പച്ചക്കറികൾക്ക് ലാഭവഴിയൊരുക്കി സുജിത്തിന്റെ തോട്ടങ്ങൾ
Tuesday, October 8, 2024 11:16 AM IST
കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചു മികച്ച രീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൽ എക്കാലത്തും മുന്നിലാണ് ആലപ്പുഴ ജില്ലയിലെ ചേർത്തല മായിത്തറ സ്വാമിനികർത്തിൽ എസ്.വി.സുജിത്ത്.
ചൊരിമണൽ നിറഞ്ഞ 30 ഏക്കർ പാട്ടഭൂമിയിൽ നിന്ന് ആഴ്ചയിൽ അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വരുമാനമാണ് ഇദ്ദേഹം നേടുന്നത്. പച്ചക്കറി കൃഷിയിൽ ആലപ്പുഴ ജില്ലയുടെ തലസ്ഥാനമെന്നു ചേർത്തല ബ്ലോക്കിനെ വിശേഷിപ്പിക്കാം.
വർഷങ്ങളായി വിഷരഹിത പച്ചക്കറി കൃഷിയിൽ മുന്നിട്ടു നിൽക്കുന്ന കർഷകരാണ് ഇവിടെയുള്ളത്. പാരന്പര്യമായി കിട്ടിയ അറിവുകളും ആർജിച്ചെടുത്ത ആധുനിക രീതികളും സമന്വയിപ്പിച്ചാണു സുജിത്തിന്റെ കൃഷി.
യന്ത്രവത്കൃത സംവിധാനങ്ങളും ഇസ്രയേൽ പോലുള്ള രാജ്യങ്ങളിൽ നിന്നു കണ്ടു പഠിച്ച രീതികളും അദ്ദേഹം കൃഷിയിടങ്ങളിൽ പരീക്ഷിക്കുന്നു. കൃഷി വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്ന സുജിത്തിന് ആ വഴിയും പുതിയ ആശങ്ങളും കൃഷി രീതികളും മനസിലാക്കാൻ സാധിക്കുകയും ചെയ്യുന്നു.
തുടക്കം
ചെറിയ രീതിയിൽ വീട്ടുവളപ്പിൽ പച്ചക്കറികൾ കൃഷി ചെയ്തായിരുന്നു തുടക്കം. 2012- മുതൽ സന്പൂർണ കർഷകനായി. നാടൻ രീതിയിൽ സ്വന്തമായ ഒരേക്കർ ഭൂമിയിൽ പച്ചക്കറിക്കൃഷി. വാരങ്ങളെടുത്തു തൈകൾ നട്ടു.
കളശല്യവും വളർച്ചാക്കുറവും ബുദ്ധിമുട്ടുണ്ടാക്കി. എത്ര വളം ചെയ്താലും അതിന് അനുസരിച്ചുള്ള വിളവ് ഇല്ല. എങ്കിലും മണൽ മണ്ണിനെ മെരുക്കാൻ കംന്പോസ്റ്റ് വളങ്ങൾ നൽകി. മണ്ണ് സാവധാനം മെച്ചപ്പെട്ടു.
ഉത്പാദനം വർധിപ്പിക്കാൻ ശാസ്ത്രീയമായ കാഴ്ചപ്പാട് വേണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിളവെടുപ്പിനു മുന്പും ശേഷവും കൃഷിയിടം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ആഴത്തിൽ പഠിച്ചു.
മികച്ച വിത്തുകൾ ശേഖരിച്ച്, തൈകൾ ഉത്പാദിപ്പിച്ച് നടാൻ തുടങ്ങിയതോടെ വിളവും വളർച്ചയും കൂടി. യന്ത്രസഹായം കൂടിയായതോടെ ചെലവ് നിയന്ത്രിക്കാനും സാധിച്ചു. ഇതോടെ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി പച്ചക്കറിക്കൃഷി തുടങ്ങി.
സ്വന്തം ഭൂമിക്കു പുറമെ ചേർത്തല ബ്ലോക്കിലെ വിവിധ സ്ഥലങ്ങളിലായി ഭൂമി പാട്ടത്തിനെടുത്ത് പാവൽ, വെണ്ട, വഴുതന, പയർ, കുക്കുംബർ, ചുരക്ക, ചീര തുടങ്ങി പത്തിലേറെ ഇനങ്ങൾ നട്ടു നനച്ചു.
വർഷം മുഴുവൻ വിളവെടുക്കാവുന്ന രീതിയിലായിരുന്നു കൃഷി. ദിവസവും കുറഞ്ഞത് അഞ്ച് ഇനങ്ങളുടെ വില്പനയുമുണ്ടാകും.
കൃഷി രീതി
വർഷക്കാലത്തും വെള്ളക്കെട്ടുണ്ടാകാത്ത നീർവാഴ്ചയുള്ള പ്രദേശങ്ങളാണു തെരഞ്ഞെടുക്കുന്നത്. ആദ്യം ഉഴവ് യന്ത്രങ്ങൾ ഉപയോഗിച്ച് ഉഴുതു മറിച്ചു കുമ്മായം വിതറും. ഒരാഴ്ച കഴിഞ്ഞ് യന്ത്രസഹായത്തോടെ വാരങ്ങൾ എടുക്കും.
20 പേരുടെ ജോലി രണ്ട് മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുന്ന യന്ത്രങ്ങളാണ് സുജിത്ത് ഉപയോഗിക്കുന്നത്. കംബോസ്റ്റ്, ചണകപ്പൊടി, കോഴിവളം, വളർച്ചയ്ക്കും വേര് പിടിക്കലിനുമായി പ്രത്യേക ജൈവവളങ്ങൾ എന്നിവ അടിവളമായി നൽകും.
നനയ്ക്കാൻ ഡ്രിപ്പ് ഇറിഗേഷൻ ക്രമീകരിക്കും. പിന്നീട് വാരങ്ങൾ പൂർണമായും കവർ ചെയ്ത് മൾച്ചിംഗ് ഷീറ്റ് വിരിക്കും. ഷീറ്റിട്ട് തടം മൂടിയാൽ മണ്ണും വളവും വർഷക്കാലത്ത് ഒലിച്ച് പോകില്ല. ഓരോ തടങ്ങളും തമ്മിൽ മൂന്നടി അകലമുണ്ടാകും.
മഴക്കാലത്ത് വെള്ളം ഈ ചാലുകളിലൂടെ ഒലിച്ചു പോകും. കൂടാതെ ഇതിലൂടെ സഞ്ചരിച്ച് ചെടികൾ പരിചരിക്കുകയും ചെയ്യാം. ഓരോ തടത്തിലും വിരിച്ച ഷീറ്റിൽ മൂന്നടി അകലത്തിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് തൈകൾ നടുന്നത്.
അടിവളത്തിന്റെ കരുത്തിലാണ് ചെടികൾ വളരുന്നത്. ഓരോ ചെടിയുടെയും വളർച്ച നോക്കി മണ്ണ് പരിശോധിച്ച് ആവശ്യമായ വളങ്ങൾ നൽകുന്ന രീതിയാണ് സുജിത്തിന്േറത്. നിലവിൽ 15 സ്ഥലങ്ങളിലായി കൃഷിയുണ്ട്. 13 ജോലിക്കാരും.
തടങ്ങൾ ഒരുക്കിക്കഴിഞ്ഞാൽ വൈകാതെ പന്തലിടും. കറ്റത്തും മഴയത്തും തകരാത്ത രീതിയിലാണ് പന്തലിന്റെ നിർമാണം. നിലത്തു നിന്ന് കായ്കൾ പറിച്ചെടുക്കുവാൻ കഴിയുന്ന ഉയരമാണ് പന്തലിന്റെ കണക്ക്.
ഒരു മാസം പ്രായമുള്ളതും ആരോഗ്യമുള്ളതുമായ തൈകൾ സ്യൂഡോമോണസ് ലായനിയിൽ മുക്കിയശേഷമാണ് നടുന്നത്. ഒരു വർഷം മൂന്നു കൃഷി. ഓരോ തവണയും ഇനങ്ങൾ മാറിമാറി നടുന്നതിനാൽ വളർച്ചയും വിളവും കൂടും. വെള്ളക്കെട്ടുള്ള കുറച്ച് സ്ഥലത്ത് നെൽകൃഷിയുണ്ട്.
കൊയ്ത്തു കഴിഞ്ഞാൽ അവിടെ തണ്ണിമത്തൻ, പൊട്ടുവെള്ളരി, ചീര ഇനങ്ങൾ കൃഷി ചെയ്യും. കൂലി കൊടുക്കാനുള്ള പണം ചീരക്കൃഷിയിൽ നിന്ന് ലഭിക്കുമെന്നു സൂജിത്ത് പറഞ്ഞു. വർഷം ശരാശരി പതിനഞ്ച് ലക്ഷം രൂപയുടെ വ്ളാത്താങ്കര ചീര വിൽക്കും.
മറ്റു ചീരകൾപോലെ വേഗത്തിൽ ഇത് പൂക്കില്ല എന്നതാണ് പ്രത്യേകത. ശിഖരങ്ങൾ മുറിച്ചെടുത്ത് എട്ട് മാസത്തോളം വിളവെടുക്കാം. അതിൽ നിന്ന് ശേഖരിക്കുന്ന വിത്താണ് അടുത്ത കൃഷിക്ക് ഉപയോഗിക്കുന്നത്.
എല്ലാത്തരം പച്ചക്കറികൾക്കും ഇടവിളയാണ് വെള്ളരി. തക്കാളി കൃഷി ജനുവരി, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ മാത്രമാണ്. പച്ചമുളക് എല്ലാ സീസണിലുമുണ്ട്.
മീനും പച്ചക്കറിയും
ഏകദേശം പത്ത് സെന്റോളം വലിപ്പമുള്ള രണ്ട് കുളങ്ങൾ സുജിത്തിനുണ്ട്. കടുത്ത വേനലിലും നാല് അടിയിലേറെ വെള്ളം ഉണ്ടാകും. ഇതിൽ ഗൗര, കാരി, ചെന്പല്ലി, തിലോപ്പിയ തുടങ്ങിയവയെ വളർത്തുന്നു.
പക്ഷികളുടെ ആക്രമണം തടയാൻ കുളത്തിന് മുകളിൽ ഉറപ്പുള്ള നെറ്റ് വിരിച്ചിട്ടുണ്ട്. ഒപ്പം കുളത്തിന് ചുറ്റു വിവിധതരം പന്തൽ ഇനം പച്ചക്കറികൾ മാറിമാറി നട്ടു. കുളത്തിലെ വെള്ളം കൃഷിക്ക് ഉപയോഗിച്ചപ്പോൾ വളപ്രയോഗം വളരെ കുറയ്ക്കാനും കഴിഞ്ഞു.
ബെന്തി കൃഷിയും കീടനിയന്ത്രണവും
ഓണത്തെ വരവേൽക്കാൻ രണ്ട് ഏക്കറോളം സ്ഥലത്താണു ബെന്തി പൂക്കൾ കൃഷി ചെയ്തിരിക്കുന്നത്. ചാണകപ്പൊടിയും കംബോസ്റ്റുമാണ് പ്രധാനവളം. രണ്ട് മുതൽ മൂന്നടിവരെ അകലത്തിൽ വഴുതന തൈകൾ നട്ട് അതിന് ഇടയിലാണ് ബെന്തിച്ചെടികൾ നട്ടിരിക്കുന്നത്.
ഓണത്തിനു മുന്പു പൂക്കളുടെ വിളവെടുപ്പ് കഴിയും. അപ്പോഴേയ്ക്കും വഴുതന തൈകൾ വളർന്ന് പന്തലിച്ചു തുടങ്ങും. ജൈവ കീടനിയന്ത്രണമാർഗമെന്ന നിലയിൽ കൃഷിയിടങ്ങളിലെല്ലാം ബെന്തിച്ചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്.
കീടനാശിനികളുടെ ഉപയോഗം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിന്റെ പൂക്കളിൽ നിന്നും ഇലകളിൽ നിന്നുമുള്ള രൂക്ഷ ഗന്ധം നല്ലൊരു ശതമാനം കീടങ്ങളുയും കൃഷിയിടത്തിൽ നിന്ന് അകറ്റും.
കൂടാതെ മിത്രകീടങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി വിളവ് മെച്ചപ്പെടും.
വെള്ളക്കെട്ടിലെ കൃഷി
വേനൽക്കാലത്തും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ പച്ചക്കറിക്കൃഷി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സുജിത്ത്. വെള്ളക്കെട്ടുള്ള ഒന്നരയേക്കർ ഭൂമിയിൽ ഒന്നേകാൽ ലക്ഷം രൂപമുടക്കിയാണു തുടക്കം.
മണ്ണ് കോരി ജലനിരപ്പിന് മുകളിൽ വരത്തക്കവിധം ഉയർത്തിയെടുത്തു വലിയ തടങ്ങൾ ഉണ്ടാക്കുകയാണ് ആദ്യം. വർഷക്കാലത്ത് ഉണ്ടാകുന്ന ജലനിരപ്പ് കണക്കാക്കി അതിൽ നിന്ന് ഒരടി ഉയരത്തിലാണ് തടങ്ങൾ നിർമിക്കുന്നത്.
തടങ്ങളുടെ മുകൾ ഭാഗം തമ്മിൽ ഏകദേശം പത്തടി അകലമുണ്ടാകും. തടങ്ങളുടെ നിർമാണത്തോടൊപ്പം നിലത്ത് നിന്നു വിളകൾ ശേഖരിക്കാൻ കഴിയുന്ന ഉയരത്തിൽ പന്തൽ കെട്ടിയുറപ്പിച്ചാണ് കൃഷിക്ക് ഒരുങ്ങുന്നത്.
വെള്ളക്കെട്ടുള്ളതിനാൽ തടങ്ങളിൽ കൃഷിചെയ്താൽ വളർച്ചയും വിളവും തീരെ കുറയും. ചിലപ്പോൾ ചെടികൾ നശിച്ചു പോകുകയും ചെയ്യും. ഇതിനെ നേരിടാനായി ഡ്രമ്മുകൾ പരീക്ഷിക്കാൻ സുജിത്ത് തീരുമാനിച്ചു.
200 ലിറ്ററിന്റെ ഡ്രമ്മുകൾ വാങ്ങി രണ്ടായി മുറിച്ച്, അടിഭാഗത്ത് ഓരോ ദ്വാരങ്ങൾ വീതം ഇട്ട് അതിലാണ് കൃഷി. ഡ്രമ്മിൽ കൂടുതലായി വരുന്ന ജലം പുറത്തേയ്ക്ക് പോകാനാണ് ദ്വാരങ്ങൾ.
ഡ്രമ്മുകൾ ഓരോ തടങ്ങളുടെയും മുകളിൽ ഉറപ്പിച്ച ശേഷം കംബോസ്റ്റ് ചകിരിച്ചോറ്, ചാണകപ്പൊടി, ഉമിച്ചാരം, ഡോളമൈറ്റ് (കാത്സ്യം, മാഗ്നീഷ്യം, കാർബോണേറ്റ് അടങ്ങിയ ചുണ്ടാന്പുകല്ല്) എന്നിവ കൃത്യമായ അളവിൽ ചേർത്ത് യോജിപ്പിച്ചു മിശ്രിതം ഡ്രമ്മിന്റെ മുക്കാൽ ഭാഗത്തോളം നിറച്ചശേഷം തൈകൾ നടും.
കൃഷി വകുപ്പിന്റെ സഹകരണവും പ്രോത്സാഹനവും പുത്തൻ രീതികൾ പരീക്ഷിക്കാൻ സുജിത്തിന് കൂടുതൽ ആവേശം നൽകുന്നു. മുകളിൽ നിന്ന് താഴേയ്ക്ക് ചെറുപൈപ്പുകൾ സ്ഥാപിച്ചാണ് ട്രിപ്പ് ഇറിഗേഷൻ ഒരുക്കിയിരിക്കുന്നത്.
ശുദ്ധീകരിച്ച ചകരിച്ചോറിനോടൊപ്പം ചെടികളുടെ വളർച്ചയ്ക്ക് ഉതകുന്ന പോഷകങ്ങളും ചേർത്ത് നടീൽ മിശ്രിതം ഉണ്ടാക്കി അത് ഒന്നരയിഞ്ച് കനത്തിൽ ഡ്രമ്മിൽ വിരിച്ചാണ് മൂന്ന് തൈകൾ വീതം നട്ടിരിക്കുന്നത്. കൃഷി വിജയകരമായാൽ കൂടുതൽ പ്രദേശങ്ങളിൽ ഈ രീതിയിൽ കൃഷിയിറക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഇടനിലക്കാരില്ലാതെ കർഷകരുടെ വിളകൾ മാത്രം വില്പന നടത്തുന്ന നിരവധി കടകൾ ആലപ്പുഴ ജില്ലയിലുണ്ട്. പുലരും മുന്പേ വിളവെടുത്ത് പത്തു മണിക്ക് മുന്പായി അവിടെത്തിച്ചാണ് വില്പന. കൃഷിയിടത്തിൽ നേരിട്ടെത്തി വിളകൾ വാങ്ങുന്ന കച്ചവടക്കാരുമുണ്ട്.
സുജിത്തിന് പിന്തുണയുമായി ഭാര്യ അഞ്ചുവും അമ്മ ലീലയും ഉണ്ട്. വീട്ടുജോലികൾക്ക് ശേഷം ഇരുവരും പതിവായി കൃഷിയിടത്തിലെത്തും.
ഫോണ്: 9495929729