മാലിന്യമുക്തിക്ക് കൂണ്
Saturday, September 23, 2023 10:49 AM IST
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാനുള്ള മാർഗങ്ങളില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണു കൂണ് ഉപയോഗിച്ചുള്ള സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ജൈവമാലിന്യ സംസ്കരണം ശ്രദ്ധേയമാകുന്നത്.
ജൈവമാലിന്യങ്ങൾ വിഘടിപ്പിക്കാനും അതിനെ പോഷകസമൃദ്ധമായ മണ്ണാക്കി മാറ്റാനും കൂണുകൾക്കു സ്വാഭാവികമായ കഴിവുണ്ട്. ഈ കഴിവ് ഉപയോഗിച്ചാണു കൂണ് അടിസ്ഥാനമാക്കിയുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
ഈ സംവിധാനങ്ങളിൽ ജൈവമാലിന്യങ്ങൾ കൂണ് വിത്തുമായി കലർത്തി അഴുകാൻ അനുവദിക്കുന്നതാണു രീതി. അതുവഴിയുണ്ടാകുന്ന പോഷകങ്ങൾ മണ്ണിനെ സന്പുഷ്ടമാക്കാനോ മറ്റു വിളകൾക്കു വളമായി നൽകാനോ ഉപയോഗിക്കാം.
ചില കൂണുകൾക്ക് ഈയം, കാഡ്മിയം, മെർക്കുറി തുടങ്ങിയ വിഷലോഹങ്ങളെയും മാലിന്യങ്ങളെയും ആഗീരണം ചെയ്തു മണ്ണിനെ ഫലഭൂഷ്ഠമാക്കാൻ കഴിയും. ഇവ ഉത്പാദിപ്പിക്കുന്ന എൻസൈമിന് സങ്കീർണമായ സംയുക്തങ്ങളെ ലളിതമായ സംയുക്തങ്ങളാക്കി മാറ്റാനും പെട്രോളിയം ഉത്പന്നങ്ങളിലെ ഹൈഡ്രോ കാർബണുകളെ തകർക്കാനും കഴിയും.
മാലിന്യങ്ങളിൽ നിന്നു വിഷ വസ്തുക്കളെ നീക്കം ചെയ്യുന്ന പ്രകൃതിദത്ത ഫിൽട്ടറുകളായാണ് ഇവ പ്രവർത്തിക്കുന്നത്. ബയോ റെമെഡിയേഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്.
കംന്പോസ്റ്റ് നിർമാണം
കന്പോസ്റ്റ് കൂന്പാരങ്ങളിൽ കൂണ് തന്തുക്കൾ (മൈസീലിയം) ചേർത്താൽ വിഘടന പ്രക്രിയയുടെ വേഗത കൂടുകയും പോഷക സന്പുഷ്ടമായ കന്പോസ്റ്റ് ഉണ്ടാകുകയും ചെയ്യും.
വൈക്കോൽ, കോഫി ഗ്രൗണ്ടുകൾ, പച്ചക്കറി അവശിഷ്ടങ്ങൾ, പേപ്പർ ഉത്പന്നങ്ങൾ തുടങ്ങിയ ജൈവമാലിന്യങ്ങൾ ശേഖരിച്ചു കൂണ് വിത്തുമായി യോജിപ്പിച്ചശേഷം മിശ്രിതം കന്പോസ്റ്റ് കുഴിയിൽ നിറച്ച് കൂന്പാരമാക്കുക. ഈർപ്പവും നല്ല വായു സഞ്ചാരവും ഉറപ്പാക്കണം.
ആഴ്ചകൾകൊണ്ടു മൈസീലിയം വളരും. മാലിന്യം പൂർണമായി വിഘടിച്ചു കഴിഞ്ഞാൽ കന്പോസ്റ്റായി മാറും.
മാലിന്യം മാധ്യമം
കാപ്പിതോട്ടങ്ങളിലെ മാലിന്യം, കാർഷികവശിഷ്ടങ്ങൾ, ഗോതന്പ്, തവിട്, കാപ്പി, വാഴയില തുടങ്ങിയവയെല്ലാം കൂണ് കൃഷിയുടെ മാധ്യമമായി ഉപയോഗിക്കാം.
ചില ഫാമുകളിൽ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ വിഘടിപ്പിച്ചു കന്പോസ്റ്റാക്കി മാറ്റാനും പേപ്പർ മാലിന്യം സംസ്കരിക്കാനും കൂണ് ഉപയോഗിക്കുന്നുണ്ട്.
കൂണ് വിളവെടുപ്പിനു ശേഷം അവശേഷിക്കുന്ന വസ്തുക്കളെ മറ്റു കൃഷിക്ക് ഉപയോഗിക്കാം. ഉപയോഗിച്ച മാധ്യമവും മൈസീലിയവും മാത്രമേ ഇതിലുണ്ടാകൂ. പോഷകങ്ങൾ കുറവായതിനാൽ വീണ്ടും കൂണ് കൃഷിക്ക് ഉപയോഗിക്കാനാവില്ല.
എന്നാൽ, പോഷകസന്പുഷ്ടമായ കന്പോസ്റ്റ് ഉണ്ടാക്കാം. വളം, മണ്ണ്, കണ്ടീഷണർ ബയോ എനർജി ഉത്പാദനത്തിനുള്ള ഫീഡ്സ്റ്റോക്ക് എന്നിങ്ങനെ പലതരം ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം. കൃഷി ഭൂമിയുടെ ഫലഭൂഷ്ഠത, ജലസംഭരണ ശേഷി, വിളവ് എന്നിവ വർധിപ്പിക്കാൻ ഇവയ്ക്കു കഴിവുണ്ട്.
ബയോചാർ, ബയോഗ്യാസ് എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കാം. ഇതിൽ ചജഗ ഉള്ളതിനാൽ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യാം. കാർബണ്‍ ധാരാളമായുള്ള മാധ്യമങ്ങളിൽ കൂണ് വളർത്തിയാൽ കാർബണ്‍ പിടിച്ചെടുത്തു മണ്ണിൽ കൊടുക്കും.
ഹരിത ഗൃഹ വാതകത്തിന്റെ പ്രഭാവം കുറയ്ക്കാനും കൂണ് സഹായിക്കും. പശു, പന്നി, കോഴി തുടങ്ങിയവയുടെ തീറ്റയ്ക്കായും ഇത് ഉപയോഗിക്കാം. മൃഗങ്ങളുടെ വളർച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്ന പ്രോട്ടീൻ, നാരുകൾ മറ്റു പോഷകങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ മണ്ണ് കൃഷിക്കും പൂന്തോട്ട പരിപാലനത്തിനും ഉപയോഗിക്കാം.
കൂണ് കാലിന്യം കൈകാര്യം ചെയ്യാൻ പല വഴികളുണ്ട്. കന്പോസ്റ്റും ജൈവവള നിർമാണവുമാണ് അതിൽ പ്രധാനം. ജൈവ വസ്തുക്കൾ വിഘടിപ്പിച്ചു മീഥേൻ, കാർബണ്‍ ഡൈ ഓക്സൈഡ് എന്നിവ പുറത്തുവിടാൻ ഇവയ്ക്കു കഴിയും.
കയർ വ്യവസായ മേഖലയിലെ പ്രധാന പാഴ്വസ്തുവാണു ചകിരിച്ചോർ. കേരളത്തിൽ വർഷംതോറും 2.5 ലക്ഷത്തോളം ടണ്‍ ചകിരിച്ചോർ കുമിഞ്ഞു കൂടുന്നുണ്ടെന്നാണ് കണക്ക്. മറ്റു വസ്തുക്കളെ പോലെ സ്വാഭാവിക കന്പോസ്റ്റിംഗ് ചകിരിച്ചോറിൽ സാധ്യമാകുന്നില്ല.
ഇതിലുള്ള ലിഗ്നിൻ ആണു കാരണം. ലിഗ്നിൻ പെട്ടെന്നു മണ്ണിൽ അഴുകി ചേരില്ല. ഇതിനെ വിഘടിപ്പിക്കാൻ പ്ലൂറോട്ടസ് കൂണുകൾക്ക് കഴിവുണ്ട്. ഇതിനായി തണുപ്പുള്ള ഒരു സ്ഥലം തെരഞ്ഞെടുക്കുക.
ഇവിടെ 100 കിലോ ചകിരിച്ചോർ ഒരേ കനത്തിൽ നിരത്തുക. തുടർന്ന് പ്ലൂറോട്ടസ് കൂണ്‍വിത്ത് 300 ഗ്രാം വിതറി വീണ്ടും ചകിരിച്ചോർ അതിനു മുകളിൽ നിരത്തുക. അതിനുമേൽ 1 കിലോ യൂറിയ വിതറുക.
ഒരു മീറ്റർ ഉയരം എത്തുന്നതു വരെ ഈ പ്രക്രിയ തുടരുക. ഈർപ്പം ആവശ്യമാണെങ്കിൽ വെള്ളം തളിച്ചു കൊടുക്കുക. ഒരു മാസം കഴിയുന്പോഴേക്കും ചകിരിച്ചോർ വിഘടിച്ചു നല്ലവളമായി മാറും. ലിഗ്നിന്റെ അളവ് 30-40 ശതമാനമായി കുറയുകയും ചെയ്യും.
ഈ ചകിരിച്ചോർ വളത്തിൽ പ്രധാന പോഷകമൂലകങ്ങൾ എല്ലാംതന്നെ അടങ്ങിയിട്ടുണ്ട്. 500-600 % ഈർപ്പം വലിച്ചെടുത്ത് സൂക്ഷിക്കുന്ന സ്വഭാവം ചകിരിച്ചോറിന് ഉണ്ട് . ഇത് വെള്ളം ഇറങ്ങുന്നതിനും ജലാംശം മണ്ണിൽ നിലനിർത്തുന്നതിനും സഹായകമാണ്.
ഫോണ്‍: 9656574638
സി.പി. അഞ്ജലി
കാർഷിക കോളജ്, വെള്ളായണി