കൃഷിയിലും എഐ വിപ്ലവം
Thursday, September 21, 2023 4:41 PM IST
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യന്ത്രങ്ങളെ സൃഷ്ടിക്കുന്ന ശാസ്ത്ര സാങ്കേതിക ശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി.
ജോണ് മക്കാർത്തി, അലൻ ട്യുറിംഗ്, ജെഫ്രി ഹിന്റണ് തുടങ്ങിയവരെപ്പോലെ നിരവധി കംപ്യൂട്ടർ ശാസ്ത്രജ്ഞർ വർഷങ്ങളായി നടത്തിയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണ് ഇതിന്റെ അടിസ്ഥാന തത്വങ്ങൾ.
എഐ അധിഷ്ഠിത ഗവേഷണം
മികച്ച ഡേറ്റ സെറ്റുകളാണ് എ. ഐ.യുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യം. ഇന്റർനെറ്റിന്റെയും സാമൂഹ്യ മാധ്യമങ്ങളുടെയും ശക്തമായ സാന്നിധ്യമുള്ള ഈ കാലഘട്ടത്തിൽ ഡേറ്റ മുഴുവൻ ഡിജിറ്റൽ ആണ്.
അതുകൊണ്ടുതന്നെ അവ വളരെ കുറഞ്ഞ വിലയ്ക്കു ലഭ്യമാണു താനും. ശാസ്ത്രജ്ഞന്മാർ തങ്ങളുടെ ഗവേഷണങ്ങളുടെ സോഴ്സ് കോഡുകൾ സൗജന്യമായി മറ്റുള്ളവർക്കും കൂടി ഉപയോഗിക്കാവുന്ന തരത്തിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങനെ വിവരങ്ങൾ സ്റ്റോർ ചെയ്യാനുള്ള ചെലവിലുണ്ടായ കുറവും ഓപ്പണ് പ്ലാറ്റ്ഫോമുകളുടെ ലഭ്യതയും നിർമിത ബുദ്ധിയെ കൂടുതൽ ജനകീയമാക്കി.
എഐയുടെ ഉപശാഖകൾ
മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയാണ് എഐയുടെ പ്രധാന ഉപശാഖകൾ. മനുഷ്യരെപ്പോലെ പഠനം, ന്യായവാദം, ഭാഷ, സർഗാത്മകത, അപഗ്രഥനം ഉത്ഗ്രഥനം തുടങ്ങി മനുഷ്യ ബുദ്ധിയുടെ എല്ലാ മേഖലകളും യന്ത്രങ്ങളിൽ വികസിപ്പിക്കുക എന്നതാണ് എ. ഐ യുടെ ആത്യന്തിക ലക്ഷ്യം.
യന്ത്രപഠനം
വ്യക്തമായ പ്രോഗ്രാമിംഗ് ഇല്ലാതെ ഡാറ്റയിൽനിന്നു പഠിക്കാനും അവയുടെ പ്രകടനം മെച്ചപ്പെടുത്താനും കഴിയുന്ന അൽഗോരിതങ്ങളെയും മോഡലുകളെയും കുറിച്ച് ആഴത്തിലുള്ള പഠനമാണ് മെഷീൻ ലേണിംഗ് അഥവാ യന്ത്ര പഠനം.
സൂപ്പർ വൈസ്ഡ് ലേണിംഗ്, അണ് സൂപ്പർ വൈസ്ഡ് ലേണിംഗ്, റീ-ഇൻഫോഴ്സ്മെന്റ് ലേണിംഗ്, സെൽഫ്-സൂപ്പർ വൈസ്ഡ് ലേണിംഗ് എന്നിങ്ങനെ വിവിധതരം യന്ത്രപഠനങ്ങളുമുണ്ട്.

ഡീപ് ലേണിംഗ്
തലച്ചോറിനെ മോഡൽ ചെയ്യുന്നു എന്നു ഗവേഷകർ അവകാശപ്പെടുന്ന ന്യൂറൽ നെറ്റ് വർക്കുകൾ വളരെ പ്രസിദ്ധമായ യന്ത്ര പഠനം ആണ്. ഇതിനെ പൊതുവായി ഡീപ് ലേണിംഗ് എന്നു വിളിക്കുന്നു.
മറ്റു രാജ്യങ്ങളിലെ വളർച്ച
അമേരിക്ക, ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ എ.ഐ. പോലെയുള്ള സാങ്കേതിക വിദ്യയുടെ സ്വീകാര്യതയും കാര്യക്ഷമമായ ഉപയോഗവുമാണ് അവരുടെ വിജയ രഹസ്യം.
ഈ രാജ്യങ്ങളിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും കാർഷിക മേഖലകളിൽ നിർമിത ബുദ്ധി നൽകുന്നത് അനന്തമായ സാധ്യതകളാണ്.
2016ൽ നിർമിത ബുദ്ധി അധിഷ്ഠിത കാർഷിക മേഖലാഗവേഷണങ്ങളുടെ വിപണനമൂല്യം 43.2 കോടി ഡോളർ ആയിരുന്നെങ്കിൽ 2025 ആകുന്പോൾ അത് 260 കോടി ഡോളർ ആകുമെന്ന് അനുമാനിക്കുന്നു.
സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും ഉൾപ്പെടുത്തി കൊണ്ടുള്ള വളർച്ചയ്ക്കും വരുമാന അസമത്വം കുറയ്ക്കാനും എ. ഐ യെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കഴിയും.
കൃഷി ചെയ്യുന്പോൾ കളകൾ കണ്ടുപിടിക്കാനും വിളകൾക്കു ദോഷം വരാതെ കളകളെ മാത്രം നശിപ്പിക്കാനും പല വിദേശ രാജ്യങ്ങളിലും ഈ സാങ്കേതിവിദ്യ ഉപയോഗിച്ചുവരുന്നു.
നടീൽ പ്രവൃത്തികൾ നടത്തുക, വൃക്ഷങ്ങളുടെ ശിഖരം മുറിക്കുക, വിളവ് എടുക്കുക കീടനാശിനി തളിക്കുക തുടങ്ങിയ ജോലികളും എ.ഐ. യുടെ സഹായത്താൽ ഫലപ്രദമായി പല രാജ്യങ്ങളിലും ചെയ്യുന്നുണ്ട്.
വിത്തും നടീൽ വസ്തുക്കളും
കർഷകർക്ക് ഗുണമേ·യുള്ള നിരവധി സങ്കേതങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ നിർമിത ബുദ്ധിക്കാവും. ചെടികളിലെ രോഗങ്ങളെക്കുറിച്ചും മണ്ണിനു പറ്റിയ പോഷകങ്ങളെക്കുറിച്ചും ജലസേചനത്തിന്റെ ഏറ്റക്കുറച്ചിൽ സംബന്ധിച്ച തത്സമയ നിർദേശങ്ങളുമൊക്കെ നൽകാൻ എ.ഐക്കു കഴിയും.
ഈ അറിവുകളുടെ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തിന് തികച്ചും അനുയോജ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ തുടങ്ങിയവ തെരഞ്ഞെടുക്കാൻ കർഷകർക്ക് സാധിക്കും.
പ്രതിസന്ധികൾ
അപ്രതീക്ഷിതമായ തീവ്രമഴ, വരൾച്ച, ശക്തിയായ കാറ്റ് തുടങ്ങി കർഷകർ നേരിടുന്ന പ്രതിസന്ധികൾ പലതാണ്. വളങ്ങൾ, കീടനാശിനികൾ, എന്നിവയുടെ അശാസ്ത്രീയമായ ഉപയോഗവും ജലലഭ്യതയിൽ ഉണ്ടാകുന്ന കുറവും വിളനാശത്തിന് കാരണമാകം.
ഇവയെ സംബന്ധിച്ചു യഥാസമയം എ.ഐ വിവരങ്ങളും ഉപദേശങ്ങളും നൽകുന്നതുമൂലം വിളനാശം കാര്യമായി കുറയ്ക്കാൻ കഴിയും.
കാർഷിക വിഭവങ്ങളുടെ സംഭരണം
വിളകൾ ദീർഘകാലത്തേയ്ക്കു സംഭരിച്ചു വയ്ക്കാനുള്ള സങ്കേതങ്ങളുടെ കുറവ് കാർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഉത്പാദനത്തിന്റെ അളവും, ഉത്പാദന ക്ഷമതയും ഇപ്പോൾ വളരെ കുറവാണ്. ഇവയും കർഷകരുടെ നഷ്ടം കൂട്ടുന്നു.
സംഭരണം വളരെ അനായാസമാക്കാനും ദീർഘനാളത്തേക്കു കേടുവരാതെ സൂക്ഷിക്കാനും നിർമിത ബുദ്ധി പ്രയോഗിക്കുന്നതിലൂടെ കഴിയും.
വിതരണവും മാർക്കറ്റിംഗും
നിർമിത ബുദ്ധി ഉപയോഗിച്ചു തുടങ്ങിയതോടെ 10 വർഷത്തിൽ കാർഷിക രംഗത്തു വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഉത്പാദന ക്ഷമത വർധിക്കുന്പോൾ ഉത്പന്നങ്ങൾ വൈവിധ്യവത്കരിച്ച് വിപണികളിലും സംഭരണ കേന്ദ്രങ്ങളിലും എത്തിക്കാൻ വളരെ എളുപ്പമാകും. ഡിമാൻഡ് മുൻകൂട്ടി അറിയുക എന്നതാണു പ്രധാനം.
ട്രാൻസ്പോർട്ടിംഗിലെ വർധിച്ച ചെലവ്, ആവശ്യമായ മാർക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥ, മാർക്കറ്റുകളെ സംബന്ധിച്ച വിവരത്തിന്റെ ലഭ്യതക്കുറവ്, പ്രോസസിംഗ് യൂണിറ്റുകളുടെ കുറവ്, അവയുടെ പ്രവർത്തന വൈകല്യം,
സ്റ്റോറേജ് സൗകര്യങ്ങളുടെ അപര്യാപ്തത, വില നിർണയിക്കാൻ കർഷകർക്ക് കഴിയാത്ത അവസ്ഥ, വിലയിൽ വരുന്ന വലിയ ഏറ്റക്കുറച്ചിൽ ഇവയൊക്കെ നിലവിലെ മാർക്കറ്റിംഗ് സന്പ്രദായങ്ങളുടെ പോരായ്മയാണ്.
കർഷകന്റെ വരുമാനം നിലനിർത്താനും, വർധിപ്പിക്കാനും എ. ഐയുടെ ശരിയായ ഉപയോഗം ഗുണം ചെയ്യും. ഗുണമേന്മയുള്ള നിരവധി സങ്കേതങ്ങൾ വളരെ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനും അതിനു കഴിയും.
ഫോണ്: 94476 54153
അഡ്വ. ജി. വിജയൻ
റിട്ട. ഡെപ്യുട്ടി കളക്ടർ