മഴക്കാലത്തും വേണം കാലികൾക്ക് പ്രത്യേക പരിചരണം
ഡോ. എം. ഗംഗാധരൻ നായർ
Tuesday, August 5, 2025 12:35 PM IST
പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനു സമീകൃത ആഹാരം മാത്രമല്ല, കാലാവസ്ഥയ്ക്കനുസരിച്ചുള്ള പരിപാലന രീതികളും അത്യാവശ്യമാണ്. മഴക്കാലത്തു നൽകേണ്ട ചില പരിപാലന മുറകളും പകർച്ച വ്യാധികൾക്കെതിരേയുള്ള പ്രതിരോധമാർഗങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
1. തൊഴുത്ത്
മഴയത്ത് ചോർന്നൊലിക്കുന്ന തൊഴുത്തിൽ നിൽക്കുന്ന കന്നുകാലികളുടെ ഉത്പാദന ക്ഷമത കാര്യമായി കുറയും. വായു സഞ്ചാരക്കുറവ് മൂലം അമോണിയ പോലുള്ള വാതകം ഉത്പാദിപ്പിക്കപ്പെടാനും ഇതു കണ്ണുകളിൽ നീരും ശരീര ആസ്വസ്ഥതയും ഉണ്ടാക്കുന്നതിനും കാരണമാകുകയും ചെയ്യും.
നനഞ്ഞ പരിസ്ഥിതിയിൽ കന്നുകുട്ടികളിൽ രക്താതിസാരം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രതലത്തിന് 40 സെന്റിമീറ്ററിനു ഒരു സെന്റിമീറ്റർ എന്ന കണക്കിൽ ചരിവുണ്ടായാൽ തൊഴുത്തിൽ ഈർപ്പമുണ്ടാവാതെ സംരക്ഷിക്കാം.
ചാണകവും മൂത്രവും ശേഖരിക്കാനുള്ള കുഴികൾ ഷെഡിൽ നിന്ന് അകലെയായിരിക്കണം. ഒരു പശുവിന് 3.5 സ്ക്വയർ മീറ്റർ സ്ഥലമെങ്കിലും തറ അളവ് വേണം. തറയിൽ നിന്ന് മേൽക്കൂരയിലേക്ക് വശങ്ങളിൽ നിന്ന് 8 അടിയും മധ്യത്തിൽ നിന്ന് 15 അടിയും ഉയരമുണ്ടായിരിക്കണം.
തൊഴുത്ത് മൂന്നു വശം തുറന്നതും പടിഞ്ഞാറ് ഭാഗം ചുമരുള്ളതുമാണെങ്കിൽ നല്ലത്. മഴക്കാലത്ത് കട്ടിയുള്ള കർട്ടൻ ഉപയോഗിച്ചു മറയ്ക്കണം.
2. പരിസര ശുചിത്വം
ഷെഡിന്റെ പരിസരത്തെ പുല്ലുകളും മറ്റു ചെടികളും മുറിച്ചു മാറ്റി എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പച്ചപ്പുല്ല് തീറ്റക്ക് അനുയോജ്യമെങ്കിലും ഇളം പുല്ലുകൾ ചിലപ്പോൾ ദോഷം ചെയ്തേക്കാം.
ഇവയിൽ നാരിന്റെ (ഫൈബർ) അംശം കുറവും ജലാശം കൂടുതലുമാണ്. ഫൈബർ കുറഞ്ഞാൽ ദാഹനക്കേട് ഉറപ്പാണ്. പാൽ ഉത്പാദനം കുറയുകയും ചെയ്യും.
3. വിര മരുന്ന്
നനഞ്ഞ കാലാവസ്ഥ പലവിധ രോഗങ്ങൾക്കു കാരണമാകുന്ന ധാരാളം ബാക്ടീരിയകൾ ഉത്പാദിപ്പിക്കും. അതിനാൽ മഴക്കാലം തുടങ്ങുന്നതിനു മുന്പ് തന്നെ ക്രമമായി വിര മരുന്ന് നൽകണം.
കന്നുകുട്ടികൾക്ക് ആദ്യ ആഴ്ച്ച തന്നെ വിര മരുന്ന് നൽകാം. ആറ് മാസം വരെ മാസത്തിൽ ഒരു തവണയും പിന്നീട് മൂന്ന് മാസത്തിലൊരിക്കലും എന്നതാണ് കണക്ക്.
വലിയ പശുക്കൾക്ക് വർഷത്തിൽ രണ്ട് തവണയെങ്കിലും നൽകണം.
4. ബാഹ്യ പരാദങ്ങൾ
കൃത്യമായ ഇടവേളകളിൽ ബാഹ്യ പരാദങ്ങളെ തുരത്താനുള്ള മരുന്ന് തൊഴുത്തിലും പരിസരങ്ങളിലും തളിക്കണം. ബാഹ്യപരാദങ്ങൾ ഉണ്ടെങ്കിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും പശുക്കളുടെ ശരീരത്തിൽ പരാദ നിയന്ത്രണ ലേപനങ്ങൾ പുരട്ടണം.
വെള്ളത്തിൽ കലക്കി കുളിപ്പിക്കാവുന്നതും മുതുകിൽ ചോക്ക് പോലെ വരക്കാവുന്നതുമായ കീടനിയന്ത്രണ ലേപനങ്ങൾ വിപണിയിൽ ലഭ്യമാണ്. കർപ്പൂരം വേപ്പെണ്ണയിൽ ചൂടാക്കി പുരട്ടുന്നത് ഗുണകരമാണ്.
കർപ്പൂരം, വേപ്പെണ്ണ, യൂക്കാലിയെണ്ണ എന്നിവ 4:4:1 എന്ന അനുപാതത്തിൽ മിക്സ് ചെയ്തു തൊഴുത്തിൽ തളിക്കുന്നത് പ്രാണികളെ അകറ്റാൻ ഫലപ്രദമാണ്. കുന്തിരിക്കം, ശീമക്കൊന്ന, തുന്പ തുടങ്ങിയവ ഉപയോഗിച്ച് തൊഴുത്തിൽ പുകയ്ക്കുന്നത് കൊതുകുകളെയും പ്രാണികളെയും തുരത്താൻ സഹായിക്കും.
ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാൻ ആഴ്ചയിൽ രണ്ട് തവണ വളക്കുഴിയിൽ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ചേർത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തിൽ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡർ ചേർക്കണം.
5. ചെള്ളുകൾ, ഉണ്ണികൾ
മഴക്കാലത്ത് ചെള്ളുകളും ഈച്ചകളും വ്യാപകമാകും. രക്തം വലിച്ചു കുടിക്കുന്ന ചെള്ളുകൾ, മാരകമായ ഈസ്റ്റ് കോസ്റ്റ് ഫീവർ എന്ന രോഗം പരത്തുകയും ചെയ്യും. ചില ഈച്ചകൾ സെറ്റ്സെ എന്ന രോഗം പകർത്തും.
ചികിത്സിച്ചില്ലെങ്കിൽ മരണ കാരണമായേക്കാം. ചെള്ളുകളെ നശിപ്പിക്കാനുള്ള മരുന്നുകൾ ശരീരത്തിൽ പുരട്ടുകയോ ഷെഡിലും പരിസരത്തും തളിക്കുകയോ ചെയ്യണം.

6. അണുനാശിനി
അണുക്കൾ പെരുകാതിരിക്കാൻ ബ്ലീച്ചിംഗ് പൗഡർ ലായനി തളിക്കുന്നതു നല്ലതാണ്. ഒരു ശതമാനം ക്ലോറിൻ ലായനി തയാറാക്കാൻ 6ടീ സ്പൂണ് ബ്ലീച്ചിംഗ് പൗഡർ കുഴന്പ് രൂപത്തിലാക്കിയശേഷം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക.
"തെളി’ എടുത്തു നിലം തുടക്കാനും പരിസരം വൃത്തിയാക്കുവാനും ഉപയോഗിക്കുക. സുഗന്ധത്തിനായി മറ്റു ലോഷനുകൾ ഉപയോഗിക്കാവുന്നതാണ്.
7. തീറ്റ
പച്ചപ്പുല്ല്
മഴക്കാലത്ത് വളരുന്ന പുല്ലിൽ ധാരാളം ജലാംശമുണ്ടാകും. ഇത് ആമാശയം നിറയ്ക്കുന്നതല്ലാതെ കാര്യമായ ഗുണമൊന്നും നൽകില്ലെന്നു മാത്രമല്ല, വയറിളക്കത്തിനു കാരണമാകുകയും ചെയ്യും. വെയിലത്ത് ഉണക്കിയോ, വാട്ടിയോ ജലാംശം കുറച്ചു നൽകുന്നതാണ് ഉത്തമം.
നനഞ്ഞ തീറ്റയിൽ പൂപ്പൽ ബാധ കൂടുതലായിരിക്കും. ഇത് "ആഫ്ലാട്ടോക്സിൻ’ എന്ന വിഷം ഉത്പാദിപ്പിക്കുകയും "അഫ്ല്ലാട്ടോക്സിക്കോസിസ്’ എന്ന രോഗമുണ്ടാക്കുകയും ചെയ്യും. നനഞ്ഞ തീറ്റ വെയിലിൽ ഉണക്കിയെടുത്തു കൊടുത്താൽ ഈ വിഷം തടയാം.
8. പ്രധാന രോഗങ്ങൾ
• കുളന്പ് രോഗം
ഒരു വൈറസ് രോഗമാണിത്. കുളന്പിന് ഇടയിൽ, വായ, അകിട് എന്നിവിടങ്ങളിൽ ആദ്യം കുമിളകളും പിന്നീട് വ്രണങ്ങളും ഉണ്ടാകുന്നതാണ് ലക്ഷണം. ശക്തിയായ പനിയും ഉത്പാദനക്കുറവും ഗർഭം അലസലും ഉണ്ടാകും.
3-4 മാസം പ്രായത്തിൽ കന്നുകുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകണം. ബൂസ്റ്റർ കുത്തിവയ്പ് മൂന്നു മാസത്തിനുശേഷവും. പിന്നീട് എല്ലാവർഷവും കുത്തിവയ്പ് തുടരുകയും ചെയ്യണം.
• കാലിവസന്ത
ഉയർന്ന മരണനിരക്കുള്ള മാരകമായ വൈറസ് രോഗമാണിത്. പ്രതിരോധിക്കാൻ ആറ് മാസം പ്രായത്തിൽ ആദ്യ കുത്തിവയ്പ് നൽകണം. മൂന്നു വർഷത്തിൽ ഒരു തവണ പ്രതിരോധ കുത്തിവയ്പ് നടത്തണം.
കടുത്ത പനി, ചീറ്റിയുള്ള വയറിളക്കം, കടുത്ത ദുർഗന്ധത്തോടുകൂടിയ രക്തം കലർന്ന ചാണകം എന്നിവയാണ് ലക്ഷണങ്ങൾ.
• കുരളടപ്പൻ
മാരകമായ ഒരു ബാക്റ്റീരിയ രോഗമാണിത്. 6 മാസം പ്രായം മുതൽ എല്ലാ വർഷവും പ്രതിരോധ കുത്തിവയ്പ് നടത്തണം. ഇത് മഴക്കു മുന്പ് എടുക്കുന്നതാണ് നല്ലത്.
ശക്തിയായ പനി, കഴുത്ത് കീഴ്ത്താടി എന്നിവിടങ്ങളിൽ നീര് എന്നിവയാണ് ലക്ഷണങ്ങൾ.
• അടപ്പൻ
മാരകമായ ഒരു ബാക്റ്റീരിയ രോഗമാണിത്. ലക്ഷണങ്ങൾ കാണിക്കാതെ വളരെ പെട്ടെന്നു മരണം സംഭവിക്കും. മഴയ്ക്കു മുന്പ് എല്ലാ വർഷവും കുത്തിവയ്പ് നൽകണം. മൂക്ക്, വായ, മലദ്വാരം എന്നിവിടങ്ങളിൽ നിന്ന് രക്തം വാർന്നോലിക്കുന്നതാണു ലക്ഷണം.
ശക്തിയായ പനിയുമുണ്ടാകും. രക്തത്തിൽ കലർന്ന സ്പോറുകൾ (ബാക്റ്റീരിയ അണുക്കൾ) വായുവിൽ കൂടി സഞ്ചരിച്ച് രോഗം പകർത്താൻ സാധ്യതയുള്ളതിനാൽ മരണശേഷം ശരീരം കീറി രോഗനിർണയം നടത്താറില്ല.
ലക്ഷണം കണ്ടാൽ രക്ത പരിശോധനയിലൂടെ രോഗം നിർണയിക്കാം. മൃതശരീരം ആറടി താഴ്ച്ചയിൽ കുമ്മായം ഇട്ട് മൂടുകയോ കത്തിച്ച് കളയുകയോ ചെയ്യണം.
• കരിങ്കാൽ (ബ്ലാക്ക് ക്വാർട്ടർ രോഗം)
മാരകമായ ബാക്റ്റീരിയ രോഗമാണിത്. ഇളം പ്രായത്തിലുള്ളവയെയാണ് സാധാരണ ബാധിക്കുന്നത്. എല്ലാ വർഷവും മഴയ്ക്കു മുന്പ് കുത്തിവയ്പ് നൽകണം. പനി, തുടയിലെ തൊലിയിൽ കറുപ്പ് കലർന്ന നീല നിറം കാണും. തടവുന്പോൾ’ കിറ - കിറാ ശബ്ദം കേൾക്കാം.
• അകിടുവീക്കം
ബാക്റ്റീരിയയും ഫംഗസുമാണ് കറവ പശുക്കളിൽ ഈ രോഗമുണ്ടാക്കുന്നത്. പനി, അകിടിനു നീര്, പാൽ കട്ട പിടിച്ചത് പോലെയോ മഞ്ഞ നിറത്തിലോ പെരുത്ത രൂപത്തിലോ കാണാം. കറക്കുന്നതിന് മുന്പ് പൊട്ടാസിയം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് അകിട് കഴുകണം.
കറവക്കുശേഷം മുലക്കണ്ണ് ന്ധപോവിഡിൻ അയഡിൻ’ ലായനിയിൽ മുക്കണം. ശേഖരിക്കുന്നതിനു മുന്പ് രണ്ടോ മൂന്നോ തവണ പാൽ കറന്നു കളയണം. അകിടുവീക്കം നിർണയിക്കാനുള്ള ന്ധമാസ്റ്റയിറ്റിസ് കിറ്റ്’ ഉപയോഗപ്പെടുത്തണം.
• ടിന്പനി
മഴക്കാലത്ത് ഇളം പുല്ലുകളും പയറ് വർഗത്തിൽപ്പെട്ട ഇലകളും കഴിക്കുന്നതിലൂടെ ആമാശയത്തിൽ വായു കെട്ടി നിന്ന് അണുക്കൾ പെരുകി വയറ് വീർത്ത് ശ്വാസം കഴിക്കാൻ പറ്റാതെ മരണപ്പെടുന്ന രോഗമാണിത്.
പുല്ലിൽ വൈക്കോൽ ചേർത്ത് കൊടുത്താൽ ദുരന്തം ഒഴിവാക്കാം. അശ്രദ്ധയോടെ കന്നു കാലികളെ മേയാൻ വിടരുത്.
• ന്യൂമോണിയ
ഒരു ശ്വാസകോശ രോഗമാണിത്. മഴ നനയുന്നതു മൂലം ശ്വാസകോശത്തിൽ വെള്ളം കയറുന്നതുമൂലമാണ് രോഗമുണ്ടാകുന്നത്. ശക്തിയായ ചുമ, ശ്വാസതടസം, പനി എന്നിവയാണ് ലക്ഷണങ്ങൾ.
മഴ നനയിക്കാതെ നോക്കണം. രോഗ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണം.
• മുടന്തൻ പനി
മഴക്കാലങ്ങളിൽ മാത്രം കാണുന്ന ഒരു വൈറസ് രോഗമാണിത്. ശരീരം തളർന്ന് അവശനിലയിൽ കൈ കാലുകൾ നീട്ടി ചരിഞ്ഞു കിടക്കുന്നതാണു ലക്ഷണം. കൊതുക് ചെള്ള് എന്നിവ വഴി മറ്റു മൃഗങ്ങളിലേക്കും രോഗം പകരും.
ശക്തിയായ പനി, വിറയൽ, കൂനി നിൽക്കുക, തല താഴ്ത്തി നിൽക്കുക, വായയിൽ നിന്ന് ഉമിനീര് ഒലിക്കുക കണ്ണ് മൂക്ക് ഇവയിൽ കൂടി ശ്രവങ്ങൾ വരുക, ഭക്ഷണം കഴിക്കാതിരിക്കുക, കാല് മുടന്തി നടക്കുക, മുട്ടിൽ നീര്, അനങ്ങാതെ കിടക്കുക എന്നിവ ലക്ഷണങ്ങൾ.
ധാതുലവണ മിശ്രിതവും ജീവകങ്ങളും ഭക്ഷണത്തിൽ ചേർത്ത് നൽകുകയാണ് പ്രതിരോധ മാർഗം.
ഫോണ്: 9947452708