കൃഷിയിലെ ഇട്ടൂപ്പ് ടച്ച്
Tuesday, May 21, 2019 2:57 PM IST
കൃഷി ഒരു വരുമാന മാര്‍ഗത്തിനപ്പുറം നാളെയുടെ നിലനില്‍പ്പിനുള്ള പ്രവൃത്തികൂടെയാണെന്ന് തിരിച്ചറിഞ്ഞ കര്‍ഷകനാണ് ഇട്ടൂപ്പ്‌ജോയി. കുമളി ചക്കുപള്ളം പഞ്ചായത്തിലെ മന്ദിരത്തില്‍ ഏലവും കുരുമുളകും നിറഞ്ഞുനില്‍ക്കുന്ന ആറേക്കര്‍. ഇതില്‍തന്നെ മാവ്, പ്ലാവ്, ഗ്രാമ്പൂ, കറുവാപ്പട്ട, ആഞ്ഞിലി, തുടങ്ങിയവയുമുണ്ട്. കൂടാതെ കോഴി, കരിങ്കോഴി, താറാവ്, ടര്‍ക്കി, ആട്, മത്സ്യം, വിവിധ പഴവര്‍ഗച്ചെടികള്‍ ഇവയെല്ലാം അടങ്ങിയ സമ്മിശ്രകൃഷിയാണ് ഇട്ടൂപ്പിന്റേത്. രാസവളങ്ങളും കീടനാശിനികളും പരമാവധി കുറച്ച് പൂര്‍ണമായി ജൈവകൃഷിയിലേക്ക് മെല്ലെ നീങ്ങുകയാണ് ഈ കര്‍ഷകന്‍.
ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇട്ടൂപ്പ് എം. ജോയി ചെറുപ്പകാലം മുതല്‍ കൃഷിയില്‍ സജീവമായിരുന്നു. ഏലത്തിന് വളവും കീടനാശിനി പ്രയോഗവും നടത്തിയില്ലെങ്കില്‍ വിളവു കുറയുമെന്നത് സത്യമാണ്. രാസവളങ്ങളും കീടനാശിനികളും മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും നശിപ്പിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ കാലം മുതല്‍ ഇവയുടെ ഉപയോഗം കുറച്ചുവരികയാണ് ഇട്ടിയച്ചന്‍ എന്ന പേരിലറിയപ്പെടുന്ന ഇട്ടൂപ്പ്.
നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് പ്രധാന വളം. 200 ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുലിറ്റര്‍ ഗോമൂത്രമൊഴിച്ച് വര്‍ഷത്തില്‍ മൂന്നു തവണ നല്‍കുന്നു. കൂടാതെ ചാണകം ഉണക്കിപ്പൊടിച്ച് വര്‍ഷത്തില്‍ രണ്ടു തവണ നല്‍കും. ഏലച്ചെടികളിലും കുരുമുളകിലുമെല്ലാം മുളകള്‍ കൂടുതലുണ്ടാകാന്‍ ഡിഎപി ഒരു പ്രാവശ്യം നല്‍കുന്നുണ്ട്. ഒരേക്കറില്‍ 450 ഏലച്ചുവടുകളാണുള്ളത്. ഇതിനിടയിലാണ് കുരുമുളക് കൊടികള്‍ വളര്‍ന്നു നില്‍ക്കുന്നത്. ഒന്നരലക്ഷം രൂപ ഒരു വര്‍ഷം ചെലവുവരുന്നുണ്ട്. ഒരേക്കറില്‍ നിന്ന് അഞ്ഞൂറ് കിലോ ഉണ ക്കഏലം കിട്ടും. അഞ്ചരക്കിലോ ഉണക്കുമ്പോഴാണ് ഒരുകിലോ കിട്ടുന്നത്.
ജൈവവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മണ്ണു ജീവനുള്ളതാകുന്നു. മണ്ണിരകളുടെ എണ്ണം കൂടി, മണ്ണ് ഇളക്കമുള്ളതാകുന്നു. ചെടികള്‍ക്ക് കരുത്തുണ്ടാകുന്നു. രോഗകീടബാധകളും കുറയും. ഫലങ്ങളുടെ സൂക്ഷിപ്പുകാലം വര്‍ധിക്കും. രുചിയും മണവും കൂടും. അതുകൊണ്ട് മികച്ച വിലയും ലഭിക്കും. ചെടികള്‍ക്ക് വളമുണ്ടാക്കാന്‍ വിവിധ ഇനങ്ങളിലുള്ള നൂറില്‍പരം കോഴികളെ വളര്‍ത്തുന്നുണ്ട്. ഇവയുടെ കാഷ്ഠം ചെടിച്ചുവട്ടിലെത്തുന്നു. കൃഷിച്ചെലവുകള്‍ പരമാവധികുറച്ച്, കൃഷിയിടത്തില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന ഒരു കര്‍ഷകനാണ് ഇട്ടൂപ്പ്. വിളകളും പക്ഷിമൃഗാദികളും കര്‍ഷകന്റെ സ്വാന്ത്വനം ഇഷ്ടപ്പെടുന്നവയാണ്. സ്‌നേഹവാത്‌സല്യത്തോടെ കാര്‍ഷിക മേഖലയെ സമീപിക്കുമ്പോള്‍ നന്മയുടെ വിളകള്‍ കൈനിറയെ കിട്ടുമെന്ന വിശ്വാസക്കാരനാണിദ്ദേഹം.
ഏതൊരു വിളയിലും ഒരു ഇട്ടൂപ്പ് ടച്ച് കാണുന്നെന്നതാണ് ഈ തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത. വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കാന്‍ ഡ്രിപ്പ് ഇറിഗേഷനോടൊപ്പം ചിട്ടയായി വളമിട്ട്, പുതയിട്ട് ചെടികളെ സംരക്ഷിക്കുന്നു. കുളത്തിലെ ജലമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്. മരച്ചില്ലകളിലെ ഇലകള്‍ വീണ് കുളം വൃത്തികേടാകാതിരിക്കാന്‍ വലവിരിച്ചിട്ടുണ്ട്. ഇതില്‍ ഗൗരാമി, കട്‌ല, രോഹു തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുന്നു. ഇവയെ ചൂണ്ടയിട്ട് പിടിക്കാനുള്ള സൗകര്യവുമുണ്ട്. കൃഷിയിടത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യാനുസരണം മല്‍സ്യം പിടിക്കാം. അതിനു വില നല്‍കിയാല്‍ വീട്ടില്‍ കൊണ്ടുപോകാം. നാടന്‍ കോഴികള്‍ക്ക് ആവശ്യക്കാര്‍ കൂടിയപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും തുടങ്ങി. മുട്ട വിരിയിക്കാന്‍ പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് ഇന്‍കുബേറ്റര്‍ നിര്‍മിച്ചു. ഇതിന് 2500 രൂപചെലവായി. 80 മുട്ടയ്ക്ക് നൂറു വാട്ടിന്റെ രണ്ടു ബള്‍ബു മതി. മുട്ടകള്‍ രാവിലെയും വൈകിട്ടും മറിച്ചു കൊടുക്കണം. കൂടുതല്‍ മുട്ടകള്‍ വയ്ക്കാന്‍ ബള്‍ബിന്റെ എണ്ണം കൂട്ടിയാല്‍ മതി. ഇത് ഒരു ഡ്രയറായും ഉപയോഗിക്കാം. വിവിധതരം പരീക്ഷണങ്ങളിലൂടെ കാര്‍ഷിക രംഗത്ത് ചെലവു ചുരുക്കി, മികച്ച നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തിന് ഫാം ടൂറിസത്തിലേക്കും തിരിയാന്‍ പദ്ധതിയുണ്ട്.
ഭക്ഷണം തന്നെയാണ് ഔഷധം. വിഷമില്ലാത്ത ആഹാരം ഭക്ഷിക്കുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്താല്‍ രോഗങ്ങളില്‍ ഭൂരിഭാഗവും അകന്നു പോകും. ഇതിനായി പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. കൂടുതലായി വരുന്നത് ബന്ധുക്കള്‍ക്കും സൃഹൃത്തുക്കള്‍ക്കും നല്‍കുന്നു. ഭാര്യ ബിനിതയും മക്കളും കൃഷിപ്പണികളില്‍ സജീവമാണ്. അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് തങ്ങളുടെ ആവശ്യത്തിനുള്ള പണം കണ്ടെത്താന്‍ മക്കളായ എബലും നോഹലും ശ്രമിക്കുന്നു. ഇവര്‍ പിതാവിനോടൊപ്പം ഒഴിവുദിവസങ്ങളില്‍ കൃഷിയിടത്തിലുണ്ടാകും. പുത്തന്‍ ആശയങ്ങള്‍ കണ്ടുപിടിക്കാന്‍ പിതാവിനെ മക്കളും സഹായിക്കുന്നു. ജോലിയേക്കാള്‍ മികച്ച വരുമാനവും സന്തോഷവും കൃഷിയില്‍ നിന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഈ കുട്ടികള്‍ക്കുണ്ട്.
സ്വപ്രയത്‌നത്താലും അധ്വാനത്തിലൂടെയും ആര്‍ജിച്ച കൃഷിയറിവുകള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു ഉത്തമകര്‍ഷകനാണ് ഇട്ടൂപ്പ് ഫോണ്‍: 94951 60 532.
നെല്ലി ചെങ്ങമനാട്