മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
Sunday, September 10, 2023 4:52 PM IST
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ്ടായിരുന്നില്ല. ഒരു തെങ്ങ് വച്ചു പിടിപ്പിച്ചാൽ അതു സമൂലം മനുഷ്യന് ഉപകാരപ്രദവുമായിരുന്നു.
തേങ്ങ കൂടാതെ എത്രയെത്ര വൈവിധ്യമാർന്ന ഉത്പന്നങ്ങൾ. തെങ്ങുള്ള പ്രദേശത്തിന്റെ വിസ്തൃതിയിൽ കേരളം ഒന്നാമതാണെങ്കിലും ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഏറെ പിന്നിലാണ്.
കാലാവസ്ഥ വ്യതിയാനം, പ്രായാധിക്യമുള്ള തെങ്ങുകൾ, കീടരോഗബാധകൾ, തൊഴിലാളി ദൗർലഭ്യം തുടങ്ങിയവ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും മണ്ണിന്റെ ആരോഗ്യശോഷണമാണ് ഏറ്റവും പ്രധാനം.
ഇതു പരിഹരിക്കാൻ വിവിധ വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ പോഷക മൂലകങ്ങൾ തെങ്ങിന് നൽക്കേണ്ടതുണ്ട്. കേരളത്തിൽ ഭൂരിഭാഗം തെങ്ങുകളും നെടിയ ഇനങ്ങളാണ്.
എന്നാൽ, പതിനെട്ടാം പട്ട, ഗൗളി ഗാത്രം തുടങ്ങിയ കുറിയ ഇനങ്ങളും ഹൈബ്രീഡ് ഇനങ്ങളായ ടി x ഡി, ഡി x ടി എന്നിവയും കർഷകർ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. തെങ്ങ് കയറ്റക്കാരുടെ ദൗർലഭ്യം മൂലമാണു കർഷകർ പൊക്കം കുറഞ്ഞ തെങ്ങുകളിലേക്കു തിരിയുന്നത്.
കനത്ത മഴയ്ക്കുശേഷം തടം തുറന്ന് ഒരു തെങ്ങിന് ഒരു കിലോ കുമ്മായം/ഡോളോമൈറ്റ് നൽകണം. തെങ്ങിന്റെ ചുവട്ടിൽ നിന്ന് 1.8 മീറ്റർ ചുറ്റളവിലാണു തടം എടുക്കേണ്ടത്. കുമ്മായം ചേർത്തു രണ്ടാഴ്ച കഴിഞ്ഞു ജൈവ വളങ്ങൾ നൽകാം.
ഉണക്കിപ്പൊടിച്ച ചാണകം, വേപ്പിൻ പിണ്ണാക്ക്, കന്പോസ്റ്റ്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ ഉത്തമമാണ്. രാസവളം ഏറെ പ്രാധാനപ്പെട്ടതാണ്.
മഴയെ ആശ്രയിച്ചുള്ള കൃഷിയിൽ പ്രയോഗിക്കാവുന്നതിന്റെ മൂന്നിലൊരു ഭാഗം മെയ് അവസാനത്തോടെ നൽകാം. ശരാശരി പരിപാലനമുള്ള തെങ്ങുകൾക്ക് 250 ഗ്രാം യൂറിയ, 280 ഗ്രാം രാജ്ഫോസ്, 380 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
അത്യുത്പാദനശേഷിയുള്ളവയ്ക്ക് 360 ഗ്രാം യൂറിയ, 550 ഗ്രാം രാജ്ഫോസ്, 670 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. രണ്ടാമത്തെ ഭാഗം സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും മൂന്നാമത്തെ ഭാഗം നന തുടങ്ങുന്പോഴും നൽകുന്നതാണു നല്ലത്.
തെങ്ങിന്റെ മണ്ട വൃത്തിയാക്കി നടുന്പിനു ചുറ്റുമുള്ള നാല് ഓല വിടുവുകളിൽ മണൽ- വേപ്പിൻ പിണ്ണാക്ക് മിശ്രിതം നിറയ്ക്കുന്നതും കുമിൾ നാശിനി തളിക്കുന്നതും കാലവർഷാരംഭത്തിനു മുന്പ് ചെയ്യുന്നതു രോഗ കീടങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കും.
നാളികേരത്തിന് അടിക്കടിയുണ്ടാകുന്ന വിലയിടിവും തെങ്ങ് കയറ്റക്കാരുടെ കുറവും കർഷകർക്കു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനൊപ്പം വ്യാപകമാകുന്ന രോഗങ്ങൾ കൂടിയാകുന്പോൾ പ്രശ്നം കൂടുതൽ രൂക്ഷമാകും.
കൂന്പ് ചീയലും ചെല്ലി വണ്ടുകളുടെ ആക്രമണവുമാണ് പ്രധാന പ്രശ്നങ്ങൾ. മുൻകാലങ്ങളിൽ രോഗം പിടിപ്പെട്ട തെങ്ങുകൾ വെട്ടിമാറ്റി പകരം തൈകൾ വയ്ക്കുന്നതിന് സർക്കാർ ധന സഹായം നൽകിയിരുന്നു.
എന്നാൽ, അതു നിറുത്തലാക്കിയതു വലിയ തിരിച്ചടിയായി. അതു പുനഃസ്ഥാപിക്കുന്നതിനൊപ്പം വളവും കീടനാശിനികളും സബ്സിഡി നിരക്കിൽ വിതരണം ചെയ്യുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.
തെങ്ങു കൃഷി ആദായകരമായി മാറ്റാൻ കരിക്ക് വ്യവസായത്തെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. തേങ്ങയ്ക്കു വിലയിടിയുന്പോൾ കരിക്കു നല്ല വിലയ്ക്ക് വിറ്റ് കർഷകർക്കു പിടിച്ചു നിൽക്കാനാകും.
കേരളത്തിനാവശ്യമായി കരിക്ക് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.
ടി.പി.ജോർജ്