ഷാജി അഗസ്റ്റിന് ദീപിക കര്‍ഷക പ്രതിഭ
Saturday, March 23, 2019 3:42 PM IST
ദീപിക ദിനപത്രം ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച കര്‍ഷകനുള്ള കര്‍ഷകപ്രതിഭാ പുരസ്‌കാരം ഇടുക്കി രാജകുമാരിയിലെ സമ്മിശ്രകര്‍ഷകന്‍ ഈഴക്കുന്നേല്‍ ഷാജി അഗസ്റ്റിന്. 50,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന ദീപികയുടെ പുതിയ അച്ചടിസമുച്ചയ ഉദ്ഘാടനച്ചടങ്ങില്‍ കെ.എം. മാണി എംഎല്‍എ സമ്മാനിച്ചു. കേരളത്തിന്റെ വിവിധഭാഗങ്ങളിലെ കര്‍ഷകരെ ജൂറി നേരില്‍കണ്ടാണ് അവാര്‍ഡ് നിശ്ചയിച്ചത്.
കൃഷികൊണ്ട് ഉപജീവനം നടത്തുന്ന, സമ്മിശ്ര കര്‍ഷകനാണ് ഷാജി. മണ്ണിലും മനസിലും നൂറുമേനി എന്നപേരില്‍ കൃഷിയെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും പുസ്തകം രചിച്ചിട്ടുണ്ട്. ജൈവകൃഷിയിലേക്കും പ്രകൃതികൃഷിയിലേക്കും മാറേണ്ടതിന്റെ ആവശ്യകതയാണ് പ്രധാന പ്രതിപാദ്യം. തന്റെ മുന്നില്‍ വന്ന പ്രതിസന്ധികളെ അവസരങ്ങളായി കണ്ട്, വിജയമാക്കി മാറ്റിയ കര്‍ഷകനാണ് 54 കാരനായ ഇദ്ദേഹം. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതികവിദ്യകളും കൂട്ടിയോജിപ്പിച്ചാണ് ഈ കര്‍ഷകന്റെ മുന്നേറ്റം. സമ്മിശ്രകൃഷി നടത്തുന്ന ചെറുകിട കര്‍ഷകരില്‍, പുതിയ രീതികള്‍ പരീക്ഷിക്കാനും പുതിയ ആവിഷ്‌കാരങ്ങള്‍ നടത്താനും പരിശ്രമിക്കുന്നവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദീപിക കര്‍ഷക പ്രതിഭാ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇടുക്കി രാജാക്കാട്ട് രാജകുമാരിയിലെ മൂന്നര ഏക്കറില്‍ ഒറ്റയ്ക്ക് കുഴിയെടുത്ത് ഏലംനട്ട കഠിനാധ്വാനശീലം ഷാജി അഗസ്റ്റിന്‍ ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. തേനീച്ചകള്‍കൂടുപേക്ഷിക്കുന്നത് നിത്യസംഭവമായപ്പോള്‍ തേനീച്ചകള്‍ക്ക് സ്വന്തമായി രൂപകല്‍പന ചെയ്ത മണ്‍കൂടൊരുക്കി. വര്‍ഷം ഏഴു മുതല്‍ 10 വരെ കിലോ തേന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പന. ഇത്തരത്തില്‍ തടിയില്‍ നിര്‍മിച്ച മറ്റൊരു തേനീച്ചക്കൂടും രൂപകല്‍പന ചെയ്തിട്ടുണ്ട്. മനോഹരമായി സംവിധാനം ചെയ്ത തോട്ടത്തില്‍ ഏലവും കുരുമുളകുമാണ് പ്രധാനകൃഷി. മൂന്നു പ്രകൃതിദത്ത കുളങ്ങളിലും ഒരു പടുതാക്കുളത്തിലും മത്സ്യം വളര്‍ത്തുന്നു. വീട്ടില്‍വളര്‍ത്തുന്ന നാടന്‍പശുക്കളുടെ ചാണകവും മൂത്രവുമാണ് കൃഷിയിലെ പ്രധാനചേരുവ.

പതിനേഴ് വര്‍ഷം മുമ്പ് തുടങ്ങിയ കൃഷി സപര്യ
പതിനേഴ് വര്‍ഷം മുമ്പാണ് ഇടുക്കി രാജാക്കാട് രാജകുമാരിയിലെ ഈഴക്കുന്നേല്‍ കുടുംബവീട്ടിലേക്ക് ഷാജി താമസം മാറുന്നത്. കായികാധ്യാപകനായും സഹകരണ ബാങ്ക് സെക്രട്ടറിയായും ജോലിചെയ്ത ഷാജി അഗസ്റ്റിന്‍ അതെല്ലാമുപേക്ഷിച്ചായിരുന്നു കൃഷിയില്‍ ഫുള്‍ടൈമറായത്. ആദായമില്ലാതിരുന്ന ഈ പുരയിടം ആദായകരമാക്കാന്‍ പച്ചവെള്ളവും പഴവും കഴിച്ച് കുഴികുത്തി. ഒരു ദിവസം ശരാശരി ആറുകുഴികള്‍ വരെയെടുത്തു. ഈ കുഴികളില്‍ ഏലചിമ്പുകള്‍ നട്ടു. ഇടവിളയായും തനിവിളയായും കുരുമുളകിനേയും കൂടെചേര്‍ത്തു. ഒപ്പം പുരയിടത്തിലുണ്ടായിരുന്ന കാപ്പിയേയും പരിപാലിച്ചു.
ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള പുരയിടമായി ഇതുമാറിയതിനു പിന്നില്‍ ഷാജി ഒഴുക്കിയ വിയര്‍പ്പിന്റെ പങ്ക് ചെറുതല്ല. അധികം കഷ്ടപ്പെടാതെ തന്നെ ഇന്ന് ജീവിതം മുന്നോട്ടു നീക്കാമെങ്കിലും താന്‍ പഠിച്ച കഠിനാധ്വാനത്തിന്റെ പാഠങ്ങള്‍ മറക്കാന്‍ തയാറല്ല ഇദ്ദേഹം.
തോട്ടത്തിലെ ജൈവകൃഷി
മൂന്നുവര്‍ഷമായി തന്റെ തോട്ടം ജൈവകൃഷിയിടമാക്കി മാറ്റുന്നതിനുള്ള പരിശ്രമത്തിലാണിദ്ദേഹം. പലേക്കറിന്റെ സീറോ ബജറ്റ് കൃഷിരീതികളാണ് ഇദ്ദേഹം അനുവര്‍ത്തിക്കുന്നത്. രാസവളപ്രയോഗം സാവധാനം നിര്‍ത്തി മണ്ണിന്റെ ഘടനമാറ്റി സീറോ ബജറ്റ് കൃഷിയിലേക്ക് തോട്ടത്തെ മാറ്റുകയാണിദ്ദേഹം.
വര്‍ഷം 1000 കിലോ ഏലവും 500 കിലോ കാപ്പിയും 500 കിലോ കുരുമുളകും തോട്ടത്തില്‍ നിന്നു ലഭിക്കുന്നു. മാസത്തില്‍ ഒരു ദിവസം ഏതെങ്കിലും മറ്റേതെങ്കിലുമൊരു തോട്ടം സന്ദര്‍ശിച്ച് കൃഷി രീതികള്‍ മനസിലാക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.
ഏലത്തോട്ടത്തിലെ മീന്‍
തോട്ടത്തിനു നടുവിലെ മൂന്നു കുളങ്ങളിലും പുതുതായി സ്ഥാപിച്ച പടുതാക്കുളത്തിലും മീന്‍ വളര്‍ത്തുന്നു. അനാബസ്, ഗിഫ്റ്റ് തിലാപ്പിയ, ഗൗരാമി എന്നിവയാണ് പ്രധാന ഇനങ്ങള്‍. തോട്ടത്തിന്റെ ഒരുഭാഗത്ത് പഴവര്‍ഗങ്ങളുടെ തോട്ടം ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കൃഷിചെയ്ത പാഷന്‍ഫ്രൂട്ട് 500 കിലോ വിളഞ്ഞു. കാസര്‍ഗോഡ് കുള്ളന്‍, വെച്ചൂര്‍ എന്നീ ഇനങ്ങളിലെ രണ്ട് പശുക്കള്‍, ആട്, മുട്ടക്കോഴി എന്നിവയേയും വളര്‍ത്തുന്നു. ഇറച്ചിക്കോഴിക്കുഞ്ഞിനെ വാങ്ങി വാഴപ്പിണ്ടി പ്രധാന തീറ്റയായി നല്‍കി വളര്‍ത്തുന്നു. കോഴിയില്‍ കൃത്രിമ മരുന്നിന്റെയോ മറ്റോ ദോഷമുണ്ടെങ്കില്‍ ഇവയെ നിര്‍വീര്യമാക്കാന്‍ പിണ്ടി സഹായിക്കുമെന്നാണ് ഷാജിയുടെ അഭിപ്രായം. മുട്ടക്കോഴികളെ പ്രത്യേകം മുറിയില്‍ വളര്‍ത്തുന്നു. വിവിധയിനം പച്ചക്കറികളും ഷാജി ഉത്പാദിപ്പിക്കുന്നു.
ഇടുക്കി രൂപത കാത്തലിക്ക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ മികച്ചകര്‍ഷകനുള്ള മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഭാര്യ സാലിയും(പോസ്‌റ്റോഫീസ്, രാജകുമാരി) മക്കളായ എലിസബ ത്തും(എംഎസ് സി കെമിസ്ട്രി വിദ്യാര്‍ഥി, അല്‍ഫോന്‍സാ കോളജ്, പാല) ആഗ്നസും(എട്ടാം ക്‌ളാസ് വിദ്യാര്‍ഥി, സെന്റ് സേവ്യേഴ്‌സ് എച്ച്എസ്എസ്, ചെമ്മണ്ണൂര്‍, അഗസ്റ്റീനയും(അഞ്ചാംക്ലാസ് വിദ്യാര്‍ഥി, ഹോളിക്വീന്‍സ് യുപിഎസ്, രാജകുമാരി) ഷാജിക്കൊപ്പം കൃഷിയില്‍ വ്യാപൃതരാണ്.
ഫോണ്‍: ഷാജി അഗസ്റ്റിന്‍ 94475 363 49.