മോഡല്‍ 3യുമായി ഇന്ത്യന്‍ നിരത്തു കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്!
മോഡല്‍ 3യുമായി ഇന്ത്യന്‍ നിരത്തു കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്!
Tuesday, February 2, 2021 4:07 PM IST
ലോകത്തെ പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ബെംഗളൂരു ആസ്ഥാനമാക്കി ടെസ്‌ല ഇന്ത്യ മോട്ടേഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ടെസ്‌ല ഇന്ത്യന്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ആദ്യമെത്തുന്ന ടെസ് ല കാര്‍ മോഡല്‍ 3 ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 2021 ജൂണ്‍ മാസത്തില്‍ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കന്‍ സംരംഭകരായ മാര്‍ട്ടിന്‍ എബര്‍ഹാഡ്, മാര്‍ക് ടാര്‍പെന്നിംഗ് എന്നിവര്‍ ചേര്‍ന്ന് 2003ല്‍ ആരംഭിച്ച കമ്പനിയാണ് ടെസ്‌ല. ഇലക്ട്രിക് സ്‌പോര്‍ട്ട്‌സ് കാര്‍ നിര്‍മിക്കുക എന്നതായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ്യം.

തുടക്കത്തില്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം ഇറക്കിയ പേപാല്‍ സഹഉടമ ഇലോണ്‍ മസ്‌ക് 2008ലാണ് കമ്പനി സ്വന്തമാക്കുന്നത്.

ടെസ് ല റോഡ്‌സ്റ്റര്‍ ആണ് ആദ്യ ഇലക്ട്രിക് കാര്‍. 98,000 ഡോളറാണ് വില. നാലു സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്ന കാര്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയും ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ റേഞ്ചും നല്‍കിയിരുന്നു.

റോഡ്‌സ്റ്ററിന്റെ വന്‍വിജയത്തോടെ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ ടെസ്ല തുടങ്ങി. മോഡല്‍ 3, മോഡല്‍ എസ്, മോഡല്‍ എക്‌സ് എന്നിവയ്ക്കു പുറമെ ടെസ് ല സെമി, ടെസ്ല സൈബര്‍ട്രക്ക് എന്നീ മോഡലുകളും പണിപ്പുരയിലുണ്ട്.


ബെംഗളൂരു ആസ്ഥാനമായാകും ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക. കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം വൈഭവ് തനേജ, വെങ്കട്ടരംഗം ശ്രീരാം, ഡേവിഡ് ജോണ്‍ ഫെയിന്‍സ്റ്റെയ്ന്‍ എന്നിവരാണ് ഡയറക്ടേഴ്‌സ്.

പ്രൈവറ്റ് അണ്‍ലിസ്റ്റഡ് കമ്പനിയായിട്ടാണ് ടെസ് ല ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15,00,000 ഡോളറാണ് മൂലധനമായി കാണിച്ചിരിക്കുന്നത്.

കര്‍ണാടകയ്ക്കു പുറമെ ഗുജറാത്ത് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ പ്ലാന്റ് സ്ഥാപിച്ചു പ്രവര്‍ത്തനത്തിന് അനുമതി തേടിയിട്ടുണ്ട് ടെസ് ല. ബംഗളൂരുവിന് പുറത്ത് ടുംകൂറിലാണ് കര്‍ണാടക സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്.

2021 പകുതിയോടെ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന മോഡല്‍ 3യുടെ പ്രീബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം, വാഹനം ഇന്ത്യയില്‍ എന്ന് എത്തുമെന്നോ വിലയോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.