ചെടികൾക്കൊപ്പം സന്തോഷ ജീവിതം
Monday, September 18, 2023 1:15 PM IST
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം. എങ്ങും ഫ്ളാറ്റുകൾ അല്ലെങ്കിൽ അഞ്ചു സെന്റിലെ വീടുകൾ.
പുറത്തേക്കിറങ്ങാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിക്ക് എന്തു ഗാർഡൻ എന്ന ചിന്തയാണ് പലർക്കും. ലിവിംഗ് റൂമിലും ബാൽക്കണിയിലുമൊക്കെ ചിലർ പ്രത്യേകതരം ചെടികൾ നട്ടിരുന്നെങ്കിലും ഇൻഡോർ ഗാർഡനിംഗ് കൂടുതൽ ജനകീയമായത് ഏതാനും വർഷം മുന്പാണ്.
ഇതിനായി പ്രത്യേകതരം ചെടികൾ തന്നെയുണ്ടെന്നു തൃശൂർ ജില്ലയിലെ തൊയ്ക്കാവ് ചിറയത്ത് ആൽബീന ജോണി പറഞ്ഞു. തീരാരോഗങ്ങളുടെ ഇന്നലെകളിൽ നിന്ന് ആൽബീനയ്ക്കു പ്രതീക്ഷയുടെ പുതുജന്മം നൽകിയതു ചെടികളും പൂക്കളുമാണ്.
കുട്ടികളുണ്ടാകാൻ വേണ്ടി നടത്തിയ ഇൻഫെർട്ടിലിറ്റി ചികിത്സയെത്തുടർന്നാണ് ആൽബീന കിടപ്പിലായത്. കുറെയേറെ ചിട്ടകളും മരുന്നുകളും സർജറികളും.
ഒന്നും തന്നെ ഫലം കണ്ടില്ല. സന്ധിവേദനയുടെ രൂപത്തിലാണ് തിരിച്ചടിയുണ്ടായത്. രൂക്ഷമായ വേദനയും പേശീവീക്കവും. ഏറെനാൾ കഴിയും മുന്പേ പൂർണമായും കിടപ്പിലായി.
പണ്ടേ ചെടികളെയും പൂക്കളെയും ഇഷ്ടമായിരുന്ന ആൽബീന വേദന മറക്കാൻ ചെടികളുമായി കൂടുതൽ സമയം കൂട്ടുകൂടാൻ തുടങ്ങി. ഭർത്താവ് ജോണിയുടെ സഹായത്തോടെ പകൽ ഏതാണ്ടു മുഴുവൻ നേരവും ചിടികൾക്കൊപ്പമായി വാസം.
ചെടികളുടെ ഇടയിൽ കട്ടിലിൽ കിടന്ന് അവയെ താലോലിക്കുന്പോൾ വേദനകളും വിഷമങ്ങളും അകന്നു പോയിക്കൊണ്ടിരുന്നു. ചെടികളുടെ പുഞ്ചിരിയിൽ ചിരിക്കാൻ തുടങ്ങിയപ്പോൾ മെല്ലെ എഴുന്നേൽക്കാമെന്നായി. ഹോർട്ടികൾച്ചർ തെറാപ്പിയുടെ ചെറിയൊരു മാതൃക.
ഇതിനിടെ, ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ച ജോണിയും ഉദ്യാന പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ചെടികൾ നട്ടു പരിപാലിച്ച് അവയിൽ നിന്ന് ജീവിതത്തിന് ആവശ്യമായ വരുമാനം നേടാനും അദ്ദേഹത്തിനായി.
1995 മുതലാണ് ഇരുവരും ചെടികളുടെ ലോകത്ത് കൂടുതൽ സജീവമാകുന്നത്. വീട് മനോഹരമാക്കുന്ന ചെടികൾ തേടിവരുന്നവരാണ് ഏറെയുമെന്ന് ഇരുവരും പറയുന്നു.

അവരോട് വീടിനുള്ളിൽ സൂര്യപ്രകാശവും വായുവും ധാരാളമായി എത്തണമെന്ന് നിഷ്കർഷിക്കാറുണ്ട്. അല്ലെങ്കിൽ മലനീകരണം കൂടും. അത് ശ്വാസതടസം, തലവേദന, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കു കാരണമാകുകയും ചെയ്യും.
ധാരാളം ഓക്സിജൻ പുറത്തു വിടുന്ന ഇൻഡോർ പ്ലാന്റുകളും അലങ്കാരച്ചെടികളുമാണു വീടുകൾ മനോഹരമാക്കാൻ നല്ലത്. ആൽബീനയ്ക്കും ജോണിക്കും ചെടികൾ നട്ടു പരിപാലിക്കാൻ പ്രത്യേക രീതി തന്നെയുണ്ട്.
നടീൽ
വീടിനു പുറത്തു വളർത്തുന്നതുപോലെ അകത്തു ചെടികൾ നടാനാവില്ല. ചില ചെടികൾ ഗ്ലാസ് കുപ്പികളിൽ വെള്ളം നിറച്ച് അതിൽ വളർത്താം. വേറെ ചിലതു ചട്ടികളിൽ നടാം.
യോജിച്ച ചട്ടികൾ തെരഞ്ഞെടുക്കണമെന്നു മാത്രം. വിവിധ തരത്തിൽ മനോഹരമായ ചട്ടികൾ ലഭ്യമാണ്. ചട്ടിയുടെ മുക്കാൽ ഭാഗത്തോളം നടീൽ മിശ്രിതം നിറയ്ക്കണം.
ശുദ്ധികരിച്ച ചകിരിച്ചോർ, മണ്ണ്, മണൽ ഇവ തുല്യ അളവിൽ യോജിപ്പിച്ചെടുത്ത മിശ്രിതമാണു നല്ലത്. മണൽ ഒഴിവാക്കിയാലും കുഴപ്പമില്ല (അതിന്റെ കൂടെ മണ്ണിര കംബോസ്റ്റോ, ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയോ ഒരിക്കലും ഉപയോഗിക്കരുത്.)
ഇതിലേക്ക് തൈകൾ നട്ട് അല്പം വെള്ളം ഒഴിക്കുക. പിന്നീട് നല്ലരീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം.
പരിചരണം
പൊതുവെ ഇൻഡോർ പ്ലാന്റുകൾക്കു കാര്യമായ പരിചരണം ആവശ്യമില്ല. വിദേശയിനങ്ങൾക്കും സങ്കരയിനങ്ങൾക്കുമാണ് ശ്രദ്ധവേണ്ടത്. എന്നാൽ, സൂര്യപ്രകാശവും ചൂടും അത്യാവശ്യമാണ്.
പുറത്ത് വളർത്തുന്നചെടികൾക്ക് നൽകുന്നതുപോലെയുള്ള നന ആവശ്യമില്ല. ചട്ടികളിലെ ഈർപ്പം കൂറയുന്നതനുസരിച്ചു വെള്ളം നൽകിയാൽ മതിയാകും. വെള്ളം സ്പ്രേ ചെയ്യുന്നതാണു നല്ലത്.
പാറ്റ, ചിലന്തി, മൂട്ട, പല്ലി എന്നിവയുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉണങ്ങിയ ഇലകൾ അടർത്തി മാറ്റണം.
ഇൻഡോർ പ്ലാന്റുകൾ നട്ട് ആറു മാസം കഴിയുന്നതോടെ ചുവട്ടിൽ പുതിയ മുകുളങ്ങൾ വന്നു തുടങ്ങും. മുകുളങ്ങൾ അടർത്തിയെടുത്ത് പുതിയ തൈകൾ ഉണ്ടാക്കാം.
വള്ളിച്ചെടികൾക്ക് നീളം കൂടുന്പോഴും ശാഖകൾ കൂടുന്പോഴും കലാവാസനയ്ക്ക് അനുസരിച്ച് വെട്ടിയൊതുക്കണം. മികച്ച വളർച്ചയ്ക്ക് മാസത്തിൽ രണ്ടോ മൂന്നോ തവണ ചാണകലായനി ചുവട്ടിൽ തളിക്കുന്നത് നല്ലതാണ്.
പച്ചച്ചാണകം വെള്ളത്തിൽ കലക്കിയശേഷം അതിന്റെ തെളിയെടുത്ത് മൂന്നിരട്ടി വെള്ളം ചേർത്താണ് നൽകേണ്ടത്.
ആൽബീനയുടെ സംരക്ഷണയിൽ വളരുന്ന ചില ഇൻഡോർ പ്ലാന്റുകൾ:
സ്നേക്ക് പ്ലാന്റ്
അകത്തളങ്ങളെ ആരോഗ്യപരമായി സംരക്ഷിക്കുന്ന മികച്ച ചെടിയാണ് സ്നേക്ക് പ്ലാന്റ്. നാസയുടെ പഠനത്തിൽ ഇത് ഒരു വായു ശുദ്ധീകരണ ഏജന്റാണ്.
ഏറ്റവും കൂടുതൽ ഓക്സിജൻ നൽകുന്ന ഈ ചെടിക്ക് വായുവിലുടെയുള്ള അലർജി സാധ്യത കുറയ്ക്കാനും ശേഷിയുണ്ട്. എല്ലാത്തരം കാലാവസ്ഥയിലും നന്നായി വളരുന്ന ചെടി, വെള്ളമില്ലാതെ ദീർഘനാൾ നിലനിൽക്കുകയും ചെയ്യു.
പലതരത്തിലുള്ള സ്നേക്ക് പ്ലാന്റുകൾ ഉണ്ട്. പച്ചയും മഞ്ഞയും നിറമുള്ള ഇലകളോടുകൂടിയ ഇനമാണ് കൂടുതൽ ആകർഷകം. പത്തോളം ഇനങ്ങൾ നമ്മുടെ നാട്ടിലുണ്ട്.
പത്ത് ഇഞ്ചു വരെ ഉയരത്തിലുള്ള വാൾ പോലെയുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. മഞ്ഞ ബോർഡറുള്ള കടുംപച്ച ഇലകളാൽ സന്പന്നമായ ചെടിയെ മിക്കയിടത്തും കാണാം.
ഇലയുടെ നീളവും ആകൃതിയും നിറങ്ങളും അനുസരിച്ച് ഓരോ ഇനങ്ങളും ആകർഷകങ്ങളാണ്.

സിംഗോണിയം
ചേന്പിലകളുടെ ആകൃതിയിലുള്ള ഇലകൾ ഉണ്ടാകുന്ന സിംഗോണിയം അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കും. ആരോ ഹെഡ് എന്ന പേരും ഇതിനുണ്ട്.
സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഈ ചെടികൾ നട്ട് പരിപാലിക്കേണ്ടത്. വിവിധ നിറങ്ങളിലായി പത്തോളം ഇനങ്ങളുണ്ട്. വെയിൽ ലഭിക്കുന്ന സ്ഥലത്താണ് നിറവ്യത്യാസം കൂടുതലായി പ്രകടമാകുന്നത്.
സ്പൈഡർ പ്ലാന്റ്
അന്തരീക്ഷത്തിലെ വായു ശുദ്ധികരിക്കാൻ കഴിവുള്ള ചെടിയാണു സ്പൈഡർ പ്ലാന്റ്. അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുകയും ചെയ്യും.
വാൻഡറിംഗ് ജ്യൂ
വെള്ളത്തിലും ചട്ടികളിലും വളർത്താൻ കഴിയുന്ന പർപ്പിൾ നിറമുള്ള ഇലകളാൽ സന്പന്നമായ ചെടിയാണ് വാൻഡറിംഗ് ജ്യൂ. പ്രത്യേക പരിചരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല.
ആദ്യകാല ഇൻഡോർ പ്ലാന്റായ മണി പ്ലാന്റും വ്യാപകമായി വളർത്തുന്നുണ്ട്. ഈ ചെടി വെള്ളത്തിലും ചട്ടികളിലും വളർത്താം.
ഫോണ്: 9388558500
ആഷ്ണ തങ്കച്ചൻ