍ഷിക വിളകള്‍ എവിടെ ലഭ്യമായാലും ആവശ്യക്കാര്‍ കൃഷിയിടത്തില്‍ വന്നു വാങ്ങും. വില അവര്‍ക്ക് പ്രശ്‌നമല്ല. കാര്‍ഷിക വിളകള്‍ക്ക് വില നിശ്ചയിച്ച് വില്പന നടത്താനുള്ള കഴിവ് കര്‍ഷകര്‍ നേടുമ്പോള്‍ കൃഷി മികച്ചതൊഴിലായി മാറുമെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ് ചേര്‍ത്തലയിലെ സുനിലെന്ന കര്‍ഷകന്‍. ഫോണ്‍: 9249333743.
നെല്ലി